. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, August 7, 2009

പന്തളം | pandalam | Kerala Tourism.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.


അതിങ്ങനെയാണ്


“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.


പുതിയ തലമുറ പഴംചൊല്ലിനെ വളച്ചൊടിച്ച് “പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നാക്കിയെങ്കിലും ചരിത്രത്തില്‍ മേല്‍ പറഞ്ഞ ചൊല്ലിന് ഒരു കഥ പറയാനുണ്ട്.


വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം. നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി. അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു? ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു. ഒറെ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന രാമായ്യന്റെ തന്ത്രം. അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല് കിട്ടി.


പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പൌരാണിക പ്രസിദ്ധവുമാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ബാല്യകൌമാര ജീവിതം കൊണ്ട്‌ ധന്യമായ പ്രദേശമാണ് പന്തളം. ചരിത്രപരമായും, സാമൂഹികപരമായും, സാംസ്കാരികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ദേശം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി അടൂര്‍ താലൂക്കില്‍ അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത ദേശങ്ങള്‍ കുളനട, പുന്തല, അടൂര്‍ എന്നിവയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. “പൊന്‍ ദളം” എന്ന വാക്ക് ലോപിച്ചാണ്പന്തളം എന്ന സ്ഥലനാമ ജനനം എന്നു വിശ്വസിക്കപ്പെടുന്നു.


അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പത്തിയുടെ ചരിത്രവും. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഉള്ള ഈ ക്ഷേത്രം പന്തളാം രാജാവാല്‍ നിര്‍മ്മിക്കപ്പെട്ടതാണേന്ന് വിശ്വസിക്കപ്പെടുന്നു. പ്രിസിദ്ധമായ ഈ തീര്‍ത്ഥാടന്‍ കേന്ദരം കൊട്ടാരത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന. ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് പന്തളത്തിന് നല്‍കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന ഏതൊരു ഭക്തനും പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചാലെ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പരക്കെയുള്ള വിശ്വാസം.
ഐതിഹ്യങ്ങള്‍ പ്രകാരം പന്തളം രാജാവിനെ അയ്യപ്പന്റെ പിതാവായി കണക്കാക്കപ്പെടുന്നു.അതിനാല്‍ തന്നെ ശബരിമലയില്‍ പന്തളം രാജവംശത്തിന് പ്രത്യേക അവകാശങ്ങളുംനിനലനില്‍ക്കുന്നു.പന്തളം രാജ പ്രതിനിധിക്കു മാത്രമാണ് ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനുള്ള അവകാശം.


മധുര ആസ്ഥാനമായ പാണ്ഡ്യരാജവമശത്തിന്റെ തായ്‌വഴികളില്‍ നിന്നാണ് പന്തളം രാജവംശത്തിന്റെ ഉല്‍പ്പത്തി.
പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാരാണ്‌ പന്തളം രാജ്യം സ്ഥാപാച്ചതെന്നു കരുതുന്നു. കൊല്ലവര്‍ഷം 79 മുന്‍പെതന്നെ ഇവര്‍ കേരളക്കരയിലെത്തിയതായി ചരിത്രം വിലയിരുത്തുന്നു. അറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കു വാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറക്കുളം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ പന്തളം രാജ്യം സ്ഥാപിച്ചത്‌. ശബരിമലയുള്‍പ്പെടെ ഏകദേശം ആയിരം ചതുരശ്രമെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊല്ലവര്‍ഷം 377 ല്‍ പന്തളത്തെത്തി അച്ചന്‍ കോവിലാറിന്റെ ഇരുകരകളിലുമായി സ്ഥാനം ഉറപ്പിച്ചു. പന്തളം, കക്കാട്‌, കോന്നി, അറക്കുളം എന്നീ നാല്‌ താലൂക്കുകളാണ്‌ പന്തളം രാജ്യത്തിനുണ്ടായിരുന്നത്‌. തുടര്‍ന്ന് ഇലത്തൂര്‍മണിയം, റാന്നിയിലെ പെരുനാട്‌,നിലയ്ക്കല്‍ പ്രദേശങ്ങളും പന്തളം രാജ്യത്തിന്റെ അധീനതയിലായി.
കൊല്ലവര്‍ഷം 996 കര്‍ക്കടകം 8ആം തീയതിയാണ്‌ പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താന്റെ ആക്രമണം നേരിടുന്നതിന്‌ തിരുവിയതാകൂറിനൊപ്പം നിന്ന പന്തളം രാജാവ്‌ യുദ്ധചെലവിന്റെ വിഹിതമായി ഖജനാവിലേക്ക്‌ അടയ്ക്കുവാന്‍ പണമില്ലാതെവന്നപ്പോള്‍ പന്തളം രാജ്യം തിരുവിതാംകൂറിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളും ഇതോടൊപ്പം വിട്ടുകൊടുത്തു. ഇതുസംബന്ധിച്ച്‌ കൊല്ലവര്‍ഷം 995 മീനം 10ആം തീയതിയിലെ ഉടമ്പടിയനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരേയും ആവകയില്‍ ഉണ്ടാകുന്ന സന്താനങ്ങളേയും “അര്‍ത്ഥപുരുഷാരം അഴിച്ച്‌ രക്ഷിച്ചുകൊള്ളാമെന്ന്” ഉറപ്പ്‌ നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വതന്ത്ര്യനന്തര ഭാരതത്തില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കപ്പെട്ടു. നാട്ടുപ്രതാപത്തിന്റെ മധുരസ്മരണകളുമായി പഴയ കൊട്ടാരക്കെട്ടുകള്‍ ഇന്നും ഇവിടെ നിലകൊള്ളുന്നു.


രാജഭരണത്തിന്റെ ആലസ്യത്തില്‍നിന്ന്‌ ജനകീയഭരണത്തിന്റെ വേഗതയിലേക്ക്‌ കുതിച്ച പന്തളം പട്ടണത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാംസ്കാരിക-സാമൂഹിക-വ്യവസായ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പന്തളം അവഗണിക്കാനാവാത്തവിധം നേട്ടം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പന്തളം പട്ടണത്തിന്റെ കേന്ദ്രസ്ഥാനം കുറുമ്ന്തോട്ടയം എന്ന പേരിലാണ്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌. കുറുംതോട്ടി വളര്‍ന്ന് കാടായിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം പട്ടണത്തില്‍ നിന്നും ഏതാണ്ട്‌ 1 കി.മി തെക്കുമാറിയുള്ള ഭാഗം താമരപ്പൂക്കള്‍ നിറഞ്ഞ ചതുപ്പായിരുന്നു. എരിച്ചപ്പൊയ്ക എന്നായിരുന്നു ഈ ഭാഗത്തിന്റെ വിളിപ്പേര്‌. തുടക്കത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ മറ്റേതൊരു പട്ടണത്തെപ്പോലും പിന്നാക്കമാക്കും വിധമായിരുന്നു പന്തളത്തിന്റെ കുതിപ്പ്‌. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റ്‌ പട്ടണങ്ങള്‍ ബഹുദൂരം പിന്നിട്ടെങ്കിലും പന്തളം കിതക്കുന്നതായാണ്‌ കണ്ടത്‌. ഭരണരംഗത്തെ അരാജകത്വം ഇതിന്‌ കാരണമായി.
പന്തളം പല സാംസ്കാരിക-സാഹിത്യ നായകന്മാരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയാണ്‌. പദം കൊണ്ട്‌ പന്താടിയ മഹാകവി പന്തളം കേരളവര്‍മമ പന്തളത്തിന്റെ സ്വന്തം പുത്രനാണ്‌.അദ്ദേഹത്തിന്റെ ചുമതലയില്‍ കവനകൗമുദി എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരിന്നു. ഒരുകാലത്ത്‌ കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ അലയടിച്ചിരുന്ന “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…” എന്ന പ്രാര്‍ത്ഥനാഗീതം പന്തളം കെ.പി എന്ന മഹാകവിയുടെ രചനയാണ്‌,. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ശ്രീ മന്നത്ത്‌ പദ്മനാഭന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായിരുന്നു പന്തളം. അദ്ദേഹത്തിന്റെ ശ്രമഫലമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥാപിതമായി. “എന്റെ ജീവിത സ്മരണകള്‍” എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ പന്തളവുമായുള്ള ബന്ധം വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചിത്രകലാരംഗത്തെ പ്രജാപതിയായിരുന്ന ആര്‍ട്ടിസ്റ്റ്‌ എം .എസ്സ്‌ .വല്യത്താന്‍, രാഷ്ട്രീയാചാര്യനായിരുന്ന പന്തളം പി.ആര്‍ എന്നിവര്‍ പന്തളത്തിന്റെ യശസ്സ്‌ വാനോളം ഉയര്‍ത്തിയവരാണ്‌. നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടേതയി സ്ഥാപിതമായ ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍മിഷന്‍ വരെ നീളുന്ന പതിനഞ്ചിലധികം ആതുരാലയങ്ങള്‍ പന്തളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു.


വ്യാവസായികരംഗത്ത്‌ പന്തള്‍ത്തിന്റെ യശസ്സ്‌ കേരളമെമ്പാടും പരത്തിയ പ്രമുഖസ്ഥാപനമാണ്‌ മന്നം ഷുഗര്‍ മില്‍സ്‌.60 -70 കാലഘട്ടങ്ങളില്‍ കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ജ്വലിച്ച്‌ നിന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്‌. എന്നാല്‍ കാലക്രമേണ കരിമ്പ്‌ വളര്‍ത്തല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഈ സ്ഥാപനത്തിന്‌ ഉല്‍പാദനം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു.ഒരു കരിമ്പ്‌ ഉല്‍പാദനഗവേഷണവികസന കേന്ദ്രം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രധാനമായും കാര്‍ഷികവിളകളെ ആശ്രയിച്ചുള്ള ജീവിതരീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. നെല്ല്,മരച്ചീനി,കരിമ്പ്‌,പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാന ക്രിഷികള്‍. ഏക്കറുകളോളം വ്യാപിച്ച്ക്‌ കിടക്കുന്ന കരിങ്ങാലി പുഞ്ച, കണ്ടന്‍ ചാത്തന്‍ കതിരക്കോട്‌ പാടശ്ശേഖരങ്ങള്‍ പ്രധാനകാര്‍ഷികോല്‍പാദന കേന്ദ്രങ്ങളാണ്‌.


ശബരിമലപാതയിലെ പ്രധാന ഇടത്താവളമെന്ന നിലയില്‍ പന്തളം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പ്രശസ്തമായ തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിന്‌ പുറമെ 40-ഓളം ക്ഷേത്രങ്ങളും 55-ഓളം കാവുകളും വിവിധ സമുദായക്ഷേത്രങ്ങളും അനവധി ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങളും പന്തളത്തിന്റെ മാറില്‍കുടികൊള്ളുന്നു. ആകെക്കൂടി ഒരു ആത്മേീയനഗരത്തിന്റെ പശ്ചാത്തലമാണ്‌ പന്തളത്തിനുള്ളത്‌.അതുകൊണ്ടു തന്നെ ഒരു ക്ഷേത്രനഗരമന്ന നിലയിലുള്ള വികസനമാണ്‌ പന്തളത്തിനാവശ്യം. അതെ, പന്തളം വളരുകയാണ്‌; ഒരു പക്ഷേ നാളെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു ആദ്ധ്യത്മിക നഗരിയായി ഈ ചെറുപട്ടണം രൂപന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.


തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.


പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

20 comments:

നീര്‍വിളാകന്‍ said...

പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കുറെ അറിവുകൾ ക്രോഡീകരിച്ച ലേഖനം നന്നായിരിക്കുന്നു. നല്ല ചിത്രങ്ങളും

ഘടോല്‍കചന്‍ said...

വളരെ നന്നായി വിവരങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു നീര്‍വിളാകന്‍.
ആശംസകള്‍...........

‘പൊന്‍ ദളം’ ആണ് പന്തളമായി മാറിയതെന്നത് ഇപ്പോഴാണ് അറിയുന്നത്.
മണികണ്ഠനാല്‍ത്തറയ്യുള്‍പ്പടെ കൂറേകൂടി ചിത്രങ്ങള്‍ ചേര്‍ക്കാമായിരുന്നു.......... :)

lakshmy said...

നന്ദി. വളരേ നല്ല ലേഖനം

അനൂപ്‌ കോതനല്ലൂര്‍ said...

പന്തളത്തെ കൂടുതൽ അറിവ് പകരുന്ന ഒരു ലേഖനം തന്നെ

കണ്ണനുണ്ണി said...

ഒരുപാട് തവണ പന്തളത്ത് പോയിട്ടുണ്ട്...എല്ലാ വര്‍ഷവും തെറ്റാതെ വൃത്തം എടുത്തു പതിനെട്ടാം പടി ചവിട്ടരും ഉണ്ട്..പക്ഷെ പന്തളത്തെ ക്കുറിച്ച് അറിയാത്ത ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു തന്നു..
നന്ദി അജിത്‌....വിജ്ഞാന പ്രദമായ പോസ്റ്റ്‌

chithrakaran:ചിത്രകാരന്‍ said...

പൊന്‍ ദളം എന്ന പേര്‍ ലോപിച്ചാണ് പന്തളം എന്ന സ്ഥലനാമമുണ്ടായതെന്ന വാദം ബാലിശമായി തോന്നുന്നു.
സംസ്കൃതവല്‍ക്കരണത്തിന്റെ ഭാഗമായുണ്ടായ കള്ളക്കഥയായിരിക്കാനെ തരമുള്ളു.
പാണ്ഡ്യളം പന്തളമായിരിക്കാനാണു കൂടുതല്‍ സാധ്യത.
പ്രത്യേകിച്ചും പന്തളം രാജ്യം സ്ഥാപിച്ചത് പാണ്ഡ്യരാജ വംശവുമായി ബന്ധപ്പെട്ട കുടിയേറ്റക്കാര്/നാടോടികളാണെന്നതിനാല്‍.

ബിന്ദു കെ പി said...

കൊള്ളാം, ഈ ‘പന്തം കൊളുത്തിപ്പട’യുടെ കഥ ഇപ്പോഴാണ് അറിയുന്നത്. നന്ദി...

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി നീര്‍വിളാകന്‍..
പന്തളം എന്റെ അയല്‍ രാജ്യമാണ്..:)
അതിനാല്‍ ഈ കുറിപ്പിനോട് ഒരു പ്രത്യേക ഇഷ്ടം.. :)

പാവപ്പെട്ടവന്‍ said...

വളരെ നന്നായി വിവരങ്ങള്‍

പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അങ്ങനെ ബാലന്റെ ഗാനമേളയും കഴിഞ്ഞു

ശ്രീ said...

ചിത്രങ്ങളും വിവരണവും ഹൃദ്യമായി, മാഷേ. കൂടുതല്‍ വിവരങ്ങള്‍‌ അറിയാന്‍ കഴിഞ്ഞു.

Prasanth Krishna said...

നന്നായിട്ടുണ്ട് പോസ്റ്റ്. കുറേ കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ട്. താമരപൊയ്ക എന്നതില്‍ നിന്നാണ് എരിച്ചപൊയ്ക എന്ന അറിവ് എവിടനിന്നാണന്ന് അറിയില്ല. ആ ഭാഗം മുഴുവന്‍ പോയ്ക ഇളകുന്ന സ്ഥലമായിരുന്നു. ചതുപ്പായിരുന്നില്ല. പൊയ്ക എന്നാല്‍ മണ്ണിനടിയില്‍ നിന്നും മുകളിലേക്കൂറി ചെറിയ അരുവി തീര്‍ത്തൊഴുകുന്ന വെള്ളചാല്‍. ഇരച്ച പൊയ്ക എന്നതില്‍ നിന്നാണ് എരിച്ചപൊയ്ക എന്ന നാമത്തിന്റെ ഉത്ഭവം.

1997 കാലയളവുവരെ വേനല്‍ക്കാലം ഒഴികെ ഇതുതന്നയായിരുന്നു അവിടത്തെ സ്ഥിതി. അവിടെയുള്ള റോഡ് മെന്റയില്‍ ചെയ്യുക എന്നത് ഒരു ഹിമാലയന്‍ ടാസ്ക് തന്നയായിരുന്നു. M.C റോഡും, പന്തളം കായം‌കുളം റോഡും (പൂഴിക്കാട് വഴി) എന്നും ടാറിളകി നശിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. എന്നും കുലച്ച വാഴയും ചേനയുമൊക്കെ റോഡിന്റെ നടുക്ക് നില്‍ക്കുന്ന കാഴ്ച കണ്ടായിരുന്നു യാത്രകള്‍. പിന്നീട് ലോഡ്‌കണക്കിന് പാറയും മെറ്റലും ഇറക്കി റോഡ് മൂന്നടിയോളം ഉയര്‍ത്തിയശേഷമാണ് പൊയ്ക‌ ഇളകി റോഡ് നശിക്കുന്നതിന് തടയിടാന്‍ കഴിഞ്ഞത്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നിന്നിരുന്ന അവിടയുള്ള കടകളും, മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലും എല്ലാം റോഡില്‍ നിന്നും താഴ്ന്ന് മഴ പൈതാല്‍ വെള്ളം കയറുന്ന സ്ഥിതിയിലായത് അങ്ങനെയാണ്.

അതുപോലെ പാണ്ഡ്യരാജാക്കന്മാരുടെ ആസ്ഥാനം എന്ന പേരില്‍ പാണ്ഡ്യളം ആണ് പന്തളം എന്നായിമാറിയത്. പൊന്‍‌ദളം എന്ന കഥ കേട്ടിട്ടില്ല. പൊന്ത അളം (പൊന്ത വളര്‍ന്ന് നിന്നിരുന്ന സ്ഥലം) ആണ് പിന്നീട് പന്തളം ആയതന്നും ഒരു കഥ കേട്ടിട്ടുണ്ട്.

കുറുംതോട്ടയം എന്നതിന് മറ്റുകഥകള്‍ ഒന്നും ഇല്ല. ഇന്നും അവിടെ കുറുന്തോട്ടി ധാരളമായ് വളരുന്നതു കാണാം.

........ said...

http://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B3%E0%B4%82 താങ്കളുടെ പോസ്റ്റ് ഉപയോഗിച്ച് വിക്കിപീഡിയിലെ ഈ പേജ് വിപുലീകരിക്കൂ.. ക്രോഡീകരിച്ച് വിവരങ്ങള്‍ സ്രോതസ്സും നല്‍കൂ അവിടെ..

Captain Haddock said...

നല്ല ലേഘനം. കുറെ പുതിയ കാരിയങള്‍ അറിയാന്‍ പറ്റി.

otL
i think you should watermark the pic.

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട അജിത്‌,

വളരെ നല്ല ലേഖനം, ഒപ്പം, ബ്ലോഗില്‍ പരീക്ഷിക്കാവുന്ന ഒരു വിഷയമാണ് ഇത്തരം സ്ഥലപുരാണം.

പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ...........നട്ട്സ്

പിന്നെ അജിത്തിന്റെ നാട്ടുകാരന്‍ ശ്രീ. അനില്‍ ഇവിടെ ബഹറൈനില്‍ എന്റെ പരിചയക്കാരന്‍ ആണ്,

ഗീത said...

നല്ല ഒരു പോസ്റ്റ്. ഇങ്ങനെ പ്രശസ്തമായ ഒരു നാടിനെ പറ്റിയാകുമ്പോള്‍ കുറേക്കൂടി വിവരങ്ങള്‍ എഴുതാന്‍ ഉണ്ടാവുമല്ലോ. അതും കൂടി വരട്ടേ.

അഭി said...

പന്തളത്തെ കുറിച്ച് കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു , വളരെ നന്നായിരിക്കുന്നു

അപ്പു said...

നീർവിളാകൻ, വളരെ നന്ദി. സ്വന്തം നാടിനെപ്പറ്റി ബ്ലോഗിൽ ഇത്രയും വിശദമായി വായിക്കുവാൻ സാധീച്ചതിൽ സന്തോഷം തോന്നുന്നു. എരിച്ചപൊയ്കയെപറ്റി പ്രശാന്ത് കൃഷ്ണ എഴുതിയ കാര്യങ്ങൾ കോളേജ് കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പാവത്താൻ said...

ഞാന്‍ പഠിച്ച കോളജ്..രണ്ടു വര്‍ഷം ഞാന്‍ നടന്ന വഴികള്‍..എല്ലാം വീണ്ടുമോര്‍മ്മയിലുണര്‍ത്തിയ പോസ്റ്റ്. നല്ല ഉദ്യമം. ആശംസകള്‍.

ദേവദൂതന്‍ said...

ഏട്ടാ, വളരെ നന്നായിട്ടുണ്ട്. ഞാന്‍ സത്യത്തില്‍ ഇത്തരം ചില കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുവരുന്നു. പന്തളത്തെ കുറിച്ച് നന്നായി തന്നെ പറഞ്ഞിരിക്കുന്നു.