. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, May 19, 2009

മാരാമണ്‍ കണ്‍വെന്‍ഷന്‍|Maramon Convention |Kerala Tourism

ആറന്മുളയുടെ മറുകരയായ (പമ്പാനദിയുടെ വലത്തെ കര) തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പെടുന്ന ഭാഗമാണ് മാരാമണ്‍... ക്രിസ്‌തുമതവിശ്വാസികളുടെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഇത്‌ കോഴഞ്ചേരിക്കടുത്ത്‌ മാരാമണിലാണ്‌ നടക്കുന്നത്‌. എല്ലാ വര്‍ഷവും ഫിബ്രവരി മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഏഴുദിവസം നീണ്ടുനില്‍ക്കും. പമ്പാനദിയുടെ മണല്‍പ്പരപ്പില്‍ ഇതിനായി പന്തലുകളും മറ്റും ഒരുക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പണ്‌ഡിതന്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്താറുണ്ട്‌. 1895-ല്‍ ആണ്‌ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടന്നത്‌.

മാരാമണ്‍ കണ്‍‌വെന്‍ഷനെ കുറിച്ച് പറയുമ്പോള്‍ മാര്‍ത്തോമാ സഭയെ കുറിച്ച് ആമുഖം എന്ന നിലയില്‍ തീര്‍ച്ചയായും പറയേണ്ടി വരും.

ചരിത്രംമലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അല്ലെങ്കില്‍ മാര്‍ത്തോമ്മാ സഭ പതിനാറാം നൂറ്റാണ്ടിനു മുന്‍പുള്ള അവിഭക്ത സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നു രൂപപ്പെട്ട ഒരു നവീകരണ സഭയാണ്. 1889-ല്‍ മാത്രമാണ് സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്ന് വേറിട്ട് ഒരു പ്രത്യേക സഭയായി തീര്‍ന്നതെങ്കിലും അതിന്റെ നവീകരണാശയങ്ങളുടെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ഒരു സെമിനാരി അദ്ധ്യാപകനായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ (അബ്രഹാം മല്പാന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം) ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

സെന്റ് തോമസ് ക്രിസ്താനികളുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന പല സമൂഹങ്ങളില്‍ (ക്രിസ്തുവിന്റെ ഒരു അപ്പോസ്തോലനായ വിശുദ്ധ തോമസ് ശ്ലീഹ AD 52 കേരളത്തില്‍ വന്നു ഇവിടത്തെ ക്രൈസ്തവ സഭ സ്ഥാപിച്ചു എന്നു വിശ്വസിക്കുന്ന സമൂഹം) പെട്ട ഒന്നായിരുന്നു ഈ നവീകരണ സമൂഹം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ ഭരിച്ചിരുന്ന ബ്രിട്ടിഷുകാരുടെ സഹായത്തോടെ കേരളത്തില്‍ എത്തിയ ആഗ്ലിക്കന്‍ മിഷനറിമാര്‍ സഭാപരമായും, ആചാരപരമായും, ദൈവശാസ്ത്രപവുമായ നവീകരണ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത് അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ബിഷപ്പുമാര്‍ അത് പരമ്പരാഗതമായി വിശ്വസിച്ച് വന്നതിന് എതിരായി കണ്ടു. പ്രധാനമായും നവീകരണപ്രസ്ഥാനത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായി അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നില നിന്നിരുന്ന ചില ആചാരങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനം. അവരുടെ നവീകരണ ആശയങ്ങള്‍ അന്നത്തെ സഭാ നേതൃത്വം തള്ളികളയുന്നു എന്നു കണ്ടപ്പോള്‍ അവര്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു വിഘടിച്ചു വന്നു. അതാണ് പിന്നീട് മാര്‍ത്തോമ്മാ സഭ ആയി തീര്‍ന്നത്.മാത്യൂസ് മാര്‍ അത്താനോസ്യോസിനെ ആദ്യത്തെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ല്‍ പുറത്തു വന്നു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതല്‍ പ്രവര്‍ത്തന നിരതനാവുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാല്‍ സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയില്‍ ആയിരുന്നു. മാത്യൂസ് മാര്‍ അത്താനോസ്യോസ് 1868-ല്‍ തോമസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു.

തോമസ് മാര്‍ അത്താനാസ്യോസ് തന്റെ പിന്‍ഗാമിയെ വാഴിക്കാതെ 1893-ല്‍ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂര്‍ സഭയുടെ ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാര്‍ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമന്‍ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു. എത്തി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ല്‍ പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനു‍ തുടക്കം കുറിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. ഇപ്പോള്‍ ഈ കൂട്ടായ്മ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി വളര്‍ന്ന് വലുതായി.

പ്രത്യേകതകള്‍

മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരമ്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതമാവുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് മാരാമണില്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന ഈ മഹായോഗം. ഇവിടെ ലോകത്തിന്‍റെ മിക്കഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ 52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന മഹാസമ്മേളനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ മതപണ്ഡിതര്‍ മാരാമണിലെത്തി ബൈബിളിലെ വിശുദ്ധവചനങ്ങളുടെ വ്യാഖ്യാനം നിര്‍വഹിക്കുന്നു. ദൈവത്തിലേക്കുള്ള വഴികാട്ടികളാവുന്ന വചനപ്രഘോഷണങ്ങളും രോഗശാന്തി ശുശ്രൂഷയും മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ ക്ലാസുകളും അഴിമതിക്കെതിരെ പോരാടാന്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്ന പ്രഭാഷണങ്ങളും മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രത്യേകതകളാണ്. കണ്‍വെന്‍ഷന്‍ മൈതാനത്ത് അരലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിറഞ്ഞുകവിയാറുണ്ട് . സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശാന്തി തേടിയെത്തുന്ന കുടുംബങ്ങള്‍ പമ്പാതീരത്ത് താല്‍ക്കാലിക കൂടാരങ്ങള്‍ തീര്‍ത്തുകഴിയും. ഇവര്‍ക്ക് ഭക്ഷണവും മറ്റുമായി വഞ്ചികള്‍ പമ്പയുടെ തീരത്തുണ്ടാവും.

കണ്‍വെന്‍ഷന്‍ തുടങ്ങുന്നതോടെ കോഴഞ്ചേരിയും മാരാമണും ഭക്തിയുടെ ഉത്സവത്തിമിര്‍പ്പിലാഴും.ജാതിമതഭേദമെന്യേ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുടെ സംഗമഭൂമിയായി കണ്‍വെന്‍ഷന്‍ മൈതാനം മാറും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഒരാഴ്ച പമ്പാതീരം മാനസാന്തരങ്ങളുടെയും കുമ്പസാരങ്ങളുടെയും വേദിയാവുന്നു. സര്‍വവും ലോകരക്ഷകനായ ക്രിസ്തുവില്‍ അര്‍പ്പിക്കുന്ന ത്യാഗത്തിനുള്ളഅവസരമായാണ് മാരാമണ്‍ കണ്‍വെന്‍ഷനെ ഭക്തജനലക്ഷങ്ങള്‍ കാണുന്നത്.

മതത്തിന്റെ ആന്തരികസത്തയറിയാതെ കടലിലും കരയിലും വായുവിലും ദൈവത്തെ തേടി വ്യര്‍ത്ഥസഞ്ചാരം നടത്തുന്ന ആധുനികമനുഷ്യന് മാരാമണ്‍ തിരിച്ചറിവിന്റെ വെളിച്ചം നല്‍കുന്നു. ആരും ആരെയും മനസ്സിലാക്കാന്‍ തയ്യാറില്ലാത്ത ലോകത്തില്‍ വിശ്വസ്നേഹത്തിന്റെ മഹിമ നിറയ്ക്കുന്ന അപൂര്‍വ വേളയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ 1896ലാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ ആദ്യമായി നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രതിഫലനമായാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ രൂപം കൊണ്ടത്.

ഇപ്പോള്‍ മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റിക്ക് അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മലബാര്‍ സിറിയന്‍ സഭയുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച പാലക്കുന്നത്ത് എബ്രഹാം മാപ്പിളയുടെ ജന്മം കൊണ്ട് പവിത്രമായ സ്ഥലമാണ് മാരാമണ്‍.

എങ്ങനെ എത്തിച്ചേരാം

ആറന്മുളയുടെ മറുകര ആയതുകൊണ്ട് തന്നെ മാരാമണില്‍ എത്താന്‍ ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ തിരുവല്ലയാണ്. തിരുവല്ലയില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ മാരാമണിലെത്താം. തിരുവല്ലയില്‍ നിന്നും ധാരാളം സ്വകാര്യ ബസുകള്‍ മാരാമണിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാരാമണിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുണ്ടാവും.

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവല്ലയിലേക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്.

വിവധ സ്ഥലങ്ങളില്‍ നിന്നും തിരുവല്ലയിലേക്കുള്ള ദൂരം കിലോമീറ്ററില്‍:

തിരുവനന്തപുരം - 135
എറണാകുളം - 85
തൃശ്ശൂര്‍ - 160
പാലക്കാട് - 238
കോഴിക്കോട് - 279
ചെന്നൈ - 788
ബാംഗ്ലൂര്‍ - 718

താമസം

കണ്‍വെന്‍ഷനെത്തുന്നവര്‍ പമ്പയുടെ തീരത്ത് തന്നെ തീര്‍ക്കുന്ന താല്‍ക്കാലിക കൂടാരങ്ങളിലാണ് കഴിയുന്നത്. നിരവധി സന്നദ്ധസംഘടനകള്‍ ഭക്തജനങ്ങള്‍ക്ക് എല്ലാ സഹായവുമായി ഉണ്ടാകും. ഹോട്ടലിലോ ലോഡ്ജിലോ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും ധാരാളം ഹോട്ടലുകളും ലോഡ്ജുകളും ലഭ്യമാണ്.

12 comments:

നീര്‍വിളാകന്‍ said...

മാരാമണ്‍ കണ്‍‌വെന്‍ഷനെ കുറിച്ചുള്ള ആധികാരികമായ ഒരു ലേഖനമായി ഇതിനെ കണക്കാക്കണ്ട.... കണ്‍‌വെന്‍ഷനെ കുറിച്ച് മുതിര്‍ന്നവരില്‍ നിന്നും ഞാന്‍ ചോദിച്ചറിഞ്ഞതും, കണ്‍‌വെന്‍ഷനില്‍ പങ്കെടുത്തതിന്റെ അറിവും, പിന്നെ കണ്‍‌വെന്‍ഷനെ കുറിച്ചുള്ള ആധികാരികമായ വെബ്‌സൈറ്റുകള്‍ പരിശോധിച്ചും തയ്യാറാക്കിയ ഈ ലേഖനത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ വായനക്കാര്‍ തയ്യാറാകും എന്നു വിശ്വസിക്കട്ടെ.

siva // ശിവ said...

എനിക്ക് മാരാമണ്‍ കണ്‍‌വെന്‍ഷനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ.... ഈ പോസ്റ്റ് ചിലര്‍ക്കെങ്കിലും ഉപകാരം ആകുമെന്ന് കരുതുന്നു....

SajanChristee said...

വളരെ ഉപകാരം
ആശംസകള്‍!!!

ബഷീർ said...

ലേഖനം കൊള്ളാ‍ാം

വാഴക്കോടന്‍ ‍// vazhakodan said...

Its good enough to know more about the Maramon Convention!
Good, Keep Writing!

കാട്ടിപ്പരുത്തി said...

:)

Sureshkumar Punjhayil said...

Njan munpu poyittundu.. Pakshe manoharamaya vivaranam. Ashamsakal...!!!

Raji Chandrasekhar said...

നല്ല കാര്യം

ഹന്‍ല്ലലത്ത് Hanllalath said...

വളരെ ഉപകാരപ്രദം...
നന്ദി...

Anuroop Sunny said...

നല്ല പരിശ്രമം.

മാരമണ്‍ കണ്‍വെന്‍ഷനെകുറിച്ച് കൂടുതല്‍ മനസ്സിലായി. കേരളീയര്‍ക്കു തന്നെ നമ്മുടെ ഉത്സവങ്ങളെപെറ്റി കാര്യമായ അറിവില്ല. ഞാന്‍ ഉദാഹരണം. അതിനാല്‍ ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ആശംസകള്‍

shajkumar said...

ഇനി ചെറുകോല്‍പുഴയും ആകാം.

printcall said...

ഇവുടുത്തെ വളരെ എടുത്തു പറയേണ്ട ഒരു കാര്യം അച്ചടക്കവും സ്വയം നിയന്ത്രണവുമാണ്. കണ്‍വെന്‍ഷന്‍ മണക്കയ്ക്കുള്ളില്‍ പോലീസിന് പ്രവേശനമില്ല. എന്നാല്‍ ലക്ഷകണക്കിന് ആളുകള്‍ വരുന്നുന്ടെലും ഇതുവരെ ആരും പുകവലിയോ ഇവിടെ മദ്യപിച്ചോ എത്താറില്ല. ഇവിടുത്തെ അന്തരീക്ഷം അതിനു അനുവദിക്കില്ല.