. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, September 21, 2009

കാവടിയാട്ടം | Kavadiyattam | Kerala Tourism.

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.




ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ ഗാനം കേള്‍ക്കാത്തവരെമലയാളികള്‍ എന്ന് വിളിക്കുക തന്നെ പ്രയാസം. അത്ര പ്രശസ്തമായ ഈ നാലു വരികളിലൂടെകാവടിയാട്ടം” എന്ന ക്ഷേത്രകലയുടെ മനോഹാരിത അതു നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് പോലുംഅഭിനവേദ്യമാകുന്ന ഒന്നാക്കി തീര്‍ത്തു ശ്രീകുമാരന്‍ തമ്പി. യദാര്‍ത്ഥത്തില്‍ ഇന്ന് “കാവടിയാട്ടം” എന്നക്ഷേത്രകലയെ കുറിച്ച് എഴുതാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് ഹരിപ്പാടു നിവാസിയായശ്രീകുമാരന്‍‌തമ്പിക്കു മാത്രമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ ഇന്ന്കാവടിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനാണന്നതാണ് അതിന് കാരണം. കാവടിയാട്ടത്തെ കുറിച്ച് നാലു വരി എഴുതാന്‍ എനിക്ക്പ്രചോദനമായത് അദ്ധേഹത്തിന്റെ മേല്‍ പറഞ്ഞ പാട്ടായതിനാല്‍ ആദ്യമായി അദ്ധേഹത്തിന് എന്റെനന്ദി അറിയിക്കട്ടെ.

കാവടിയാട്ടത്തിനു പിന്നിലെ വിശ്വാസം



 




പ്രധാനമായും തൈപ്പൂയത്തിനാണ് കാവടിയാട്ടം നടക്കുക. തൊണ്ണൂറു ശതമാനവും സുബ്രഹ്മണ്യക്ഷേത്രങ്ങളാവു ഈ ക്ഷേത്ര കലക്ക് വേദിയാവുക. എങ്കിലും മദ്ധ്യതിരുവിതാംകൂറില്‍ ശാസ്താ, ദേവി, ശിവക്ഷേത്രങ്ങളില്‍ തുടങ്ങി ദേവ സങ്കല്‍പ്പത്തിന്ന് അതീതമായി എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രഉത്സവങ്ങളോട് അനുബന്ധിച്ച് കാവടിയാട്ടം കൊണ്ടാടുന്നതായി കാണപ്പെടുന്നു.

മകരമാസത്തിലെ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനുംദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌മകരമാസത്തിലെ പൂയം നാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. താരകാസുരന്‍ ദേവലോകത്തെ ജീവിതംദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. വിജയംവരിച്ചു വന്ന സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം.





 





കേരളത്തിനു പുറത്ത് തൈപ്പൂയം കൊണ്ടാടുന്ന പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രസിദ്ധങ്ങളായപളനിയും, മധുരയുമാണ്. കേരളത്തില്‍ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറിയനാട്സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയാണ്.

കാവടി വ്രതം

കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവുംപ്രത്യേകതയുള്ളതുമായ വഴിപാടാണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയില്‍ നിറയ്ക്കുന്നു. എങ്കിലുംപനിനീര്‍,പാല്‍ക്കാവടികളാണ് ഏറ്റവും പ്രധാനം. തൈപ്പൂയം നാളില്‍ കാലത്ത് വാദ്യമേളങ്ങളുടെഅകമ്പടിയോടെ തുള്ളി വരുന്ന കാവടികള്‍ മദ്ധ്യാഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തും. വ്രതഭംഗം വന്നിട്ടില്ലെങ്കില്‍ അഭിഷേകത്തിനായി കാവടിയില്‍ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാല്‍പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ് വിശ്വാസം. ശുദ്ധ കാവടി ദ്രവ്യങ്ങള്‍ മാത്രമേഅഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാല്‍ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായിമനസ്സിലാക്കി ഈശ്വരകോപപരിഹാരാര്‍ത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധകാവടിയാടി തീര്‍ക്കേണ്ടതുമാണ്. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാര്‍ പൂയം നാളിന് 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കുംമാറ്റുകയും പാപനാശനാര്‍ത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും കാവടി വ്രതത്തിന്റെ ഭാഗമാണ്.


കാവടി വ്രതം ആരംഭിക്കുന്നതിനു മുന്നോടിയായി ഭക്തര്‍ പ്രസ്ഥുത ക്ഷേത്രത്തില്‍ പൂജിച്ച രുദ്രാക്ഷമോ, തുളസിയോ കെട്ടിയ മാല മുദ്രയായി കഴുത്തില്‍ അണിയുന്നു. വ്രതം തുടങ്ങുന്ന ആദ്യ ദിനം മുതല്‍കാവിയോ, മഞ്ഞയോ നിറത്തിലുള്ള മുണ്ടുകള്‍ മാത്രമേ ധരിക്കാവൂ എന്നും ആചാരം നിഷ്കര്‍ഷിക്കുന്നു. പാദരക്ഷകള്‍, മേല്‍ വസ്ത്രം ധരിക്കാന്‍ എന്നിവ പാടില്ല എന്നും, ദേശം വിട്ട് യാത്രകള്‍ പാടില്ല എന്നുംനിഷ്കര്‍ഷിക്കുന്നു. വ്രത കാലത്ത് മുടി, താടി രോമം, നഖം എന്നിവ മുറിക്കാന്‍ പാടില്ല എന്ന് ശഠിക്കുന്നു. മിതമായ സസ്യ ഭക്ഷണം നിഷ്കര്‍ഷിക്കുമ്പോള്‍ മദ്യം, മയക്കു മരുന്നുകള്‍ സ്ത്രീ സംസര്‍ഗം എന്നിവപൂര്‍ണമായും ഒഴിവാക്കി എല്ലാ ലൌകീക സുഖങ്ങളും ത്വജിച്ച് നാല്‍പ്പത്തി ഒന്നു നാള്‍ പരിപൂര്‍ണമായിഭഗവത് ഭക്തനാണെന്ന് ഉറപ്പു വരുത്തുന്നു.



കാവടിയുടെ പ്രധാന ഭാഗങ്ങള്‍

രൂപ ഭംഗി കൊണ്ട് ആകര്‍ഷകമായ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. എന്നാല്‍പളനിയിലെയും ,മധുരയിലേയും കാവടികള്‍ക്ക് നാല് ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ. തടയില്‍ തീര്‍ത്തഭാഗമാണ് പ്രധാന ഭാഗത്തെ കാവടിക്കാല്‍ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടിഎന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത് വര്‍ഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദു ഭവനങ്ങളില്‍ തടിയില്‍ തീര്‍ത്ത ഇത്തരം കാവടിക്കാലുകള്‍വര്‍ഷങ്ങളോളം ഒരു നിധി പോലെ സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങള്‍ അതാത് വര്‍ഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിര്‍മ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിര്‍മ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന്നിര്‍ബന്ധമാണ്.



കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയില്‍മുറിച്ചെടുക്കുന്ന വിവിധ വര്‍ണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയില്‍ കോര്‍ത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഈ പുഷ്പങ്ങളെ കവുങ്ങില്‍ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരുദണ്ഡില്‍ ഭംഗിയായി നിരത്തി കെട്ടുന്നു. ചെണ്ടു കെട്ടല്‍ തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവുംഒപ്പം തികഞ്ഞ കലാപാരമ്പര്യവും ഉള്ളവര്‍ക്കെ മനോഹരമായി ചെണ്ട് അലങ്കരിക്കാന്‍ സാധിക്കൂ. പൂക്കള്‍ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികള്‍ തരംതിരിക്കപ്പെടും. ചിലയിടങ്ങളില്‍കാവടികളില്‍ പലതട്ടുകളില്‍ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളില്‍ ചെണ്ടുകള്‍ക്ക് പകരം മറ്റ്അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകള്‍ കാവടിക്കാലില്‍ മദ്ധ്യത്തായി തിര്‍ത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതല്‍ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേര്‍ത്ത്നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ കാവടികളില്‍ ചെണ്ടുകള്‍ഉപയോഗിക്കാറില്ല.


മൂന്നാമത്തെ ഭാഗമാണ് കാവടിയുടെ ഹൃദയ ഭാഗം. ഇത് ഓരോ കാവടിക്കും രണ്ടെണ്ണം വീതംഉണ്ടായിരിക്കും. കാവടിക്ക് എല്ലാവിധ മോടികളും നല്‍കുന്ന ഈ ഭാഗത്തെ “കവാടം” എന്ന്അറിയപ്പെടുന്നു. കട്ടിയുള്ള കാര്‍ബോര്‍ഡുകളില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെട്ടി എടുക്കുന്ന ഈ ഭാഗംവര്‍ണക്കടലാസുകളും, വര്‍ണ ചിത്രങ്ങളും ഒട്ടിച്ചു ചേര്‍ത്ത് മോടി പിടിപ്പിക്കുന്നു. പിന്നീട് ഇതിനെകാവടിക്കാലിന്റെ നെടുകെയുള്ള രണ്ട് വശങ്ങളിലായി നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുന്നു.

നാലാമത്തെ ഭാഗം മയില്‍പ്പീലിയാണ്. ഭംഗിയേറിയ മയില്‍ പീലികള്‍ പ്രത്യേക അനുപാതത്തില്‍അടുക്കി കാവടിക്കാലിന്റെ കുറുകെയുള്ള ഭാഗത്ത് ഭംഗിയായി കെട്ടി ഉറപ്പിക്കും. സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയിലിനെ ഓര്‍മ്മിപ്പിക്കാനാണ് മയിലിന്റെ പീലികള്‍ കാവടിയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ചാമത്തെ ഭാഗം ഭക്തിപൂര്‍വ്വം ഭഗവാന് സമര്‍പ്പിക്കാനായി ആടുന്ന കാവടിയില്‍ ചേര്‍ത്തു കെട്ടുന്നദ്രവ്യങ്ങള്‍ ആണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം എന്നിവയില്‍ഏതെങ്കിലും ഒന്ന് ചെറിയ ഒരു പാത്രത്തില്‍ അതീവ ശ്രദ്ധയോടെ നിറച്ച് അതിനെ ചോര്‍ച്ച വരാത്തവണ്ണം അടച്ച് ഒരു പട്ടു തുണിയില്‍ പൊതിഞ്ഞ് കാവടിയുടെ കാലുകളില്‍ മയില്‍ പീലികള്‍ കെട്ടുന്നഭാഗത്ത് ഉള്ളിലായി ചേര്‍ത്തു കെട്ടുന്നു. ഇത് കാവടി ആടി തുടങ്ങുമ്പോള്‍ മാത്രമാണ് കെട്ടുന്നത്. കാവടിആടി പുറപ്പെടുന്ന ഉപദേവതാ ക്ഷേത്രങ്ങളില്‍ ഭക്തി പൂര്‍വ്വം പൂജിച്ച് ഇവയെ കാവടിയോട് ബന്ധിക്കും. അതിനാല്‍ തന്നെ ക്ഷേത്ര ആചാര പ്രകാരം ഈ ദ്രവ്യമാണ് കാവടിയില്‍ ഏറ്റവും പ്രാധാന്യംഅര്‍ഹിക്കുന്നത്.

കാവടിയാട്ടത്തിലെ മറ്റു പ്രത്യേകതകള്‍

മേല്‍ വിവരിച്ച പ്രകാരം വ്രതശുദ്ധിയൊടെ ആചാരാനിഷ്ടാനങ്ങളോടെ തയ്യാറായ കാവടിയും ഏന്തികാവടി ഭക്തന്‍ തൈപ്പൂയ ദിവസം (മറ്റു ക്ഷേത്രങ്ങളില്‍ അതാത് ഉത്സവ ദിവസം) തലേന്ന് തന്നെക്ഷേത്രത്തിലെത്തുന്നു. ആ രാത്രി ക്ഷേത്രത്തില്‍ ചിലവഴിക്കുന്ന ഭക്തന്‍ പിറ്റേന്ന് അതിരാവിലെക്ഷേത്ര കുളത്തില്‍ മുങ്ങി നിവര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ കാവടി തുള്ളലിന് തയ്യാറെടുക്കുന്നു. പൂയം നാളില്‍ കാവടി ആടി തീരും വരെയും, അതിന്റെ തലേന്ന് രാത്രിയിലും ഭക്തന്‍ നിരാഹാരവ്രതത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാവടിയുമേന്തിശുഭമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ഉപദേവതാ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ അവിടെ നീന്നുംപൂജിച്ച് സ്വീകരിക്കുന്ന ദ്രവ്യങ്ങള്‍ ഭക്തി പുരസ്പരം കാവടിയില്‍ ചേര്‍ത്ത് കെട്ടി കാവടി തുള്ളലിന്തയ്യാറെടുക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവടി ഘോഷയാത്ര കിലോമീറ്ററുകള്‍ നീ‍ളുന്ന, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ഭക്തിക്കൊപ്പം ഏതൊരുവനും അത്യന്തംനയനാനന്തകരമായ കാഴ്ച്ച സമ്മാനിക്കുന്ന കാവടിയാട്ട ഘോഷയാത്രകാണാന്‍ ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്ക് അതീതമായി ക്ഷേത്രങ്ങളില്‍ ജനലക്ഷങ്ങള്‍ തിങ്ങി നിറയാറുണ്ട്.

കാവടിയാട്ടം ശിവതാണ്ഡവത്തിന് തുല്യമാണ്. ചെണ്ട മേളമാണ് പ്രധാനമായി ഉപയോഗിക്കുന്നവാദ്യോപകരണം. ചിലയിടങ്ങളില്‍ കാവടി ഘോഷയാത്രയില്‍ പമ്പ മേളവും(പാണ്ടി മേളം) നാദസ്വരവും ഉപയോഗിച്ച് കാണുന്നു. രൌദ്രവും, ലസ്യവുമാണ് കാവടി തുള്ളലിന്റെ ഭാവങ്ങള്‍. ലാസ്യഭാവത്തില്‍ തുടങ്ങുന്ന കാവടി തുള്ളല്‍ ചെണ്ട മേളം പാരമ്യതയില്‍ എത്തുന്ന അവസരങ്ങളില്‍ രൌദ്രഭാവം കൈവരിക്കുന്നു. പരമ്പരാഗത നൃത്ത ഭാവങ്ങള്‍ വശമല്ലാത്ത കാവടി ഭക്തര്‍ ചെണ്ട മേളത്തിന്റെതാളത്തിനൊത്ത് തുള്ളി തിമിര്‍ക്കും.

ഇന്നു പ്രത്യക്ഷമായി എല്ലാ ക്ഷേത്രങ്ങളിലും നിലവിലില്ല എങ്കിലും പണ്ട് കാവടി ഭക്തര്‍, ഭക്തിയുടെപാരമ്യതയില്‍ ചെമ്പില്‍ തീര്‍ത്ത ശൂലങ്ങള്‍ കവിളുകള്‍, പുരികങ്ങള്‍, നാവ്, കണ്‍പോളകള്‍എന്നിവിടങ്ങളില്‍ തുളച്ച് കേറ്റിയിരുന്നു. കാവടിയാട്ടത്തിന്റെ ഏറ്റവും വൈകാരിക ഭാവങ്ങളില്‍ ഒന്നാണ്ഇത്തരം രീതികള്‍ അവലംബിക്കുന്ന കാവടിയാട്ടങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലുംഅടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ അകറ്റാനായാണ് ഇത്തരത്തില്‍ സ്വയംമുറിവേല്‍പ്പിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാവടിയാട്ടത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍കാവടികളില്‍ പലതും നശിച്ചു പോകുകയും ചെയ്യുന്നു.

കാവടിയാട്ടം അസാനിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലാകുന്ന ഭക്തന്‍ കരിക്കും വെള്ളം കുടിച്ച്പിന്നീട് കാവടിയില്‍ ചേര്‍ത്തു കെട്ടിയ അഭിഷേക ദ്രവ്യം പ്രധാന ക്ഷേത്രത്തിലെ ദേവന്സമര്‍പ്പിക്കുന്നതോടു കൂടി തന്റെ നാല്‍പ്പത്തി ഒന്നു നാള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനവും ഒപ്പം ഭക്തിപൂര്‍വ്വം ആചരിച്ച കാവടി തുള്ളലിനും അവസാനം കുറിക്കുന്നു.

Saturday, August 15, 2009

മാവേലിക്കര | Mavelikkara | Kerala Tourism.

പൌരാണികമായ പ്രത്യേകതകളാല്‍ സമ്പന്നമായ മാവേലിക്കരക്ക് പക്ഷെ ചരിത്രത്തില്‍ നാനൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് എഴുതപ്പെട്ട ലിഖിതങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ചരിത്രാന്വേഷണ കുതുകികള്‍ക്ക് നിരാശപകരുന്ന വാര്‍ത്തതന്നെയാവാം.


നാനൂറ് വര്‍ഷം മുന്നെ മാവേലിക്കര പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഒരു ചരിത്ര പുസ്തകത്തിലോ, പൌരാണികമായ ലിഖിതങ്ങളിലോ അല്ലെന്നുള്ളതും കൌതുകമുണര്‍ത്തുന്ന വസ്തുതയാണ്.


നാനൂറു വര്‍ഷത്തോളം പഴക്കം കല്‍പ്പിക്കപ്പെട്ടിട്ടുള്ള കണ്ടിയൂര്‍മറ്റം പടപ്പാട്ടിലാണ് ഏറ്റവും പഴയ മാവേലിക്കര പരാമര്‍ശം കാണാന്‍ കഴിയുക.


ചരിത്രം


അറിയപ്പെടുന്ന മാവേലിക്കരയുടെ ചരിത്രം തുടക്കമിട്ടിരിക്കുന്നത് മഠത്തിക്കൂര്‍ രാജവംശത്തിന്റെ അധിപനായ മാവേലി രാജാവില്‍ നിന്നാണ്. മാവേലിയാല്‍ ഭരിക്കപ്പെട്ടിരുന്ന ദേശം എന്ന നിലയിലാണ് ഈ പ്രദേശത്തിന് മാവേലിക്കര എന്ന പേരു കിട്ടിയത് എന്ന് ചരിത്രം പറയുന്നു.


മഠത്തിങ്കൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടിരുന്നത് കമ്പവും കൂടല്ലൂരും ആയിരുന്നു.ഈ രാജ്യം ഏതാണ്ട് മദ്ധ്യതിരുവിതാംകൂര്‍ വരെ നീണ്ടുകിടന്നിരുന്നു.






അതിനു ശേഷം ഈ പ്രദേശങ്ങള്‍ ഓടനാട് എന്ന രാജ്യത്തിന്റെ ഭാഗമായി മാറി. ഈ രാജ്യത്തെ ഓണാട്ടുകര എന്നും അറിയപ്പെട്ടിരുന്നു. ഓണാട്ടുകരയുടെ ഭാഗങ്ങള്‍ ആയിരുന്നു ദേശിംഗനാട് (ഇന്നത്തെ കൊല്ലം) അതിനോടൊപ്പം ഇന്നത്തെ മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപള്ളി താലൂക്കുകളും. കായംകുളം രാജാവിന്റെ അധീനതയിലായിരുന്ന ഈ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം കണ്ടിയൂര്‍ മറ്റം ആയിരുന്നു. പിന്നീട് എരുവയും അതിനു ശേഷം കൃഷ്ണപുരവും തലസ്ഥാനമായി. പക്ഷെ 1746 ല്‍ മാര്‍ത്താണ്ട‌വര്‍മ്മ മഹാരാജാവ് ഓണാട്ടുകരയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി തീര്‍ത്തു.


ഓണാട്ടുകര നാലു കോവിലകങ്ങള്‍ ചേര്‍ന്ന ഒരു പ്രദേശമായിരുന്നു. പേരകത്ത്, ചേറായി, പുതിയിടത്ത്, പഴയിടത്ത് എന്നിവ ആയിരുന്നു ആ കോവിലകങ്ങള്‍. പിന്നീട് ഓണാട്ടുകര വിഭജിച്ച് രണ്ട് ദേശങ്ങളായി മാറുകയുണ്ടായി. അതില്‍ ഒരു ഭാഗം വേണാട് രാജ്യവുമായി ലയിക്കുകയുണ്ടായി. മറ്റൊന്ന് കായംകുളം എന്ന രാജ്യമായി തുടര്‍ന്നു.


1737ല്‍ രാമയ്യന്‍ വേണാടിന്റെ ദളവയായി വാഴിക്കപെട്ടു. ഈ സമയത്തു തന്നെ അച്ചുത വാര്യര്‍ എന്ന കായംകുളത്തിന്റെ പടത്തലവന്‍ രാമയ്യന്‍ ദളവയാല്‍ കൊലചെയ്യപ്പെട്ടു. ഇത് കായംകുളത്തേയും വേണാട് രാജ്യത്ത് ലയിക്കാന്‍ പ്രേരിപ്പിച്ചു. ദളവ പിന്നീട് മാവേലിക്കരയെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്തു. രാമയ്യന്റെ കാലത്താണ് പ്രസിദ്ധമായ മാവേലിക്കര പണ്ടകശാല സ്ഥാപിക്കപ്പെട്ടത്.




1753 ല്‍ തിരുവിതാം കൂര്‍ രാജ്യം ഡച്ചുകാരുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഡച്ചുകാര്‍ ഒരിക്കലും തിരുവിതാംകൂറിനെ ആക്രമിക്കില്ല എന്ന ആ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയില്‍ വച്ചായിരുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഡച്ചുകാര്‍ ഒരു സ്തംഭ വിളക്കു മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സംഭാവന നല്‍കുകയുണ്ടായി. ഇന്നും പ്രൌഡിയോടെ നിലനില്‍ക്കുന്ന ഈ വിളക്കില്‍ ഒരു ഡച്ച് പട്ടാളക്കാരന്‍ തന്റെ തോക്ക് താഴേക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു പ്രതിമയും കാണാന്‍ കഴിയും.


രാമയ്യന്‍ ദളവ മാവേലിക്കരയില്‍ ഒരു കോട്ടയും സ്ഥാപിക്കുകയുണ്ടായി. വേലുതമ്പി ദളവയുടെ കാലശേഷം 1809ല്‍ ബ്രിട്ടീഷ് ഭരണാധികാരിയായ ലോര്‍ഡ് മക്കല്ലം ഈ കോട്ട തകര്‍ത്തു കളഞ്ഞു. മാവെലിക്കര പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ഇന്ന് കോട്ടക്കകം എന്ന പേരില്‍ അറിയപ്പെടുന്നു. മാവെലിക്കര ശ്രീ കൃഷണ ക്ഷേത്രത്തോട് വളരെ അടുത്തായി തന്നെ രാജ പ്രൌഡിയോടെ ദളവാ മഠവും സ്ഥിതി ചെയ്യുന്നു.


മാവേലിക്കരയോടുള്ള അമിത സ്നേഹം കാരണം ശ്രി മൂലം തിരുന്നാള്‍ ബാലരാമവര്‍മ്മ തമ്പുരാന്‍ ഇവിടെ നിന്ന് രണ്ട് പാണിഗ്രഹണം നടത്തുകയുണ്ടായി. അതില്‍ മൂത്ത ആള്‍ സേതു ലക്ഷ്മീഭായി തമ്പുരാട്ടി പിന്നീട് തിരുവിതാംകൂറിന്റെ റീജന്റ് (രാജപ്രതിനിധി) ആയി ഭരിക്കുകയുണ്ടായി. ഇളയയാള്‍ സേതു പാര്‍വ്വതീ ഭായി - ഇവരുടെ മകനാണ് പിന്നീട് അതി പ്രശസ്തനായ തിരുവിതാംകൂറിന്റെ അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാള്‍.






രാജവംശവുമായി അടുത്ത ബന്ധുത്വം ഉള്ളതിനാല്‍ മാ‍വേലിക്കരക്ക് അന്നു നിലവിലുണ്ടായിരുന്ന എല്ലാ ആധുനിക സൌകര്യങ്ങളും കല്‍പ്പിച്ചു നല്‍കുകയുണ്ടായി. അതില്‍ പ്രമുഖമാണ് രാജവംശ കാലത്തു തന്നെ നിലവില്‍ വന്ന ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനും, ബസ് സര്‍വ്വീസും.


വളരെ പ്രശസ്തമായ ഉണ്ണിയാടി ചരിതം, ഉണ്ണുനീലി സന്ദേശം എന്നീ മഹാകാവ്യങ്ങളില്‍ ഓടനാടിനെകുറിച്ചും, കണ്ടിയൂരിനെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു കാണുന്നു. ആ കാലത്ത് മാവേലിക്കരയില്‍ നിലനിന്നിരുന്ന പ്രസിദ്ധമായ കാര്‍ഷിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി നിലനില്‍ക്കുന്ന പലതരം ഉത്സവങ്ങള്‍ വര്‍ണാഭമായി ഇന്നും ആഘോഷിച്ചു വരുന്നു.


പിന്നീട് ബുദ്ധസംസ്കാരം മാവേലിക്കരയിലേക്ക് സന്നിവേശിക്കപ്പെട്ടു. ആ കാലത്ത് മാവേലിക്കരയില്‍ ആകെ ജനങ്ങളില്‍ ഏതാണ്ട് 90% ബുദ്ധമത വിശ്വാസികളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെയും, അത് പകര്‍ന്ന സാംസ്കാരിക ഉന്നതിയുടെയും ശേഷിപ്പുകള്‍ ഇന്നും മാവേലിക്കരയില്‍ കണ്ടെത്താന്‍ സാധിക്കും.


പിന്നീട് കൃസ്തുമതം കടന്നു വന്നപ്പോള്‍ മറ്റേതു പ്രദേശങ്ങളേയും പോലെ മാവേലിക്കരയും അതിനെ അതിഗാഡമായി തന്നെ ആശ്ലേഷിക്കുകയുണ്ടായി. വിവിധ മത, സംസ്കാരളെ സാംശീകരിച്ച് മാവേലിക്കര അതിന്റെ തനതായ ഒരു സംസ്കാരിക പെരുമ തന്നെ തീര്‍ക്കുകയുണ്ടായി. അതാണ് മാവേലിക്കരക്ക് മറ്റു ദേശങ്ങളില്‍ നിന്നുള്ള വ്യത്യാസവും.




കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും മാവേലിക്കര പരാമര്‍ശിക്കപെട്ടിട്ടുണ്ട്.


1934 ജാനുവരി പത്തൊന്‍പതിന് മഹാത്മാഗാന്ധി മാവേലിക്കരയില്‍ ഒരു പ്രസംഗം നടത്തുകയുണ്ടായി. അന്ന് മാവെലിക്കര തട്ടാരംബലം ചിത്രോത്സവ മന്ദിരത്തിലായിരുന്നു ഗാന്ധിജിക്കു താമസവും, ഭക്ഷണവും. അന്ന് കൂടിയ മഹാ‍ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മ തമ്പുരാന്‍, തട്ടാരംബലം രാമന്‍ പിള്ള, ശ്രീ ശുഭാനന്ദ ഗുരു എന്നീ പ്രമുഖരും പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രസംഗം മലയാളീകരിച്ചത് ശ്രീ മാന്നാര്‍ ഗോപാലന്‍ നായര്‍ ആയിരുന്നു.


ജന്മം കൊണ്ടോ, കര്‍മ്മം കൊണ്ടോ അനേകം പ്രമുഖ വ്യക്തികള്‍ക്ക് അവരുടെ പേര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ മാവെലിക്കരയുടെ സാംസ്കാരിക പെരുമ അവരെ സഹായിച്ചിട്ടുണ്ട്.


ഹിന്ദു കൃസ്ത്യന്‍ മതസ്തരുടെ ഐക്യത്തിനു പേരുകേട്ട ഈ മണ്ണില്‍ അതിന് ഉപോതബലകമായി എല്ലാവര്‍ഷവും ഒരു ചടങ്ങ് നടക്കാറുണ്ട്. മാവേലിക്കര പുതിയകാവ് ദേവീ ക്ഷേത്രത്തിലെ പുറത്തെഴുന്നെള്ളിപ്പ് എതിരേല്‍പ്പ് എന്നീ ഉത്സവ ആഘോഷങ്ങള്‍ തുടങ്ങുന്നത് പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ നിന്നാണെന്നുള്ളത് ഈ നൂറ്റാണ്ടിലെ അത്ഭുതമായി ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ മുന്‍പെ ആരംഭിച്ച ഈ ചടങ്ങ് മാവേലിക്കരയുടെ സാംസ്കാരിക പെരുമയുടെ മകുടോദാഹരണമായി ഇന്നും നിലനില്‍ക്കുന്നു.




പ്രസിദ്ധങ്ങളായ ആരാധനാലയങ്ങള്‍


മാവേലിക്കര താലൂക്കില്‍ പെടുന്ന ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചെട്ടികുളങ്ങര ദേവീ ക്ഷേത്രമാണ്..ഇവിടുത്തെ കുംബ ഭരണിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ച്ച വര്‍ണമഴതീര്‍ക്കുന്ന ഒന്നു തന്നെയാണ്. ലോക പ്രശസ്ത കുത്തിയോട്ടം സംഘടിപ്പിക്കുന്നതും ഈ ക്ഷേത്രത്തില്‍ തന്നെ.


ദക്ഷിണ കാശി എന്ന പേരില്‍ പ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും മാവേലിക്കരയില്‍ തന്നെ.ലോക പ്രശസ്തമായ 108 ശിവ ക്ഷേത്രങ്ങളുടെ പട്ടികയില്‍ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.




തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവെലീക്കര ശ്രീകൃഷണ സ്വാമി കഷേത്രം, സര്‍സ്വതീ‍ ക്ഷേത്രം മാവേലിക്കര, പുതിയകാവ് ദേവീ ക്ഷേത്രം, ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം തഴക്കര എന്നിവയാണ് മാവേലിക്കരയിലുള മറ്റ് പ്രമുഖ ക്ഷേത്രങ്ങള്‍.


പുണ്യപുരാതനമായ മാവേലിക്കര സെന്റ് മേരീസ് കതീഡ്രല്‍ പള്ളി മാവേലിക്കരയിലെ ക്രിസ്ത്യന്‍ പ്രൌണത വിളിച്ചറിയിക്കുന്നു. ഈ പള്ളിക്ക് 1000 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ച്രിത്രകാരന്മാര്‍ അവകാശപ്പെടുന്നു. കാത്തോലിക്ക പള്ളി, CSI പള്ളി, മാര്‍ത്തോമാ പള്ളി, മലങ്കര കാത്തോലിക് പള്ളി എന്നിവയാണ് പ്രമുഖങ്ങളായ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.






ഈ ദേവാലയങ്ങള്‍ക്ക് പുറമെ മാവേലിക്കരയുടെ മുസ്ലീം സമൂഹത്തിന്റെ പ്രതിനിധി എന്നവണ്ണം തലയെടുപ്പോടെ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു തന്നെ മാവേലിക്കര ജുമാ മസ്ജിദും നിലകൊള്ളുന്നു.


മറ്റ് പ്രധാന വിവരങ്ങള്‍


പോളച്ചിറ കൊച്ചീപ്പന്‍ തരകന്‍, എ ആര്‍ രാജവര്‍മ്മ, ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ്, പടിഞ്ഞാറെ തലക്കല്‍ ജേക്കബ് കുര്യന്‍, സി എം സ്റ്റീഫന്‍, പാറപ്പുറത്ത്, ചിത്രമെഴുത്തു കെ. എം വര്‍ഗ്ഗീസ്, ശ്രീ ശുഭാനന്ദ ഗുരു ദേവന്‍, ടി കെ മാധവന്‍ എന്നിവര്‍ മാവേലിക്കരയുടെ പേര് ലോകത്തിന്റെ നേറുകയില്‍ എത്തിച്ച അനെകം പ്രമുഖരില്‍ ചിലര്‍ മാത്രം.


പ്രശസ്തമായ ബിഷപ്പ്‌മൂര്‍ കോളേജ്, രവി വര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവ മാവേലിക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്. ഇതോടൊപ്പം ബിഷപ്പ് ഹോഡ്ജസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് ജോണ്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍, എം എസ് എസ് ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവ കൂടാതെ കേരളാ ഗവണ്മെന്റ് ഹൈയര്‍ സെക്കണ്ടറി സ്കൂളും മാവേലിക്കരയുടെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു.


ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസിപ്പാലിറ്റികളില്‍ ഒന്നാണ്. ഈ പേരില്‍ ഒരു അസംബ്ലി മണ്ഡലവും, ലോകസഭാ മണ്ഡലവും നിലവിലുണ്ട്. മാവേലിക്കരയില്‍ റെയില്‍‌വേ സ്റ്റേഷനുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരം ആണ്.

Friday, August 7, 2009

പന്തളം | pandalam | Kerala Tourism.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.


അതിങ്ങനെയാണ്


“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.


പുതിയ തലമുറ പഴംചൊല്ലിനെ വളച്ചൊടിച്ച് “പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നാക്കിയെങ്കിലും ചരിത്രത്തില്‍ മേല്‍ പറഞ്ഞ ചൊല്ലിന് ഒരു കഥ പറയാനുണ്ട്.






വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം. നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി. അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു? ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു. ഒറെ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന രാമായ്യന്റെ തന്ത്രം. അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല് കിട്ടി.


പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പൌരാണിക പ്രസിദ്ധവുമാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ബാല്യകൌമാര ജീവിതം കൊണ്ട്‌ ധന്യമായ പ്രദേശമാണ് പന്തളം. ചരിത്രപരമായും, സാമൂഹികപരമായും, സാംസ്കാരികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ദേശം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി അടൂര്‍ താലൂക്കില്‍ അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത ദേശങ്ങള്‍ കുളനട, പുന്തല, അടൂര്‍ എന്നിവയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. “പൊന്‍ ദളം” എന്ന വാക്ക് ലോപിച്ചാണ്പന്തളം എന്ന സ്ഥലനാമ ജനനം എന്നു വിശ്വസിക്കപ്പെടുന്നു.






അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പത്തിയുടെ ചരിത്രവും. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഉള്ള ഈ ക്ഷേത്രം പന്തളാം രാജാവാല്‍ നിര്‍മ്മിക്കപ്പെട്ടതാണേന്ന് വിശ്വസിക്കപ്പെടുന്നു. പ്രിസിദ്ധമായ ഈ തീര്‍ത്ഥാടന്‍ കേന്ദരം കൊട്ടാരത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന. ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് പന്തളത്തിന് നല്‍കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന ഏതൊരു ഭക്തനും പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചാലെ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പരക്കെയുള്ള വിശ്വാസം.
ഐതിഹ്യങ്ങള്‍ പ്രകാരം പന്തളം രാജാവിനെ അയ്യപ്പന്റെ പിതാവായി കണക്കാക്കപ്പെടുന്നു.അതിനാല്‍ തന്നെ ശബരിമലയില്‍ പന്തളം രാജവംശത്തിന് പ്രത്യേക അവകാശങ്ങളുംനിനലനില്‍ക്കുന്നു.പന്തളം രാജ പ്രതിനിധിക്കു മാത്രമാണ് ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനുള്ള അവകാശം.


മധുര ആസ്ഥാനമായ പാണ്ഡ്യരാജവമശത്തിന്റെ തായ്‌വഴികളില്‍ നിന്നാണ് പന്തളം രാജവംശത്തിന്റെ ഉല്‍പ്പത്തി.
പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാരാണ്‌ പന്തളം രാജ്യം സ്ഥാപാച്ചതെന്നു കരുതുന്നു. കൊല്ലവര്‍ഷം 79 മുന്‍പെതന്നെ ഇവര്‍ കേരളക്കരയിലെത്തിയതായി ചരിത്രം വിലയിരുത്തുന്നു. അറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കു വാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറക്കുളം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ പന്തളം രാജ്യം സ്ഥാപിച്ചത്‌. ശബരിമലയുള്‍പ്പെടെ ഏകദേശം ആയിരം ചതുരശ്രമെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊല്ലവര്‍ഷം 377 ല്‍ പന്തളത്തെത്തി അച്ചന്‍ കോവിലാറിന്റെ ഇരുകരകളിലുമായി സ്ഥാനം ഉറപ്പിച്ചു. പന്തളം, കക്കാട്‌, കോന്നി, അറക്കുളം എന്നീ നാല്‌ താലൂക്കുകളാണ്‌ പന്തളം രാജ്യത്തിനുണ്ടായിരുന്നത്‌. തുടര്‍ന്ന് ഇലത്തൂര്‍മണിയം, റാന്നിയിലെ പെരുനാട്‌,നിലയ്ക്കല്‍ പ്രദേശങ്ങളും പന്തളം രാജ്യത്തിന്റെ അധീനതയിലായി.




കൊല്ലവര്‍ഷം 996 കര്‍ക്കടകം 8ആം തീയതിയാണ്‌ പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താന്റെ ആക്രമണം നേരിടുന്നതിന്‌ തിരുവിയതാകൂറിനൊപ്പം നിന്ന പന്തളം രാജാവ്‌ യുദ്ധചെലവിന്റെ വിഹിതമായി ഖജനാവിലേക്ക്‌ അടയ്ക്കുവാന്‍ പണമില്ലാതെവന്നപ്പോള്‍ പന്തളം രാജ്യം തിരുവിതാംകൂറിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളും ഇതോടൊപ്പം വിട്ടുകൊടുത്തു. ഇതുസംബന്ധിച്ച്‌ കൊല്ലവര്‍ഷം 995 മീനം 10ആം തീയതിയിലെ ഉടമ്പടിയനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരേയും ആവകയില്‍ ഉണ്ടാകുന്ന സന്താനങ്ങളേയും “അര്‍ത്ഥപുരുഷാരം അഴിച്ച്‌ രക്ഷിച്ചുകൊള്ളാമെന്ന്” ഉറപ്പ്‌ നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വതന്ത്ര്യനന്തര ഭാരതത്തില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കപ്പെട്ടു. നാട്ടുപ്രതാപത്തിന്റെ മധുരസ്മരണകളുമായി പഴയ കൊട്ടാരക്കെട്ടുകള്‍ ഇന്നും ഇവിടെ നിലകൊള്ളുന്നു.


രാജഭരണത്തിന്റെ ആലസ്യത്തില്‍നിന്ന്‌ ജനകീയഭരണത്തിന്റെ വേഗതയിലേക്ക്‌ കുതിച്ച പന്തളം പട്ടണത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാംസ്കാരിക-സാമൂഹിക-വ്യവസായ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പന്തളം അവഗണിക്കാനാവാത്തവിധം നേട്ടം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പന്തളം പട്ടണത്തിന്റെ കേന്ദ്രസ്ഥാനം കുറുമ്ന്തോട്ടയം എന്ന പേരിലാണ്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌. കുറുംതോട്ടി വളര്‍ന്ന് കാടായിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം പട്ടണത്തില്‍ നിന്നും ഏതാണ്ട്‌ 1 കി.മി തെക്കുമാറിയുള്ള ഭാഗം താമരപ്പൂക്കള്‍ നിറഞ്ഞ ചതുപ്പായിരുന്നു. എരിച്ചപ്പൊയ്ക എന്നായിരുന്നു ഈ ഭാഗത്തിന്റെ വിളിപ്പേര്‌. തുടക്കത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ മറ്റേതൊരു പട്ടണത്തെപ്പോലും പിന്നാക്കമാക്കും വിധമായിരുന്നു പന്തളത്തിന്റെ കുതിപ്പ്‌. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റ്‌ പട്ടണങ്ങള്‍ ബഹുദൂരം പിന്നിട്ടെങ്കിലും പന്തളം കിതക്കുന്നതായാണ്‌ കണ്ടത്‌. ഭരണരംഗത്തെ അരാജകത്വം ഇതിന്‌ കാരണമായി.




പന്തളം പല സാംസ്കാരിക-സാഹിത്യ നായകന്മാരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയാണ്‌. പദം കൊണ്ട്‌ പന്താടിയ മഹാകവി പന്തളം കേരളവര്‍മമ പന്തളത്തിന്റെ സ്വന്തം പുത്രനാണ്‌.അദ്ദേഹത്തിന്റെ ചുമതലയില്‍ കവനകൗമുദി എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരിന്നു. ഒരുകാലത്ത്‌ കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ അലയടിച്ചിരുന്ന “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…” എന്ന പ്രാര്‍ത്ഥനാഗീതം പന്തളം കെ.പി എന്ന മഹാകവിയുടെ രചനയാണ്‌,. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ശ്രീ മന്നത്ത്‌ പദ്മനാഭന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായിരുന്നു പന്തളം. അദ്ദേഹത്തിന്റെ ശ്രമഫലമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥാപിതമായി. “എന്റെ ജീവിത സ്മരണകള്‍” എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ പന്തളവുമായുള്ള ബന്ധം വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചിത്രകലാരംഗത്തെ പ്രജാപതിയായിരുന്ന ആര്‍ട്ടിസ്റ്റ്‌ എം .എസ്സ്‌ .വല്യത്താന്‍, രാഷ്ട്രീയാചാര്യനായിരുന്ന പന്തളം പി.ആര്‍ എന്നിവര്‍ പന്തളത്തിന്റെ യശസ്സ്‌ വാനോളം ഉയര്‍ത്തിയവരാണ്‌. നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടേതയി സ്ഥാപിതമായ ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍മിഷന്‍ വരെ നീളുന്ന പതിനഞ്ചിലധികം ആതുരാലയങ്ങള്‍ പന്തളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു.






വ്യാവസായികരംഗത്ത്‌ പന്തള്‍ത്തിന്റെ യശസ്സ്‌ കേരളമെമ്പാടും പരത്തിയ പ്രമുഖസ്ഥാപനമാണ്‌ മന്നം ഷുഗര്‍ മില്‍സ്‌.60 -70 കാലഘട്ടങ്ങളില്‍ കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ജ്വലിച്ച്‌ നിന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്‌. എന്നാല്‍ കാലക്രമേണ കരിമ്പ്‌ വളര്‍ത്തല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഈ സ്ഥാപനത്തിന്‌ ഉല്‍പാദനം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു.ഒരു കരിമ്പ്‌ ഉല്‍പാദനഗവേഷണവികസന കേന്ദ്രം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രധാനമായും കാര്‍ഷികവിളകളെ ആശ്രയിച്ചുള്ള ജീവിതരീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. നെല്ല്,മരച്ചീനി,കരിമ്പ്‌,പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാന ക്രിഷികള്‍. ഏക്കറുകളോളം വ്യാപിച്ച്ക്‌ കിടക്കുന്ന കരിങ്ങാലി പുഞ്ച, കണ്ടന്‍ ചാത്തന്‍ കതിരക്കോട്‌ പാടശ്ശേഖരങ്ങള്‍ പ്രധാനകാര്‍ഷികോല്‍പാദന കേന്ദ്രങ്ങളാണ്‌.


ശബരിമലപാതയിലെ പ്രധാന ഇടത്താവളമെന്ന നിലയില്‍ പന്തളം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പ്രശസ്തമായ തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിന്‌ പുറമെ 40-ഓളം ക്ഷേത്രങ്ങളും 55-ഓളം കാവുകളും വിവിധ സമുദായക്ഷേത്രങ്ങളും അനവധി ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങളും പന്തളത്തിന്റെ മാറില്‍കുടികൊള്ളുന്നു. ആകെക്കൂടി ഒരു ആത്മേീയനഗരത്തിന്റെ പശ്ചാത്തലമാണ്‌ പന്തളത്തിനുള്ളത്‌.അതുകൊണ്ടു തന്നെ ഒരു ക്ഷേത്രനഗരമന്ന നിലയിലുള്ള വികസനമാണ്‌ പന്തളത്തിനാവശ്യം. അതെ, പന്തളം വളരുകയാണ്‌; ഒരു പക്ഷേ നാളെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു ആദ്ധ്യത്മിക നഗരിയായി ഈ ചെറുപട്ടണം രൂപന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.


തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.


പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Friday, June 19, 2009

ചെങ്ങന്നൂര്‍ | Chengannur | Kerala Tourism.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴ ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം ആണ് ചെങ്ങന്നൂര്‍. പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ചരിത്ര പ്രസിദ്ധവുമാണ്. രാഷ്ട്രീയ സാമൂഹിക, സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ/ ആയിരുന്ന പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുള്ള ഈ പ്രദേശം പേരിലെ പ്രത്യേകതകള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്നു. ചരിത്ര പ്രസിദ്ധമായ ദേവാലയങ്ങള്‍, ചരിത്രം ഉറങ്ങുന്ന ചെറു ഗ്രാമങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിങ്ങനെ ചെങ്ങന്നൂരിനു പകര്‍ന്നു തരാന്‍ പെരുമകള്‍ മാത്രം. ചെങ്ങന്നൂര്‍ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂര്‍ ആസ്ഥാനമായി അതേ പേരില്‍ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.


പുണ്യ പമ്പ ചെങ്ങന്നൂരിനെ തഴുകി ഒഴുകുന്നു. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് ഹൈവേ (എം. സി റോഡ്) ചെങ്ങന്നൂരില്‍ കൂടി കടന്നു പോകുന്നു. എന്‍. സി റോഡില്‍ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താല്‍ പന്തളത്തിനും, തിരുവല്ലക്കും ഇടയിലായി ചെങ്ങന്നൂര്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങന്നൂരിലെ റെയില്‍‌വേ സ്റ്റേഷനും പ്രസിദ്ധമാണ്. പ്രസിദ്ധമായ ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തരില്‍ ഏതാണ്ട് 70%ഉം ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. ജല, റെയില്‍, റോഡ് മാര്‍ഗം വേഗത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് ചെങ്ങന്നൂര്‍.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴ് ആഗസ്റ്റ് പതിനേഴാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന ചെങ്ങന്നൂര്‍ താലൂക്ക് കേരളത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചെങ്ങന്നൂര്‍ നൂറ്റാണ്ടുകാള്‍ക്ക് മുന്‍പ് തന്നെ പ്രധാന കച്ചവട കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമ സഭയില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലമായും, പാര്‍ലമെന്റില്‍ മാവേലിക്കര ലൊകസഭാ മണ്ഡലത്തിനു കീഴിലുമാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ താലുക്കിന്റെ വിസ്തീര്‍ണം നൂറ്റിമുപ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്. രണ്ടായിരത്തി ഒന്നില്‍ പുറത്തു വന്ന കനേഷുമാരി കണക്കനുസരിച്ച് ആകെ ജനസംഖ്യ ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയേഴ്. ഇതില്‍ നാല്‍പ്പത്തിയെട്ടു ശതമാനം സ്ത്രീകളും, അന്‍പത്തി രണ്ട് ശതമാനം പുരുഷന്മാരുമാണ്. ജനസംഖ്യയിലെ ഒന്‍പത് ശതമാനം ആറ് വയസിനു താഴെയുള്ള കുട്ടികളാണെന്നും കണക്കാക്കപ്പെടുന്നു.

ചരിത്രവും പുരാണവും

ഒന്നാം സഹസ്രാബ്ദത്തില്‍ നമ്മാഴ്വാര്‍ ചെങ്കുരൂര്‍ അഥവാ ചെങ്ങന്നൂരിനെ വേദ യജ്ഞങ്ങളില്‍‍ നിന്നുള്ള പുക ആകാശത്തെ നിറയ്ക്കുന്ന സ്ഥലം ആയി പ്രതിപാദിക്കുന്നു. ഇവിടം പച്ചപ്പണിഞ്ഞ വാഴത്തോപ്പുകളും തെങ്ങിന്തോപ്പുകള്‍ കൊണ്ടും നിറഞ്ഞിരുന്നതായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ചെന്നു നിന്ന ഊര് എന്ന വാക്യം ലോപിച്ചാണ് ചെങ്ങന്നൂര്‍ എന്ന പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഒരു തീര്‍ത്ഥയാത്രയ്ക്കു ശേഷം ഇവിടെ വന്നു നിന്നു എന്നാണ് ഐതീഹ്യം. അതില്‍ നിന്നാണ് സ്ഥലപ്പേര് ഉണ്ടായത്. ശിവന്റെ ചുവന്ന് കണ്ണ്+ഊര്‍ ചെങ്കണ്ണ് ഊര്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു. ചുവന്ന കല്ലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചെങ്കല്ലൂര്‍ എന്ന വാക്കാണ് ചെങ്ങണ്ണൂര്‍ ആയത് എന്നും കരുതുന്നവര്‍ ഉണ്ട്. 'ചുവന്ന കുന്ന്'(ശോണാദ്രി) എന്ന സ്ഥലത്താണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം നില്‍ക്കുന്നത് എന്നും അതിനാല്‍ ചെങ്കുന്ന് ഉള്ള 'ഊര്‍' എന്നത് ചെങ്കുന്നൂര്‍ ആയെന്നും അത് പിന്നീട് ചെങ്ങന്നൂര്‍ ആയെന്നും മറ്റൊരു വാദവും നിലവിലുണ്ട്.

പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം, പരുമല പള്ളി, പഞ്ചപാണ്ടവരില്‍ പ്രമുഖരായ ഭീമനും, യുധിഷ്ടിരനും പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന ത്രിപ്പുലിയൂര്‍, ത്രിച്ചിറ്റാറ്റ് ക്ഷേത്രങ്ങള്‍, പഴയ സുറിയാനി പള്ളി എന്നിവ ചെങ്ങന്നൂരിന്റെ പൌരാണിക ബിംബങ്ങളായി നിലകൊള്ളുന്നു. പ്രസിദ്ധമായ പാണ്ഡവന്‍ പാറയും, നൂറ്റവര്‍ പാറയും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ആണ്. പാണ്ഡവന്‍ പാറയില്‍ പഞ്ചപാണ്ഡവര്‍ ഇരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം അത്ഭുതമുണര്‍ത്തുന്ന ഒന്നു തന്നെ. സപ്ത സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഗുഹയും പാറക്കെട്ടിനുള്ളിലെ വറ്റാത്ത ഉറവയും ഇവിടുത്തെ മറ്റ് അത്ഭുതങ്ങള്‍ ആണ്.


ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും അതിലെ ചെറു ഗ്രാമങ്ങളും

മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂര്‍, ബുധനൂര്‍, പണ്ടനാട്, തിരുവന്‍‍മണ്ടൂര്‍. മാന്നാര്‍ എന്നീ പഞ്ചായത്തുകളും ചെങ്ങണൂര്‍ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങന്നൂര്‍ താലൂക്കിനു കീഴിലുള്ളത്.

ചെറിയനാട് പഞ്ചായത്ത്.

ഇടവങ്കാട്, തുരുത്തിമേല്‍, അരിയുണ്ണിശേരി, ചെറിയനാട്, മാമ്പ്ര, ചെറുമിക്കാട്, ചെറുവല്ലൂര്‍, കൊല്ലകടവ്, കുണ്ട്രടിപള്ളിശേരി, കടയിക്കാട്, ഇടമുറി, മണ്ടപ്രിയാരം.

മുളക്കുഴ പഞ്ചായത്ത്

നികരുമ്പുറം, പിരളശ്ശേരി, മുളക്കുഴ, പറ്റങ്ങാട്, കുടക്കമാര്‍ഗം, മണ്ണാറക്കോട്, കാരക്കാട്, കരിമ്പറാം‌പൊയ്ക, കൊഴുവല്ലൂര്‍, താഴം‌ഭാഗം, അരീക്കര, വലിയ പറമ്പ്, പെരിങ്ങാല, കണ്ണുവേലിക്കാവ്.

ആല പഞ്ചായത്ത്

ആല, ഉമ്മത്തില്‍, പൂമല, മലമോടി, വലപ്പുഴ, കോറ്റുകുളഞ്ഞി, കൊച്ചുതറപ്പാടി, ചമ്മത്ത്, പെണ്ണുക്കര, നെടുവരം കോട്.

വെണ്മണി പഞ്ചായത്ത്

വെണ്മണി താഴം, കോടുകുളഞ്ഞി കാരോട്, പറച്ചന്ത, ചങ്ങമല, ഇല്ലത്ത് മേപ്പുറം, പുന്തല താഴം, പൊയ്ക, കക്കട, വെണ്മാണി ഏറം, പുലക്കടവ്, വെണ്മണി പടിഞ്ഞാറ്റേ മുറി, വരമ്പൂര്‍.

തിരുവന്മണ്ടൂര്‍ പഞ്ചായത്ത്

ഇരമല്ലിക്കര, തിരുവന്മണ്ടൂര്‍, തന്നാട്, കോലെടത്തുശേരി, മഴുക്കീര്‍ കീഴ്, മഴുക്കീര്‍, മഴുക്കീര്‍ മേല്‍, കല്ലിശേരി, ഉമയാറ്റുകര, വനവാതു കര,

മാന്നാര്‍ പഞ്ചായത്ത്

പാവുക്കര , മാന്നാര്‍ ഠൌണ്‍, കുറത്തിക്കാട് , കുട്ടമ്പേരൂര്‍, കുളഞ്ഞിക്കര, എലമറ്റൂര്‍

പാണ്ടനാട് പഞ്ചായത്ത്

പ്രാമറ്റക്കര, പാണ്ടനാട് കോട്ടയ, പ്രേയാര്‍, മുതവഴി, വന്മഴി, മിത്രമാടം, കീഴ്വന്മഴി,

പുലിയൂര്‍ പഞ്ചായത്ത്

പാലച്ചുവട്, പഴയാറ്റില്‍, മടത്തും‌പടി, നൂറ്റവന്‍പാറ, തകലമറ്റം, കൂളിക്കപ്പാലം, തോനക്കാട്, ഇലഞ്ഞിമേല്‍, പുലിയൂര്‍

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി

ചെങ്ങന്നൂര്‍, കല്ലിശേരി, അങ്ങാടിക്കല്‍, പുത്തങ്കാവ്, ഇടനാട്, അങ്ങാറ്റിക്കല്‍ തെക്ക്

ആരാധനാലയങ്ങള്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
ചെങ്ങന്നൂര്‍ ബദേല്‍ പള്ളി
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി
പരുമല പള്ളി
പുത്തന്‍‌കാവ് പള്ളി
പുത്തങ്കാവ് നട ദേവീ ക്ഷേത്രം
ശാസ്താം കുളങ്ങര നരസിംഹ മൂര്‍ത്തി ക്ഷേത്രം.
ത്രിപ്പുലിയൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം.
ത്രിച്ചിറ്റാറ്റ് ശ്രീ കൃഷ്ണ ക്ഷേത്രം
തിരുവന്മണ്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം.
ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, വെണ്മണി
ഗന്ധര്‍വ്വാമൃതം ദേവീക്ഷേത്രം, മുളക്കുഴ
കൊഴുവല്ലൂര്‍ ദേവീക്ഷേത്രം
അയ്യപ്പക്ഷേത്രം, പാറച്ചന്ത കൊഴുവല്ലൂര്‍
മാന്നാര്‍ ജുമാ മസ്ജിദ്
ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
കുതിരവട്ടം അയ്യപ്പക്ഷേത്രം,കോടുകുളഞ്ഞി
അഡിച്ചിക്കാവ് ദേവീക്ഷേത്രം, പണ്ടനാട് വെസ്റ്റ്


സുപ്രധാന വ്യക്തിത്വങ്ങള്‍

പദ്മശ്രീ ഡോ: പി എം ജോസഫ് ( ഗ്വാളിയര്‍ ലക്ഷ്മീ ഭായി കോളേജിന്റെ സ്ഥാപക പ്രധാന ‍അദ്ധ്യാപകന്‍)
പദ്മശ്രീ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള ( പേരുകേട്ട കഥകളി കലാകാരന്‍)
ചെങ്ങന്നൂര്‍ ശങ്കര വാര്യര്‍
റാവു ബഹാദൂര്‍ പരമേശ്വര പിള്ള.
മഹാകവി പുത്തന്‍‌കാവ് മാത്തന്‍ തരകന്‍( ബൈബിള്‍ കിളിപ്പാട്ടായി എഴുതി മഹാകവി പട്ടം നേടി)
പദ്മശ്രീ പടിഞ്ഞാറെ മടത്തില്‍ ഭാസ്കരന്‍ നായര്‍
അഡ്വ: സി എന്‍ മാധവന്‍ പിള്ള
അഡ്വ: കൊച്ചു തോമ (മുന്‍ സുപ്രീം കോടതി ജഡ്ജ്)
അഡ്വ: ജോര്‍ജ് ജോസഫ് (മുന്‍ സുപ്രീം കോടതി ജഡ്ജി)
പദ്മശ്രീ ഡോ: കെ എം ചെറിയാന്‍ ( സ്ഥാപക പ്രസിഡന്റ് Institute of Cardio Vascular Diseases)
പദ്മശ്രീ ഡോ: എം ആര്‍ ജീ കുറുപ്പ് ( Indian Space Research Organisation )
ആര്‍ട്ടിസ്റ്റ് നമ്പ്യാര്‍
അഡ്വ: കെ കെ ചാക്കോ ( മുന്‍ ഹൈക്കോടതി ജഡ്ജി)

Thursday, June 11, 2009

വാസ്തു വിദ്യാ ഗുരുകുലം | Vasthu vidya Gurukulam | Kerala Tourism

ആറന്മുള പെരുമയിലേക്ക് ഒരു പൊന്‍ തൂവല്‍ കൂടി. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍/തനതു കലകള്‍ പഠിപ്പിക്കാന്‍ ഒരു കേന്ദ്രം തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിന്റെ ആസ്ഥാനം സംസ്കാരിക പെരുമകളുടെ ഊഷ്വരഭൂമിയായ ആറന്മുള തന്നെ ആയിരിക്കണം എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടായില്ല. അങ്ങനെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1993 ല്‍ കേരളാ വാസ്തു വിദ്യാ ഗുരുകുലം എന്ന സ്ഥാപനം ആറന്മുള ആസ്ഥാനമായി നിലവില്‍ വന്നു.

വാസ്തു വിദ്യ എന്നത് വാസ്, വിദ്യ എന്നീ സംസ്ക്രിത പദങ്ങളുടെ സമന്വയമാണ്. വാസ് എന്നാല്‍ നിര്‍മ്മാണം, വിദ്യ എന്നാല്‍ അറിവ്. നിര്‍മ്മിക്കാനുള്ള അറിവാണ് വാസ്തുവിദ്യ. വേദങ്ങളിലെ പരമപ്രധാനിയായ അഥര്‍വ്വവേദത്തിന്റെ ഉപ വേദമായ സ്താപദ്യ വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പരമപ്രധാന ഭാരതീയ നിര്‍മ്മാണകലയാണ് വാസ്തുവിദ്യ.

പുരാതന ശൈലിയിലുള്ള ഗൃഹ നിര്‍മ്മാണത്തെ ഉദ്ദേശിച്ചാണ് വാസ്തു ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നത്. ആറന്മുള വാസ്തു വിദ്യാ കേന്ദ്രം പുരാതന ഇന്‍ഡ്യന്‍ ഗൃഹനിര്‍മ്മാണ രീതിയെ ആധുനിക നിര്‍മ്മാണ രീതിയുമായി സമന്വയിപ്പിച്ച് തനതായ ഒരു നിര്‍മ്മാണ കല രൂപകല്‍പ്പന ചെയ്യുകയാണ് ചെയ്യുന്നത്. അതായത് പാരമ്പര്യത്തിന്റെയും, ഭക്തിയുടെയും, ശാസ്ത്രത്തിന്റെയും ഒരു ഇഴുകി ചേരല്‍. ആ ശൈലി സാധാരണ ജനങ്ങള്‍ അംഗീകരിച്ചു എന്നതിനു തെളിവാണ് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ആയിരക്കണക്കിനു ഭവനങ്ങള്‍.


ഇവിടെ നിലവിലുള്ള പഠന വിഷയങ്ങള്‍


1. പാരമ്പര്യ നിര്‍മ്മാണ കലയില്‍ ബിരുദാനന്ദര ബിരുദ ഡിപ്ലോമ - കോട്ടയം അസ്ഥാനമായ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ളത്.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - സിവില്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു.

2. പാരമ്പര്യ നിര്‍മ്മാണകലയില്‍ ഡിപ്ലോമ ( തപാല്‍ പാഠ്യ രീതി)

പാരമ്പര്യ നിര്‍മ്മാണ കല പഠിക്കുവാനുള്ള സാധാരണ ജനങ്ങളുടെ താല്‍പ്പര്യം മുന്നില്‍കണ്ട് ആറന്മുള വാസ്തു വിദ്യാഗുരുകുലം ഈ മേഖലയില്‍ തപാല്‍ വഴിയുള്ള പഠ്യ രീതിയും അവലംബിച്ചിരിക്കുന്നു.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - ഏതെങ്കിലും അംഗീകൃത സര്‍വ്വ കലാശാലകളുടെ ബിരുദം അല്ലെങ്കില്‍ സിവില്‍ ആര്‍ക്കിടെക്ട് ഡിപ്ലോമ.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശനത്തിന് പ്രത്യേക യോഗ്യതകള്‍ ആവിശ്യമില്ല.


3. പാരമ്പര്യ നിര്‍മ്മാണ കലയുടെ തലതൊട്ടപ്പന്മാരായ വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവരുടെ പുതിയ തലമുറയെ അവരില്‍ നിന്നും അന്യം നിന്നു പോയ അവരുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍, വാസ്തുവിദ്യയെ കുറിച്ച് അവരെ ബോധവന്മാരാക്കാന്‍ വേണ്ടി ഒരു പ്രത്യേക കോഴ്സും ഇവിടെ നടത്തുന്നു.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, പ്രവേശനം വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവര്‍ക്കു മാത്രം.

4. ഇതു കൂടാതെ പാരമ്പര്യ ചുവര്‍ ചിത്ര കലയും ഇവിടെ പഠിപ്പിക്കുന്നു.

കാലാവധി - രണ്ട് വര്‍ഷം

കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, ചിത്ര രചനയില്‍ താല്‍പ്പര്യം, വയസ് 25ല്‍ കവിയരുത്.

ചുമര്‍ചിത്രകലയുടെ ചരിത്രം, സവിശേഷതകള്‍, ചുമര്‍ചിത്ര ശൈലിയിലുള്ള രേഖാചിത്ര, ജലച്ഛായ ചിത്രരചന, താലപ്രമാണം, പ്രതലം തയ്യാറാക്കല്‍, വര്‍ണ സങ്കലനം, സംരക്ഷണ രീതികള്‍ മുതലായവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.


വാസ്തു വിദ്യാ ഗുരുകുലത്തിലെ ഗുരുക്കന്മാര്‍


വാസ്തു ശാസ്ത്രം

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഡോ: അച്ചുതന്‍, എ. ബി ശിവന്‍, മനോജ് എസ് നായര്‍, കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്.

എസ്റ്റിമേഷന്‍

പി. പി സുരേന്ദ്രന്‍

ഡ്രാഫ്റ്റിങ്ങ്


ഫ്രാന്‍സിസ്കാ ആന്റണി മണ്ണാലി

ചുവര്‍ ചിത്ര കല

സുരേഷ് കുമാര്‍, കെ.കെ വാര്യര്‍

സംസ്‌ക്രിതം

ഡോ: മോഹനന്‍ നായര്‍
ഡോ: മധുസൂതനന്‍

വിലാസം

വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍-689533
ഫോണ്‍ :0468-2319740

Wednesday, June 3, 2009

ആറന്മുള വള്ള സദ്യ | Aranmula Valla sadya | Kerala Tourism

ആറന്മുളയെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞു. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൌരാണിക സങ്കല്‍പ്പങ്ങളെ കുറിച്ച്, അവിടുത്തെ സാംസ്കാരിക പെരുമളെ കുറിച്ച്, ആഘോഷങ്ങളെ കുറിച്ച് ഒക്കെ വിശദമായി നമ്മള്‍ സംവദിച്ചു കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മുന്നില്‍ എനിക്കവതരിപ്പിക്കാനുള്ളത് ആറന്മുളയുടെ ലോക പ്രശസ്തമായ രുചിയെ കുറിച്ചാണ്. ആറന്മുളയുടെ തനതു രുചിയോ? എന്ന പരിഹാസ ചോദ്യം ഉന്നയിച്ചേക്കാവുന്നവര്‍ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ള സദ്യ. അമ്പലപ്പുഴ പാല്‍പ്പായസം എന്ന ഒറ്റ വിഭവം ലോകപ്രശസ്തമാണനെങ്കില്‍ ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.

രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.


പ്രത്യേകതകള്‍


ആറന്മുള പെരുമയില്‍ ഇതുവരെ പ്രതിപാദിച്ച മറ്റേതിനേയും പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്.
ആയിരങ്ങള്‍‍ പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന്‌ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്‌ മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക്‌ സദ്യവിളമ്പും.

പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്‌, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്‌, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണലപ്പുറത്തു പണ്ഡിതനും , പാമരനും സമ ഭാവനയൊടെ ഈ സദ്യക്കാ‍യ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍ വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍ കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്. അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.

ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...

ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

വിളമ്പുന്നവിധം

എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്ന വിധം

ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).


ആറന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍

1. ചോറ്
2. പരിപ്പ്
3. പപ്പടം
4. നെയ്യ്
5. അവിയല്‍
6. സാംബാര്‍
7. തോരന്‍
8. പച്ചടി
9. കിച്ചടി
10. നാരങ്ങ അച്ചാര്‍
11. ഇഞ്ചിക്കറി
12. കടുമാങ്ങ
13. ഉപ്പുമാങ്ങ
14. വറുത്ത എരിശ്ശേരി
15. കാളന്‍
16. ഓലന്‍
17. രസം
18. ഉറ തൈര്
19. മോര്
20. പ്രഥമന്‍
21. ഉപ്പേരി
22. കദളിപ്പഴം
23. എള്ളുണ്ട
24. വട
25. ഉണ്ണിയപ്പം
26. കല്‍ക്കണ്ടം
27. ശര്‍ക്കര / പഞ്ചസാര
28. മുന്തിരിങ്ങ
29. കരിമ്പ്‌
30. മെഴുക്കുപുരട്ടി
31. ചമ്മന്തിപ്പൊടി
32. ചീരത്തോരന്‍
33. തേന്‍
34. തകരതോരന്‍
35. നെല്ലിക്ക അച്ചാര്‍
36. ഇഞ്ചി തൈര്

ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക .

ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 61 വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു.

Wednesday, May 27, 2009

ആറന്മുള കണ്ണാടി | Aranmula metal mirror | Kerala Tourism

ആറന്മുള പെരുമയെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ആറന്മുള കണ്ണാടിക്കുള്ള സ്ഥാനം ചെറുതായി കാണാവുന്നതല്ല. വായനക്കാരില്‍ കൌതുകം ഉണര്‍ത്താന്‍ തക്ക എന്തോ ഒന്ന് അതിലുണ്ടെന്ന് പേരില്‍ തന്നെ വ്യക്തം. ഒരു കണ്ണാടിക്ക് മുന്നില്‍ ആറന്മുള എന്ന പേരു കൊത്തിയതുകൊണ്ടു മാത്രം അതിനെ ആറന്മുള കണ്ണാടി എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ കണ്ണാടി പെരുമ വായിച്ചതിനു ശേഷം മാന്യ വായനാക്കാര്‍ അതു തീരുമാനിക്കുക.



കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന കുഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.



ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രത്യേകത

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ്‌ തയാറാക്കുന്നത്‌. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



ആറന്മുള പെരുമയില്‍ മറ്റെന്തിനേയും പോലെ ആറന്മുളകണ്ണാടിക്കും ഒരു ചെറിയ ക്ഷേത്ര ബന്ധം ഉണ്ട്. തിരുവാറന്മുളയപ്പന് (ആറന്മുള പാര്‍ത്ഥസാരഥിക്ക്) മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടിയാണിതെന്നാണ് ആറന്മുള കണ്ണാടിയുടെ പിന്നിലെ ഐതീഹ്യം.

നിര്‍മ്മാതാക്കള്‍.

ആറന്മുളയിലെ പാരമ്പര്യ ലോഹവാര്‍പ്പുകാരായ ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്ന് ആറന്മുള കണ്ണാടിയുടെ കൂട്ടിന്‍റെ രഹസ്യം അറിയാവുന്നത്. ആറു തലമുറകള്‍ മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ കുലത്തില്‍പെട്ടവരാണ് ആറന്മുള കണ്ണാടിയുടെ ഉപഞ്ജാതാക്കള്‍‍ എന്നു കരുതപ്പെടുന്നു. ലോഹപ്പുരയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കം ഇതിന്‍റെ കൂട്ട് പറഞ്ഞുകൊടുക്കില്ല. ആലക്ക് നേതുത്വം നല്‍കുന്ന മൂത്താശാരിമാരുടെ രഹസ്യമായിരിക്കും ഈ കണ്ണാടിയുടെ ലോഹക്കൂട്ട്. തങ്ങളുടെ അനന്തര അവകാശിയായി യോഗ്യനെന്ന് തോന്നുന്ന ആള്‍ക്ക് മരണസമയത്താണ് ഈ രഹസ്യക്കൂട്ട് പറഞ്ഞുകൊടുക്കുക.



ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്‌. അമൂല്യ വസ്തുവായി കേരളത്തിന്‍റെ വിശേഷ ഉത്പ്പന്നമായി ആറന്മുള കണ്ണാടിയെ വിശേഷിപ്പിക്കാം.

നിര്‍മ്മാണ രീതി

നിര്‍മ്മാണത്തിനു വേണ്ട അച്ച് ഉണ്ടാക്കുന്നത് ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ നിന്നും ശേഖരിക്കുന്ന കളിമണ്ണുകൊണ്ടാണ്. പരമ്പരാഗത ഓട്ടു പാത്ര നിര്‍മ്മാണരീതി തന്നെയാണ് ഇവിടെയും അവലംബിക്കുന്നത്. ക്ഷമയോടെയുള്ള നിര്‍മ്മാണ രീതിയിലും 60% ത്തോളം കണ്ണാടിക്കു വേണ്ട ലോഹക്കൂട്ടും നഷ്ടപ്പെടുകയാണ് പതിവ്. കണ്ണാടി നിര്‍മ്മാണത്തിനു മുന്നോടിയായി ഏകദേശം ഒന്‍പത് കിലോ ഉരുകിയ ലോഹ സങ്കരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൃത്താകൃതിയുള്ള കഴുത്തിറുക്കമുള്ള ഒരു പാത്രം ഇരുമ്പില്‍ നിര്‍മ്മിക്കുന്നു. ഇതിനെ കോവ എന്ന പേരില്‍ അറിയപ്പെടുന്നു. ചെമ്പ്, ഈയം, നാഗം എന്നിവയുടെ ചെറു നുറുങ്ങുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇതിലേക്ക് ഇടുന്നു. പിന്നീട് കോവയുടെ വായ് ഭാഗം കളിമണ്ണാല്‍ അടക്കുന്നു. അതിനു ശേഷം ഈ കളിമണ്‍ മൂടിയില്‍ രണ്ട് സമാന ദ്വാരങ്ങള്‍ ഇടുന്നു. ഉരുകിയ ലോഹസങ്കരത്തെ പുറത്തെടുകാനാണ് ഈ ദ്വാരങ്ങള്‍.



ലോഹ നുറുങ്ങുകള്‍ അടങ്ങിയ കോവയെ പിന്നീട് കരിയും തൊണ്ടും നിറച്ച് കത്തിച്ച അടുപ്പിലേക്ക് മാറ്റുന്നു. ഈ മിശ്രിതത്തെ ഏതാണ് 400 ഡിഗ്രിയില്‍ ചൂടാക്കുന്നു. ഉരുകിയ മിശ്രിതത്തെ നിരപ്പായ സധാരണ നിലത്തേക്ക് തന്നെ ഒഴുക്കുന്നു. നിലത്ത് ഒഴുക്കി തണുപ്പിച്ച ലോഹക്കൂട്ടിനെ ഒരു വലിയ ചുട്ടിക ഉപയോഗിച്ച് വീണ്ടും നുറുങ്ങുകളാക്കുന്നു. പിന്നീട് ഈ ലോഹക്കൂട്ടിനെ വിദഗ്ദമായി പരിശോധിച്ച് ഗുണം വിലയിരുത്തുന്നു. കൂട്ട് ഗുണസമ്പന്നമാണെങ്കില്‍ അതിനെ വീണ്ടും കോവയിലേക്ക് മാറ്റി മുന്‍പ് ചെയ്ത രീതിയില്‍ വീണ്ടും ഉരുക്കുന്നു. ഗുണത്തില്‍ കുറവുള്ളതായി കണ്ടാല്‍ അതിലേക്ക് കൂടുതല്‍ ലോഹ നുറുങ്ങുകള്‍ (ചെമ്പ്, ഈയം,നാ‍ഗം) ചേര്‍ത്ത് വീണ്ടും ഉരുക്കും. ഇപ്പോള്‍ ഉരുകി തയ്യാറായ ലോഹമിശ്രിതത്തെ മുന്‍പേ തയ്യാറാക്കി വച്ച അച്ചിലേക്ക് ഒഴുക്കുന്നു. പിന്നെ ഈ മിശ്രിതത്തെ അച്ചിലിരുന്നു തണുക്കാന്‍ അനുവദിക്കുന്നു.



തണുത്ത മിശ്രിതത്തിനു ചുറ്റുമുള്ള കളിമണ്‍ അച്ചിനെ ഉള്ളിലുള്ള ലോഹസങ്കരത്തിന് ഉടവു തട്ടാതെ പൊട്ടിച്ചെടുക്കുന്നു. ഉരുക്കി കിട്ടിയ ലോഹ സങ്കരം പിന്നീട് നന്നായി വെന്ത് ഭസ്മമായ കളിമണ്ണും, നല്ലെണ്ണയും, ചണവും കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിച്ച് മിനുക്കലിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. രണ്ടാം ഘട്ടമായി കോട്ടണ്‍ തുണി ഉപയോഗിച്ച് പലവുരു ഉരക്കുന്നു. മൂന്നാം ഘട്ടമായി വെല്‍‌വെറ്റ് ഉപയോഗിച്ച് ഉരക്കുന്നു. ഉരക്കുന്തോറും വെല്‍‌വെറ്റിലേക്ക് നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച നല്ലെണ്ണ ആഗിരണം ചെയ്യപ്പെടുന്നു. എണ്ണ നിറഞ്ഞ വെല്‍‌വെറ്റ് മാറി ഉണങ്ങിയ വെല്‍‌വെറ്റ് ഉപയോഗിച്ച് കൂടുതല്‍ ഉരക്കുന്നു. എതാണ്ട് എണ്ണമയം പൂര്‍ണമായി തുടച്ചു മാറ്റപ്പെടുമ്പോള്‍ അവസാന പ്രക്രിയ എന്നവണ്ണം വെല്‍‌വെറ്റ് ഒരു നിരന്ന പ്രതലത്തില്‍ ഉറപ്പിക്കുന്നു. പിന്നീട് കണ്ണാടിയുടെ തിളക്കമില്ലാത്ത വശത്ത് അതെ നീളവും വീതിയുമുള്ള ഒരു തടി കഷണം ഉറപ്പിച്ച് വെല്‍‌വെറ്റിനു മേലെയായി ഒരേ വശത്തേക്ക് ഉരക്കുന്നു. കണ്ണാടിക്ക് അതിന്റെ ഏറ്റവും ഉദാത്തമായ തിളക്കം ഉണ്ടായി എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ചെറു ചൂടു കൊടുത്ത് പുറകില്‍ ഒട്ടിച്ച തടി കഷ്ണത്തെ വേര്‍‌പെടുത്തുന്നു. കണ്ണാടി എന്നത് അതിദര്‍പ്പണ സ്വഭാവമുള്ള ഒരു പ്രതലമായതുകൊണ്ട്, സധാരണ രസക്കൂട്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ണാടിക്കൊപ്പം തിളക്കം ഉണ്ടാവാന്‍ ആറന്മുളകണ്ണാടിയുടെ ലോഹക്കൂട്ടില്‍ മേല്‍ പറഞ്ഞ പോലെ പലഘട്ടങ്ങളായി പലവുരു മിനുക്കേണ്ടി വരും. ഈ മിനുക്കല്‍ പ്രക്രിയ ചില അവസരങ്ങളില്‍ തുടര്‍ച്ചയായി നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. മൂശാരിയുടെ മനസില്‍ ത്രിപ്തി വരും വരെ മിനുക്കല്‍ തുടരുന്നു. പിന്നീട് മുന്‍‌കൂട്ടി തയ്യാറാക്കി വച്ച ഓട്ടു ചട്ടത്തില്‍ ഉറപ്പിക്കുകയും ആവശ്യക്കാരന് കൈമാറുകയും ചെയ്യുന്നു.



ആറന്മുളയിലും പരിസരങ്ങളിലും നിന്നു കിട്ടുന്ന സാധങ്ങള്‍ മാത്രമാണ് ആറന്മുളകണ്ണാടിക്ക് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത് 100% കേരളീയന്‍ അല്ലെങ്കില്‍ ആറന്മുളയന്‍ ആണെന്ന് അവകാശപ്പെടാം. കളിമണ്ണ് ആറന്മുളയിലും പരിസരത്തുമുള്ള പാടങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ചെമ്പ്, ഈയം, ഓട് എന്നീ ലോഹങ്ങള്‍ ആറന്മുളക്കടുത്തുള്ള മാന്നാര്‍ എന്ന സ്ഥലത്തു നിന്നും ശേഖരിക്കുന്നു.


എന്തുകൊണ്ട് വിലക്കൂടുതല്‍

സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 500 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.



എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹന‍ശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

എങ്ങനെ തിരിച്ചറിയാം

കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.


കണ്ണാടി പെരുമ

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ ‍സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.



കേരളത്തിലെ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആറന്മുള കണ്ണാടിയുടെ പ്രശസ്തിയും പ്രതാപവും പരന്നുകഴിഞ്ഞു. കേരളത്തിന്‍റെ ലോഹശില്‍പ്പകലയുടെ മഹിമ വിളിച്ചോതുന്ന ആറന്മുള കണ്ണാടിക്ക് ഇന്ന് ലോകവിപണിയില്‍ നമ്പര്‍ വണ്‍ സ്ഥാനമാണ് ഉള്ളത്. പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ കേരളീയ ഉല്‍പന്നമെന്ന ഖ്യാതി ആറന്മുള കണ്ണാടിക്കു ലഭിക്കും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തിലാണ് ആറന്മുളക്ക് പേറ്റന്റു ലഭിക്കുക.‍ വിദേശസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ട കരകൗശലവസ്‌തുക്കളില്‍ ഒന്നാണിത്‌.

Sunday, May 24, 2009

ആറന്മുള വള്ളം കളി | Aranmula Boat Race | Kerala Tourism

ചരിത്രാന്വേഷണ കുതുകികള്‍ക്കും, ദൈവ വിശ്വാസികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഷയമാണ് ആറന്മുളയും അതിന്റെ സംസ്കാരിക പെരുമയും. ആറന്മുളയെ ലോക ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കി തീര്‍ത്തതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചിരിക്കുന്നത് ആറന്മുള വള്ളം കളിയാണെന്നതിന് വിരുദ്ധാഭിപ്രായം ഉണ്ടാവില്ല തന്നെ.

പമ്പയെ പുളകച്ചാര്‍ത്ത്‌ അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്‌. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത്‌ മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്‌.



ഈ ജലോത്സവം ഒരു അനുഷ്ടാനമാണ്. കായികാഭ്യാസമാണ്. സാഹിത്യാധിഷ്ടിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ അഞ്ചു ഘടകങ്ങള്‍ ഒത്തു ചേരുന്നത്‌ ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്‌.

പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഓരോ വര്‍ഷത്തെ ജലമേളയും പമ്പാനദിക്കരയിലെ ഈ സാംസ്കാരിക പൈത്രികം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു സഹായകമാകുന്നു.



ജാതിമത ചിന്തകള്‍ വെടിഞ്ഞ്‌ നാനാജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തു ചേര്‍ന്ന് നടത്തുന്ന മറ്റൊരു സംരംഭം വേറെ കാണാന്‍ സാധിക്കുകയില്ല. ഭക്തിയും മത്സരവും ഇഴുകി ചേരുന്ന ഈ ജലമേള ആരുടേയും മനസ്സിന്‍ ഇമ്പമേകുന്നതാണു.

ആറന്മുളയുടെ പെരുമയെന്നു വിശേഷിപ്പിക്കാവുന്ന മറ്റെല്ലാ സാംസ്കാരിക പൈത്രികങ്ങള്‍ എന്ന പോലെ തന്നെ ആറന്മുളയിലെ വള്ളം കളിയും ക്ഷേത്രവും, ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വള്ളം കളികളില്‍ നിന്നും ഏറെ പ്രത്യേകതകള്‍ സൂക്ഷിക്കുന്ന വള്ളം കളിയുടെ ഏറ്റവും വലിയ പ്രത്യേകത വള്ളങ്ങള്‍ തന്നെയാണ്. വള്ളങ്ങളെ കുറിച്ച് അത്രയൊന്നും അറിയാത്ത ഒരു സാധാരണക്കാരന്റെ ദൃഷ്ടിയില്‍ വെറുമൊരു ചുണ്ടന്‍ വള്ളം എന്ന വിലയിരുത്തല്‍ ഉണ്ടാ‍വാം എങ്കിലും, ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന പ്രസിദ്ധമായ നെഹ്രു ട്രോഫി പോലെയുള്ള മത്സരവള്ളം കളികളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വള്ളങ്ങള്‍ അല്ല ആറന്മുളയിലേത്. ആറന്മുളയിലെ വള്ളങ്ങളെ പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നു.




പള്ളിയോടങ്ങളുടെ പ്രത്യേകതകള്‍


ആലപ്പുഴയിലെ മത്സരവള്ളങ്ങളില്‍ നിന്നു വ്യത്യസത്ഥമായി‌ ഈ വള്ളങ്ങള്‍ക്ക്‌ 5-6 കോല്‍ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിന്‍ഭാഗം),കൂമ്പ്‌(മുന്‍ഭാഗം) എന്നിവ വെള്ളത്തിനോട്‌ ചേര്‍ന്നു കിടക്കുമ്പോള്‍ പള്ളിയോടങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ജലത്തില്‍ സ്പര്‍ശിക്കുകയുള്ളൂ. നടുഭാഗം മാത്രം വെള്ളത്തില്‍ സ്പര്‍ശിച്ച് അമരവും, കൂമ്പും ജലനിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിര്‍മാണ രീതിയാണ് പള്ളിയോടങ്ങളില്‍ അവലംബിച്ചിരിക്കുനത്. നീളം കുറയുകയും, അമരവും കൂമ്പും ജലനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നതിനാല്‍ വള്ളത്തിന്റെ വീതി കൂടുതലും ആയിരിക്കും. കുതിച്ചു പായാനുള്ള ശേഷി തുലോം കുറവായതിനാല്‍ മത്സരവള്ളം കളിയുടെ വീര്യം ആറന്മുളയില്‍ ദര്‍ശിക്കാന്‍ വരുന്നവര്‍ തീര്‍ച്ചയായും നിരാശരാവും.

അനന്ദശയനാകൃതിയിലുള്ള ഒരു പള്ളിയോടത്തില്‍ നൂറു മുതല്‍ നൂറ്റിപത്ത് വരെ ആള്‍ക്കാര്‍ കയറും. നാല് അമരകാര്‍ കാണും. പന്ത്രണ്ടടി അടി നീളമുള്ള തുഴക്കോല്‍ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവര്‍ക്കു പിന്നിലായി ഒരു വരിയില്‍ രണ്ടുപേര് എന്നവണ്ണം അറുപത്തിലാല് തുഴക്കാര്‍ ഇരിക്കുന്നു. അറുപത്തിനാല് കലകളെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. അവര്‍ വഞ്ചിപ്പാട്ടിനൊത്ത് താളത്തില്‍ തുഴയുന്നു. സാധാരണയായി പത്ത് നിലയാളുകള്‍ക്കൊപ്പം ഇരുപത്തിയഞ്ച് പാട്ടുകാരുംഉണ്ടാവും. പാട്ടുകാര്‍ ഒരു പ്രത്യേക താളത്തില്‍ ഭഗവത് സ്തുതികള്‍ പാടും. ഇത്തിനെ വഞ്ചിപ്പാട്ട് എന്നറിയപ്പെടുന്നു. അതിന്റെ താളത്തിനനുസരിച്ച് തുഴച്ചിലുകാര്‍ തുഴയെറിയുന്നു. ആറന്മുളയിലും പരിസരങ്ങളിലും ഉള്ള പേരെടുത്ത വഞ്ചിപ്പാട്ട് കലാകാരന്മാരാണ് പ്രധാന പാട്ടുകാര്‍.




മറ്റു ജലമേളകളില്‍ നിന്നും തുഴക്കാരുടെ വേഷവിധാനത്തിലും പ്രത്യേകതകള്‍ ഉണ്ട്. പുളിയിലക്കരമുണ്ട് തലയില്‍ കെട്ടി, കൃതാവും മേല്‍മീശയും വച്ച്, പാവ് മുണ്ടുടുത്ത്, നെറ്റിയിലും രോമാവ്രതമായ മാറിലും കളഭം പൂശി, നാലുംകൂട്ടി മുറുക്കിയാണ് അമരക്കാര്‍ നില്‍ക്കുന്നത്. പണ്ട് കാലത്തെ കേരള പടനായകന്‍‌മാരെ അനുസ്മരിപ്പിക്കുന്നതാണ് ഈ വേഷം. വള്ളം ഓടിത്തുടങ്ങുന്നതോടെ ഇരുവശത്തും നില്‍ക്കുന്ന ആവേശഭരിതരായ ജനങ്ങള്‍ തോണികളിലേക്ക് വെറ്റില പറപ്പിക്കുന്നു. ചിലര്‍ അവില്‍പ്പൊതിയെറിയുന്നു. മറ്റ് ചിലര്‍ പഴക്കുല സമര്‍പ്പിക്കുന്നു. കളിയോടങ്ങളില്‍ ഭഗവത്‌സാമീപ്യമുണ്ടെന്ന വിശ്വാസമാണ് ഇതിന് കാരണം.

ആറന്മുളയിലെ പള്ളിയോടങ്ങള്‍ ക്ഷേത്രവും അതിന്റെ ചരിത്രവും, പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പള്ളിയോടങ്ങളെ ക്ഷേത്രങ്ങളായി തന്നെ കണക്കാക്കപ്പെടുന്നു. പള്ളിയോടത്തിന്റെ രൂപം തന്നെ ആറന്മുളയപ്പന്‍ മുണ്ടക്കല്‍ തച്ചന് സ്വപനദര്‍ശനത്തില്‍ കൊടുത്തതാണെന്ന് വിശ്വസികപ്പെടുന്നു. കൊടിയും അമരച്ചാര്‍ത്തും കൊണ്ട അലങ്കരിച്ച പള്ളിയോടങ്ങള്‍ പ്രപഞ്ചത്തിന്റെ പ്രതിരൂപങ്ങള്‍ എന്നു വ്യാഖ്യാനിക്കപ്പെടുന്നു. നാല് അമരക്കാര്‍ നാലു വേദങ്ങളെയും, കൂമ്പില്‍ ഇരിക്കുന്ന എട്ട് തുഴകാര്‍ അഷ്ടദിക്‌പാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള രണ്ട് വെങ്കലകുമിളകള്‍ സൂര്യനേയും ചന്ദ്രനേയും പ്രധിനിധീകരിക്കുന്നു എന്നാണ്‌ വിശ്വാസം. സവിശേഷമായ ദിവ്യത്വം കല്‍പ്പിച്ചിട്ടുള്ള പള്ളിയോടങ്ങള്‍ തിരുവാറന്മുളയപ്പന്റെ വാഹനമാണെന്നും അതില്‍ ദേവന്റെ സാന്നിധ്യം സദാ ഉണ്ടാവുമെന്നുമാണ് വിശ്വാസം. അതിനാല്‍ തന്നെ വ്രത്ശുദ്ധിയോടും, ശരീരശുദ്ധിയോടും മാത്രമേ അതില്‍ സ്പര്‍ശിക്കുക പോലും ചെയ്യാവൂ എന്നു നിഷ്കര്‍ഷിക്കുന്നു.

നിര്‍മ്മാണ രീതി

ഒരു വള്ളം നിര്‍മ്മിക്കുന്നതിന്‌ ഏക്ദേശം 15 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്‌. പാലാ-മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ നിന്നാണ്‌ സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികള്‍ ലഭിക്കുന്നത്‌.

ആറിന്റെ കരയില്‍ നിര്‍മ്മിക്കുന്ന മാലിപ്പുരകളില്‍ ആണ്‌ വള്ളത്തിന്റെ നിര്‍മ്മാണം നടത്തുന്നത്‌.'ഏരാവ്‌-മാതാവ്‌' എന്ന 2 നീളമുള്ള പലകകള്‍ ആണ്‌ ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട്‌ ഈ 2 പലകകള്‍ ഒരു അച്ചില്‍ ഉറപ്പിച്ച്‌ ഒരു വളവ്‌ ഉണ്ടാക്കിയെടുത്തിട്ടാണ്‌ വള്ളംപണി ആരംഭിക്കുന്നത്‌. ഈ വളവ്‌ ഉണ്ടാക്കിയെടുക്കാന്‍ സാധാരണ 3-4 മാസം വേണ്ടിവരും.

വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സില്‍ രൂപപ്പെടുന്ന കണക്കുകള്‍ വെച്ചാണ്‌ പണി പുരോഗമിക്കുന്നത്‌. വള്ളം പണിയാന്‍ ആവശ്യമായ 'തറകള്‍'(അഥവാ ചതുരത്തില്‍ ഉള്ള ആണികള്‍) നിര്‍മ്മിക്കുന്നത്‌ മാലിപ്പുരയില്‍ തന്നെയാണ്‌. നല്ലൊരു തൂക്കം ഇരുമ്പ്‌ വള്ളംപണിക്ക്‌ ആവശ്യമാണ്‌.ഇതുകൂടാതെ തടികള്‍ക്കിടയില്‍ കൂടി വെള്ളം കയറാതിരിക്കുവാന്‍ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.

പ്രധാന തച്ചന്മാര്‍

വള്ളത്തിന്റെ അവസാന അലങ്കാരപ്പണികള്‍ പ്രധാന ആശാരിയാണ്‌ ചെയ്യുന്നത്‌. പണ്ടുകാലത്ത്‌ പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌ റാന്നി മുണ്ടപ്പുഴ തച്ചന്മാര്‍ ആയിരുന്നു. ഇന്ന് ഈ ശാഖയില്‍ നിന്ന് ആരും തന്നെ പള്ളിയോടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശില്‍പ്പി ചങ്ങങ്കരി വേണു ആശാരി ആണ്‌. ഇതിനു മുന്‍പ്‌ കോഴിമുക്ക്‌ നാരായണന്‍ ആശാരിയും ചങ്ങങ്കരി തങ്കപ്പന്‍ ആശാരിയും ആയിരുന്നു വള്ളങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌. കോഴഞ്ചേരി, കീഴുകര, നെല്ലിക്കല്‍,കാട്ടൂര്‍ എന്നീ പള്ളിയോടങ്ങള്‍ കോഴിമുക്ക്‌ നാരായണന്‍ ആശാരി നിര്‍മ്മിച്ചതാണ്‌. പൂവത്തൂര്‍ പടിഞ്ഞാറ്‌, മാലക്കര, ഇടനാട്‌ എന്നിവ തങ്കപ്പന്‍ ആചാരി നിര്‍മ്മിച്ചതാണ്‌. ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്‌, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്‌, കീഴുവന്മഴി, വന്മഴി,ഇടപ്പാവൂര്‍-പേരൂര്‍ എന്നീ വള്ളങ്ങള്‍ നിര്‍മ്മിച്ചത്‌ വേണു ആശാരി ആണ്‌.


ചരിത്രം

ഈശ്വരാര്‍പ്പണമായാണ് ആറന്‍‌മുള വള്ളം കളി ആരംഭിച്ചത്. ചരിത്രകാരന്‍‌മാര്‍ ഇതിന് 200 കൊല്ലം പഴക്കം കല്പിക്കുന്നു. ആദ്യകാലത്ത് വെറും പള്ളിയോട ഘോഷയാത്രമാത്രമായിരുന്ന വള്ളം കളി 1972 മുതല്‍ മത്സരവള്‍ലം കളിയായി നടത്തി വരുന്നു. കേരള സര്‍ക്കാരിന്‍റെ ഓണത്തോടനുബന്ധിച്ച വിനോദ വാരാഘോഷത്തിന്‍റെ പ്രധാന ആകര്‍ണം കൂടിയാണിത്.

ഓണക്കാലത്ത്‌ ആറന്മുളയിലെ പമ്പാനദിയില്‍ നടക്കുന്ന ഈ ജലോത്സവത്തിന്‌ 'ഉത്തൃട്ടാതി വള്ളംകളി'യെന്നു പേരുണ്ട്‌. അനുഷ്ടാനപരമായ വേരുകളുണ്ട്‌ ആറന്മുള വള്ളം കളിക്ക്‌. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ കാട്ടൂര്‍ മനയില്‍ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്ന്‌ അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ആ ബ്രാഹ്മ്ണ ഭകതന് മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഈ തോണിയാണ് തിരുവോണ തോണി എന്നറിയപ്പെടുന്നത്. ഒരിക്കല്‍ തിരുവോണത്തോണിക്കു നേരെ വഞ്ചിക്കള്ളന്മാരുടെ ‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തിരുവോണത്തോണിയുടെ സംരക്ഷണത്തിന്‌ സായുധരായ പടയാളികള്‍ പള്ളിയോടങ്ങളില്‍ അനുയാത്ര ചെയ്‌തു തുടങ്ങി. ഓണക്കോപ്പുകള്‍ കൊണ്ടു വരുന്ന പതിവ്‌ ഇന്നും തുടരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ അകമ്പടി സേവിച്ചിരുന്ന ഭൂതകാലത്തിന്റെ സ്‌മരണയില്‍ ജനകീയോത്സവമായ ആറന്മുള വള്ളംകളി രൂപമെടുക്കുകയും ചെയ്‌തു.

ആറന്മുള വള്ളംകളിയിലെ പള്ളിയോടങ്ങള്‍

പണ്ട്‌ മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു പള്ളിപ്പാട്‌ മുതല്‍ കിഴക്ക്‌ വടശ്ശേരിക്കര വരെയായി 48 കരകളില്‍ പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോള്‍ പലവള്ളങ്ങളും ജീര്‍ണ്ണാവസ്ഥയിലും പിന്നെ കരകാരുടെ വഴക്കിലും പെട്ടു നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്‌, മേപ്രം, വാഴാര്‍മങ്കലം, പ്രയാര്‍, പാണ്ടനാട്‌, കീക്കൊഴൂര്‍, ഐത്തല, റാന്നി, വടശ്ശേരിക്കര എന്നിങ്ങനെ പഴയ പല വള്ളങ്ങളും ഇപ്പോള്‍ പഴമക്കാരുടെ ഓര്‍മ്മകളിലെ ഉള്ളു. അടുത്തകാലത്ത്‌ ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്ന മഴുക്കീര്‍ എന്ന വള്ളവും. 90കളുടെ മദ്ധ്യത്തില്‍ എണ്ണം കുറഞ്ഞുകുറഞ്ഞു 27ല്‍ എത്തി നിന്നു. പിന്നീട്‌ പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിര്‍മ്മാണത്തിലേക്ക്‌ തിരിയുകയായിരുന്നു.

മദ്ധ്യതിരുവിതാംകൂറില്‍ പടിഞ്ഞാറു ചെന്നിത്തല മുതല്‍ കിഴക്ക്‌ എടപ്പാവൂര്‍ വരെയുള്ള 39 പള്ളിയോടങ്ങളാണ്‌ ഇപ്പോള്‍ ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്നത്‌.

1. ചെന്നിത്തല
2. കടപ്ര
3. വെണ്‍പാല-കദളിമങ്കലം
4. വന്മഴി
5. കീഴുവന്മഴി
6. മുതവഴി
7. ഉമയാറ്റുകര
8. മുണ്ടങ്കാവ്‌
9. കോടിയാട്ടുകര
10. തൈമറവുംകര*
11. മംഗലം
12. ഓതറ
13. ഇടനാട്‌
14. ആറാട്ടുപുഴ
15. കോയിപ്രം
16. മാലക്കര
17. നെല്ലിക്കല്‍
18. ഇടയാറന്മുള
19. ഇടയാറന്മുള കിഴക്ക്‌
20. ളാക ഇടയാറന്മുള
21. പൂവത്തൂര്‍ പടിഞ്ഞാറ്‌
22. പൂവത്തൂര്‍ കിഴക്ക്‌
23. തോട്ടപ്പുഴശ്ശേരി
24. ഇടശ്ശേരിമല
25. ഇടശ്ശേരിമല കിഴക്ക്‌
26. മല്ലപ്പുഴശ്ശേരി
27. മാരാമണ്‍
28. പുന്നംത്തോട്ടം
29. മേലുകര
30. കീഴുകര
31. നെടുമ്പ്രയാര്‍
32. കോഴഞ്ചേരി
33. അയിരൂര്‍
34. ചെറുകോല്‍
35. കുറിയന്നൂര്‍
36. കോറ്റാത്തൂര്‍
37. കാട്ടൂര്‍
38. ഇടപാവൂര്‍-പേരൂര്‍
39. ഇടപ്പാവൂര്‍

പള്ളിയോടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും കരകളില്‍ ആവേശം ഉണരുകയും ചെയ്ത ഈ സാഹചര്യത്തില്‍ നമ്മുടെ ഭാവി ജലമേളയെപ്പറ്റി ബന്ധപ്പെട്ടവര്‍ക്കു വളരെ കുണ്ഠിതമുണ്ട്‌. പ്രകൃതിയുടെ വരദാനമായ പുണ്യനദിയായ പമ്പയിന്ന് വറ്റി വരണ്ട്‌ മലീമസപ്പെട്ടിരിക്കുന്നു. അനധിക്രിതമായ മണല്‍വാരലും മാലിന്യ നിക്ഷേപവും പമ്പാനദിയില്‍ രൂപംകൊണ്ട മണല്‍പ്പുറ്റുകളും മറ്റും കാരണം പുണ്യനദി ഇന്ന് വെറും ചെളിക്കുണ്ടായി മാറി. ഇപ്പോള്‍ മിക്ക വര്‍ഷങ്ങളിലും പമ്പാനദിയില്‍ ജെ സി ബി ഉപയോഗിച്ച്‌ വള്ളംകളിക്കു തൊട്ടുമുന്‍പായി നദിയിലെ മണ്ണടിഞ്ഞ ഭാഗം നീക്കി ജലോത്സവത്തിനു സജ്ജമാക്കുക പതിവായി വന്നു. ഇതെല്ലാം ജലമേളയുടെ നടത്തിപ്പിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു.

പള്ളിയോടങ്ങള്‍ ഓരോ വര്‍ഷവും ജലമേളയില്‍ പങ്കെടുക്കണമെങ്കില്‍ വലിയ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകള്‍ അനിഭവിക്കുന്നുണ്ട്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനംതിട്ട , ആലപ്പുഴ ജില്ലാപഞ്ചായത്തുകളും ബന്ധപ്പെട്ട ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളും അകമഴിഞ്ഞ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത്‌ സ്മരണീയമാണു. എങ്കിലും മറ്റു ജലമേളകള്‍ക്കു സര്‍ക്കാര്‍ തലത്തിലും എം പി, എം എല്‍ ഏ ഫണ്ടില്‍ നിന്നും ധാരാളം ധന സഹായങ്ങള്‍ നല്‍കുമ്പോള്‍ ഇവിടെ പേരിനുമാത്രമാണു നല്‍കുന്നത്‌. ചരിത്രപ്രസിദ്ധമായ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ നമ്മുടെ ജലമേളയുടെ അന്ത:സത്തയെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിയാത്തതില്‍ ഖേദമുണ്ട്‌.