. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, May 3, 2010

പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala Tourism.

പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ ആലപ്പുഴജില്ലയുടെ അതിസുന്ദരതയെ കുറിച്ച് ഒരു ചെറുവിവരണത്തിന്റെ പോലും ആവിശ്യമില്ല എന്നും മനസ്സിലാക്കുന്നു. കേരളത്തിന്റെ മലയോര ടൂറിസത്തിന് പേരുകേട്ട പത്തനംതിട്ട ജില്ലക്കും, തീരദേശ, ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴജില്ലക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്ന പെരുമയാണ് പരുമല മാന്നാര്‍ പ്രദേശങ്ങള്‍ക്കുള്ളത്. ഈ ജില്ലകള്‍ക്ക് തിലകക്കുറിയായി ഒരു ചെറു പ്രദേശം മാറുമ്പോള്‍ അതിനെ വായനക്കാരുടെ മുന്‍പില്‍ പരിചയപ്പെടുത്താതെ പോകുന്നത് അഭികാമ്യമല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് പ്രചോദനം. അത് പരുമല എന്ന് അറിയപ്പെടുന്ന വളരെ ചെറിയ ദ്വീപും അതിന്റെ മാതൃദേശം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന മാന്നാറും ആണെന്നറിയുമ്പോള്‍ നിങ്ങളില്‍ അത്ഭുതം ഉണ്ടായേക്കാം. ചിലര്‍ പരുമലയെ ആലപ്പുഴ ജില്ലയുടെ ഭാഗമായി കരുതി പോരുന്നു. കാരണം പരുമലയുടെ മാതൃദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാന്നാര്‍ ആലപ്പുഴ ജില്ലയിലായതിനാലാണ്. പരുമലക്കും മാന്നാറിനും അതിര്‍ത്തി നിശ്ചയിച്ച് ഒഴുകുന്ന പമ്പാ നദി മറ്റൊരര്‍ത്ഥത്തില്‍ ആലപ്പുഴ ജില്ലക്കും, പത്തനംതിട്ട ജില്ലക്കും കൂടി അതിര്‍ത്തി തീര്‍ക്കുകയാണ് ഇവിടെ.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതു പക്ഷെ പരുമലയുടെ പൌരാണിക ചരിത്ര പ്രസിദ്ധി മൂലം ആയിരുന്നില്ല. പരുമല ദേവസ്വം കോളേജില്‍ ഇരു രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് സംഘട്ടനം ഉണ്ടാകുകയും അതിന്റെ പരിണിത ഫലമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊളേജിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയില്‍ മുങ്ങി മരിക്കുകയും ഉണ്ടായി. 1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ പമ്പയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.പരുമലയുടെ രാഷ്ട്രീയ ചരിത്ത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ദേശത്തെ കുറിച്ച് പറഞ്ഞു തൂടങ്ങുമ്പോള്‍ അതിന്റെ കുപ്രസിദ്ധിയെ കുറിച്ച് തൂടങ്ങുന്നത് അനൌചിത്യമാണെങ്കിലും പരുമലയെ പെട്ടെന്ന് വായനക്കാരുടെ ഓര്‍മ്മയില്‍ എത്തിക്കാന്‍ പ്രസ്തുത സംഭവം ഉപകരിക്കും എന്നതുകൊണ്ട് പ്രതിപാദിച്ചു എന്നു മാത്രം.

കരമാര്‍ഗ്ഗം എത്തുന്നവര്‍ മാന്നാര്‍ ജംഗ്ഷനില്‍ വന്ന് പമ്പാ നദിക്കു കുറെകെയുള്ള പാലം കടന്നാല്‍ പരുമല എത്തുകയായി. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആണ് മാന്നാര്‍. ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു. മാന്നാറിനോട് തൊട്ടു ചേര്‍ന്ന് പത്തു ചതുര്‍ശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പാപനാശിനി എന്നു വിഖ്യാദമായ പമ്പാനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. ഈ ചെറുദ്വീപിനും ഇതിന്റെ മാതൃദേശമായ മാന്നാറിനും ലോക ഭൂപടത്തില്‍ തന്നെ തനതായ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍ . മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.


മാന്നാറിന്റെ ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ആം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡണ്ട്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.


മാന്നാറിന്റെ പ്രത്യേകതകള്‍

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച വിവിധ ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ പരമ്പരാഗത ഓട് (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്. മന്നാറിലെ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം ത്രിക്കുരട്ടി ശിവക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം പുരാണ കഥകളെ ആസ്പദമാക്കി തടികളില്‍ തീര്‍ത്ത ശില്പകലകള്‍ക്ക് പുകഴ് പെറ്റതാണ്. മാന്നാറിലെ മറ്റൊരു പ്രമുഖ ആരാധനാലയമാണ് കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോഷ്ട മുനിയുടെ ചിതല്‍ പുറ്റ് ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിലെ തടിയിലും, കല്ലിലും തീര്‍ത്ത ശില്‍പ്പങ്ങളും പ്രശസ്തമാണ്.

പരുമല

പെരുന്തച്ചന്‍ കഥകളിലൂടെ മലയാളക്കരയില്‍ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “അച്ഛനെക്കാള്‍ മികച്ച മകന്‍“. മാന്നാറിനേയും, പരുമലയേയും കുറിച്ച് പറയുമ്പോള്‍ ഈ ചൊല്ലിനു വളരെ പ്രാധാന്യം ഉണ്ടാവുന്നു. മാതൃദേശമായ മാന്നാറിനെ പ്രശസ്തിയുടെ കാര്യത്തില്‍ പരുമല അനേകം കാതങ്ങള്‍ പിന്നിലാക്കി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പരുമലയിലെ ഏറ്റവും പ്രശസ്തമായതും ലോക ഭൂപടത്തീല്‍ സ്ഥാനം പിടിച്ചതുമായ ആരാധനാലയമാണ് പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം അഥവാ പരുമല പള്ളി . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം.



എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

പരുമല തിരുമേനി



പരുമല തിരുമേനി(June 15, 1848 -November 2, 1902) അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ്. 1848 ജൂണ്‍ 15 ന് (കൊല്ലവര്‍ഷം1023 മിഥുനം 3) പഴയ കൊച്ചി സംസ്ഥാനത്തില്‍പെട്ട മുളന്തുരുത്തി ചത്തുരുത്തി ഭവനത്തില്‍ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമതെ മകനായി 'പരുമല തിരുമേനി ' എന്ന കീര്‍ത്തിനാമം ലഭിച്ച ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയൊസ്‌ മെത്രാപ്പോലിത്താ ജനിച്ചു.മുളന്തുരുത്തി മാർത്തോമ സുറിയാനി പള്ളിയിൽ ' ഗീവർഗ്ഗീസ്‌ ' എന്ന പേരിൽ മാമോദീസായേറ്റു .ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിലും വാത്സല്യത്തിലും വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ ' കൊച്ചയ്‌പ്പോര' എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌.

പനയന്നൂര്‍ കാവ് ദേവീക്ഷേത്രം.

പരുമലയെ കുറിച്ച് എഴുതപ്പെട്ട ഐതിഹ്യങ്ങളോ, അതിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സൂചനകളോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും, പരുമലയുടെ ചരിത്രവും, പുരാണവും ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് പനയന്നൂര്‍കാവ് ദേവീക്ഷേത്രവുമായാണ്. പനയന്നൂര്‍കാവ് മുന്‍പ് പരുമല ആയിരുന്നു എന്നും അത് പിന്നീട് ദേശത്തിന്റെ തന്നെ പേരായി മാറിയതായും കരുതപ്പെടുന്നു. കേരളത്തില്‍ തന്നെ ഒരു പക്ഷെ ദേവിയുടെ ഏഴു രൂപങ്ങളെ ഒരേ പ്രധാന്യത്തില്‍ പൂജിക്കപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ കടമുറ്റത്തു കത്തനാര്‍ കഥകളിലെ പനയന്നൂര്‍കാവ് യക്ഷിയെ കുറിച്ചുള്ള കഥകള്‍ പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും എന്നു വിശ്വസിക്കട്ടെ. എല്ലാത്തരത്തിലും പ്രത്യേകതകള്‍ മാത്രം നിറഞ്ഞ ഈ ക്ഷേത്രം പരുമലയുടെ ചരിത്രത്തിന്റേയും, സംസ്കാരിക പെരുമയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു.

മറ്റു പ്രത്യേകതകള്‍

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പരുമല കോളേജ് പമ്പയുടെ തീരത്ത് പരുമല ക്രിസ്ത്യന്‍ ദേവാലയത്തിനും, പരുമല മുശ്ലീം വലിയ പള്ളിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1968 ല്‍ സ്ഥാപിതമായ ഈ കോളേജ് മാത്രമായിരിക്കും ഒരുപക്ഷെ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന വലിയ സ്ഥാനത്തിനു അര്‍ഹത നേടിയിട്ടുള്ളത്. ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഈ സ്ഥാപനം രൂപഭംഗിയിലും പ്രസിദ്ധമാണ്.

8 comments:

നിരക്ഷരൻ said...

മനോഹരവും ആ‍ധികാരികവുമാണ് ഈ സ്ഥലപരിചയപ്പെടുത്തലുകള്‍ .കൃത്യമായ തീയതികളുടെ അകമ്പടിയോടെ ചരിത്രവും മേമ്പൊടിക്ക് ഐതിഹ്യവും എല്ലാം കൂടെ ആകുമ്പോള്‍ ഇതൊരു വിക്കി ലേഖനത്തിന്റെ മേന്മ പുലര്‍ത്തുന്നു. നെറ്റില്‍ ഈ സ്ഥലങ്ങള്‍ക്കായി പരതുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല.

ഒരു തമാശച്ചോദ്യം:- ‘അതങ്ങ് പരുമല പള്ളീല് ചെന്ന് പറഞ്ഞാമ്മതി‘ എന്ന നാടന്‍ പ്രയോഗത്തിന്റെ പിന്നിലുള്ള കഥയെന്താണെന്നറിയാമോ ? :)

നിരക്ഷരൻ said...

വീഡിയോ രണ്ടും പിന്നീടേക്ക് കാണാന്‍ മാറ്റിവെക്കുന്നു.

ശ്രീ said...

പരുമലയെയും മാന്നാറിനെയും വിശദമായി പരിചയപ്പെടുത്തിയത് നന്നായി മാഷേ.

Rejeesh Sanathanan said...

നിരക്ഷരന്‍ പറഞ്ഞത്പോലെ......മനോഹരം....ആധികാരികം

sm sadique said...

ചരിത്രത്തിന്റെയും വര്ത്തമാനത്തിന്റെയും ഐതിഹ്യത്തിന്റെയും അകംപോരുളിലൂടെ
ഞാന്‍ നടന്നെത്തിയത്‌ കായംകുളം രാജാവിന്റെ മടയില്‍ . പഠനാര്‍ഹമായ വിവരണങ്ങളിലൂടെ
എന്നെ നടത്തിയതിനു നന്ദി ...........

Kalavallabhan said...

നന്നായിട്ടുണ്ട്. പക്ഷെ അടുത്തത്
“വാനുലകിനു സമമാകിയ നിരണ മഹാദേശത്തെ” പറ്റിയാവണം.

G.MANU said...

Nammude naadalle engane mosam avum :)
Nice article macha

Aju Mangalaseril said...

varum thalamura vayichu padikate..Mannar nte gunagal..thks