ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ക്രിക്കറ്റ് എന്ന ജ്വരമുണര്‍ത്തുന്ന കളി എന്റെ ഗ്രാമത്തില്‍ വേരുറപ്പിച്ചത്. അതിനു ശേഷം ഇന്നേ നാള്‍വരെ ഗ്രാമത്തിലെ കുട്ടികള്‍ക്കിടയില്‍ ക്രിക്കറ്റ് എന്ന നാമം മാത്രം കേട്ട് ഇന്ന് ആ വാക്കിനോട് തന്നെ വെറുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ക്രിക്കറ്റിനെ വെറുക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് പ്രചാരത്തിലായതോടെ കേരളത്തിന്റെ ഗ്രാമീണ നാടന്‍ കളികളായ “കുട്ടിയും കോലും”, തലപന്ത് കളി, വീറ്റു (ചിലയിടങ്ങളില്‍ സെവന്‍സ്), കിളിത്തട്ട്, കബഡി കളി, ഊമന് കളി, ഓലപ്പന്ത് കളി, ഗോലി കളി (വട്ടു കളി) എന്നതിലുപരി അന്താരാഷ്ട്ര തലത്തില്‍ പ്രചാരമേറിയ വോളി ബോള്‍, ഷട്ടില്‍ കോര്‍ക്ക്, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ കായികാദ്ധ്വാനമുള്ള മറ്റു കളികളും ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്തതതു കൊണ്ടാണ് അത്. അത്രയൊന്നും കായികാദ്ധ്വാനം ആവശ്യമില്ലാത്ത ക്രിക്കറ്റ് എന്ന കിറുക്കന് കളി യുവതലമുറയുടെ ശാരീരികമായും, മാനസികവുമായി തളര്‍ത്തി എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തികരമാവില്ല.

ഗ്രാമത്തില്‍ അവശേഷിക്കുന്ന മണ്‍പാതകളിലും, കൊയ്തൊഴിഞ്ഞ പാടങ്ങളിലും, ആള്‍താമസമില്ലാത്ത പറമ്പുകളിലും ഇന്ന് ക്യാച്ച്, സിക്സര്‍, ഫോര്‍ എന്നിങ്ങനെ അട്ടഹാസങ്ങള്‍ ഉയരുമ്പോള്‍ ഇതേ സ്ഥലങ്ങള്‍ തന്നെ ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുട്ടിയും കോലിന്റേയും സുവര്‍ണ മൈതാനങ്ങളായിരുന്നു എന്ന് പുതു തലമുറയിലെ എത്രപേര്‍ക്ക് അറിയാം. ഒരു പക്ഷേ ഈ പേരു തന്നെ അവര്‍ക്ക് അത്ഭുതവും ആകാംഷയും നല്കുന്നുണ്ടാവാം.
ഒരര്‍ത്ഥത്തില്‍ കുട്ടിയും കോലും എന്ന പ്രാചീന കേരള കേളീ മാമാങ്കത്തിന് ഇന്നത്തെ ക്രിക്കറ്റുമായി അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണാം. ക്രിക്കറ്റിന് മൂന്നു സ്റ്റമ്പുകളും അതിന്റെ മുന്നില്‍ ബാറ്റുമേന്തി നില്ക്കുന്ന ഒരു ബാറ്റ്സ്മാനും ആണ് പ്രധാന ആകര്ഷണമെങ്കില് കുട്ടിയും കോലും കളിയില്‍ ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ ഭൂമിയില്‍ ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴിയും, ക്രിക്കറ്റിലെ സ്റ്റമ്പിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഏതാണ്ട് ഒരു മുഴം (എഴുപത് സെന്റീമീറ്ററോളം) നീളമുള്ള വടിയുമായി നില്ക്കുന്ന കളിക്കാരനാണ് പ്രധാന താരം. അമേരിക്കയില്‍ പ്രചാരത്തിലുള്ള ബേസ് ബോളിനും നമ്മുടെ കുട്ടിയും കോലുമായി തെറ്റില്ലാത്ത സാദൃശ്യം കാണാം.
മദ്ധ്യകേരളത്തില്‍ കുട്ടിയും കോലും എന്നറിയപ്പെടുന്ന കളി വടക്കന്‍ കേരളത്തില്‍ എത്തുമ്പോള്‍ കുട്ടിയും പുള്ളും ആയി മാറുന്നു. കളിയിലെ പ്രധാന കളിക്കോപ്പായ “കോല്” ഏതാണ്ട് എഴുപത് സെന്റീമീറ്റര്‍ നീളവും, കുറഞ്ഞത് ഇരുപത്തിരണ്ട് മില്ലീമീറ്റര്‍ ചുറ്റളവുമുള്ള ശക്തിയേറിയ മരക്കമ്പ് തൊലി കളഞ്ഞ് ചെത്തി രൂപപ്പെടുത്തി എടുക്കുന്ന ഒന്നാണ്. ബലത്തിനു വേണ്ടി വാളന്‍ പുളി, കാശാവ് തുടങ്ങി ബലമേറിയ കാട്ടുകമ്പുകള്‍ വരെ കോലായി ഉപയോഗിക്കുന്നു. കോല് കയ്യില്‍ പിടിക്കുന്ന ആള് അത് ശക്തമായി വീശി അടിക്കുന്നതിനിടെ, വിയര്‍പ്പ് കയ്യില്‍ വീണ് വഴുതി പോകാതിരിക്കാന്‍ ഇടക്കിടെ ഉണങ്ങിയ മണ്ണ് കയ്യില്‍ പുരട്ടുന്നതും സാധാരണമാണ്. കുട്ടി നിര്‍മ്മിക്കുന്നതും കോല് നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെ. പ്രധാന വ്യത്യാസം കുട്ടിക്ക് (പുള്ളിന്) രണ്ടര ഇഞ്ച് മാത്രമേ ഉള്ളു എന്നതാണ്. പുരാതന കാലം മുതല്‍ കുട്ടിയും കോലും കളി നിലവിലുണ്ടായിരുന്നതിന് തെളിവുകള്‍ മഹാഭാരതത്തില്‍ കാണാന്നാകും.
കളിക്കുന്ന വിധം
രസകരമായ ഈ കളി തുടങ്ങുന്നത് നിലത്ത് ഒരു ചെറിയ കുഴിയിൽ (ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ നിലത്ത് ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴി) കുട്ടി വിലങ്ങനെ വച്ച് കോല് കൊണ്ട് അതിനെ തോണ്ടി തെറുപ്പിച്ചു കൊണ്ടാണ്. ഇതിനെ കോരി എന്നോ കുത്തിക്കോരി എന്നോ വിശേഷിപ്പിക്കാറുണ്ട്. കുത്തിക്കോരി വിടുന്ന കുട്ടി നിലത്തു തട്ടാതെ കിട്ടി പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. ഇത് ക്രിക്കറ്റിലെ ക്യാച്ച്
എന്നതിനു സമാനമായ നിയമമാണ്. കുട്ടി പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന് എതിർഭാഗം കോലില്‍ കുട്ടി കൊണ്ട് എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലില്‍ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി കഴിഞ്ഞാല്‍ കളിക്കാരന് ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാം. പോയിന്റിനു വേണ്ടി കുട്ടി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഉറപ്പിച്ച് കോലുകൊണ്ട് അടിച്ചു തെറിപ്പിക്കുകയാണ് പിന്നീട് കളിയുടെ തുടര്‍ച്ചയായി വരുന്നത്. അടിച്ചു തെറിപ്പിക്കുന്ന കുട്ടി എതിര് കളിക്കാരന് (കളിക്കാര്‍ക്ക്) പിടിക്കാം. ഇങ്ങനെ പിടിച്ചാല്‍ കളിക്കാരന് പുറത്താകും. പിടിച്ചെടുത്തില്ലെങ്കില്‍ തെറിച്ച് വീണ കുട്ടി എതിർ വിഭാഗം എടുത്ത് കുഴി ലക്ഷ്യമാക്കി എറിയുന്നു. ഇതിനെ കോലുകൊണ്ട് അടിച്ചു തെറിപ്പിക്കാനുള്ള അവകാശം കളിക്കാരനുണ്ട്. അടിച്ചു തെറുപ്പിച്ചില്ലെങ്കിലും കളിക്കാരന് പുറത്താകുകയില്ല. എന്നാല്‍ അടിച്ചു തെറിപ്പിക്കുന്നതിനിടയില്‍ കുട്ടി താണ്ടുന്ന ദൂരം അനുസരിച്ച് കളിക്കാരനു കിട്ടുന്ന പോയിന്റുകളില്‍ വ്യത്യാസം ഉണ്ടായേക്കാം. സമയകുഴിയിൽനിന്നും എത്ര കോല് ദൂരത്തിൽ കുട്ടി വന്നു വീണുവോ അത്രയും പോയിന്റ് കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന് അനുസരിച്ച് അടിക്കുന്ന രീതിയും മാറുന്നു.
ഉദാഹരണമായി ഒരാൾക്ക് മുപ്പത്തി പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം മൂന്ന് ആയതുകൊണ്ട് അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. അന്‍പത്തിയേഴ് ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ കളിയുടെ നിയമത്തില്‍ ആാവശ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.
ചില കളി നിയമങ്ങള്‍
1. കുത്തിക്കോരി - നിലത്തു കുഴിച്ചിരിക്കുന്ന കുഴിയുടെ കുറുകെ കുട്ടി വച്ച് കോലുകൊണ്ട് കുത്തി ഉയര്‍ത്തി അകറ്റുമ്പോള്‍ ഇന്നത്തെ ക്രിക്കറ്റിലെ ഫീല്‍ഡര്‍ന്മാരെ ഓര്‍മ്മിപ്പിക്കുന്ന മറു കളിക്കാന്‍ കുട്ടി പിടിച്ചാല്‍ കളിക്കാരന് കളിയില്‍ നിന്നും പുറത്താകും. അവസരം മുറ അനുസരിച്ച് മറ്റു അംഗങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. ഇതാണ് കളിയിലേക്കുള്ള പ്രവേശന കവാടം. അതിനാല്‍ തന്നെ കുത്തിക്കോരിക്ക് പോയിന്റുകള്‍ ഇല്ല. കളിയില്‍ നിന്ന് പുറത്താണോ അകത്താണോ എന്നു നിശ്ചയിക്കുക മാത്രമാണ് കുത്തിക്കോരി ചെയ്യുക. ചിലയിടങ്ങളില്‍ കുത്തിക്കോരി “ചിള്ളോന്‍” എന്ന പേരിലും അറിയപ്പെടുന്നു. കുത്തിക്കോരി എറിയുന്നതിനു മുന്‍പ് “കുട്ടി കാത്തോ (ചിള്ളോന്‍ കാത്തോ)” എന്ന് വിളിച്ചു ചോദിക്കുക എന്നത് നിര്‍ബന്ധമാണ്. ഫീല്‍ഡില്‍ ഉള്ളവര്‍ ശരിയായ പൊസ്സിഷനില്‍ അല്ലെങ്കില്‍ കാത്തില്ല എന്ന് ഉത്തരം നല്‍കും. കാത്തു എന്ന് മറുപടി കിട്ടും വരെ ചോദ്യം ആവര്‍ത്തിക്കാനും കളിക്കാരന് ബാദ്ധ്യസ്ഥനാണ്.
അടുത്ത നിയമം മുതല്‍ കുട്ടി വെക്കുന്നതും, പിടിക്കുന്നതുമായ ഭാഗങ്ങളും രീതിയും വ്യത്യസ്ഥങ്ങളാകും എന്നതിലുപരി കിട്ടുന്ന പോയിന്റുകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഇല്ല. ശരീരഭാഗങ്ങളില്‍ വച്ച് അടിക്കുന്ന കുട്ടി ഫീല്‍ഡിലുള്ളവര്‍ പിടിച്ചാല്‍ കളിക്കാരന് പുറത്താകും. പിടിച്ചില്ലെങ്കില്‍ അവരില്‍ ഒരാള്‍ നിലത്ത് വീണ കുട്ടി എടുത്ത് കുഴിക്കരികില്‍ നില്ക്കുന്ന കളിക്കാരനെ ലക്ഷ്യമാക്കി എറിയുന്നു. കളിക്കാരനെ കൊണ്ട് കുട്ടി അടിച്ചു തെറിപ്പിക്കാതിരിക്കാന്‍ വിജയിക്കുന്നിടത്ത് കളിക്കാരന്റെ പോയിന്റുകള്‍ കുറക്കാന്‍ എതിരാളികള്‍ക്ക് കഴിയും. കുട്ടി അടിച്ചു തെറിപ്പിക്കാന്‍ കഴിയാതെ കുട്ടി കുഴിക്ക് തൊട്ടടുത്ത് വീണാല്‍ കോലുകൊണ്ട് അളക്കുമ്പോള്‍ കളിക്കാരന് പോയിന്റുകള്‍ ഒന്നും കിട്ടുകയില്ലെന്നു മാത്രമല്ല അപ്പോള്‍ കളിച്ച അതേ സ്റ്റെപ്പ് വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു തവണ കൂടി കളിക്കാരന് പോയിന്റുകള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന് പുറത്താകുന്നു. കോല്, അരക്കോല്‍ വരെ കളിക്കാരന് പോയിന്റായി അളെന്നെടുക്കാം. ഓരോ സ്റ്റെപ്പിലും കുട്ടി അടിച്ചു തെറിപ്പിക്കുന്നതിനു മുന്‍പ് “കുട്ടി കാത്തോ” എന്ന ചോദ്യം ആവര്‍ത്തിക്കാനും ശരിയായ മറുപടി കിട്ടാനും കളിക്കാരന് നിര്‍ബന്ധിതനാണ്. കാത്തു എന്ന് ഫീല്‍ഡറിന്മാരില്‍ നിന്ന് മറുപടി കിട്ടാതെ അറിയാതെ കുട്ടി അടിച്ചു തെറിപ്പിക്കുകയോ, കുത്തിക്കോരുകയോ ചെയ്താല്‍ ചെയ്ത ഫൌളിന് മാപ്പെന്നവണ്ണം “സുല്‍” എന്ന് പറഞ്ഞ് വീണ്ടും കളി ആവര്‍ത്തിക്കാം. എന്നാല്‍ ഫൌള് വീണ്ടും ആവര്‍ത്തിച്ചാല്‍ കളിക്കാരന് തീര്‍ച്ചയായും പുറത്താകും. ഫൌള് കാണിക്കുന്നതിനെ “ഇല്‍സ്” എന്ന വാക്കിലാണ് കുട്ടിയും കോലിലും വിശേഷിപ്പിക്കുക.
1. ഒറ്റക്കൈയ്യന്‍ - കുട്ടിയും കോലും ഒരേ കൈയിൽ പിടിച്ച് കുട്ടി മുകളിലേക്കിട്ട് അടിച്ചു പറപ്പിക്കുന്ന രീതി.
2. ചൊട്ട് - ഉയർത്തിപ്പിടിച്ച കൊട്ടിയും കൈപ്പത്തിയും ചേരുന്ന ഭാഗത്ത് കുട്ടി വെച്ച് അടിക്കുന്ന രീതി.
3.കാളക്കൊമ്പ് - ഇടതുകൈയ്യിലെ ചെറുവിരലിനും ചൂണ്ടുവിരലിനും മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി. (ഇടം കൈയ്യൻമാർക്ക് നേരെ തിരിച്ച്)
4. മുക്കാപ്പുറം - ഒരു കൈയ്യിൽ കോലും മറുകൈ മുഷ്ടി ചുരുട്ടി കമിഴ്ത്തിപ്പിടിച്ച് അതിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
5. പറമണി - ഒരുകൈ കൊണ്ട് കുട്ടി വായുവിൽ വിട്ട് മറുകൈ കൊണ്ട് അടിക്കുന്ന സ്വാഭാവികമായ രീതി.
6.പിഞ്ചം - ഒരു കൈ മുഷ്ടി ചുരുട്ടി മലർത്തിപ്പിടിച്ച് അതിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
7. ആനപ്പുറം - കുട്ടി തലക്കു മുകളിലേക്ക് എടുത്തെറിഞ്ഞ് തലക്കു മുകളിൽ വെച്ച് തന്നെ അടിക്കുന്ന രീതി.
8.കോഴിക്കാൽ - കാൽപ്പാദത്തിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
9. മുട്ട് - കൈമുട്ടിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
10. ഹോമക്കുറ്റി - നിലത്ത് കൂട്ടിവെച്ച മണ്ണിനു മുകളിൽ കുട്ടി വെച്ച് മണ്ണ് തൂവി പോകാതെ അടിക്കുന്ന രീതി.
2. ചൊട്ട് - ഉയർത്തിപ്പിടിച്ച കൊട്ടിയും കൈപ്പത്തിയും ചേരുന്ന ഭാഗത്ത് കുട്ടി വെച്ച് അടിക്കുന്ന രീതി.
3.കാളക്കൊമ്പ് - ഇടതുകൈയ്യിലെ ചെറുവിരലിനും ചൂണ്ടുവിരലിനും മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി. (ഇടം കൈയ്യൻമാർക്ക് നേരെ തിരിച്ച്)
4. മുക്കാപ്പുറം - ഒരു കൈയ്യിൽ കോലും മറുകൈ മുഷ്ടി ചുരുട്ടി കമിഴ്ത്തിപ്പിടിച്ച് അതിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
5. പറമണി - ഒരുകൈ കൊണ്ട് കുട്ടി വായുവിൽ വിട്ട് മറുകൈ കൊണ്ട് അടിക്കുന്ന സ്വാഭാവികമായ രീതി.
6.പിഞ്ചം - ഒരു കൈ മുഷ്ടി ചുരുട്ടി മലർത്തിപ്പിടിച്ച് അതിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
7. ആനപ്പുറം - കുട്ടി തലക്കു മുകളിലേക്ക് എടുത്തെറിഞ്ഞ് തലക്കു മുകളിൽ വെച്ച് തന്നെ അടിക്കുന്ന രീതി.
8.കോഴിക്കാൽ - കാൽപ്പാദത്തിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
9. മുട്ട് - കൈമുട്ടിനു മുകളിൽ കുട്ടി വെച്ച് അടിക്കുന്ന രീതി.
10. ഹോമക്കുറ്റി - നിലത്ത് കൂട്ടിവെച്ച മണ്ണിനു മുകളിൽ കുട്ടി വെച്ച് മണ്ണ് തൂവി പോകാതെ അടിക്കുന്ന രീതി.
മറ്റു ചിലയിടങ്ങളില്‍ ഈ നിയമങ്ങള്‍ക്ക് താഴെ പറയും വിധം മാറ്റം ഉണ്ടാകുന്നു
- സാസ - കാല് മുട്ടില്‍ കുട്ടി വച്ച് അടിച്ചകറ്റുന്ന രീതി.
- മുറി - കുട്ടി ഇടതു കൈയിൽ, കോൽ വലതു കൈയിൽ.(എല്ലാർക്കും ഇഷ്ടപ്പെട്ടത്.. മുറിയിൽ അളവ് അവസാനിപ്പിക്കാൻ കള്ളക്കൊതി എടുക്കാറുണ്ട്)
- നാഴി - ഇടതു കൈയിലെ ചൂണ്ടു വിരലിനും ചെറുവിരലിനും മുകളിൽ കുട്ടി മറ്റു വിരലുകൾ മടക്കിപ്പിടിക്കുന്നു
- ഐറ്റി - ഇടതു കൈ മടക്കിപ്പിടിച്ച് (അതായത് കൈ ഏകദേശം വലത്തേ തോളിനു മുകളിലെത്തും) കൈമുട്ടിനു മുകളിലുള്ള ഭാഗത്ത് കുട്ടി വക്കുന്നു
- ആറേങ്ക് - മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ കുട്ടി വക്കുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട് :- കണ്ണൂരാന്‍ ബ്ലോഗ്