. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, June 3, 2009

ആറന്മുള വള്ള സദ്യ | Aranmula Valla sadya | Kerala Tourism

ആറന്മുളയെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞു. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൌരാണിക സങ്കല്‍പ്പങ്ങളെ കുറിച്ച്, അവിടുത്തെ സാംസ്കാരിക പെരുമളെ കുറിച്ച്, ആഘോഷങ്ങളെ കുറിച്ച് ഒക്കെ വിശദമായി നമ്മള്‍ സംവദിച്ചു കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മുന്നില്‍ എനിക്കവതരിപ്പിക്കാനുള്ളത് ആറന്മുളയുടെ ലോക പ്രശസ്തമായ രുചിയെ കുറിച്ചാണ്. ആറന്മുളയുടെ തനതു രുചിയോ? എന്ന പരിഹാസ ചോദ്യം ഉന്നയിച്ചേക്കാവുന്നവര്‍ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ള സദ്യ. അമ്പലപ്പുഴ പാല്‍പ്പായസം എന്ന ഒറ്റ വിഭവം ലോകപ്രശസ്തമാണനെങ്കില്‍ ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.

രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.


പ്രത്യേകതകള്‍


ആറന്മുള പെരുമയില്‍ ഇതുവരെ പ്രതിപാദിച്ച മറ്റേതിനേയും പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്.
ആയിരങ്ങള്‍‍ പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന്‌ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്‌ മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക്‌ സദ്യവിളമ്പും.

പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്‌, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്‌, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണലപ്പുറത്തു പണ്ഡിതനും , പാമരനും സമ ഭാവനയൊടെ ഈ സദ്യക്കാ‍യ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍ വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍ കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്. അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.

ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...

ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

വിളമ്പുന്നവിധം

എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്ന വിധം

ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).


ആറന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍

1. ചോറ്
2. പരിപ്പ്
3. പപ്പടം
4. നെയ്യ്
5. അവിയല്‍
6. സാംബാര്‍
7. തോരന്‍
8. പച്ചടി
9. കിച്ചടി
10. നാരങ്ങ അച്ചാര്‍
11. ഇഞ്ചിക്കറി
12. കടുമാങ്ങ
13. ഉപ്പുമാങ്ങ
14. വറുത്ത എരിശ്ശേരി
15. കാളന്‍
16. ഓലന്‍
17. രസം
18. ഉറ തൈര്
19. മോര്
20. പ്രഥമന്‍
21. ഉപ്പേരി
22. കദളിപ്പഴം
23. എള്ളുണ്ട
24. വട
25. ഉണ്ണിയപ്പം
26. കല്‍ക്കണ്ടം
27. ശര്‍ക്കര / പഞ്ചസാര
28. മുന്തിരിങ്ങ
29. കരിമ്പ്‌
30. മെഴുക്കുപുരട്ടി
31. ചമ്മന്തിപ്പൊടി
32. ചീരത്തോരന്‍
33. തേന്‍
34. തകരതോരന്‍
35. നെല്ലിക്ക അച്ചാര്‍
36. ഇഞ്ചി തൈര്

ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക .

ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 61 വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു.

11 comments:

നീര്‍വിളാകന്‍ said...

ആറന്മുള സദ്യയെ കൂറിച്ച് കേട്ടവര്‍ക്കും, കേട്ടിട്ടില്ലാത്തവര്‍ക്കും എന്റെ കേട്ടറിവും, കണ്ടറിവും, കൊണ്ടറിവും പകരാന്‍ ഒരു ശ്രമം... ആദ്യം തന്നെ പറയട്ടെ എന്റെ അറിവിനൊപ്പം പലയിടങ്ങളില്‍ നിന്ന് സമാഹരിച്ചവയും ഉള്‍പ്പെടുത്തിയാണ് ഈ ലേഖനം... അതിനാല്‍ തന്നെ ആരും മോഷണകുറ്റം എന്നി ചുമത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നപേക്ഷ!

ദീപക് രാജ്|Deepak Raj said...

ആറന്മുള സദ്യയെ പറ്റി അധികം അറിയില്ലായിരുന്നു. കേട്ടിട്ടുണ്ട് പോയി കഴിച്ചിട്ടില്ലാ എന്നര്‍ഥം. വീട്ടില്‍ മറ്റെല്ലാവരും കഴിച്ചിട്ടുണ്ട്. എനിക്ക് അവസരം കിട്ടിയില്ല. എന്തായാലും ഇത്രയും വിഭവങ്ങള്‍ ഉള്ള ഒരെണ്ണം വിട്ടുകളയാന്‍ മനസ് വരുന്നില്ല. എന്തായാലും ഈ പോസ്റ്റ്‌ ഇട്ടതിനു നന്ദി.

ramanika said...

very informative
all details of VALLA SADHYA neatly described in the post
thanks!

Raji Chandrasekhar said...

great

അരവിന്ദ് :: aravind said...

നീര്‍‌വിളാകന്‍
നല്ല എഴുത്ത്.
പക്ഷേ ഒരു ലക്ഷം പേരോളം ഇടിച്ചു കയറുന്ന സദ്യക്ക് കയറാനും ഇല കിട്ടുവാനും എല്ലാ വിഭവങ്ങളും ലഭികുവാനും ആസ്വദിച്ച് കഴിക്കുവാനും എളുപ്പമാണോ?
ഒരു കല്യാണ സദ്യക്ക് തന്നെ നമ്മുടെ നാട്ടുകാര്‍ യാതൊരു നാണവുമില്ലാതെ ഇടിച്ചു തള്ളി, പന്തലിന്റെ വാതില്‍ക്കല്‍ വിളമ്പി വെച്ചിരിക്കുന്ന ഇലകളെല്ലാം ചവുട്ടിക്കൂട്ടി കയറുന്നത് കാണുന്നത് കൊണ്ട് ചോദിച്ചതാ.
ഈ ആര്‍ത്തി മൂത്ത് തള്ളി വരുന്ന ജനങ്ങളെ നിയന്ത്രിക്കാനും മറ്റും അവിടെ നല്ല സം‌വിധാനമുണ്ടോ?
കരക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടെന്ന് കേട്ടിട്ടുണ്ട്? സാദാ (കൃഷ്ണ/സദ്യ)ഭക്തരുടെ കാര്യം എങ്ങനെയാ?

ഈ തിരക്കും കൂട്ടയിടിയും പേടിച്ച് അടുത്താണെങ്കിലും ഈ സദ്യക്ക് പോയിട്ടില്ല.

ഹന്‍ല്ലലത്ത് Hanllalath said...

ആദ്യമായാ കേള്‍ക്കുന്നത്...നന്ദി..

പ്രയാണ്‍ said...

ഈ സംഭവം റ്റിവിയില്‍ കണ്ടിട്ടുണ്ട്. നമ്പൂതിരിമാരുടെ സദ്യയില്‍ എവിടെയും മോരു വിളമ്പുന്നതിനു മുമ്പാണ് പായസം വിളമ്പുക.

നീര്‍വിളാകന്‍ said...

ശ്രീ അരവിന്ദ്.... താങ്കളുടെ സംശയം തികച്ചും ന്യായമാണ്.... പക്ഷെ ഇത്രയും പേര്‍ക്ക് സദ്യ വിളമ്പുന്ന ആറന്മുളയില്‍ ഇതുവരെ അത്തരം പ്രശ്നങ്ങളെ നേരിട്ടതായി അറിവില്ല... മാഹാജന സംഗമം ആകുമ്പോള്‍ തീര്‍ച്ചയായും പ്രശ്നങ്ങള്‍ ഉണ്ടാവാം... എന്നാല്‍ കുറവാണ്.

വാഴക്കോടന്‍ ‍// vazhakodan said...

ആറന്മുള വല്ല സദ്യ പ്രസിദ്ധമല്ലേ...പക്ഷെ അതിന്റെ ശരിക്കുള്ള രുചി അറിഞ്ഞത് ഇപ്പോഴാ...നല്ല ശ്രമം തുടരൂ..

ബഷീർ said...

നന്നായിരിക്കുന്നു ലേഖനം

ആശംസകൾ

Prakashchunakara said...

കൊള്ളാം നന്നായിരിക്കുന്നു ,ഒരു പ്രാവശ്യം വള്ളസദ്യയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് ,താങ്കളുടെ വിവരണത്തില്‍ കൂടി വള്ളസദ്യയുടെ രുചി മേളം നാവിന്‍ തുമ്പിലെ രസ മുകുളങ്ങളെ ഒരിക്കല്‍ കൂടി വെള്ളമൂറിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നന്ദി നീര്‍വിളാകന്‍.