. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, May 27, 2009

ആറന്മുള കണ്ണാടി | Aranmula metal mirror | Kerala Tourism

ആറന്മുള പെരുമയെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ആറന്മുള കണ്ണാടിക്കുള്ള സ്ഥാനം ചെറുതായി കാണാവുന്നതല്ല. വായനക്കാരില്‍ കൌതുകം ഉണര്‍ത്താന്‍ തക്ക എന്തോ ഒന്ന് അതിലുണ്ടെന്ന് പേരില്‍ തന്നെ വ്യക്തം. ഒരു കണ്ണാടിക്ക് മുന്നില്‍ ആറന്മുള എന്ന പേരു കൊത്തിയതുകൊണ്ടു മാത്രം അതിനെ ആറന്മുള കണ്ണാടി എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ കണ്ണാടി പെരുമ വായിച്ചതിനു ശേഷം മാന്യ വായനാക്കാര്‍ അതു തീരുമാനിക്കുക.കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന കുഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രത്യേകത

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ്‌ തയാറാക്കുന്നത്‌. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ആറന്മുള പെരുമയില്‍ മറ്റെന്തിനേയും പോലെ ആറന്മുളകണ്ണാടിക്കും ഒരു ചെറിയ ക്ഷേത്ര ബന്ധം ഉണ്ട്. തിരുവാറന്മുളയപ്പന് (ആറന്മുള പാര്‍ത്ഥസാരഥിക്ക്) മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടിയാണിതെന്നാണ് ആറന്മുള കണ്ണാടിയുടെ പിന്നിലെ ഐതീഹ്യം.

നിര്‍മ്മാതാക്കള്‍.

ആറന്മുളയിലെ പാരമ്പര്യ ലോഹവാര്‍പ്പുകാരായ ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്ന് ആറന്മുള കണ്ണാടിയുടെ കൂട്ടിന്‍റെ രഹസ്യം അറിയാവുന്നത്. ആറു തലമുറകള്‍ മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ കുലത്തില്‍പെട്ടവരാണ് ആറന്മുള കണ്ണാടിയുടെ ഉപഞ്ജാതാക്കള്‍‍ എന്നു കരുതപ്പെടുന്നു. ലോഹപ്പുരയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കം ഇതിന്‍റെ കൂട്ട് പറഞ്ഞുകൊടുക്കില്ല. ആലക്ക് നേതുത്വം നല്‍കുന്ന മൂത്താശാരിമാരുടെ രഹസ്യമായിരിക്കും ഈ കണ്ണാടിയുടെ ലോഹക്കൂട്ട്. തങ്ങളുടെ അനന്തര അവകാശിയായി യോഗ്യനെന്ന് തോന്നുന്ന ആള്‍ക്ക് മരണസമയത്താണ് ഈ രഹസ്യക്കൂട്ട് പറഞ്ഞുകൊടുക്കുക.ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്‌. അമൂല്യ വസ്തുവായി കേരളത്തിന്‍റെ വിശേഷ ഉത്പ്പന്നമായി ആറന്മുള കണ്ണാടിയെ വിശേഷിപ്പിക്കാം.

നിര്‍മ്മാണ രീതി

നിര്‍മ്മാണത്തിനു വേണ്ട അച്ച് ഉണ്ടാക്കുന്നത് ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ നിന്നും ശേഖരിക്കുന്ന കളിമണ്ണുകൊണ്ടാണ്. പരമ്പരാഗത ഓട്ടു പാത്ര നിര്‍മ്മാണരീതി തന്നെയാണ് ഇവിടെയും അവലംബിക്കുന്നത്. ക്ഷമയോടെയുള്ള നിര്‍മ്മാണ രീതിയിലും 60% ത്തോളം കണ്ണാടിക്കു വേണ്ട ലോഹക്കൂട്ടും നഷ്ടപ്പെടുകയാണ് പതിവ്. കണ്ണാടി നിര്‍മ്മാണത്തിനു മുന്നോടിയായി ഏകദേശം ഒന്‍പത് കിലോ ഉരുകിയ ലോഹ സങ്കരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൃത്താകൃതിയുള്ള കഴുത്തിറുക്കമുള്ള ഒരു പാത്രം ഇരുമ്പില്‍ നിര്‍മ്മിക്കുന്നു. ഇതിനെ കോവ എന്ന പേരില്‍ അറിയപ്പെടുന്നു. ചെമ്പ്, ഈയം, നാഗം എന്നിവയുടെ ചെറു നുറുങ്ങുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇതിലേക്ക് ഇടുന്നു. പിന്നീട് കോവയുടെ വായ് ഭാഗം കളിമണ്ണാല്‍ അടക്കുന്നു. അതിനു ശേഷം ഈ കളിമണ്‍ മൂടിയില്‍ രണ്ട് സമാന ദ്വാരങ്ങള്‍ ഇടുന്നു. ഉരുകിയ ലോഹസങ്കരത്തെ പുറത്തെടുകാനാണ് ഈ ദ്വാരങ്ങള്‍.ലോഹ നുറുങ്ങുകള്‍ അടങ്ങിയ കോവയെ പിന്നീട് കരിയും തൊണ്ടും നിറച്ച് കത്തിച്ച അടുപ്പിലേക്ക് മാറ്റുന്നു. ഈ മിശ്രിതത്തെ ഏതാണ് 400 ഡിഗ്രിയില്‍ ചൂടാക്കുന്നു. ഉരുകിയ മിശ്രിതത്തെ നിരപ്പായ സധാരണ നിലത്തേക്ക് തന്നെ ഒഴുക്കുന്നു. നിലത്ത് ഒഴുക്കി തണുപ്പിച്ച ലോഹക്കൂട്ടിനെ ഒരു വലിയ ചുട്ടിക ഉപയോഗിച്ച് വീണ്ടും നുറുങ്ങുകളാക്കുന്നു. പിന്നീട് ഈ ലോഹക്കൂട്ടിനെ വിദഗ്ദമായി പരിശോധിച്ച് ഗുണം വിലയിരുത്തുന്നു. കൂട്ട് ഗുണസമ്പന്നമാണെങ്കില്‍ അതിനെ വീണ്ടും കോവയിലേക്ക് മാറ്റി മുന്‍പ് ചെയ്ത രീതിയില്‍ വീണ്ടും ഉരുക്കുന്നു. ഗുണത്തില്‍ കുറവുള്ളതായി കണ്ടാല്‍ അതിലേക്ക് കൂടുതല്‍ ലോഹ നുറുങ്ങുകള്‍ (ചെമ്പ്, ഈയം,നാ‍ഗം) ചേര്‍ത്ത് വീണ്ടും ഉരുക്കും. ഇപ്പോള്‍ ഉരുകി തയ്യാറായ ലോഹമിശ്രിതത്തെ മുന്‍പേ തയ്യാറാക്കി വച്ച അച്ചിലേക്ക് ഒഴുക്കുന്നു. പിന്നെ ഈ മിശ്രിതത്തെ അച്ചിലിരുന്നു തണുക്കാന്‍ അനുവദിക്കുന്നു.തണുത്ത മിശ്രിതത്തിനു ചുറ്റുമുള്ള കളിമണ്‍ അച്ചിനെ ഉള്ളിലുള്ള ലോഹസങ്കരത്തിന് ഉടവു തട്ടാതെ പൊട്ടിച്ചെടുക്കുന്നു. ഉരുക്കി കിട്ടിയ ലോഹ സങ്കരം പിന്നീട് നന്നായി വെന്ത് ഭസ്മമായ കളിമണ്ണും, നല്ലെണ്ണയും, ചണവും കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിച്ച് മിനുക്കലിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. രണ്ടാം ഘട്ടമായി കോട്ടണ്‍ തുണി ഉപയോഗിച്ച് പലവുരു ഉരക്കുന്നു. മൂന്നാം ഘട്ടമായി വെല്‍‌വെറ്റ് ഉപയോഗിച്ച് ഉരക്കുന്നു. ഉരക്കുന്തോറും വെല്‍‌വെറ്റിലേക്ക് നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച നല്ലെണ്ണ ആഗിരണം ചെയ്യപ്പെടുന്നു. എണ്ണ നിറഞ്ഞ വെല്‍‌വെറ്റ് മാറി ഉണങ്ങിയ വെല്‍‌വെറ്റ് ഉപയോഗിച്ച് കൂടുതല്‍ ഉരക്കുന്നു. എതാണ്ട് എണ്ണമയം പൂര്‍ണമായി തുടച്ചു മാറ്റപ്പെടുമ്പോള്‍ അവസാന പ്രക്രിയ എന്നവണ്ണം വെല്‍‌വെറ്റ് ഒരു നിരന്ന പ്രതലത്തില്‍ ഉറപ്പിക്കുന്നു. പിന്നീട് കണ്ണാടിയുടെ തിളക്കമില്ലാത്ത വശത്ത് അതെ നീളവും വീതിയുമുള്ള ഒരു തടി കഷണം ഉറപ്പിച്ച് വെല്‍‌വെറ്റിനു മേലെയായി ഒരേ വശത്തേക്ക് ഉരക്കുന്നു. കണ്ണാടിക്ക് അതിന്റെ ഏറ്റവും ഉദാത്തമായ തിളക്കം ഉണ്ടായി എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ചെറു ചൂടു കൊടുത്ത് പുറകില്‍ ഒട്ടിച്ച തടി കഷ്ണത്തെ വേര്‍‌പെടുത്തുന്നു. കണ്ണാടി എന്നത് അതിദര്‍പ്പണ സ്വഭാവമുള്ള ഒരു പ്രതലമായതുകൊണ്ട്, സധാരണ രസക്കൂട്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ണാടിക്കൊപ്പം തിളക്കം ഉണ്ടാവാന്‍ ആറന്മുളകണ്ണാടിയുടെ ലോഹക്കൂട്ടില്‍ മേല്‍ പറഞ്ഞ പോലെ പലഘട്ടങ്ങളായി പലവുരു മിനുക്കേണ്ടി വരും. ഈ മിനുക്കല്‍ പ്രക്രിയ ചില അവസരങ്ങളില്‍ തുടര്‍ച്ചയായി നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. മൂശാരിയുടെ മനസില്‍ ത്രിപ്തി വരും വരെ മിനുക്കല്‍ തുടരുന്നു. പിന്നീട് മുന്‍‌കൂട്ടി തയ്യാറാക്കി വച്ച ഓട്ടു ചട്ടത്തില്‍ ഉറപ്പിക്കുകയും ആവശ്യക്കാരന് കൈമാറുകയും ചെയ്യുന്നു.ആറന്മുളയിലും പരിസരങ്ങളിലും നിന്നു കിട്ടുന്ന സാധങ്ങള്‍ മാത്രമാണ് ആറന്മുളകണ്ണാടിക്ക് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത് 100% കേരളീയന്‍ അല്ലെങ്കില്‍ ആറന്മുളയന്‍ ആണെന്ന് അവകാശപ്പെടാം. കളിമണ്ണ് ആറന്മുളയിലും പരിസരത്തുമുള്ള പാടങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ചെമ്പ്, ഈയം, ഓട് എന്നീ ലോഹങ്ങള്‍ ആറന്മുളക്കടുത്തുള്ള മാന്നാര്‍ എന്ന സ്ഥലത്തു നിന്നും ശേഖരിക്കുന്നു.


എന്തുകൊണ്ട് വിലക്കൂടുതല്‍

സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 500 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹന‍ശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

എങ്ങനെ തിരിച്ചറിയാം

കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.


കണ്ണാടി പെരുമ

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ ‍സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.കേരളത്തിലെ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആറന്മുള കണ്ണാടിയുടെ പ്രശസ്തിയും പ്രതാപവും പരന്നുകഴിഞ്ഞു. കേരളത്തിന്‍റെ ലോഹശില്‍പ്പകലയുടെ മഹിമ വിളിച്ചോതുന്ന ആറന്മുള കണ്ണാടിക്ക് ഇന്ന് ലോകവിപണിയില്‍ നമ്പര്‍ വണ്‍ സ്ഥാനമാണ് ഉള്ളത്. പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ കേരളീയ ഉല്‍പന്നമെന്ന ഖ്യാതി ആറന്മുള കണ്ണാടിക്കു ലഭിക്കും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തിലാണ് ആറന്മുളക്ക് പേറ്റന്റു ലഭിക്കുക.‍ വിദേശസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ട കരകൗശലവസ്‌തുക്കളില്‍ ഒന്നാണിത്‌.

Sunday, May 24, 2009

ആറന്മുള വള്ളം കളി | Aranmula Boat Race | Kerala Tourism

ചരിത്രാന്വേഷണ കുതുകികള്‍ക്കും, ദൈവ വിശ്വാസികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഷയമാണ് ആറന്മുളയും അതിന്റെ സംസ്കാരിക പെരുമയും. ആറന്മുളയെ ലോക ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കി തീര്‍ത്തതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചിരിക്കുന്നത് ആറന്മുള വള്ളം കളിയാണെന്നതിന് വിരുദ്ധാഭിപ്രായം ഉണ്ടാവില്ല തന്നെ.

പമ്പയെ പുളകച്ചാര്‍ത്ത്‌ അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്‌. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത്‌ മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്‌.ഈ ജലോത്സവം ഒരു അനുഷ്ടാനമാണ്. കായികാഭ്യാസമാണ്. സാഹിത്യാധിഷ്ടിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ അഞ്ചു ഘടകങ്ങള്‍ ഒത്തു ചേരുന്നത്‌ ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്‌.

പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഓരോ വര്‍ഷത്തെ ജലമേളയും പമ്പാനദിക്കരയിലെ ഈ സാംസ്കാരിക പൈത്രികം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു സഹായകമാകുന്നു.ജാതിമത ചിന്തകള്‍ വെടിഞ്ഞ്‌ നാനാജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തു ചേര്‍ന്ന് നടത്തുന്ന മറ്റൊരു സംരംഭം വേറെ കാണാന്‍ സാധിക്കുകയില്ല. ഭക്തിയും മത്സരവും ഇഴുകി ചേരുന്ന ഈ ജലമേള ആരുടേയും മനസ്സിന്‍ ഇമ്പമേകുന്നതാണു.

ആറന്മുളയുടെ പെരുമയെന്നു വിശേഷിപ്പിക്കാവുന്ന മറ്റെല്ലാ സാംസ്കാരിക പൈത്രികങ്ങള്‍ എന്ന പോലെ തന്നെ ആറന്മുളയിലെ വള്ളം കളിയും ക്ഷേത്രവും, ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വള്ളം കളികളില്‍ നിന്നും ഏറെ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന വള്ളം കളിയുടെ ഏറ്റവും വലിയ പ്രത്യേകത വള്ളങ്ങള്‍ തന്നെയാണ്. വള്ളങ്ങളെ കുറിച്ച് അത്രയൊന്നും അറിയാത്ത ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ വെറുമൊരു ചുണ്ടന്‍ വള്ളം എന്ന വിലയിരുത്തല്‍ ഉണ്ടാ‍വാം എങ്കിലും, ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന പ്രസിദ്ധമായ നെഹ്രു ട്രോഫി പോലെയുള്ള മത്സരവള്ളം കളികളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വള്ളങ്ങള്‍ അല്ല ആറന്മുളയിലേത്. ആറന്മുളയിലെ വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നു.
പള്ളിയോടങ്ങളുടെ പ്രത്യേകതകള്‍


ആലപ്പുഴയിലെ മത്സരവള്ളങ്ങളില്‍ നിന്നു വ്യത്യസത്ഥമായി‌ ഈ വള്ളങ്ങള്‍ക്ക്‌ 5-6 കോല്‍ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിന്‍ഭാഗം),കൂമ്പ്‌(മുന്‍ഭാഗം) എന്നിവ വെള്ളത്തിനോട്‌ ചേര്‍ന്നു കിടക്കുമ്പോള്‍ പള്ളിയോടങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ജലത്തില്‍ സ്പര്‍ശിക്കുകയുള്ളൂ. നടുഭാഗം മാത്രം വെള്ളത്തില്‍ സ്പര്‍ശിച്ച് അമരവും, കൂമ്പും ജലനിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിര്‍മാണ രീതിയാണ് പള്ളിയോടങ്ങളില്‍ അവലംബിച്ചിരിക്കുനത്. നീളം കുറയുകയും, അമരവും കൂമ്പും ജലനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നതിനാല്‍ വള്ളത്തിന്റെ വീതി കൂടുതലും ആയിരിക്കും. കുതിച്ചു പായാനുള്ള ശേഷി തുലോം കുറവായതിനാല്‍ മത്സരവള്ളം കളിയുടെ വീര്യം ആറന്മുളയില്‍ ദര്‍ശിക്കാന്‍ വരുന്നവര്‍ തീര്‍ച്ചയായും നിരാശരാവും.

അനന്ദശയനാകൃതിയിലുള്ള ഒരു പള്ളിയോടത്തില്‍ നൂറു മുതല്‍ നൂറ്റിപത്ത് വരെ ആള്‍ക്കാര്‍ കയറും. നാല് അമരകാര്‍ കാണും. പന്ത്രണ്ടടി അടി നീളമുള്ള തുഴക്കോല്‍ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവര്‍ക്കു പിന്നിലായി ഒരു വരിയില്‍ രണ്ടുപേര് എന്നവണ്ണം അറുപത്തിലാല് തുഴക്കാര്‍ ഇരിക്കുന്നു. അറുപത്തിനാല് കലകളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. അവര്‍ വഞ്ചിപ്പാട്ടിനൊത്ത് താളത്തില്‍ തുഴയുന്നു. സാധാരണയായി പത്ത് നിലയാളുകള്‍ക്കൊപ്പം ഇരുപത്തിയഞ്ച് പാട്ടുകാരുംഉണ്ടാവും. പാട്ടുകാര്‍ ഒരു പ്രത്യേക താളത്തില്‍ ഭഗവത് സ്തുതികള്‍ പാടും. ഇത്തിനെ വഞ്ചിപ്പാട്ട് എന്നറിയപ്പെടുന്നു. അതിന്റെ താളത്തിനനുസരിച്ച് തുഴച്ചിലുകാര്‍ തുഴയെറിയുന്നു. ആറന്മുളയിലും പരിസരങ്ങളിലും ഉള്ള പേരെടുത്ത വഞ്ചിപ്പാട്ട് കലാകാരന്മാരാണ് പ്രധാന പാട്ടുകാര്‍.
മറ്റു ജലമേളകളില്‍ നിന്നും തുഴക്കാരുടെ വേഷവിധാനത്തിലും പ്രത്യേകതകള്‍ ഉണ്ട്. പുളിയിലക്കരമുണ്ട് തലയില്‍ കെട്ടി, കൃതാവും മേല്‍മീശയും വച്ച്, പാവ് മുണ്ടുടുത്ത്, നെറ്റിയിലും രോമാവ്രതമായ മാറിലും കളഭം പൂശി, നാലുംകൂട്ടി മുറുക്കിയാണ് അമരക്കാര്‍ നില്‍ക്കുന്നത്. പണ്ട് കാലത്തെ കേരള പടനായകന്‍‌മാരെ അനുസ്മരിപ്പിക്കുന്നതാണ് ഈ വേഷം. വള്ളം ഓടിത്തുടങ്ങുന്നതോടെ ഇരുവശത്തും നില്‍ക്കുന്ന ആവേശഭരിതരായ ജനങ്ങള്‍ തോണികളിലേക്ക് വെറ്റില പറപ്പിക്കുന്നു. ചിലര്‍ അവില്‍പ്പൊതിയെറിയുന്നു. മറ്റ് ചിലര്‍ പഴക്കുല സമര്‍പ്പിക്കുന്നു. കളിയോടങ്ങളില്‍ ഭഗവത്‌സാമീപ്യമുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം.

ആറന്മുളയിലെ പള്ളിയോടങ്ങള്‍ ക്ഷേത്രവും അതിന്റെ ചരിത്രവും, പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പള്ളിയോടങ്ങളെ ക്ഷേത്രങ്ങളായി തന്നെ കണക്കാക്കപ്പെടുന്നു. പള്ളിയോടത്തിന്റെ രൂപം തന്നെ ആറന്മുളയപ്പന്‍ മുണ്ടക്കല്‍ തച്ചന് സ്വപനദര്‍ശനത്തില്‍ കൊടുത്തതാണെന്ന് വിശ്വസികപ്പെടുന്നു. കൊടിയും അമരച്ചാര്‍ത്തും കൊണ്ട അലങ്കരിച്ച പള്ളിയോടങ്ങള്‍ പ്രപഞ്ചത്തിന്റെ പ്രതിരൂപങ്ങള്‍ എന്നു വ്യാഖ്യാനിക്കപ്പെടുന്നു. നാല് അമരക്കാര്‍ നാലു വേദങ്ങളെയും, കൂമ്പില്‍ ഇരിക്കുന്ന എട്ട് തുഴകാര്‍ അഷ്ടദിക്‌പാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള രണ്ട് വെങ്കലകുമിളകള്‍ സൂര്യനേയും ചന്ദ്രനേയും പ്രധിനിധീകരിക്കുന്നു എന്നാണ്‌ വിശ്വാസം. സവിശേഷമായ ദിവ്യത്വം കല്‍പ്പിച്ചിട്ടുള്ള പള്ളിയോടങ്ങള്‍ തിരുവാറന്മുളയപ്പന്റെ വാഹനമാണെന്നും അതില്‍ ദേവന്റെ സാന്നിധ്യം സദാ ഉണ്ടാവുമെന്നുമാണ് വിശ്വാസം. അതിനാല്‍ തന്നെ വ്രത്ശുദ്ധിയോടും, ശരീരശുദ്ധിയോടും മാത്രമേ അതില്‍ സ്പര്‍ശിക്കുക പോലും ചെയ്യാവൂ എന്നു നിഷ്കര്‍ഷിക്കുന്നു.

നിര്‍മ്മാണ രീതി

ഒരു വള്ളം നിര്‍മ്മിക്കുന്നതിന്‌ ഏക്ദേശം 15 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്‌. പാലാ-മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ നിന്നാണ്‌ സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികള്‍ ലഭിക്കുന്നത്‌.

ആറിന്റെ കരയില്‍ നിര്‍മ്മിക്കുന്ന മാലിപ്പുരകളില്‍ ആണ്‌ വള്ളത്തിന്റെ നിര്‍മ്മാണം നടത്തുന്നത്‌.'ഏരാവ്‌-മാതാവ്‌' എന്ന 2 നീളമുള്ള പലകകള്‍ ആണ്‌ ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട്‌ ഈ 2 പലകകള്‍ ഒരു അച്ചില്‍ ഉറപ്പിച്ച്‌ ഒരു വളവ്‌ ഉണ്ടാക്കിയെടുത്തിട്ടാണ്‌ വള്ളംപണി ആരംഭിക്കുന്നത്‌. ഈ വളവ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധാരണ 3-4 മാസം വേണ്ടിവരും.

വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സില്‍ രൂപപ്പെടുന്ന കണക്കുകള്‍ വെച്ചാണ്‌ പണി പുരോഗമിക്കുന്നത്‌. വള്ളം പണിയാന്‍ ആവശ്യമായ 'തറകള്‍'(അഥവാ ചതുരത്തില്‍ ഉള്ള ആണികള്‍) നിര്‍മ്മിക്കുന്നത്‌ മാലിപ്പുരയില്‍ തന്നെയാണ്‌. നല്ലൊരു തൂക്കം ഇരുമ്പ്‌ വള്ളംപണിക്ക്‌ ആവശ്യമാണ്‌.ഇതുകൂടാതെ തടികള്‍ക്കിടയില്‍ കൂടി വെള്ളം കയറാതിരിക്കുവാന്‍ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.

പ്രധാന തച്ചന്മാര്‍

വള്ളത്തിന്റെ അവസാന അലങ്കാരപ്പണികള്‍ പ്രധാന ആശാരിയാണ്‌ ചെയ്യുന്നത്‌. പണ്ടുകാലത്ത്‌ പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌ റാന്നി മുണ്ടപ്പുഴ തച്ചന്മാര്‍ ആയിരുന്നു. ഇന്ന് ഈ ശാഖയില്‍ നിന്ന് ആരും തന്നെ പള്ളിയോടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശില്‍പ്പി ചങ്ങങ്കരി വേണു ആശാരി ആണ്‌. ഇതിനു മുന്‍പ്‌ കോഴിമുക്ക്‌ നാരായണന്‍ ആശാരിയും ചങ്ങങ്കരി തങ്കപ്പന്‍ ആശാരിയും ആയിരുന്നു വള്ളങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌. കോഴഞ്ചേരി, കീഴുകര, നെല്ലിക്കല്‍,കാട്ടൂര്‍ എന്നീ പള്ളിയോടങ്ങള്‍ കോഴിമുക്ക്‌ നാരായണന്‍ ആശാരി നിര്‍മ്മിച്ചതാണ്‌. പൂവത്തൂര്‍ പടിഞ്ഞാറ്‌, മാലക്കര, ഇടനാട്‌ എന്നിവ തങ്കപ്പന്‍ ആചാരി നിര്‍മ്മിച്ചതാണ്‌. ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്‌, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്‌, കീഴുവന്മഴി, വന്മഴി,ഇടപ്പാവൂര്‍-പേരൂര്‍ എന്നീ വള്ളങ്ങള്‍ നിര്‍മ്മിച്ചത്‌ വേണു ആശാരി ആണ്‌.


ചരിത്രം

ഈശ്വരാര്‍പ്പണമായാണ് ആറന്‍‌മുള വള്ളം കളി ആരംഭിച്ചത്. ചരിത്രകാരന്‍‌മാര്‍ ഇതിന് 200 കൊല്ലം പഴക്കം കല്പിക്കുന്നു. ആദ്യകാലത്ത് വെറും പള്ളിയോട ഘോഷയാത്രമാത്രമായിരുന്ന വള്ളം കളി 1972 മുതല്‍ മത്സരവള്‍ലം കളിയായി നടത്തി വരുന്നു. കേരള സര്‍ക്കാരിന്‍റെ ഓണത്തോടനുബന്ധിച്ച വിനോദ വാരാഘോഷത്തിന്‍റെ പ്രധാന ആകര്‍ണം കൂടിയാണിത്.

ഓണക്കാലത്ത്‌ ആറന്മുളയിലെ പമ്പാനദിയില്‍ നടക്കുന്ന ഈ ജലോത്സവത്തിന്‌ 'ഉത്തൃട്ടാതി വള്ളംകളി'യെന്നു പേരുണ്ട്‌. അനുഷ്ടാനപരമായ വേരുകളുണ്ട്‌ ആറന്മുള വള്ളം കളിക്ക്‌. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ കാട്ടൂര്‍ മനയില്‍ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്ന്‌ അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ആ ബ്രാഹ്മ്ണ ഭകതന് മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഈ തോണിയാണ് തിരുവോണ തോണി എന്നറിയപ്പെടുന്നത്. ഒരിക്കല്‍ തിരുവോണത്തോണിക്കു നേരെ വഞ്ചിക്കള്ളന്മാരുടെ ‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തിരുവോണത്തോണിയുടെ സംരക്ഷണത്തിന്‌ സായുധരായ പടയാളികള്‍ പള്ളിയോടങ്ങളില്‍ അനുയാത്ര ചെയ്‌തു തുടങ്ങി. ഓണക്കോപ്പുകള്‍ കൊണ്ടു വരുന്ന പതിവ്‌ ഇന്നും തുടരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ അകമ്പടി സേവിച്ചിരുന്ന ഭൂതകാലത്തിന്റെ സ്‌മരണയില്‍ ജനകീയോത്സവമായ ആറന്മുള വള്ളംകളി രൂപമെടുക്കുകയും ചെയ്‌തു.

ആറന്മുള വള്ളംകളിയിലെ പള്ളിയോടങ്ങള്‍

പണ്ട്‌ മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു പള്ളിപ്പാട്‌ മുതല്‍ കിഴക്ക്‌ വടശ്ശേരിക്കര വരെയായി 48 കരകളില്‍ പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോള്‍ പലവള്ളങ്ങളും ജീര്‍ണ്ണാവസ്ഥയിലും പിന്നെ കരകാരുടെ വഴക്കിലും പെട്ടു നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്‌, മേപ്രം, വാഴാര്‍മങ്കലം, പ്രയാര്‍, പാണ്ടനാട്‌, കീക്കൊഴൂര്‍, ഐത്തല, റാന്നി, വടശ്ശേരിക്കര എന്നിങ്ങനെ പഴയ പല വള്ളങ്ങളും ഇപ്പോള്‍ പഴമക്കാരുടെ ഓര്‍മ്മകളിലെ ഉള്ളു. അടുത്തകാലത്ത്‌ ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്ന മഴുക്കീര്‍ എന്ന വള്ളവും. 90കളുടെ മദ്ധ്യത്തില്‍ എണ്ണം കുറഞ്ഞുകുറഞ്ഞു 27ല്‍ എത്തി നിന്നു. പിന്നീട്‌ പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിര്‍മ്മാണത്തിലേക്ക്‌ തിരിയുകയായിരുന്നു.

മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു ചെന്നിത്തല മുതല്‍ കിഴക്ക്‌ എടപ്പാവൂര്‍ വരെയുള്ള 39 പള്ളിയോടങ്ങളാണ്‌ ഇപ്പോള്‍ ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്നത്‌.

1. ചെന്നിത്തല
2. കടപ്ര
3. വെണ്‍പാല-കദളിമങ്കലം
4. വന്മഴി
5. കീഴുവന്മഴി
6. മുതവഴി
7. ഉമയാറ്റുകര
8. മുണ്ടങ്കാവ്‌
9. കോടിയാട്ടുകര
10. തൈമറവുംകര*
11. മംഗലം
12. ഓതറ
13. ഇടനാട്‌
14. ആറാട്ടുപുഴ
15. കോയിപ്രം
16. മാലക്കര
17. നെല്ലിക്കല്‍
18. ഇടയാറന്മുള
19. ഇടയാറന്മുള കിഴക്ക്‌
20. ളാക ഇടയാറന്മുള
21. പൂവത്തൂര്‍ പടിഞ്ഞാറ്‌
22. പൂവത്തൂര്‍ കിഴക്ക്‌
23. തോട്ടപ്പുഴശ്ശേരി
24. ഇടശ്ശേരിമല
25. ഇടശ്ശേരിമല കിഴക്ക്‌
26. മല്ലപ്പുഴശ്ശേരി
27. മാരാമണ്‍
28. പുന്നംത്തോട്ടം
29. മേലുകര
30. കീഴുകര
31. നെടുമ്പ്രയാര്‍
32. കോഴഞ്ചേരി
33. അയിരൂര്‍
34. ചെറുകോല്‍
35. കുറിയന്നൂര്‍
36. കോറ്റാത്തൂര്‍
37. കാട്ടൂര്‍
38. ഇടപാവൂര്‍-പേരൂര്‍
39. ഇടപ്പാവൂര്‍

പള്ളിയോടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കരകളില്‍ ആവേശം ഉണരുകയും ചെയ്ത ഈ സാഹചര്യത്തില്‍ നമ്മുടെ ഭാവി ജലമേളയെപ്പറ്റി ബന്ധപ്പെട്ടവര്‍ക്കു വളരെ കുണ്ഠിതമുണ്ട്‌. പ്രകൃതിയുടെ വരദാനമായ പുണ്യനദിയായ പമ്പയിന്ന് വറ്റി വരണ്ട്‌ മലീമസപ്പെട്ടിരിക്കുന്നു. അനധിക്രിതമായ മണല്‍വാരലും മാലിന്യ നിക്ഷേപവും പമ്പാനദിയില്‍ രൂപംകൊണ്ട മണല്‍പ്പുറ്റുകളും മറ്റും കാരണം പുണ്യനദി ഇന്ന് വെറും ചെളിക്കുണ്ടായി മാറി. ഇപ്പോള്‍ മിക്ക വര്‍ഷങ്ങളിലും പമ്പാനദിയില്‍ ജെ സി ബി ഉപയോഗിച്ച്‌ വള്ളംകളിക്കു തൊട്ടുമുന്‍പായി നദിയിലെ മണ്ണടിഞ്ഞ ഭാഗം നീക്കി ജലോത്സവത്തിനു സജ്ജമാക്കുക പതിവായി വന്നു. ഇതെല്ലാം ജലമേളയുടെ നടത്തിപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു.

പള്ളിയോടങ്ങള്‍ ഓരോ വര്‍ഷവും ജലമേളയില്‍ പങ്കെടുക്കണമെങ്കില്‍ വലിയ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ അനിഭവിക്കുന്നുണ്ട്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനംതിട്ട , ആലപ്പുഴ ജില്ലാപഞ്ചായത്തുകളും ബന്ധപ്പെട്ട ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളും അകമഴിഞ്ഞ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ സ്മരണീയമാണു. എങ്കിലും മറ്റു ജലമേളകള്‍ക്കു സര്‍ക്കാര്‍ തലത്തിലും എം പി, എം എല്‍ ഏ ഫണ്ടില്‍ നിന്നും ധാരാളം ധന സഹായങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പേരിനുമാത്രമാണു നല്‍കുന്നത്‌. ചരിത്രപ്രസിദ്ധമായ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ നമ്മുടെ ജലമേളയുടെ അന്ത:സത്തയെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയാത്തതില്‍ ഖേദമുണ്ട്‌.

Tuesday, May 19, 2009

മാരാമണ്‍ കണ്‍വെന്‍ഷന്‍|Maramon Convention |Kerala Tourism

ആറന്മുളയുടെ മറുകരയായ (പമ്പാനദിയുടെ വലത്തെ കര) തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പെടുന്ന ഭാഗമാണ് മാരാമണ്‍... ക്രിസ്‌തുമതവിശ്വാസികളുടെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഇത്‌ കോഴഞ്ചേരിക്കടുത്ത്‌ മാരാമണിലാണ്‌ നടക്കുന്നത്‌. എല്ലാ വര്‍ഷവും ഫിബ്രവരി മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഏഴുദിവസം നീണ്ടുനില്‍ക്കും. പമ്പാനദിയുടെ മണല്‍പ്പരപ്പില്‍ ഇതിനായി പന്തലുകളും മറ്റും ഒരുക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പണ്‌ഡിതന്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്താറുണ്ട്‌. 1895-ല്‍ ആണ്‌ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടന്നത്‌.

മാരാമണ്‍ കണ്‍‌വെന്‍ഷനെ കുറിച്ച് പറയുമ്പോള്‍ മാര്‍ത്തോമാ സഭയെ കുറിച്ച് ആമുഖം എന്ന നിലയില്‍ തീര്‍ച്ചയായും പറയേണ്ടി വരും.

ചരിത്രംമലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അല്ലെങ്കില്‍ മാര്‍ത്തോമ്മാ സഭ പതിനാറാം നൂറ്റാണ്ടിനു മുന്‍പുള്ള അവിഭക്ത സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നു രൂപപ്പെട്ട ഒരു നവീകരണ സഭയാണ്. 1889-ല്‍ മാത്രമാണ് സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്ന് വേറിട്ട് ഒരു പ്രത്യേക സഭയായി തീര്‍ന്നതെങ്കിലും അതിന്റെ നവീകരണാശയങ്ങളുടെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ഒരു സെമിനാരി അദ്ധ്യാപകനായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ (അബ്രഹാം മല്പാന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം) ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

സെന്റ് തോമസ് ക്രിസ്താനികളുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന പല സമൂഹങ്ങളില്‍ (ക്രിസ്തുവിന്റെ ഒരു അപ്പോസ്തോലനായ വിശുദ്ധ തോമസ് ശ്ലീഹ AD 52 കേരളത്തില്‍ വന്നു ഇവിടത്തെ ക്രൈസ്തവ സഭ സ്ഥാപിച്ചു എന്നു വിശ്വസിക്കുന്ന സമൂഹം) പെട്ട ഒന്നായിരുന്നു ഈ നവീകരണ സമൂഹം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ ഭരിച്ചിരുന്ന ബ്രിട്ടിഷുകാരുടെ സഹായത്തോടെ കേരളത്തില്‍ എത്തിയ ആഗ്ലിക്കന്‍ മിഷനറിമാര്‍ സഭാപരമായും, ആചാരപരമായും, ദൈവശാസ്ത്രപവുമായ നവീകരണ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത് അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ബിഷപ്പുമാര്‍ അത് പരമ്പരാഗതമായി വിശ്വസിച്ച് വന്നതിന് എതിരായി കണ്ടു. പ്രധാനമായും നവീകരണപ്രസ്ഥാനത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായി അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നില നിന്നിരുന്ന ചില ആചാരങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനം. അവരുടെ നവീകരണ ആശയങ്ങള്‍ അന്നത്തെ സഭാ നേതൃത്വം തള്ളികളയുന്നു എന്നു കണ്ടപ്പോള്‍ അവര്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു വിഘടിച്ചു വന്നു. അതാണ് പിന്നീട് മാര്‍ത്തോമ്മാ സഭ ആയി തീര്‍ന്നത്.മാത്യൂസ് മാര്‍ അത്താനോസ്യോസിനെ ആദ്യത്തെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ല്‍ പുറത്തു വന്നു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതല്‍ പ്രവര്‍ത്തന നിരതനാവുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാല്‍ സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയില്‍ ആയിരുന്നു. മാത്യൂസ് മാര്‍ അത്താനോസ്യോസ് 1868-ല്‍ തോമസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു.

തോമസ് മാര്‍ അത്താനാസ്യോസ് തന്റെ പിന്‍ഗാമിയെ വാഴിക്കാതെ 1893-ല്‍ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂര്‍ സഭയുടെ ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാര്‍ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമന്‍ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു. എത്തി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ല്‍ പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനു‍ തുടക്കം കുറിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. ഇപ്പോള്‍ ഈ കൂട്ടായ്മ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി വളര്‍ന്ന് വലുതായി.

പ്രത്യേകതകള്‍

മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരമ്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതമാവുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് മാരാമണില്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന ഈ മഹായോഗം. ഇവിടെ ലോകത്തിന്‍റെ മിക്കഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ 52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന മഹാസമ്മേളനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ മതപണ്ഡിതര്‍ മാരാമണിലെത്തി ബൈബിളിലെ വിശുദ്ധവചനങ്ങളുടെ വ്യാഖ്യാനം നിര്‍വഹിക്കുന്നു. ദൈവത്തിലേക്കുള്ള വഴികാട്ടികളാവുന്ന വചനപ്രഘോഷണങ്ങളും രോഗശാന്തി ശുശ്രൂഷയും മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ ക്ലാസുകളും അഴിമതിക്കെതിരെ പോരാടാന്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്ന പ്രഭാഷണങ്ങളും മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രത്യേകതകളാണ്. കണ്‍വെന്‍ഷന്‍ മൈതാനത്ത് അരലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിറഞ്ഞുകവിയാറുണ്ട് . സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശാന്തി തേടിയെത്തുന്ന കുടുംബങ്ങള്‍ പമ്പാതീരത്ത് താല്‍ക്കാലിക കൂടാരങ്ങള്‍ തീര്‍ത്തുകഴിയും. ഇവര്‍ക്ക് ഭക്ഷണവും മറ്റുമായി വഞ്ചികള്‍ പമ്പയുടെ തീരത്തുണ്ടാവും.

കണ്‍വെന്‍ഷന്‍ തുടങ്ങുന്നതോടെ കോഴഞ്ചേരിയും മാരാമണും ഭക്തിയുടെ ഉത്സവത്തിമിര്‍പ്പിലാഴും.ജാതിമതഭേദമെന്യേ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുടെ സംഗമഭൂമിയായി കണ്‍വെന്‍ഷന്‍ മൈതാനം മാറും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഒരാഴ്ച പമ്പാതീരം മാനസാന്തരങ്ങളുടെയും കുമ്പസാരങ്ങളുടെയും വേദിയാവുന്നു. സര്‍വവും ലോകരക്ഷകനായ ക്രിസ്തുവില്‍ അര്‍പ്പിക്കുന്ന ത്യാഗത്തിനുള്ളഅവസരമായാണ് മാരാമണ്‍ കണ്‍വെന്‍ഷനെ ഭക്തജനലക്ഷങ്ങള്‍ കാണുന്നത്.

മതത്തിന്റെ ആന്തരികസത്തയറിയാതെ കടലിലും കരയിലും വായുവിലും ദൈവത്തെ തേടി വ്യര്‍ത്ഥസഞ്ചാരം നടത്തുന്ന ആധുനികമനുഷ്യന് മാരാമണ്‍ തിരിച്ചറിവിന്റെ വെളിച്ചം നല്‍കുന്നു. ആരും ആരെയും മനസ്സിലാക്കാന്‍ തയ്യാറില്ലാത്ത ലോകത്തില്‍ വിശ്വസ്നേഹത്തിന്റെ മഹിമ നിറയ്ക്കുന്ന അപൂര്‍വ വേളയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ 1896ലാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ ആദ്യമായി നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രതിഫലനമായാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ രൂപം കൊണ്ടത്.

ഇപ്പോള്‍ മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റിക്ക് അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മലബാര്‍ സിറിയന്‍ സഭയുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച പാലക്കുന്നത്ത് എബ്രഹാം മാപ്പിളയുടെ ജന്മം കൊണ്ട് പവിത്രമായ സ്ഥലമാണ് മാരാമണ്‍.

എങ്ങനെ എത്തിച്ചേരാം

ആറന്മുളയുടെ മറുകര ആയതുകൊണ്ട് തന്നെ മാരാമണില്‍ എത്താന്‍ ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ തിരുവല്ലയാണ്. തിരുവല്ലയില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ മാരാമണിലെത്താം. തിരുവല്ലയില്‍ നിന്നും ധാരാളം സ്വകാര്യ ബസുകള്‍ മാരാമണിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാരാമണിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുണ്ടാവും.

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവല്ലയിലേക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്.

വിവധ സ്ഥലങ്ങളില്‍ നിന്നും തിരുവല്ലയിലേക്കുള്ള ദൂരം കിലോമീറ്ററില്‍:

തിരുവനന്തപുരം - 135
എറണാകുളം - 85
തൃശ്ശൂര്‍ - 160
പാലക്കാട് - 238
കോഴിക്കോട് - 279
ചെന്നൈ - 788
ബാംഗ്ലൂര്‍ - 718

താമസം

കണ്‍വെന്‍ഷനെത്തുന്നവര്‍ പമ്പയുടെ തീരത്ത് തന്നെ തീര്‍ക്കുന്ന താല്‍ക്കാലിക കൂടാരങ്ങളിലാണ് കഴിയുന്നത്. നിരവധി സന്നദ്ധസംഘടനകള്‍ ഭക്തജനങ്ങള്‍ക്ക് എല്ലാ സഹായവുമായി ഉണ്ടാകും. ഹോട്ടലിലോ ലോഡ്ജിലോ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും ധാരാളം ഹോട്ടലുകളും ലോഡ്ജുകളും ലഭ്യമാണ്.

Thursday, May 14, 2009

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം|Aranmula parthasaradhi Temple | Kerala Tourism

കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്ഥമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.ആറന്മുള എന്ന പേരിന്റെ ഉല്‍പ്പത്തിയും, ക്ഷേത്രോല്‍പ്പത്തിയും പരസ്പര പൂരകങ്ങളാണ്.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.മഹാഭാരത യുദ്ധത്തിനിടെ സ്വന്തം ജേഷ്ഠനായ കര്‍ണ്ണന്‍ നിരായുധനായി രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിര്‍ദാക്ഷ്ണ്യം വധിച്ചതിന്റെ പാപഭാരത്തില്‍ മനം നൊന്ത അര്‍ജ്ജുനന്‍ യുദ്ധശേഷം തെക്കോട്ട് സഞ്ചരിച്ച് ആറന്മുളയിലെത്തുകയും കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് തപസ്സനുഷ്ടിക്കുകയും ചെയ്തു എന്ന് മറ്റൊരു ഐതീഹ്യവും നിലനില്‍ക്കുന്നു.

മൂന്നാമതായി ഒരു ഐതീഹ്യം ഇങ്ങനെ പറയുന്നു. മഹാഭാരത യുദ്ധശേഷം അര്‍ജ്ജുനന്‍ നിലക്കലില്‍ നാരായണപുരം എന്ന സ്ഥലത്ത് തേവാര ബിബം പ്രതിഷ്ടിക്കുകയും പിന്നീട് അവിടെയുള്ള ജനങ്ങള്‍ അതു പൂജിക്കുകയും ചെയ്തു വന്നു. ജലദൌര്‍ലഭ്യവും, മൃഗശല്യവും നിമിത്തം കാലക്രമേണ അവിടെ നിന്ന് ജനങ്ങള്‍ പാലായനം ചെയ്തു. ആ കാലത്ത് ചാക്ക വിഭാഗത്തില്‍ പെട്ട ആള്‍ക്കാര്‍ വൈദ്യ ചികിത്സാര്‍ത്ഥം ഔഷധങ്ങള്‍ ശേഖരിക്കാന്‍ നിലക്കല്‍ ഉള്‍പ്പെടെയുള്ള വനങ്ങളില്‍ പോകുക പതിവായിരുന്നു. ഒരിക്കല്‍ ഔഷധ ശേഖരണാര്‍ത്ഥം നിലക്കലിനടുത്തുള്ള താഴൂട്ടി എന്ന സ്ഥലത്ത് എത്തിയ ചാക്കവിഭാഗത്തില്‍ പെട്ട പരമനും, നാരായണനും ത്വേജസ്സിയായ ഒരു ബ്രാഹ്മണബാലനെ കണ്ടുമുട്ടി. കുമാരന്റെ അഭ്യര്‍ത്ഥന മാനിച്ച് യാത്രക്കായി ആറുമുളകള്‍ കൂട്ടി കെട്ടിയ ഒരു ചെങ്ങാടം നിര്‍മ്മിച്ചു നല്‍കുകയും, കുമാരന്‍ അതില്‍ പമ്പാനദിയിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിക്കുകയും, ഇന്നു കാണുന്ന പൊന്നും തോട്ടം ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറായി ചങ്ങാടം കരയ്ക്കടുപ്പിക്കുകയും ചെയ്തു. സന്ധ്യാവന്ദനം നടത്തുന്ന കുമാരനെ കണ്ട നാട്ടുകാരില്‍ ഒരാളായ ഒരു കൃഷിക്കാരന്‍ തന്റെ കാവല്‍മാടത്തില്‍ നിന്നും കൊളുത്തിയ നിലവിളക്ക് കുമാരന് മുന്നില്‍ സാമര്‍പ്പിച്ച് വണങ്ങി. ആ സ്ഥലം ഇന്നു “വിളക്കുമാടം” എന്ന പേരില്‍ അറിയപ്പെടുന്നു. ആറുമുളകളില്‍ വന്ന കുമാരന്‍ ഇടക്ക് വിശ്രമിക്കാന്‍ ഇറങ്ങിയ സ്ഥലം എന്ന ഐതിഹ്യത്തില്‍ വിശ്വസിച്ച് ഈ സ്ഥലത്തെ ഇടയാറന്മുള എന്നറിയപ്പെടുന്നു.

ആ രാത്രിയില്‍ അവിടെ തങ്ങാല്‍ സൌകര്യമില്ലാത്തതിനാല്‍ കുമാരന്‍ വീണ്ടും കിഴക്കോട്ട് സഞ്ചരിച്ച് കീഴ്‌കോവിലില്‍ ബലഭദ്രസ്വാമിയുടെ ക്ഷേത്രം ഇന്നു കാണുന്നിടത്ത് വിശ്രമിച്ചു. പ്രസ്തുത സ്ഥലം തനിക്ക് വാസയോഗ്യമാണെന്ന് മനസ്സിലാക്കി ഭൂതഗണങ്ങളെ വിളിച്ചു വരുത്തി തൃക്കോവിലിനു ചുറ്റുമുള്ള ഇടം മണ്ണിട്ട് ഉയര്‍ത്തി ക്ഷേത്രം നിര്‍മ്മിച്ചു അതിനു ശേഷം കുമാരന്‍ അന്തര്‍ധാനം ചെയ്തു എന്നും വിശ്വസിക്കുന്നു.ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് മറ്റൊരു ഐതീഹ്യം കൂടി നിലനില്‍ക്കുന്നു. മഹഭാരത യുദ്ധത്തില്‍ ക്രിഷ്ണന്‍ അര്‍ജ്ജുനന് സാരഥിയാവുകയാണുണ്ടായത്. യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവര്‍ ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനന്‍ കൂട്ടാക്കിയില്ല. ഇതില്‍ കോപാകുലനായ കൃഷ്ണന്‍ തന്റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രഥചക്രത്തെ കൈയ്യിലുയര്‍ത്തി. ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്റെ പാദാരവിന്തങ്ങളില്‍ സാഷ്ടാംഗ പ്രണാമം നടത്തി അരുതെ എന്നു വിലപിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്രിഷ്ഠി രഹസ്യമായി ഈ കഥയും അവലംബിച്ചു കാണുന്നു.ഐതീഹ്യങ്ങള്‍ എന്തൊക്കെ ആയാലും അര്‍ജ്ജുനന്‍ പൂജിച്ച വിഷ്ണു ശക്തി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഭഗവാന്‍ കൃഷ്ണന്റെ സന്തത സഹചാരി, ഉത്തമ സുഹൃത്ത് ആദ്ധേഹത്തെ ധ്യാനിക്കാന്‍ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന കൃഷ്ണ വിഗ്രഹത്തിന് അസാധാരണമായ ശക്തിയും, വൈഭവവും ഉണ്ടെന്ന് ഭക്തര്‍ അസന്ദിഗ്ദമായി വിശ്വസിക്കുന്നു. ആറടിയില്‍ അധികം ഉയരമുള്ള അത്യപൂര്‍വ്വമായ ഈ കൃഷ്ണ വിഗ്രഹം ദര്‍ശിക്കാന്‍ ദിനേന ഭക്തസഹസ്രങ്ങളാണ് ആറന്മുള സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.എ. ഡി 1200 നും 1300 നും മദ്ധ്യേ രചിക്കപ്പെട്ട “തിരുനിഴല്‍മാലയില്‍” ആറന്മുള ക്ഷേത്രത്തെ പറ്റിയും, ആറന്മുള ഗ്രാമത്തെ പറ്റിയും പരാമര്‍ശിച്ചുകാണുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു പിന്നിലു ള്ള സമൃദ്ധമായ കേരളത്തിന്റെ ചരിത്രമാണ്‌ പകര്‍ന്നു നല്‌കുന്നത്‌.1700 വര്‍ഷത്തി ലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. നീണ്ട ചരിത്രങ്ങളാലും, ഐതിഹ്യങ്ങളാലും സമ്പന്നമാണ് ആറന്മുളയും, ആറന്മുള ക്ഷേത്രവും. ചതുര്‍ബാഹുവായ ശ്രീകൃഷ്ണനെ പാര്‍ത്ഥസാരധി സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആറന്മുള ക്ഷേത്രത്തെ ദക്ഷിണ ഗുരുവായൂര്‍ എന്നും അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ധാരാളം ചുവര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരവും ഇവിടെ കാണാം.

ക്ഷേത്ര നിര്‍മ്മിതി

പ്രകൃതിരമണീയമായ പമ്പാ നദിയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പമ്പയുടെ ജലനിരപ്പില്‍ നിന്നും ഏതാണ്ട് ഇരുപതു മീറ്ററോളം ഉയരത്തിലാണ്. ശില്പഭംഗി തുളുമ്പുന്ന നാലു ഘനഗംഭീര ഗോപുരങ്ങളോടുകൂടിയ, കോട്ടമതിലുകളെ ഓര്‍മ്മിപ്പിക്കുന്ന ചുറ്റുമതിലുകളുള്ള ക്ഷേത്രത്തിന്റെ ഉള്‍ ചുവരുകള്‍ പ്രാചീന ചുവര്‍ ചിത്രകലകളുടെ ജീവക്കുന്ന കൈയ്യൊപ്പുകളാകുന്നു.

ക്ഷേത്രത്തിന്റെ വടക്കെ നടയുടെ ദര്‍ശനം പമ്പയിലേക്ക് തുറന്നിരിക്കുന്നു. പമ്പാ നദിയില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ചു വരുന്ന ഭക്തന് അന്‍പത്തിയേഴു പടവുകള്‍ കടന്നെ ക്ഷേത്ര പ്രവേശനം സാദ്ധ്യമാവൂ. ക്ഷേത്രത്തിന്റെ പമ്പയിലേക്കുള്ള ഗോപുരവാതില്‍ “മധുക്കടവ്” എന്ന പേരില്‍ അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ മുഖദര്‍ശനം മറ്റേതു കൃഷ്ണ ക്ഷേത്രങ്ങളേയും പോലെ കിഴക്ക് ദിക്കിലേക്ക് തന്നെ. കിഴക്കെ ഗോപുരവാതില്‍ പ്രധാന വഴിയില്‍ നിന്നും ആറു മീറ്ററോളം ഉയരത്തിലാണ്. ശബരിമലയെ അനുസ്മരിപ്പിക്കുന്ന പതിനെട്ട് പടവുകള്‍ താണ്ടി ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാം. ശബരിമലയിലേതു എന്നപോലെ തന്നെ ഈ പതിനെട്ടു പടവുകള്‍ പതിനെട്ട് പുരാണങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രൌഡിയൊട്ടും ചോരാതെ പടിഞ്ഞാറെ ഗോപുരവും, തേക്കെ ഗോപുരവും നിലകൊള്ളുന്നു. ക്ഷേത്ര പ്രവേശനത്തിന് ഭക്തര്‍ പ്രധാനമായും തിരഞ്ഞേടുക്കുന്നത് കിഴക്കേ ഗോപുര വാതിലും, പടിഞ്ഞാറെ ഗോപുരവാതിലുമാണ്.


പ്രത്യേകതകള്‍

മകരവിളക്കിന്‌ ശബരിമല അയ്യപ്പനു ചാര്‍ത്താനുള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ നടക്ക് വച്ച 420 കിലോഗ്രാം തൂക്കമുള്ള തങ്ക അങ്കി സൂക്ഷിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. ശബരിമല മണ്ഡലപൂജയ്ക്ക് മുന്നോടിയായി അലങ്കരിച്ച രഥത്തില്‍ ആഘോഷമായി ശബരിമലയില്‍ എത്തിക്കുകയും, മണ്ഡലവിളക്ക് പൂജക്ക് പ്രസ്തുത അങ്കി ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.ചിങ്ങമാസത്തിലെ അഷ്ഠമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സദ്യ പതിവുണ്ട്‌. ഇതിനെ വള്ള സദ്യ എന്നറിയപ്പെടുന്നു.

ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശനിവാസികള്‍ക്ക്‌ തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രാസ്ത ആറന്മുള വള്ളം കളി‌.

ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ്‌ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.അന്നദാനപ്രഭുവായ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്‌ അന്നദാനം തന്നെ. അഭീഷ്ടകാര്യ സിദ്ധിയ്ക്ക്‌ അന്നദാന വഴിപാടുപോലെ ഫലം ചെയ്യുന്ന മറ്റൊന്നുമില്ല. ഈ വഴിപാടിനെ “തേച്ചു കുളി സദ്യ‍” എന്നറിയപ്പെടുന്നു.

പത്തു ദിവസത്തെ ഉത്സവം മീനമാസത്തിലാണ്. ഉത്സവ അനുഷ്ടാനങ്ങളില്‍ ഏറ്റവും പ്രധാനം അഞ്ചാം പുറപ്പാട് എന്നറിയപ്പെടുന്ന ഗരുഡവാഹനം എഴുന്നള്ളത്താണ്. തങ്ക അങ്കിയും, വെള്ളി പ്രഭയും, ചന്ദ്രകലാ രുപത്തിലുള്ള മകുടവും ഒട്ടു ചേര്‍ന്നതാണ് ഗരുഡവാഹനം.

വിലാസം

ദേവസ്വം അഡ്മിനിഷ്ട്രേറ്റീവ് ഓഫീസര്‍, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം, ആറന്മുള പി. ഒ, പത്തനംതിട്ട ജില്ല, ഫോണ്‍ - 0468 - 2212170

ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണവും, നീതിയുക്തവും ആണെന്ന അവകാശവാദമില്ല... കണ്ടും ,കേട്ടും അറിഞ്ഞവയെ വിശകലം ചെയ്ത് എഴുതിയിരിക്കുന്നു എന്നു മാത്രം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടവയും, തിരുത്തപ്പെടേണ്ടവയുമാണ്..... മാന്യവായനക്കാര്‍ക്ക് സ്വാഗതം.

ചിത്രങ്ങള്‍ക്ക് കടപ്പാട് - എന്റെ സുഹൃത്ത് ജിഗീഷിന്

Sunday, May 10, 2009

ആറന്മുള | Aranmula | Kerala Tourism

അഞ്ചാലൊന്നിന്റെ മദ്ധ്യേ മരതക മലപോല്‍ ഭോഗഭോഗീന്ദ്രതല്പേ
ചഞ്ചല്‍ചില്ലീവിലാസേ ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ടവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍-
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍!

കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ആറന്മുള, പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പേരെടുത്ത പല മത സാംസ്കാരിക പൈത്രികങ്ങള്‍ക്ക് വേദിയായി അന്നും ഇന്നും നിലകൊള്ളുന്ന പമ്പാനദിക്ക് പുണ്യ നദിയെന്നു പേരുവരാന്‍ കാരണമായത് മൂന്നു ഘടകങ്ങളാണ്. ശബരിമലയുടെ സാന്നിദ്ധ്യം, മാരാമണ്‍ കണ്‍‌വെഷന്റെ സ്വീകാര്യത, പിന്നെ ആറന്മുളയുടെ സാംസ്കാരിക പാരമ്പര്യം.


ഇതില്‍ പമ്പാനദിയുമായി ഏറ്റവും ഇഴുകി ചേര്‍ന്നു കിടക്കുന്നത് ആറന്മുളയുടെ സംസ്കാരിക പാരമ്പര്യം തന്നെ. ചരിത്രം പരിശോധിക്കുമ്പോള്‍ ആറന്മുള എന്ന പേര്‍ ഉത്ഭവിച്ചത് പമ്പയോടൊപ്പം, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മിത്തില്‍ നിന്നുമാണെന്ന് അറിയാന്‍ സാധിക്കും.

മദ്ധ്യതിരുവിതാംകൂറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ പഞ്ച പാണ്ഡവരാല്‍ പ്രതിഷ്ടിക്കപ്പെട്ട ക്രിഷ്ണ ശിലകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അഞ്ചു ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതാണ് ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം. പേര്‍ സൂചിപ്പിക്കും പോലെ ഇവിടുത്തെ പ്രതിഷ്ടാ കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത് പഞ്ച പാണ്ഡവരില്‍ മ‍ൂ‍ന്നാമനായ അര്‍ജ്ജുനന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്.

ത്രിച്ചിറ്റാറ്റ് (ചെങ്ങന്നൂര്‍) - യുധിഷ്ടിരന്‍
ത്രിപ്പുലിയൂര്‍ - ഭീമസേനന്‍
തിരുവാറന്മുള - അര്‍ജ്ജുനന്‍
തിരുവന്മണ്ടൂര്‍ - നകുലന്‍
ത്രിക്കൊടിത്താനം - സഹദേവന്‍.

കേരളത്തിലെ മറ്റേതു പ്രദേശങ്ങളേയും പോലെ ആറന്മുള എന്നപേരുമായി ബന്ധപ്പെട്ടും ധാരാളം വിശ്വാസങ്ങള്‍ നിലവിലുണ്ടെങ്കിലും അതെല്ലാം അവസാനിക്കുന്നത് പഞ്ചപാണ്ഡവരിലും, കുരുക്ഷേത്ര യുദ്ധത്തിലുമാണെന്നതാണ് രസകരം.

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മേല്‍ പറഞ്ഞ ക്ഷേത്രങ്ങളായി തീര്‍ന്നതെന്നും വിശ്വസിക്കപ്പെടുന്നു.

അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.

അങ്ങനെ അര്‍ജ്ജുനന്‍ ആറു മുളകള്‍ കൂട്ടിയിണക്കി വന്ന ചങ്ങാടത്തെ അനുസ്മരിച്ച് ഈ പ്രദേശത്തിന് ആറ്മുള എന്ന പേര്‍ ഉണ്ടായതെന്നും, പിന്നീട് ആറ്മുള ലോപിച്ച് ആറന്മുള എന്ന പേര്‍ ഉണ്ടാകുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു.

ഇവയെ ഒക്കെ വിശ്വാസങ്ങളുടെ ഗണത്തില്‍ പെടുത്തി പിന്തള്ളാന്‍ ശ്രമിക്കുന്നവര്‍ പോലും ആറന്മുളയുടെ സാംസ്കാരിക പൈത്രികത്തെയും, മതമൈത്രിയേയും വെറും വിശ്വാസങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ മുതിരാറില്ല.

തിരുവനന്തപുരം സിറ്റിയില്‍ നിന്നും ഏതാണ്ട് 125 കിലോമീറ്ററും, നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും 135 കിലൊമീറ്ററും, ജില്ലാ ആസ്ഥാനമാ‍യ പത്തനംതിട്ടയില്‍ നിന്നും പതിനാറ് കിലോമീറ്ററും യാത്രാ ദൈര്‍ഘ്യമുള്ള ആറന്മുളയുടെ ഏറ്റവും അടുത്തുള്ള റെയില്‍‌വേ ഗേറ്റ് ചെങ്ങന്നൂര്‍ ആണ്. ചെങ്ങന്നൂരില്‍ നിന്നും ശബരിമലക്കുള്ള യാത്രാമദ്ധ്യേ, ഏറ്റവും നല്ല ഇടത്താവളമായും ഭക്തര്‍ ആറന്മുളയെ ഉപയോഗപ്പെടുത്തുന്നു.

ആറന്മുളയുടെ മാത്രം പ്രത്യേകതകള്‍.

1. ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം.
2. മാരാമണ്‍ കണ്‍വെന്‍ഷന്‍
3. ആറന്മുള വള്ളം കളി
4. തിരുവോണ തോണി
5. വള്ളപ്പാട്ട്.
6. ആറന്മുള സദ്യ.
7. ആറന്മുള കണ്ണാടി.
8. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം.

(ആറന്മുളയിലെ മാത്രം പ്രത്യേതകളെ കൂടുതല്‍ വിശദമായി തുടര്‍ ലക്കങ്ങളായി പരിചയപ്പെടുത്തുന്നതായിരിക്കും)