. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, May 10, 2009

ആറന്മുള | Aranmula | Kerala Tourism

അഞ്ചാലൊന്നിന്റെ മദ്ധ്യേ മരതക മലപോല്‍ ഭോഗഭോഗീന്ദ്രതല്പേ
ചഞ്ചല്‍ചില്ലീവിലാസേ ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ടവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍-
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍!

കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ആറന്മുള, പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പേരെടുത്ത പല മത സാംസ്കാരിക പൈത്രികങ്ങള്‍ക്ക് വേദിയായി അന്നും ഇന്നും നിലകൊള്ളുന്ന പമ്പാനദിക്ക് പുണ്യ നദിയെന്നു പേരുവരാന്‍ കാരണമായത് മൂന്നു ഘടകങ്ങളാണ്. ശബരിമലയുടെ സാന്നിദ്ധ്യം, മാരാമണ്‍ കണ്‍‌വെഷന്റെ സ്വീകാര്യത, പിന്നെ ആറന്മുളയുടെ സാംസ്കാരിക പാരമ്പര്യം.


ഇതില്‍ പമ്പാനദിയുമായി ഏറ്റവും ഇഴുകി ചേര്‍ന്നു കിടക്കുന്നത് ആറന്മുളയുടെ സംസ്കാരിക പാരമ്പര്യം തന്നെ. ചരിത്രം പരിശോധിക്കുമ്പോള്‍ ആറന്മുള എന്ന പേര്‍ ഉത്ഭവിച്ചത് പമ്പയോടൊപ്പം, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മിത്തില്‍ നിന്നുമാണെന്ന് അറിയാന്‍ സാധിക്കും.

മദ്ധ്യതിരുവിതാംകൂറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ പഞ്ച പാണ്ഡവരാല്‍ പ്രതിഷ്ടിക്കപ്പെട്ട ക്രിഷ്ണ ശിലകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അഞ്ചു ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതാണ് ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം. പേര്‍ സൂചിപ്പിക്കും പോലെ ഇവിടുത്തെ പ്രതിഷ്ടാ കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത് പഞ്ച പാണ്ഡവരില്‍ മ‍ൂ‍ന്നാമനായ അര്‍ജ്ജുനന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്.

ത്രിച്ചിറ്റാറ്റ് (ചെങ്ങന്നൂര്‍) - യുധിഷ്ടിരന്‍
ത്രിപ്പുലിയൂര്‍ - ഭീമസേനന്‍
തിരുവാറന്മുള - അര്‍ജ്ജുനന്‍
തിരുവന്മണ്ടൂര്‍ - നകുലന്‍
ത്രിക്കൊടിത്താനം - സഹദേവന്‍.

കേരളത്തിലെ മറ്റേതു പ്രദേശങ്ങളേയും പോലെ ആറന്മുള എന്നപേരുമായി ബന്ധപ്പെട്ടും ധാരാളം വിശ്വാസങ്ങള്‍ നിലവിലുണ്ടെങ്കിലും അതെല്ലാം അവസാനിക്കുന്നത് പഞ്ചപാണ്ഡവരിലും, കുരുക്ഷേത്ര യുദ്ധത്തിലുമാണെന്നതാണ് രസകരം.

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മേല്‍ പറഞ്ഞ ക്ഷേത്രങ്ങളായി തീര്‍ന്നതെന്നും വിശ്വസിക്കപ്പെടുന്നു.

അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.

അങ്ങനെ അര്‍ജ്ജുനന്‍ ആറു മുളകള്‍ കൂട്ടിയിണക്കി വന്ന ചങ്ങാടത്തെ അനുസ്മരിച്ച് ഈ പ്രദേശത്തിന് ആറ്മുള എന്ന പേര്‍ ഉണ്ടായതെന്നും, പിന്നീട് ആറ്മുള ലോപിച്ച് ആറന്മുള എന്ന പേര്‍ ഉണ്ടാകുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു.

ഇവയെ ഒക്കെ വിശ്വാസങ്ങളുടെ ഗണത്തില്‍ പെടുത്തി പിന്തള്ളാന്‍ ശ്രമിക്കുന്നവര്‍ പോലും ആറന്മുളയുടെ സാംസ്കാരിക പൈത്രികത്തെയും, മതമൈത്രിയേയും വെറും വിശ്വാസങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ മുതിരാറില്ല.

തിരുവനന്തപുരം സിറ്റിയില്‍ നിന്നും ഏതാണ്ട് 125 കിലോമീറ്ററും, നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും 135 കിലൊമീറ്ററും, ജില്ലാ ആസ്ഥാനമാ‍യ പത്തനംതിട്ടയില്‍ നിന്നും പതിനാറ് കിലോമീറ്ററും യാത്രാ ദൈര്‍ഘ്യമുള്ള ആറന്മുളയുടെ ഏറ്റവും അടുത്തുള്ള റെയില്‍‌വേ ഗേറ്റ് ചെങ്ങന്നൂര്‍ ആണ്. ചെങ്ങന്നൂരില്‍ നിന്നും ശബരിമലക്കുള്ള യാത്രാമദ്ധ്യേ, ഏറ്റവും നല്ല ഇടത്താവളമായും ഭക്തര്‍ ആറന്മുളയെ ഉപയോഗപ്പെടുത്തുന്നു.

ആറന്മുളയുടെ മാത്രം പ്രത്യേകതകള്‍.

1. ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം.
2. മാരാമണ്‍ കണ്‍വെന്‍ഷന്‍
3. ആറന്മുള വള്ളം കളി
4. തിരുവോണ തോണി
5. വള്ളപ്പാട്ട്.
6. ആറന്മുള സദ്യ.
7. ആറന്മുള കണ്ണാടി.
8. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം.

(ആറന്മുളയിലെ മാത്രം പ്രത്യേതകളെ കൂടുതല്‍ വിശദമായി തുടര്‍ ലക്കങ്ങളായി പരിചയപ്പെടുത്തുന്നതായിരിക്കും)

19 comments:

നീര്‍വിളാകന്‍ said...

കേരളത്തിന്റെ സാംസ്കാരിക പെരുമയിലേക്ക് ഒരു എത്തി നോട്ടം..... സ്ഥല നാമങ്ങള്‍, ആഘോഷങ്ങള്‍, നാടന്‍ കലകള്‍, പേരുകള്‍ എന്നിവ എന്റെ അറിവും, കേട്ടറിവും വച്ച് വിലയിരുത്താന്‍ എളിയ ശ്രമം. ആദ്യമായി എന്റെ സ്വന്തം നാടായ ആറന്മുളയെ കുറിച്ച്...വായിച്ച് അഭിപ്രായം അറിയിക്കൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പോസ്റ്റായിരുന്നോ വേറൊരു സൈറ്റില്‍ കണ്ടിരുന്നു, പക്ഷെ തുറക്കാന്‍ log in ചെയ്യണം എന്നൊക്കെ കണ്ട്‌ മടങ്ങി പോന്നു

ഏതായാലും നന്നായി ഇപ്പോള്‍ കണ്ടു.

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു ശ്രമം.

ഐതീഹ്യമാലയും നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ എന്ന ഗ്രന്ധവും റഫര്‍ ചെയ്യുന്നത് ഗുണം ചെയ്യും.

ആശംസകള്‍.

ഓഫ്ഫ്:
എന്റെ കല്യാ‍ണം നടന്ന സ്ഥലമാണത്, ആദ്യ ചിത്രം ആല്‍ബത്തിന്റെ ഫ്രണ്ട് പേജ് പോലെ.
:)

നീര്‍വിളാകന്‍ said...

പോസിറ്റീവ് അഭിപ്രായം തന്ന് പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി!

പാവപ്പെട്ടവൻ said...

ചിത്രങ്ങള്‍ അടിപൊളി

ബാജി ഓടംവേലി said...

വിവരണങ്ങള്‍ നന്നായിരിക്കുന്നു...
ചിത്രങ്ങള്‍ക്കുള്ള കടപ്പാട് രേഖപ്പെടുത്തണം...
തുടരുക...
ആശംസകള്‍...

അരുണ്‍ കരിമുട്ടം said...

ഈ വിവരങ്ങള്‍ക്ക് നന്ദി
വളരെ അടുത്തായിട്ടും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല

വാഴക്കോടന്‍ ‍// vazhakodan said...

പുതിയ സംരംഭത്തിന് ആശംസകള്‍!
ഒരിക്കല്‍ ഞാന്‍ ആറന്മുളയില്‍ വന്നപ്പോള്‍ (വര്‍ഷം ഓര്‍മ്മയില്ല) വീടുകളില്‍ മുക്കാല്‍ ഭാഗം വെള്ളം കയറിയ പാടുകള്‍ കാണാന്‍ കഴിഞ്ഞു. ആറന്മുളയുടെ താഴ്ന്ന പ്രദേശത്ത്‌ ആ വര്‍ഷത്തില്‍ വെള്ളം പൊങ്ങി നാശ നഷ്ടമുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു ശേഷം ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ വെള്ളം വരച്ചിട്ട ആ പാട് ഓര്‍മ്മവരും!
ഇത് നല്ലൊരു തുടക്കമാകട്ടെ! എല്ലാ വിധ പിന്തുണയും നല്‍കുന്നു!

ഹന്‍ല്ലലത്ത് Hanllalath said...

അറിവ് പകരുന്ന പോസ്റ്റിനു നന്ദി..

jayanEvoor said...

നീര്‍വിളാകാ!

ഈ നല്ല ശ്രമം തുടരൂ!
മംഗളാശംസകള്‍!

മുല്ലപ്പൂ said...

തിരുവാറന്മുള
ഒരു പത്തിരുപതു വര്ഷം പുരകോട്ടെക്ക് പോയി ഞാന്‍ .
നന്ദി ഇതിവിടെ ഇട്ടതിന്

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി നീര്‍വിളാകന്‍ നല്ല പോസ്റ്റ്‌.. . ആശംസകള്‍..

Sureshkumar Punjhayil said...

Valare manoharam.. Kanathavarkku upakarapradam thanne... Ashamsakal...!!!

Unknown said...

എല്ലാ വിധ ആശംസകളും .പിന്നെ ഒരു സംശയം കേരളത്തിന്റെ സാംസകാരിക കേന്ദ്രം തൃശ്ശൂര്‍ അല്ലെ .അതോ അത് മാറ്റിയോ .:-)
please remove this word verification

ഹരീഷ് തൊടുപുഴ said...

നന്ദി; ഇനിയും തുടരുക..

Unknown said...

now its ok

SajanChristee said...

നല്ല വിവരണം,നല്ല ചിത്രങ്ങള്‍
നന്ദി...
ആശംസകള്‍!!

പാവത്താൻ said...

നല്ല ചിത്രങ്ങളും വിവരണവും.പലപ്രാവശ്യം വന്നിട്ടുണ്ട്‌, ആറന്മുളെ.വള്ളസദ്യയുണ്ണാനും മറ്റും...ആറന്മുള ക്ഷേത്രത്തിൽ വച്ചുള്ള കല്യാണത്തിനു ചെറുക്കൻ കൂട്ടരെ സ്വീകരിക്കാൻ വള്ളപ്പാട്ടു പാടുന്നതു കേട്ട്‌ എന്താണു പെട്ടെന്നീ ബഹളമെന്നറിയാതെ ഭയന്ന് ഓടാൻ തുടങ്ങിയതും ഓർക്കുന്നു.

Anonymous said...

Lucky Club Casino Site - Lucky Club Lucky Club
Find out luckyclub how to login to the Lucky Club Casino site, which is the place to go for entertainment, casino slots, poker, and a wide selection of video poker games.