. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, May 12, 2010

ബീമാപള്ളി ‍| Beemapalli | Kerala Tourism.


ജീ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ എന്നു ചോദിച്ചാല്‍ ചിലര്‍ അത്ഭുതത്തോടെ കൈമലര്‍ത്തും!.

മറ്റു ചിലര്‍ ബീമാപള്ളി എന്ന എന്റെ “കേരളപ്പെരുമ” എന്ന പരമ്പരക്ക് ചുവട്ടില്‍ ജീ ഗോപാലകൃഷ്ണനെ അറിയുമോ എന്ന ചോദ്യവുമായി ഞാന്‍ വരുമ്പോള്‍ ചില പഴഞ്ചൊല്ലുകള്‍ ആയിരിക്കും ഓര്‍ക്കുക.

“പഞ്ചപാണ്ടവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്ന്”

അല്ലെങ്കില്‍

“അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ അറിവില്ലാത്ത എന്തോ കാര്യത്തെ കുറിച്ചു സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നു വിചാരിക്കുകയും ആവും.

പക്ഷെ ബീമാപള്ളിയുടെ ചരിത്രത്തിനു പിന്നില്‍ ജീ ഗോപാലകൃഷ്ണന്‍ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ വളരെ വ്യക്തമായ കയ്യൊപ്പുകള്‍ പതിഞ്ഞിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നാം.


ബീമാപള്ളിയുടെ ശില്‍പ്പി ജീ. ഗോപാലകൃഷ്ണന്‍ ആണ്. ജന്മം കൊണ്ട് ഹിന്ദുവായി ഇന്നും ഹിന്ദു നാമത്തില്‍ തന്നെ ജീവിക്കുന്ന അഞ്ചു നേരം നിസ്കരിച്ച് കര്‍മ്മം കൊണ്ട് ഒരു മുസ്ലീം മത വിശ്വാസിയായി കഴിയുന്ന ശ്രീ ഗോപാലകൃഷ്ണന്‍ ബീമാപള്ളി മാത്രമല്ല, ഈ അടുത്ത കാലത്ത് പണിത എരുമേലി വാവരു പള്ളി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം ഏതാണ്ട് 76 മുസ്ലീം പള്ളികളുടെ ശില്‍പ്പി ആണെന്നറിയുമ്പോള്‍ നിങ്ങളുടെ അത്ഭുതം ഇരട്ടിക്കും എന്നു തീര്‍ച്ച. ജീ ഗോപാലകൃഷ്ണന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണമാണ് ബീമാപള്ളി.


വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, നൂറ്റി മുപ്പത്തിരണ്ട് അടി ഉയരമുള്ള മീനാരങ്ങളുമുള്ള ഇന്‍ഡോ - അറേബ്യന്‍ ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. പതിനെട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പള്ളിയുടെ മിനാരങ്ങളും, അതിന്റെ പുറത്തെ ശില്‍പ്പ ചാരുതയും അറേബ്യന്‍ നിര്‍മ്മാണ രീതിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ ഉള്ളിലെ ചുവര്‍ ചിത്രങ്ങളും, താമര ആകൃതിയിലുള്ള മേല്‍ക്കൂരയും ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പ കലക്ക് ഒരു പണവിട മുന്തൂക്കം നല്‍കുന്നു.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌. തിരുവനന്തപുരം പട്ടണത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി വീമാനത്താവളത്തിനു അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന ബീമാപള്ളി, ഇത് ഒരു ദര്‍ഗ കൂടിയാണ്. . നാനാജാതി മതസ്ഥർക്ക്‌ അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ ഇസ്ലാം മത പ്രചരണാർഥം ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വസിദ്ധികള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാബീവി (സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീൻ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാപള്ളിയിലുള്ള മറ്റൊരു ഖബര്‍ കല്ലടി മസ്താന്‍(റ)ന്റെതാണ്.

 



പ്രവാചകനായ മുഹമ്മദ് നബിയുടെ വീക്ഷണങ്ങളില്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ മത പ്രചരണാര്‍ത്ഥം എത്തിപ്പെട്ട പുണ്യ വനിതയാണ് സയ്യിദത്തുനിസ്സാ ബീമാവീബി അഥവാ ബിമാവീബി. മരുഭൂമിയിലെ ചൂടിനെയോ, പ്രതികൂല കാലാവസ്ഥകളേയോ വകവയ്ക്കാതെ പരിമിതമായ യാത്രാ സൌകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വെറും വിശ്വാസത്തിന്റെ മാത്രം വെളിച്ചത്തെ അകലെ കണ്ട് ബീമാബീവി കേരളത്തില്‍ എത്തപ്പെട്ടു. ജീവിതം മുഴുവനും ഇസ്ലാമിനായി ഉഴിഞ്ഞു വച്ച ആ ഉമ്മയുടെ മകനും അതേ പാത പിന്തുടര്‍ന്ന് പരമ ഭക്തനും, സിദ്ധനും, സര്‍വ്വോപരി മഹാനായ ഒരു ഇസ്ലാം പ്രചാരകനായി തീരുകയും ചെയ്തു. ഷേക്ക് സാഹിദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് എന്ന ആ മകന്റേയും, അദ്ധേഹത്തിന്റെ പ്രിയ ഉമ്മ ബീമാവീബിയുടേയും ഖബറുകള്‍ ആണ് പില്‍ക്കാലത്ത് ബീമാ പള്ളിയായി മാറപ്പെട്ടത്. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടടുത്ത് ആരോ നിന്ന് നയിക്കുന്ന സാന്നിദ്ധ്യം പോലെയാണ് ഈ ഖബറുകള്‍.



ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം.

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 


ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വാർഷ‌ും രബിയുൽ അവ്വൽ ഒന്ന് മുതൽ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.



ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃവാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കുചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. ഉറൂസ് ഒരര്‍ത്ഥത്തില്‍ പ്രകാശത്തിന്റെ ഉത്സവമാണ്. വലിയ കുടങ്ങളുടെ വായ മൂടി കെട്ടി ചന്ദനത്തിരി കൊളുത്തി അതിന്മേല്‍ കുട്ടി പ്രാര്‍ത്ഥനകളോടെ ഭക്തര്‍ പള്ളിയില്‍ എത്തുന്നു. ഘോഷയാത്രയും, ത്രിശൂര്‍പൂരത്തിനെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷണമാണ്. ദുഃവാ പ്രാര്‍ത്ഥന, അപൂര്‍വ്വ ദുഃവാ മത പ്രസംഗ്ഗങ്ങള്‍, പട്ടണ പ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ചന്ദനക്കുട മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍ ആണ്.
 


നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ചന്ദനക്കുടം തിരുവനതപുരത്തിന്റെ മതനിരപേക്ഷതക്കും, മത സൌഹാര്‍ദ്ദത്തിനും മകുടോദാഹരണമായി നിലകൊള്ളുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ പ്രധാന കച്ചവട സാന്നിദ്ധ്യമാണ് ബീമാപള്ളയും പരിസരവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:- (കാചം)

7 comments:

നീര്‍വിളാകന്‍ said...

കേരളപ്പെരുമയില്‍ ഒരു പ്പോസ്റ്റു കൂടി... ബീമാപള്ളി... വായിക്കുമല്ലോ അല്ലേ!

Unknown said...

ബിമാപള്ളിയെകുറിച്ച് ഇത്ര വിശദമായ പോസ്റ്റിന് നന്ദി.പ്രത്യേകിച്ച് ഹിന്ദുമതവിശ്വാസിയായ ഒരാളാണ് ഇതിനു പിന്നിൽ എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.

sm sadique said...

ഗേപാലക്രിഷ്ണൻ എന്ന ബഹുമാനിത വ്യക്തിയെ ഞാൻ വായിച്ചിട്ടുണ്ട്.
ദ്രശ്യ മാധ്യമത്തിൽ പലപ്പേഴായി കണ്ടിട്ടുണ്ട്. നാടിനു അഭിമാനമാണു
അലങ്കാരമാണ് ഇത്തരം വ്യക്തിത്വങ്ങൾ. ഒരു ഓർമപ്പെടുത്തലിനു നന്ദി.....

അലി said...

ഗോപാലകൃഷ്ണനെയും ബിമാപള്ളിയെയും കുറിച്ച് ഇത്ര വിശദമായ പരിചയപ്പെടുത്തലിനു നന്ദി.

Ashly said...

നല്ല പോസ്റ്റ്‌ ! താങ്ക്സ് !ഇതില്‍ പലതും അറിയില്ലായിരുന്നു.

പള്ളിക്കുളം.. said...

പള്ളിയെ പരിചയപ്പെടുത്തിയതിന് പള്ളിക്കുളത്തിന്റെ അഭിനന്ദനങ്ങൾ. ബീമാപ്പള്ളിയുടെ ശിൽ‌പ്പിക്ക് ഒരായിരം ആശംസകൾ.

archv3nture said...

beautiful mosque..greetings from indonesia