. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, May 27, 2009

ആറന്മുള കണ്ണാടി | Aranmula metal mirror | Kerala Tourism

ആറന്മുള പെരുമയെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ആറന്മുള കണ്ണാടിക്കുള്ള സ്ഥാനം ചെറുതായി കാണാവുന്നതല്ല. വായനക്കാരില്‍ കൌതുകം ഉണര്‍ത്താന്‍ തക്ക എന്തോ ഒന്ന് അതിലുണ്ടെന്ന് പേരില്‍ തന്നെ വ്യക്തം. ഒരു കണ്ണാടിക്ക് മുന്നില്‍ ആറന്മുള എന്ന പേരു കൊത്തിയതുകൊണ്ടു മാത്രം അതിനെ ആറന്മുള കണ്ണാടി എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ കണ്ണാടി പെരുമ വായിച്ചതിനു ശേഷം മാന്യ വായനാക്കാര്‍ അതു തീരുമാനിക്കുക.



കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന കുഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.



ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രത്യേകത

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ്‌ തയാറാക്കുന്നത്‌. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



ആറന്മുള പെരുമയില്‍ മറ്റെന്തിനേയും പോലെ ആറന്മുളകണ്ണാടിക്കും ഒരു ചെറിയ ക്ഷേത്ര ബന്ധം ഉണ്ട്. തിരുവാറന്മുളയപ്പന് (ആറന്മുള പാര്‍ത്ഥസാരഥിക്ക്) മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടിയാണിതെന്നാണ് ആറന്മുള കണ്ണാടിയുടെ പിന്നിലെ ഐതീഹ്യം.

നിര്‍മ്മാതാക്കള്‍.

ആറന്മുളയിലെ പാരമ്പര്യ ലോഹവാര്‍പ്പുകാരായ ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്ന് ആറന്മുള കണ്ണാടിയുടെ കൂട്ടിന്‍റെ രഹസ്യം അറിയാവുന്നത്. ആറു തലമുറകള്‍ മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ കുലത്തില്‍പെട്ടവരാണ് ആറന്മുള കണ്ണാടിയുടെ ഉപഞ്ജാതാക്കള്‍‍ എന്നു കരുതപ്പെടുന്നു. ലോഹപ്പുരയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കം ഇതിന്‍റെ കൂട്ട് പറഞ്ഞുകൊടുക്കില്ല. ആലക്ക് നേതുത്വം നല്‍കുന്ന മൂത്താശാരിമാരുടെ രഹസ്യമായിരിക്കും ഈ കണ്ണാടിയുടെ ലോഹക്കൂട്ട്. തങ്ങളുടെ അനന്തര അവകാശിയായി യോഗ്യനെന്ന് തോന്നുന്ന ആള്‍ക്ക് മരണസമയത്താണ് ഈ രഹസ്യക്കൂട്ട് പറഞ്ഞുകൊടുക്കുക.



ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്‌. അമൂല്യ വസ്തുവായി കേരളത്തിന്‍റെ വിശേഷ ഉത്പ്പന്നമായി ആറന്മുള കണ്ണാടിയെ വിശേഷിപ്പിക്കാം.

നിര്‍മ്മാണ രീതി

നിര്‍മ്മാണത്തിനു വേണ്ട അച്ച് ഉണ്ടാക്കുന്നത് ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ നിന്നും ശേഖരിക്കുന്ന കളിമണ്ണുകൊണ്ടാണ്. പരമ്പരാഗത ഓട്ടു പാത്ര നിര്‍മ്മാണരീതി തന്നെയാണ് ഇവിടെയും അവലംബിക്കുന്നത്. ക്ഷമയോടെയുള്ള നിര്‍മ്മാണ രീതിയിലും 60% ത്തോളം കണ്ണാടിക്കു വേണ്ട ലോഹക്കൂട്ടും നഷ്ടപ്പെടുകയാണ് പതിവ്. കണ്ണാടി നിര്‍മ്മാണത്തിനു മുന്നോടിയായി ഏകദേശം ഒന്‍പത് കിലോ ഉരുകിയ ലോഹ സങ്കരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൃത്താകൃതിയുള്ള കഴുത്തിറുക്കമുള്ള ഒരു പാത്രം ഇരുമ്പില്‍ നിര്‍മ്മിക്കുന്നു. ഇതിനെ കോവ എന്ന പേരില്‍ അറിയപ്പെടുന്നു. ചെമ്പ്, ഈയം, നാഗം എന്നിവയുടെ ചെറു നുറുങ്ങുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇതിലേക്ക് ഇടുന്നു. പിന്നീട് കോവയുടെ വായ് ഭാഗം കളിമണ്ണാല്‍ അടക്കുന്നു. അതിനു ശേഷം ഈ കളിമണ്‍ മൂടിയില്‍ രണ്ട് സമാന ദ്വാരങ്ങള്‍ ഇടുന്നു. ഉരുകിയ ലോഹസങ്കരത്തെ പുറത്തെടുകാനാണ് ഈ ദ്വാരങ്ങള്‍.



ലോഹ നുറുങ്ങുകള്‍ അടങ്ങിയ കോവയെ പിന്നീട് കരിയും തൊണ്ടും നിറച്ച് കത്തിച്ച അടുപ്പിലേക്ക് മാറ്റുന്നു. ഈ മിശ്രിതത്തെ ഏതാണ് 400 ഡിഗ്രിയില്‍ ചൂടാക്കുന്നു. ഉരുകിയ മിശ്രിതത്തെ നിരപ്പായ സധാരണ നിലത്തേക്ക് തന്നെ ഒഴുക്കുന്നു. നിലത്ത് ഒഴുക്കി തണുപ്പിച്ച ലോഹക്കൂട്ടിനെ ഒരു വലിയ ചുട്ടിക ഉപയോഗിച്ച് വീണ്ടും നുറുങ്ങുകളാക്കുന്നു. പിന്നീട് ഈ ലോഹക്കൂട്ടിനെ വിദഗ്ദമായി പരിശോധിച്ച് ഗുണം വിലയിരുത്തുന്നു. കൂട്ട് ഗുണസമ്പന്നമാണെങ്കില്‍ അതിനെ വീണ്ടും കോവയിലേക്ക് മാറ്റി മുന്‍പ് ചെയ്ത രീതിയില്‍ വീണ്ടും ഉരുക്കുന്നു. ഗുണത്തില്‍ കുറവുള്ളതായി കണ്ടാല്‍ അതിലേക്ക് കൂടുതല്‍ ലോഹ നുറുങ്ങുകള്‍ (ചെമ്പ്, ഈയം,നാ‍ഗം) ചേര്‍ത്ത് വീണ്ടും ഉരുക്കും. ഇപ്പോള്‍ ഉരുകി തയ്യാറായ ലോഹമിശ്രിതത്തെ മുന്‍പേ തയ്യാറാക്കി വച്ച അച്ചിലേക്ക് ഒഴുക്കുന്നു. പിന്നെ ഈ മിശ്രിതത്തെ അച്ചിലിരുന്നു തണുക്കാന്‍ അനുവദിക്കുന്നു.



തണുത്ത മിശ്രിതത്തിനു ചുറ്റുമുള്ള കളിമണ്‍ അച്ചിനെ ഉള്ളിലുള്ള ലോഹസങ്കരത്തിന് ഉടവു തട്ടാതെ പൊട്ടിച്ചെടുക്കുന്നു. ഉരുക്കി കിട്ടിയ ലോഹ സങ്കരം പിന്നീട് നന്നായി വെന്ത് ഭസ്മമായ കളിമണ്ണും, നല്ലെണ്ണയും, ചണവും കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിച്ച് മിനുക്കലിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. രണ്ടാം ഘട്ടമായി കോട്ടണ്‍ തുണി ഉപയോഗിച്ച് പലവുരു ഉരക്കുന്നു. മൂന്നാം ഘട്ടമായി വെല്‍‌വെറ്റ് ഉപയോഗിച്ച് ഉരക്കുന്നു. ഉരക്കുന്തോറും വെല്‍‌വെറ്റിലേക്ക് നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച നല്ലെണ്ണ ആഗിരണം ചെയ്യപ്പെടുന്നു. എണ്ണ നിറഞ്ഞ വെല്‍‌വെറ്റ് മാറി ഉണങ്ങിയ വെല്‍‌വെറ്റ് ഉപയോഗിച്ച് കൂടുതല്‍ ഉരക്കുന്നു. എതാണ്ട് എണ്ണമയം പൂര്‍ണമായി തുടച്ചു മാറ്റപ്പെടുമ്പോള്‍ അവസാന പ്രക്രിയ എന്നവണ്ണം വെല്‍‌വെറ്റ് ഒരു നിരന്ന പ്രതലത്തില്‍ ഉറപ്പിക്കുന്നു. പിന്നീട് കണ്ണാടിയുടെ തിളക്കമില്ലാത്ത വശത്ത് അതെ നീളവും വീതിയുമുള്ള ഒരു തടി കഷണം ഉറപ്പിച്ച് വെല്‍‌വെറ്റിനു മേലെയായി ഒരേ വശത്തേക്ക് ഉരക്കുന്നു. കണ്ണാടിക്ക് അതിന്റെ ഏറ്റവും ഉദാത്തമായ തിളക്കം ഉണ്ടായി എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ചെറു ചൂടു കൊടുത്ത് പുറകില്‍ ഒട്ടിച്ച തടി കഷ്ണത്തെ വേര്‍‌പെടുത്തുന്നു. കണ്ണാടി എന്നത് അതിദര്‍പ്പണ സ്വഭാവമുള്ള ഒരു പ്രതലമായതുകൊണ്ട്, സധാരണ രസക്കൂട്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ണാടിക്കൊപ്പം തിളക്കം ഉണ്ടാവാന്‍ ആറന്മുളകണ്ണാടിയുടെ ലോഹക്കൂട്ടില്‍ മേല്‍ പറഞ്ഞ പോലെ പലഘട്ടങ്ങളായി പലവുരു മിനുക്കേണ്ടി വരും. ഈ മിനുക്കല്‍ പ്രക്രിയ ചില അവസരങ്ങളില്‍ തുടര്‍ച്ചയായി നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. മൂശാരിയുടെ മനസില്‍ ത്രിപ്തി വരും വരെ മിനുക്കല്‍ തുടരുന്നു. പിന്നീട് മുന്‍‌കൂട്ടി തയ്യാറാക്കി വച്ച ഓട്ടു ചട്ടത്തില്‍ ഉറപ്പിക്കുകയും ആവശ്യക്കാരന് കൈമാറുകയും ചെയ്യുന്നു.



ആറന്മുളയിലും പരിസരങ്ങളിലും നിന്നു കിട്ടുന്ന സാധങ്ങള്‍ മാത്രമാണ് ആറന്മുളകണ്ണാടിക്ക് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത് 100% കേരളീയന്‍ അല്ലെങ്കില്‍ ആറന്മുളയന്‍ ആണെന്ന് അവകാശപ്പെടാം. കളിമണ്ണ് ആറന്മുളയിലും പരിസരത്തുമുള്ള പാടങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ചെമ്പ്, ഈയം, ഓട് എന്നീ ലോഹങ്ങള്‍ ആറന്മുളക്കടുത്തുള്ള മാന്നാര്‍ എന്ന സ്ഥലത്തു നിന്നും ശേഖരിക്കുന്നു.


എന്തുകൊണ്ട് വിലക്കൂടുതല്‍

സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 500 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.



എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹന‍ശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

എങ്ങനെ തിരിച്ചറിയാം

കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.


കണ്ണാടി പെരുമ

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ ‍സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.



കേരളത്തിലെ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആറന്മുള കണ്ണാടിയുടെ പ്രശസ്തിയും പ്രതാപവും പരന്നുകഴിഞ്ഞു. കേരളത്തിന്‍റെ ലോഹശില്‍പ്പകലയുടെ മഹിമ വിളിച്ചോതുന്ന ആറന്മുള കണ്ണാടിക്ക് ഇന്ന് ലോകവിപണിയില്‍ നമ്പര്‍ വണ്‍ സ്ഥാനമാണ് ഉള്ളത്. പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ കേരളീയ ഉല്‍പന്നമെന്ന ഖ്യാതി ആറന്മുള കണ്ണാടിക്കു ലഭിക്കും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തിലാണ് ആറന്മുളക്ക് പേറ്റന്റു ലഭിക്കുക.‍ വിദേശസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ട കരകൗശലവസ്‌തുക്കളില്‍ ഒന്നാണിത്‌.

19 comments:

നീര്‍വിളാകന്‍ said...

ആറന്മുള പെരുമയില്‍ ആറന്മുള കണ്ണാടിയെ കുറിച്ച്! വായിച്ചു വിലയിരുത്തുമല്ലോ?

പാവപ്പെട്ടവൻ said...

ആറന്മുള കണ്ണാടിയെ കുറിച്ച് പറഞ്ഞു കേട്ട അറിവേയുള്ളു കണ്ടിട്ട് പോലുമില്ല .
സംഭവം ഇങ്ങനെയാണന്നുള്ളത് ഇപ്പോഴാണ് അറിഞ്ഞത് .ഇതിന്റെ ലഭ്യതകൂടി എഴുതാമായിരുന്നു.ഒന്ന് വാങ്ങണം എന്ന് ഒരാള്‍ക്ക്‌ തോന്നിയാല്‍ അത് കിട്ടുന്ന സ്ഥലത്തേക്ക് വിടാലോ ആശംസകള്‍

സബിതാബാല said...

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചത് പോലെ...



കണിക്കൊന്നയില്‍ താങ്കളുടെ മനുഷ്യമാസം വില്‍ക്കുന്ന കഥവായിച്ചു....


വ്യവസ്ഥിതികള്‍ മാറിയിട്ടും മാറാതെ നില്‍ക്കുന്ന നാടിന്റെമറ്റൊരു രൂപം....

ലിങ്കോലന്‍ എന്ന തിങ്കോലന്‍ said...

നല്ല എഴുത്ത് ! well researched... thanks

ലിങ്കോലന്‍ എന്ന തിങ്കോലന്‍ said...

നല്ല എഴുത്ത് ! well researched... thanks

ഹന്‍ല്ലലത്ത് Hanllalath said...

ഈ ആധികാരികമായ പോസ്റ്റിനു നന്ദി...

സബിതവാല പറഞ്ഞത് പോലെ ആ കഥ മനസ്സിനെ വല്ലാതെ മഥിച്ചു കൊണ്ടിരിക്കുന്നു..
ഇപ്പോഴും...

സന്തോഷ്‌ പല്ലശ്ശന said...

നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു

((((((((((ഒരായിരം ആശംസകള്‍)))))))))

Anil cheleri kumaran said...

very informative post..
thanks.

വാഴക്കോടന്‍ ‍// vazhakodan said...

വെറുതെ ആശംസകള്‍ എന്ന് പറഞ്ഞു പോകുകയല്ല. വളരെ നല്ല ശ്രമം, തുടരണം...ആറന്മുള കണ്ണാടി എന്താണെന്ന് ഇപ്പോള്‍ ശരിക്കും ബോധ്യമായി! നന്ദി.

രാജീവ്‌ .എ . കുറുപ്പ് said...

ഈ അറിവ് ഞങ്ങളുമായി പങ്കു വച്ചതിനു നന്ദി, ആറന്മുള കണ്ണാടി കേട്ടിട്ടുണ്ട് എന്നല്ലാതെ ആധികാരികമായി അറിയാന്‍ കഴിഞ്ഞത് ഇപ്പോള്‍ ആണ്, തുടരുക, ആശംസകള്‍,

എന്റെ കഥ പീടികയിലോട്ടും സ്വാഗതം

Areekkodan | അരീക്കോടന്‍ said...

ഇതിന്റെ കണ്ണാടിക്ക്‌ എന്തെങ്കിലും പ്രത്യേകതയുണ്ടോ...അതോ കൊത്തുപണികള്‍ക്കോ?

ശ്രീ said...

ഈ പോസ്റ്റ് നന്നായി, മാഷേ

നിരക്ഷരൻ said...

ആറന്മുളക്കണ്ണാടിയെപ്പറ്റി വിശദമായ ഈ പോസ്റ്റ് ഒരുക്കിയതിന് നന്ദിയും അഭിനന്ദനങ്ങളൂം. ഇത്തരം സാധനങ്ങള്‍ വാങ്ങി സ്വന്തമാക്കുന്ന ഒരാളെന്ന് നിലയില്‍ ഇതൊരെണ്ണം കിട്ടാന്‍ ഒരിക്കല്‍ ചില ഫോണ്‍ നമ്പറെല്ലാം സംഘടിപ്പിച്ച് വെച്ചിരുന്നു.പിന്നെ അത് കയ്യീന്ന് പോയി. നേരിട്ട് പോയി അത് ഉണ്ടാക്കുന്നവരെ കാണണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. നീര്‍വിളാകന് നിര്‍മ്മാതാക്കളുടെ കൃത്യമായ നമ്പര്‍ തരാന്‍ പറ്റുമോ ?

നമ്മുടെ സ്വ്വന്തം ഡിസൈനില്‍ അവര്‍ കണ്ണാടി ഉണ്ടാക്കുമോ എന്നും അറിയണമായിരുന്നു.

നീര്‍വിളാകന്‍ said...

അരീക്കൊടനൊട്.... ഞാന്‍ കണ്ണാടിയുടെ പ്രത്യേകതകള്‍ അല്ലേ ഈ എഴുതിയത് എല്ലാം... താങ്കള്‍ പോസ്റ്റ് വിശദമായി വായിച്ചില്ല എന്നു സ്പഷ്ടം!

നിരക്ഷരന്‍....കഴിഞ്ഞ മാസം നാട്ടില്‍ പോയ്യാപ്പോഴും ഞാനിതുവരെ കണ്ടിട്ടില്ലാത്ത എന്റെ ഒരു ഓണ്‍ലൈന്‍ ഫ്രാണ്ടിന് കാണ്ണാടി എത്തിച്ചു കൊടുക്കാന്‍ സാധിച്ചു. ഫോണ്‍ ചെയ്യുന്നതിലും നല്ലത് നേരിട്ട് ആറന്മൂളയില് പോയി വാങ്ങുകയാണ്....... നമ്മുടെ മനസ്സിനിണങ്ങിയ രീതിയില് ഉണ്ടാക്കി തരാന്‍ വില വളരെ ക‍ൂടും എന്ന് പ്രത്യേകം പറയേണ്ടല്ലോ.... ആവശ്യമെങ്കില്‍ ഫോണ്‍ നമ്പര്‍ തീര്‍ച്ചയായും തരാം!

ശ്രീലാല്‍ said...

ഒരു ആറന്മുളക്കണ്ണാടിയുടെ ചിത്രം കൂടി ഇതാ..- ഒരു സുഹൃത്തിനു സമ്മാനിക്കാനായി രണ്ട് ദിവസം മുന്‍പ് വാങ്ങിയത്.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി നീര്‍വിളാകന്‍.. നല്ല പോസ്റ്റ്‌.. വിവരങ്ങള്‍ക്ക് നന്ദി

sPidEy™ said...

ആറന്മുള കണ്ണാടിയെ പറ്റി കേട്ടിട്ടുണ്ട്
പക്ഷെ ഇത്ര വിശദമായി ഇപ്പോഴാ അറിയുന്നെ....
നന്ദി ...

ആശംസകള്‍ ഇത്ര നല്ലൊരു പോസ്റ്റിനു

prasadnooranad said...

Prasad Nooranad pls call me 9446061612

Unknown said...

Great...Wonderful information