. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Sunday, November 1, 2015

ക്ഷേത്രം/അമ്പലം ഭാഗം 2 | Temple part 2 | Kerala Tourism

ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. അത്യാധുനിക കാലത്തെ മനുഷ്യജന്മങ്ങളില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാണ് എന്ന ആത്മപരിശോധനയോടെ ക്ഷേത്രത്തെകുറിച്ചുള്ള ലേഖന പരമ്പരയുടെ രണ്ടാം ഭാഗത്തേക്ക് കടക്കട്ടെ.

ക്ഷേത്രങ്ങളുടെ പെരുമയെ കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ ഏവരും വായിച്ചിരിക്കും എന്ന് കരുതുന്നു. ക്ഷേത്രം ഒരു മഹാസാഗരമാണ്. അതിനെ കുറിച്ച് എഴുതിയാല്‍ തീരാത്തത്ര ഇനിയും ബാക്കിയുണ്ട് എന്നും നിങ്ങള്‍ക്ക് അറിയാം. ക്ഷേത്രത്തെ അധികരിച്ചുള്ള ലേഖന പരമ്പരയിലെ ഒന്നാം ഭാഗം എഴുതിയത് ഏതാണ്ട് അഞ്ച് വര്‍ഷം മുന്‍പാണ്. അതിന്റെ തുടര്‍ഭാഗം അവതരിപ്പിക്കാന്‍ ഇത്രയും കാലം എടുക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ഒപ്പം വായനയുടെ സുഖം ചോര്‍ന്നുപോകാതിരിക്കാന്‍ ഇതിന്റെ ആദ്യഭാഗംകൂടി മാന്യവായനക്കാര്‍ വായിക്കണം എന്ന അപേക്ഷയോടെ ഒന്നാം ഭാഗത്തിന്റെ  തുടര്‍ച്ചയായി ഇവിടെ വായന തുടരാം.

സോപാനം



അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. ക്ഷേത്ര ശ്രീകോവിലിന്‍റെ സാധാരണ തറയില്‍ നിന്നുള്ള ഉയര്‍ച്ചക്ക് അനുസൃതമായി മൂന്നു മുതല്‍ പത്തുവരെ പടിക്കെട്ടുകള്‍ സോപാനത്തിനുണ്ടാവും.  നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. സോപാനത്തിന് ഇരുവശവുമായി കല്ലിലോ, മരത്തിലോ തീര്‍ത്ത വലിയ ശില്‍പ്പങ്ങള്‍ കാണാം. ഇത് ദ്വാരപാലകര്‍ ആണ്. ഉഗ്രമൂര്‍ത്തികളുടെ ദാരു ശില്‍പ്പങ്ങളെയാണ് ദ്വാരപാലകര്‍ ആയി ചിത്രീകരിക്കുക. പുരാണ കഥകളില്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന മൂര്‍ത്തികളുടെ കാവലാളുകള്‍ അല്ലെങ്കില്‍ പ്രധാന പോരാളികളായി ആരെയാണോ പ്രതിപാദിച്ചിരിക്കുന്നത് അവരായിരിക്കും പ്രധാനമായും ക്ഷേത്ര കവാടത്തിലെ ദ്വാരപാലകര്‍. മഹാക്ഷേത്രങ്ങളില്‍ നിരവധി ദാരുശില്‍പ്പങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാധാരണ ക്ഷേത്രങ്ങളില്‍ സോപാനത്തിന് ഇരുവശങ്ങളില്‍ മാത്രം ദാരു ശില്‍പ്പങ്ങള്‍ കണ്ടുവരുന്നുള്ളൂ. ദ്വാരപാലകര്‍ എന്ന് അറിയപ്പെടുന്നത് സോപാനത്തിന് ഇരുവശവും മാത്രം കുടികൊള്ളുന്ന ദാരുശില്‍പ്പങ്ങളെയാണ്.


ദ്വാരപാലകര്‍ ഇല്ലാത്ത  സാധാരണ സോപാന പടിക്കെട്ടുകളും ചില ഗ്രാമക്ഷേത്രങ്ങളില്‍ കണ്ടുവരുന്നു.  മഹാക്ഷേത്രങ്ങളില്‍ സോപാന പടിക്കെട്ടുകള്‍ പല മടക്കുകളായി കാണപ്പെടുന്നു. പടിക്കെട്ടുകളുടെ ഇരുവശത്തും വ്യാളീമുഖങ്ങളോ ഗരുഡന്‍, യക്ഷി എന്നിങ്ങനെ ഉപാസനാ മൂര്‍ത്തികളുടെ മുഖങ്ങളോ കൊത്തിവയ്ക്കുന്നതും പതിവാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ സോപാന പടികളില്‍ ചവിട്ടി ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരം ക്ഷേത്ര പൂജാരികളില്‍ മാത്രം അവകാശപ്പെട്ടിരിക്കുന്നു. സോപാനകെട്ടും, അതിന്‍റെ വശങ്ങളിലെ ദാരു ശില്‍പ്പങ്ങള്‍, ശ്രീകോവില്‍ വാതില്‍ എല്ലാം ചേര്‍ന്ന് കേരള ശില്‍പ്പകലയുടെ, കരവിരുതിന്‍റെ മഹനീയമായ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്നു.  സോപാനത്തെ പ്രതിപാദിക്കുമ്പോള്‍ സോപാന സംഗീതത്തെ കുറിച്ച് പറയാതെ പോകുന്നത് ആ കലയോട് കാണിക്കുന്ന നീതികേടാവും. സോപാന പടിക്കെട്ടിന് അടുത്ത് നിന്ന് പ്രധാന പൂജാസമയത്ത് ദേവനെ പ്രകീര്‍ത്തിച്ച് ഉടുക്കിന്റെ താളപ്പെരുമയില്‍ പാടുന്ന പാട്ടുകളെ സോപാന സംഗീതം എന്ന് വിളിക്കപ്പെടുന്നു. ഈ സംഗീത ശാഖയെ കുറിച്ച് വിശദമായ ഒരു പഠനം ഇവിടെ പിന്നീട് പ്രതീക്ഷിക്കാം.

പ്രദിക്ഷണ വട്ടം/ അകത്തെ ബലിവട്ടം


നാലമ്പലത്തിനുള്ളില്‍ കടക്കുന്ന ഭക്തര്‍ക്ക് ദേവനെ പ്രദിക്ഷണം ചെയ്യാനുള്ള ഇടമാണ് പ്രദിക്ഷണവട്ടം അഥവാ ബലിവട്ടം. പ്രധാന ദേവനെ അധികരിച്ച് പ്രദിക്ഷണത്തില്‍ വൈവിദ്ധ്യത നിലനില്‍ക്കുന്നു. ആ വൈവിദ്ധ്യത പ്രദിക്ഷണ വട്ടത്തിലും കാണാം. ഉദാഹരണത്തിന് ശിവപാര്‍വ്വതി പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളില്‍ പ്രദിക്ഷണ വട്ടം തെക്ക് പുറത്തുള്ള അഭിഷേക തൂമ്പില്‍(നാളം) മുറിയുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്.പ്രദിക്ഷണവട്ടവും അതിന്‍റെ മറ്റു വശങ്ങളും കൊത്തിയെടുത്ത കല്ലുകള്‍ പാകി മനോഹരമാക്കിയവയാണ്. പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. 


കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവന്റെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിന്റെ അധിപന്‍. തെക്കു പടിഞ്ഞാറ് ബലിക്കല്ലില്‍ ആവേശിക്കേണ്ടത്‌ ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്‌. വരുണന്‍ പടിഞ്ഞാറുദിക്കിലും, വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌. ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം. ഇവരെ കൂടാതെ ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. നാലമ്പലത്തിനു അകത്തെ ബലിക്കല്ലുകള്‍ കൂടാതെ നാലമ്പല മതിലിനു പുറത്തും ബാലിക്കല്ലുകള്‍ പ്രതിഷ്ടിക്കപ്പെടുന്നു. വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ക്ഷേതങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.


ബലിക്കല്ലുകളിലെ ദേവസങ്കല്‍പ്പങ്ങളെ ക്ഷേത്രദേവതകളെ എന്നപോലെ പരിഗണിച്ച് പൂജയും നിവേദ്യവും നല്‍കുന്ന പല ആരാധനാ രീതികളും നിലവിലുണ്ട്. അതില്‍ പ്രധാന ചടങ്ങാണ് ശീവേലി. ദിനേന ഉച്ചപൂജയോട് അനുബന്ധമായി എല്ലാ മഹാക്ഷേത്രങ്ങളിലും ഈ ചടങ്ങ് ദര്‍ശിക്കാന്‍ സാധിക്കും. ചെറുക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ പ്രധാന ഉത്സവദിവസങ്ങളില്‍ മാത്രം നടത്തപ്പെടുന്നു.  തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.


ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തോട് അനുബന്ധിച്ച് ബലിദേവതകളുടെ പ്രീതിക്കുവേണ്ടി നടത്തപ്പെടുന്ന പൂജകയെ ഉത്സവബലി എന്ന് അറിയപ്പെടുന്നു. ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിഴിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു എന്ന അതീവ ദുഖത്തോടെ, ക്ഷേത്രങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന ഈ ലേഖന പരമ്പരയുടെ രണ്ടാം ഭാഗത്തിന് വിരാമം ഇടുന്നു. കൂടുതല്‍ ക്ഷേത്ര വിശേഷങ്ങളുമായി അടുത്ത ഭാഗത്തില്‍ കാണാം.

Wednesday, May 12, 2010

ബീമാപള്ളി ‍| Beemapalli | Kerala Tourism.


ജീ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ എന്നു ചോദിച്ചാല്‍ ചിലര്‍ അത്ഭുതത്തോടെ കൈമലര്‍ത്തും!.

മറ്റു ചിലര്‍ ബീമാപള്ളി എന്ന എന്റെ “കേരളപ്പെരുമ” എന്ന പരമ്പരക്ക് ചുവട്ടില്‍ ജീ ഗോപാലകൃഷ്ണനെ അറിയുമോ എന്ന ചോദ്യവുമായി ഞാന്‍ വരുമ്പോള്‍ ചില പഴഞ്ചൊല്ലുകള്‍ ആയിരിക്കും ഓര്‍ക്കുക.

“പഞ്ചപാണ്ടവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്ന്”

അല്ലെങ്കില്‍

“അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ അറിവില്ലാത്ത എന്തോ കാര്യത്തെ കുറിച്ചു സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നു വിചാരിക്കുകയും ആവും.

പക്ഷെ ബീമാപള്ളിയുടെ ചരിത്രത്തിനു പിന്നില്‍ ജീ ഗോപാലകൃഷ്ണന്‍ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ വളരെ വ്യക്തമായ കയ്യൊപ്പുകള്‍ പതിഞ്ഞിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നാം.


ബീമാപള്ളിയുടെ ശില്‍പ്പി ജീ. ഗോപാലകൃഷ്ണന്‍ ആണ്. ജന്മം കൊണ്ട് ഹിന്ദുവായി ഇന്നും ഹിന്ദു നാമത്തില്‍ തന്നെ ജീവിക്കുന്ന അഞ്ചു നേരം നിസ്കരിച്ച് കര്‍മ്മം കൊണ്ട് ഒരു മുസ്ലീം മത വിശ്വാസിയായി കഴിയുന്ന ശ്രീ ഗോപാലകൃഷ്ണന്‍ ബീമാപള്ളി മാത്രമല്ല, ഈ അടുത്ത കാലത്ത് പണിത എരുമേലി വാവരു പള്ളി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം ഏതാണ്ട് 76 മുസ്ലീം പള്ളികളുടെ ശില്‍പ്പി ആണെന്നറിയുമ്പോള്‍ നിങ്ങളുടെ അത്ഭുതം ഇരട്ടിക്കും എന്നു തീര്‍ച്ച. ജീ ഗോപാലകൃഷ്ണന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണമാണ് ബീമാപള്ളി.


വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, നൂറ്റി മുപ്പത്തിരണ്ട് അടി ഉയരമുള്ള മീനാരങ്ങളുമുള്ള ഇന്‍ഡോ - അറേബ്യന്‍ ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. പതിനെട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പള്ളിയുടെ മിനാരങ്ങളും, അതിന്റെ പുറത്തെ ശില്‍പ്പ ചാരുതയും അറേബ്യന്‍ നിര്‍മ്മാണ രീതിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ ഉള്ളിലെ ചുവര്‍ ചിത്രങ്ങളും, താമര ആകൃതിയിലുള്ള മേല്‍ക്കൂരയും ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പ കലക്ക് ഒരു പണവിട മുന്തൂക്കം നല്‍കുന്നു.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌. തിരുവനന്തപുരം പട്ടണത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി വീമാനത്താവളത്തിനു അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന ബീമാപള്ളി, ഇത് ഒരു ദര്‍ഗ കൂടിയാണ്. . നാനാജാതി മതസ്ഥർക്ക്‌ അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ ഇസ്ലാം മത പ്രചരണാർഥം ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വസിദ്ധികള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാബീവി (സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീൻ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാപള്ളിയിലുള്ള മറ്റൊരു ഖബര്‍ കല്ലടി മസ്താന്‍(റ)ന്റെതാണ്.

 



പ്രവാചകനായ മുഹമ്മദ് നബിയുടെ വീക്ഷണങ്ങളില്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ മത പ്രചരണാര്‍ത്ഥം എത്തിപ്പെട്ട പുണ്യ വനിതയാണ് സയ്യിദത്തുനിസ്സാ ബീമാവീബി അഥവാ ബിമാവീബി. മരുഭൂമിയിലെ ചൂടിനെയോ, പ്രതികൂല കാലാവസ്ഥകളേയോ വകവയ്ക്കാതെ പരിമിതമായ യാത്രാ സൌകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വെറും വിശ്വാസത്തിന്റെ മാത്രം വെളിച്ചത്തെ അകലെ കണ്ട് ബീമാബീവി കേരളത്തില്‍ എത്തപ്പെട്ടു. ജീവിതം മുഴുവനും ഇസ്ലാമിനായി ഉഴിഞ്ഞു വച്ച ആ ഉമ്മയുടെ മകനും അതേ പാത പിന്തുടര്‍ന്ന് പരമ ഭക്തനും, സിദ്ധനും, സര്‍വ്വോപരി മഹാനായ ഒരു ഇസ്ലാം പ്രചാരകനായി തീരുകയും ചെയ്തു. ഷേക്ക് സാഹിദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് എന്ന ആ മകന്റേയും, അദ്ധേഹത്തിന്റെ പ്രിയ ഉമ്മ ബീമാവീബിയുടേയും ഖബറുകള്‍ ആണ് പില്‍ക്കാലത്ത് ബീമാ പള്ളിയായി മാറപ്പെട്ടത്. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടടുത്ത് ആരോ നിന്ന് നയിക്കുന്ന സാന്നിദ്ധ്യം പോലെയാണ് ഈ ഖബറുകള്‍.



ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം.

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 


ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വാർഷ‌ും രബിയുൽ അവ്വൽ ഒന്ന് മുതൽ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.



ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃവാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കുചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. ഉറൂസ് ഒരര്‍ത്ഥത്തില്‍ പ്രകാശത്തിന്റെ ഉത്സവമാണ്. വലിയ കുടങ്ങളുടെ വായ മൂടി കെട്ടി ചന്ദനത്തിരി കൊളുത്തി അതിന്മേല്‍ കുട്ടി പ്രാര്‍ത്ഥനകളോടെ ഭക്തര്‍ പള്ളിയില്‍ എത്തുന്നു. ഘോഷയാത്രയും, ത്രിശൂര്‍പൂരത്തിനെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷണമാണ്. ദുഃവാ പ്രാര്‍ത്ഥന, അപൂര്‍വ്വ ദുഃവാ മത പ്രസംഗ്ഗങ്ങള്‍, പട്ടണ പ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ചന്ദനക്കുട മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍ ആണ്.
 


നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ചന്ദനക്കുടം തിരുവനതപുരത്തിന്റെ മതനിരപേക്ഷതക്കും, മത സൌഹാര്‍ദ്ദത്തിനും മകുടോദാഹരണമായി നിലകൊള്ളുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ പ്രധാന കച്ചവട സാന്നിദ്ധ്യമാണ് ബീമാപള്ളയും പരിസരവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:- (കാചം)

Monday, May 3, 2010

പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala Tourism.

പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ ആലപ്പുഴജില്ലയുടെ അതിസുന്ദരതയെ കുറിച്ച് ഒരു ചെറുവിവരണത്തിന്റെ പോലും ആവിശ്യമില്ല എന്നും മനസ്സിലാക്കുന്നു. കേരളത്തിന്റെ മലയോര ടൂറിസത്തിന് പേരുകേട്ട പത്തനംതിട്ട ജില്ലക്കും, തീരദേശ, ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴജില്ലക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്ന പെരുമയാണ് പരുമല മാന്നാര്‍ പ്രദേശങ്ങള്‍ക്കുള്ളത്. ഈ ജില്ലകള്‍ക്ക് തിലകക്കുറിയായി ഒരു ചെറു പ്രദേശം മാറുമ്പോള്‍ അതിനെ വായനക്കാരുടെ മുന്‍പില്‍ പരിചയപ്പെടുത്താതെ പോകുന്നത് അഭികാമ്യമല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് പ്രചോദനം. അത് പരുമല എന്ന് അറിയപ്പെടുന്ന വളരെ ചെറിയ ദ്വീപും അതിന്റെ മാതൃദേശം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന മാന്നാറും ആണെന്നറിയുമ്പോള്‍ നിങ്ങളില്‍ അത്ഭുതം ഉണ്ടായേക്കാം. ചിലര്‍ പരുമലയെ ആലപ്പുഴ ജില്ലയുടെ ഭാഗമായി കരുതി പോരുന്നു. കാരണം പരുമലയുടെ മാതൃദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാന്നാര്‍ ആലപ്പുഴ ജില്ലയിലായതിനാലാണ്. പരുമലക്കും മാന്നാറിനും അതിര്‍ത്തി നിശ്ചയിച്ച് ഒഴുകുന്ന പമ്പാ നദി മറ്റൊരര്‍ത്ഥത്തില്‍ ആലപ്പുഴ ജില്ലക്കും, പത്തനംതിട്ട ജില്ലക്കും കൂടി അതിര്‍ത്തി തീര്‍ക്കുകയാണ് ഇവിടെ.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതു പക്ഷെ പരുമലയുടെ പൌരാണിക ചരിത്ര പ്രസിദ്ധി മൂലം ആയിരുന്നില്ല. പരുമല ദേവസ്വം കോളേജില്‍ ഇരു രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് സംഘട്ടനം ഉണ്ടാകുകയും അതിന്റെ പരിണിത ഫലമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊളേജിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയില്‍ മുങ്ങി മരിക്കുകയും ഉണ്ടായി. 1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ പമ്പയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.പരുമലയുടെ രാഷ്ട്രീയ ചരിത്ത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ദേശത്തെ കുറിച്ച് പറഞ്ഞു തൂടങ്ങുമ്പോള്‍ അതിന്റെ കുപ്രസിദ്ധിയെ കുറിച്ച് തൂടങ്ങുന്നത് അനൌചിത്യമാണെങ്കിലും പരുമലയെ പെട്ടെന്ന് വായനക്കാരുടെ ഓര്‍മ്മയില്‍ എത്തിക്കാന്‍ പ്രസ്തുത സംഭവം ഉപകരിക്കും എന്നതുകൊണ്ട് പ്രതിപാദിച്ചു എന്നു മാത്രം.

കരമാര്‍ഗ്ഗം എത്തുന്നവര്‍ മാന്നാര്‍ ജംഗ്ഷനില്‍ വന്ന് പമ്പാ നദിക്കു കുറെകെയുള്ള പാലം കടന്നാല്‍ പരുമല എത്തുകയായി. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആണ് മാന്നാര്‍. ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു. മാന്നാറിനോട് തൊട്ടു ചേര്‍ന്ന് പത്തു ചതുര്‍ശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പാപനാശിനി എന്നു വിഖ്യാദമായ പമ്പാനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. ഈ ചെറുദ്വീപിനും ഇതിന്റെ മാതൃദേശമായ മാന്നാറിനും ലോക ഭൂപടത്തില്‍ തന്നെ തനതായ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍ . മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.


മാന്നാറിന്റെ ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ആം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡണ്ട്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.


മാന്നാറിന്റെ പ്രത്യേകതകള്‍

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച വിവിധ ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ പരമ്പരാഗത ഓട് (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്. മന്നാറിലെ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം ത്രിക്കുരട്ടി ശിവക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം പുരാണ കഥകളെ ആസ്പദമാക്കി തടികളില്‍ തീര്‍ത്ത ശില്പകലകള്‍ക്ക് പുകഴ് പെറ്റതാണ്. മാന്നാറിലെ മറ്റൊരു പ്രമുഖ ആരാധനാലയമാണ് കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോഷ്ട മുനിയുടെ ചിതല്‍ പുറ്റ് ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിലെ തടിയിലും, കല്ലിലും തീര്‍ത്ത ശില്‍പ്പങ്ങളും പ്രശസ്തമാണ്.

പരുമല

പെരുന്തച്ചന്‍ കഥകളിലൂടെ മലയാളക്കരയില്‍ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “അച്ഛനെക്കാള്‍ മികച്ച മകന്‍“. മാന്നാറിനേയും, പരുമലയേയും കുറിച്ച് പറയുമ്പോള്‍ ഈ ചൊല്ലിനു വളരെ പ്രാധാന്യം ഉണ്ടാവുന്നു. മാതൃദേശമായ മാന്നാറിനെ പ്രശസ്തിയുടെ കാര്യത്തില്‍ പരുമല അനേകം കാതങ്ങള്‍ പിന്നിലാക്കി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പരുമലയിലെ ഏറ്റവും പ്രശസ്തമായതും ലോക ഭൂപടത്തീല്‍ സ്ഥാനം പിടിച്ചതുമായ ആരാധനാലയമാണ് പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം അഥവാ പരുമല പള്ളി . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം.



എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

പരുമല തിരുമേനി



പരുമല തിരുമേനി(June 15, 1848 -November 2, 1902) അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ്. 1848 ജൂണ്‍ 15 ന് (കൊല്ലവര്‍ഷം1023 മിഥുനം 3) പഴയ കൊച്ചി സംസ്ഥാനത്തില്‍പെട്ട മുളന്തുരുത്തി ചത്തുരുത്തി ഭവനത്തില്‍ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമതെ മകനായി 'പരുമല തിരുമേനി ' എന്ന കീര്‍ത്തിനാമം ലഭിച്ച ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയൊസ്‌ മെത്രാപ്പോലിത്താ ജനിച്ചു.മുളന്തുരുത്തി മാർത്തോമ സുറിയാനി പള്ളിയിൽ ' ഗീവർഗ്ഗീസ്‌ ' എന്ന പേരിൽ മാമോദീസായേറ്റു .ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിലും വാത്സല്യത്തിലും വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ ' കൊച്ചയ്‌പ്പോര' എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌.

പനയന്നൂര്‍ കാവ് ദേവീക്ഷേത്രം.

പരുമലയെ കുറിച്ച് എഴുതപ്പെട്ട ഐതിഹ്യങ്ങളോ, അതിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സൂചനകളോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും, പരുമലയുടെ ചരിത്രവും, പുരാണവും ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് പനയന്നൂര്‍കാവ് ദേവീക്ഷേത്രവുമായാണ്. പനയന്നൂര്‍കാവ് മുന്‍പ് പരുമല ആയിരുന്നു എന്നും അത് പിന്നീട് ദേശത്തിന്റെ തന്നെ പേരായി മാറിയതായും കരുതപ്പെടുന്നു. കേരളത്തില്‍ തന്നെ ഒരു പക്ഷെ ദേവിയുടെ ഏഴു രൂപങ്ങളെ ഒരേ പ്രധാന്യത്തില്‍ പൂജിക്കപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ കടമുറ്റത്തു കത്തനാര്‍ കഥകളിലെ പനയന്നൂര്‍കാവ് യക്ഷിയെ കുറിച്ചുള്ള കഥകള്‍ പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും എന്നു വിശ്വസിക്കട്ടെ. എല്ലാത്തരത്തിലും പ്രത്യേകതകള്‍ മാത്രം നിറഞ്ഞ ഈ ക്ഷേത്രം പരുമലയുടെ ചരിത്രത്തിന്റേയും, സംസ്കാരിക പെരുമയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു.

മറ്റു പ്രത്യേകതകള്‍

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പരുമല കോളേജ് പമ്പയുടെ തീരത്ത് പരുമല ക്രിസ്ത്യന്‍ ദേവാലയത്തിനും, പരുമല മുശ്ലീം വലിയ പള്ളിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1968 ല്‍ സ്ഥാപിതമായ ഈ കോളേജ് മാത്രമായിരിക്കും ഒരുപക്ഷെ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന വലിയ സ്ഥാനത്തിനു അര്‍ഹത നേടിയിട്ടുള്ളത്. ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഈ സ്ഥാപനം രൂപഭംഗിയിലും പ്രസിദ്ധമാണ്.

Friday, August 7, 2009

പന്തളം | pandalam | Kerala Tourism.

പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പന്തളം എന്ന ചരിത്ര പ്രസിദ്ധമായ ചെറു പട്ടണത്തെ കുറിച്ച് കേള്‍ക്കാത്ത മലയാളികളോ, അന്യഭാഷക്കാരോ കുറവായിരിക്കും. പന്തളത്തെ നേരിട്ട് അറിയാത്ത മറുനാട്ടില്‍ ജനിച്ചുവളര്‍ന്ന ഇന്നത്തെ പുതു തലമുറക്കു പോലും പ്രസിദ്ധമായ ഒരു പഴംചൊല്ലിലൂടെയെങ്കിലും പന്തളത്തെ കുറിച്ച് കേള്‍ക്കാതിരിക്കാനിടയില്ല.


അതിങ്ങനെയാണ്


“പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട”.


പുതിയ തലമുറ പഴംചൊല്ലിനെ വളച്ചൊടിച്ച് “പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള എന്നാക്കിയെങ്കിലും ചരിത്രത്തില്‍ മേല്‍ പറഞ്ഞ ചൊല്ലിന് ഒരു കഥ പറയാനുണ്ട്.






വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മ കായങ്കുളത്തിനെതിരെ ഓച്ചിറപ്പടനിലത്തും പത്തിയൂരും കൃഷ്ണപുരത്തും പോരു വഴിയിലും ചക്കുപള്ളി പടനിലത്തും പതാരത്തും യുദ്ധം ചെയ്യുന്ന സമയം. നാട്ടുകാരില്‍ ചിലര്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ കയ്യില്‍ കിട്ടിയതും വാരി വലിച്ചു കാല്‍‌നടയായി ഇരവങ്കര,മാങ്കാം കുഴി, മുടിയൂര്‍ക്കോണം വഴി പന്തളം മങ്ങാരം അമ്പലമുറ്റത്തെത്തി. അപ്പോള്‍ അവര്‍ കണ്ടതെന്തായിരുന്നു? ആറുമുഖം പിള്ള എന്ന പടനായകന്‍റെ നേതൃത്വത്തില്‍ വേണാട്ടുപട പോളേമണ്ണില്‍ ഗോവിന്ദക്കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള പന്തളത്തെ നായര്‍ പടയോടേറ്റുമുട്ടുന്നു. ഒറെ സമയം കായംകുളവും പന്തളവും പിടിച്ചടക്കയായിരുന്നു സൂത്രശാലിയായിരുന്ന രാമായ്യന്റെ തന്ത്രം. അങ്ങിനെ മലയാളഭാഷക്കു രസകരമായ ഒരു ചൊല്ല് കിട്ടി.


പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം ശബരിമലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ പൌരാണിക പ്രസിദ്ധവുമാണ്. ശബരിമല ശ്രീ അയ്യപ്പന്റെ ബാല്യകൌമാര ജീവിതം കൊണ്ട്‌ ധന്യമായ പ്രദേശമാണ് പന്തളം. ചരിത്രപരമായും, സാമൂഹികപരമായും, സാംസ്കാരികപരമായും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ദേശം ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി അടൂര്‍ താലൂക്കില്‍ അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത ദേശങ്ങള്‍ കുളനട, പുന്തല, അടൂര്‍ എന്നിവയാണ്. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗ്ഗം. “പൊന്‍ ദളം” എന്ന വാക്ക് ലോപിച്ചാണ്പന്തളം എന്ന സ്ഥലനാമ ജനനം എന്നു വിശ്വസിക്കപ്പെടുന്നു.






അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പത്തിയുടെ ചരിത്രവും. ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഉള്ള ഈ ക്ഷേത്രം പന്തളാം രാജാവാല്‍ നിര്‍മ്മിക്കപ്പെട്ടതാണേന്ന് വിശ്വസിക്കപ്പെടുന്നു. പ്രിസിദ്ധമായ ഈ തീര്‍ത്ഥാടന്‍ കേന്ദരം കൊട്ടാരത്തോട് ചേര്‍ന്ന് അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന. ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ വിശ്വാസികള്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് പന്തളത്തിന് നല്‍കിയിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ എത്തുന്ന ഏതൊരു ഭക്തനും പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും കൂടി സന്ദര്‍ശിച്ചാലെ ദര്‍ശനം പൂര്‍ത്തിയാകൂ എന്നാണ് പരക്കെയുള്ള വിശ്വാസം.
ഐതിഹ്യങ്ങള്‍ പ്രകാരം പന്തളം രാജാവിനെ അയ്യപ്പന്റെ പിതാവായി കണക്കാക്കപ്പെടുന്നു.അതിനാല്‍ തന്നെ ശബരിമലയില്‍ പന്തളം രാജവംശത്തിന് പ്രത്യേക അവകാശങ്ങളുംനിനലനില്‍ക്കുന്നു.പന്തളം രാജ പ്രതിനിധിക്കു മാത്രമാണ് ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാനുള്ള അവകാശം.


മധുര ആസ്ഥാനമായ പാണ്ഡ്യരാജവമശത്തിന്റെ തായ്‌വഴികളില്‍ നിന്നാണ് പന്തളം രാജവംശത്തിന്റെ ഉല്‍പ്പത്തി.
പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാരാണ്‌ പന്തളം രാജ്യം സ്ഥാപാച്ചതെന്നു കരുതുന്നു. കൊല്ലവര്‍ഷം 79 മുന്‍പെതന്നെ ഇവര്‍ കേരളക്കരയിലെത്തിയതായി ചരിത്രം വിലയിരുത്തുന്നു. അറുകാലിക്കല്‍ രാജാവിനോടും തെക്കുംകൂര്‍ രാജാവിനോടും വിലയ്ക്കു വാങ്ങിയ പന്തളം തെക്കും വടക്കും കരകളും തൊടുപുഴയിലെ അറക്കുളം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ്‌ പന്തളം രാജ്യം സ്ഥാപിച്ചത്‌. ശബരിമലയുള്‍പ്പെടെ ഏകദേശം ആയിരം ചതുരശ്രമെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശങ്ങള്‍ പന്തളം രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊല്ലവര്‍ഷം 377 ല്‍ പന്തളത്തെത്തി അച്ചന്‍ കോവിലാറിന്റെ ഇരുകരകളിലുമായി സ്ഥാനം ഉറപ്പിച്ചു. പന്തളം, കക്കാട്‌, കോന്നി, അറക്കുളം എന്നീ നാല്‌ താലൂക്കുകളാണ്‌ പന്തളം രാജ്യത്തിനുണ്ടായിരുന്നത്‌. തുടര്‍ന്ന് ഇലത്തൂര്‍മണിയം, റാന്നിയിലെ പെരുനാട്‌,നിലയ്ക്കല്‍ പ്രദേശങ്ങളും പന്തളം രാജ്യത്തിന്റെ അധീനതയിലായി.




കൊല്ലവര്‍ഷം 996 കര്‍ക്കടകം 8ആം തീയതിയാണ്‌ പന്തളം രാജ്യം തിരുവിതാംകൂറില്‍ ലയിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താന്റെ ആക്രമണം നേരിടുന്നതിന്‌ തിരുവിയതാകൂറിനൊപ്പം നിന്ന പന്തളം രാജാവ്‌ യുദ്ധചെലവിന്റെ വിഹിതമായി ഖജനാവിലേക്ക്‌ അടയ്ക്കുവാന്‍ പണമില്ലാതെവന്നപ്പോള്‍ പന്തളം രാജ്യം തിരുവിതാംകൂറിന്‌ വിട്ടുകൊടുക്കുകയായിരുന്നു. ശബരിമലയുള്‍പ്പെടെ 48 മേജര്‍ ക്ഷേത്രങ്ങളും ഇതോടൊപ്പം വിട്ടുകൊടുത്തു. ഇതുസംബന്ധിച്ച്‌ കൊല്ലവര്‍ഷം 995 മീനം 10ആം തീയതിയിലെ ഉടമ്പടിയനുസരിച്ച്‌ പന്തളം രാജവംശത്തില്‍ നിലവിലുള്ളവരേയും ആവകയില്‍ ഉണ്ടാകുന്ന സന്താനങ്ങളേയും “അര്‍ത്ഥപുരുഷാരം അഴിച്ച്‌ രക്ഷിച്ചുകൊള്ളാമെന്ന്” ഉറപ്പ്‌ നല്‍കിയിരിക്കുന്നു. എന്നാല്‍ സ്വതന്ത്ര്യനന്തര ഭാരതത്തില്‍ ജനകീയഭരണം നിലവില്‍ വന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തലാക്കപ്പെട്ടു. നാട്ടുപ്രതാപത്തിന്റെ മധുരസ്മരണകളുമായി പഴയ കൊട്ടാരക്കെട്ടുകള്‍ ഇന്നും ഇവിടെ നിലകൊള്ളുന്നു.


രാജഭരണത്തിന്റെ ആലസ്യത്തില്‍നിന്ന്‌ ജനകീയഭരണത്തിന്റെ വേഗതയിലേക്ക്‌ കുതിച്ച പന്തളം പട്ടണത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സാംസ്കാരിക-സാമൂഹിക-വ്യവസായ-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പന്തളം അവഗണിക്കാനാവാത്തവിധം നേട്ടം കൈവരിച്ചിട്ടുണ്ടെന്നതാണ്‌ സത്യം. പന്തളം പട്ടണത്തിന്റെ കേന്ദ്രസ്ഥാനം കുറുമ്ന്തോട്ടയം എന്ന പേരിലാണ്‌ മുന്‍പ്‌ അറിയപ്പെട്ടിരുന്നത്‌. കുറുംതോട്ടി വളര്‍ന്ന് കാടായിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം പട്ടണത്തില്‍ നിന്നും ഏതാണ്ട്‌ 1 കി.മി തെക്കുമാറിയുള്ള ഭാഗം താമരപ്പൂക്കള്‍ നിറഞ്ഞ ചതുപ്പായിരുന്നു. എരിച്ചപ്പൊയ്ക എന്നായിരുന്നു ഈ ഭാഗത്തിന്റെ വിളിപ്പേര്‌. തുടക്കത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ മറ്റേതൊരു പട്ടണത്തെപ്പോലും പിന്നാക്കമാക്കും വിധമായിരുന്നു പന്തളത്തിന്റെ കുതിപ്പ്‌. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റ്‌ പട്ടണങ്ങള്‍ ബഹുദൂരം പിന്നിട്ടെങ്കിലും പന്തളം കിതക്കുന്നതായാണ്‌ കണ്ടത്‌. ഭരണരംഗത്തെ അരാജകത്വം ഇതിന്‌ കാരണമായി.




പന്തളം പല സാംസ്കാരിക-സാഹിത്യ നായകന്മാരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയാണ്‌. പദം കൊണ്ട്‌ പന്താടിയ മഹാകവി പന്തളം കേരളവര്‍മമ പന്തളത്തിന്റെ സ്വന്തം പുത്രനാണ്‌.അദ്ദേഹത്തിന്റെ ചുമതലയില്‍ കവനകൗമുദി എന്ന ദ്വൈവാരിക പ്രസിദ്ധീകരിച്ചിരിന്നു. ഒരുകാലത്ത്‌ കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ അലയടിച്ചിരുന്ന “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി…” എന്ന പ്രാര്‍ത്ഥനാഗീതം പന്തളം കെ.പി എന്ന മഹാകവിയുടെ രചനയാണ്‌,. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ സ്ഥാപകനായ ശ്രീ മന്നത്ത്‌ പദ്മനാഭന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലമായിരുന്നു പന്തളം. അദ്ദേഹത്തിന്റെ ശ്രമഫലമായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥാപിതമായി. “എന്റെ ജീവിത സ്മരണകള്‍” എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ പന്തളവുമായുള്ള ബന്ധം വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചിത്രകലാരംഗത്തെ പ്രജാപതിയായിരുന്ന ആര്‍ട്ടിസ്റ്റ്‌ എം .എസ്സ്‌ .വല്യത്താന്‍, രാഷ്ട്രീയാചാര്യനായിരുന്ന പന്തളം പി.ആര്‍ എന്നിവര്‍ പന്തളത്തിന്റെ യശസ്സ്‌ വാനോളം ഉയര്‍ത്തിയവരാണ്‌. നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടേതയി സ്ഥാപിതമായ ഒരു ഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌.സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍മിഷന്‍ വരെ നീളുന്ന പതിനഞ്ചിലധികം ആതുരാലയങ്ങള്‍ പന്തളത്തിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ശ്രദ്ധപതിപ്പിക്കുന്നു.






വ്യാവസായികരംഗത്ത്‌ പന്തള്‍ത്തിന്റെ യശസ്സ്‌ കേരളമെമ്പാടും പരത്തിയ പ്രമുഖസ്ഥാപനമാണ്‌ മന്നം ഷുഗര്‍ മില്‍സ്‌.60 -70 കാലഘട്ടങ്ങളില്‍ കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ജ്വലിച്ച്‌ നിന്നിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്‌. എന്നാല്‍ കാലക്രമേണ കരിമ്പ്‌ വളര്‍ത്തല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടതോടെ ഈ സ്ഥാപനത്തിന്‌ ഉല്‍പാദനം എന്നെന്നേക്കുമായി നിര്‍ത്തേണ്ടി വന്നു.ഒരു കരിമ്പ്‌ ഉല്‍പാദനഗവേഷണവികസന കേന്ദ്രം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നു.


പ്രധാനമായും കാര്‍ഷികവിളകളെ ആശ്രയിച്ചുള്ള ജീവിതരീതിയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. നെല്ല്,മരച്ചീനി,കരിമ്പ്‌,പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാന ക്രിഷികള്‍. ഏക്കറുകളോളം വ്യാപിച്ച്ക്‌ കിടക്കുന്ന കരിങ്ങാലി പുഞ്ച, കണ്ടന്‍ ചാത്തന്‍ കതിരക്കോട്‌ പാടശ്ശേഖരങ്ങള്‍ പ്രധാനകാര്‍ഷികോല്‍പാദന കേന്ദ്രങ്ങളാണ്‌.


ശബരിമലപാതയിലെ പ്രധാന ഇടത്താവളമെന്ന നിലയില്‍ പന്തളം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പ്രശസ്തമായ തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന വലിയകോയിക്കല്‍ ക്ഷേത്രത്തിന്‌ പുറമെ 40-ഓളം ക്ഷേത്രങ്ങളും 55-ഓളം കാവുകളും വിവിധ സമുദായക്ഷേത്രങ്ങളും അനവധി ക്രിസ്ത്യന്‍-മുസ്ലീം ദേവാലയങ്ങളും പന്തളത്തിന്റെ മാറില്‍കുടികൊള്ളുന്നു. ആകെക്കൂടി ഒരു ആത്മേീയനഗരത്തിന്റെ പശ്ചാത്തലമാണ്‌ പന്തളത്തിനുള്ളത്‌.അതുകൊണ്ടു തന്നെ ഒരു ക്ഷേത്രനഗരമന്ന നിലയിലുള്ള വികസനമാണ്‌ പന്തളത്തിനാവശ്യം. അതെ, പന്തളം വളരുകയാണ്‌; ഒരു പക്ഷേ നാളെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടേക്കാവുന്ന ഒരു ആദ്ധ്യത്മിക നഗരിയായി ഈ ചെറുപട്ടണം രൂപന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.


തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.


പലയിടത്ത് നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ ഒരു പോസ്റ്റാണിത്... അതിനാല്‍ തന്നെ കോപ്പിയടി എന്ന ആരോപണം ഉന്നയിക്കുന്നു എങ്കില്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Friday, June 19, 2009

ചെങ്ങന്നൂര്‍ | Chengannur | Kerala Tourism.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴ ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം ആണ് ചെങ്ങന്നൂര്‍. പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ചരിത്ര പ്രസിദ്ധവുമാണ്. രാഷ്ട്രീയ സാമൂഹിക, സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ/ ആയിരുന്ന പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുള്ള ഈ പ്രദേശം പേരിലെ പ്രത്യേകതകള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്നു. ചരിത്ര പ്രസിദ്ധമായ ദേവാലയങ്ങള്‍, ചരിത്രം ഉറങ്ങുന്ന ചെറു ഗ്രാമങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിങ്ങനെ ചെങ്ങന്നൂരിനു പകര്‍ന്നു തരാന്‍ പെരുമകള്‍ മാത്രം. ചെങ്ങന്നൂര്‍ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂര്‍ ആസ്ഥാനമായി അതേ പേരില്‍ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.


പുണ്യ പമ്പ ചെങ്ങന്നൂരിനെ തഴുകി ഒഴുകുന്നു. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് ഹൈവേ (എം. സി റോഡ്) ചെങ്ങന്നൂരില്‍ കൂടി കടന്നു പോകുന്നു. എന്‍. സി റോഡില്‍ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താല്‍ പന്തളത്തിനും, തിരുവല്ലക്കും ഇടയിലായി ചെങ്ങന്നൂര്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങന്നൂരിലെ റെയില്‍‌വേ സ്റ്റേഷനും പ്രസിദ്ധമാണ്. പ്രസിദ്ധമായ ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തരില്‍ ഏതാണ്ട് 70%ഉം ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. ജല, റെയില്‍, റോഡ് മാര്‍ഗം വേഗത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് ചെങ്ങന്നൂര്‍.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴ് ആഗസ്റ്റ് പതിനേഴാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന ചെങ്ങന്നൂര്‍ താലൂക്ക് കേരളത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചെങ്ങന്നൂര്‍ നൂറ്റാണ്ടുകാള്‍ക്ക് മുന്‍പ് തന്നെ പ്രധാന കച്ചവട കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമ സഭയില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലമായും, പാര്‍ലമെന്റില്‍ മാവേലിക്കര ലൊകസഭാ മണ്ഡലത്തിനു കീഴിലുമാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ താലുക്കിന്റെ വിസ്തീര്‍ണം നൂറ്റിമുപ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്. രണ്ടായിരത്തി ഒന്നില്‍ പുറത്തു വന്ന കനേഷുമാരി കണക്കനുസരിച്ച് ആകെ ജനസംഖ്യ ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയേഴ്. ഇതില്‍ നാല്‍പ്പത്തിയെട്ടു ശതമാനം സ്ത്രീകളും, അന്‍പത്തി രണ്ട് ശതമാനം പുരുഷന്മാരുമാണ്. ജനസംഖ്യയിലെ ഒന്‍പത് ശതമാനം ആറ് വയസിനു താഴെയുള്ള കുട്ടികളാണെന്നും കണക്കാക്കപ്പെടുന്നു.

ചരിത്രവും പുരാണവും

ഒന്നാം സഹസ്രാബ്ദത്തില്‍ നമ്മാഴ്വാര്‍ ചെങ്കുരൂര്‍ അഥവാ ചെങ്ങന്നൂരിനെ വേദ യജ്ഞങ്ങളില്‍‍ നിന്നുള്ള പുക ആകാശത്തെ നിറയ്ക്കുന്ന സ്ഥലം ആയി പ്രതിപാദിക്കുന്നു. ഇവിടം പച്ചപ്പണിഞ്ഞ വാഴത്തോപ്പുകളും തെങ്ങിന്തോപ്പുകള്‍ കൊണ്ടും നിറഞ്ഞിരുന്നതായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ചെന്നു നിന്ന ഊര് എന്ന വാക്യം ലോപിച്ചാണ് ചെങ്ങന്നൂര്‍ എന്ന പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഒരു തീര്‍ത്ഥയാത്രയ്ക്കു ശേഷം ഇവിടെ വന്നു നിന്നു എന്നാണ് ഐതീഹ്യം. അതില്‍ നിന്നാണ് സ്ഥലപ്പേര് ഉണ്ടായത്. ശിവന്റെ ചുവന്ന് കണ്ണ്+ഊര്‍ ചെങ്കണ്ണ് ഊര്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു. ചുവന്ന കല്ലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചെങ്കല്ലൂര്‍ എന്ന വാക്കാണ് ചെങ്ങണ്ണൂര്‍ ആയത് എന്നും കരുതുന്നവര്‍ ഉണ്ട്. 'ചുവന്ന കുന്ന്'(ശോണാദ്രി) എന്ന സ്ഥലത്താണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം നില്‍ക്കുന്നത് എന്നും അതിനാല്‍ ചെങ്കുന്ന് ഉള്ള 'ഊര്‍' എന്നത് ചെങ്കുന്നൂര്‍ ആയെന്നും അത് പിന്നീട് ചെങ്ങന്നൂര്‍ ആയെന്നും മറ്റൊരു വാദവും നിലവിലുണ്ട്.

പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം, പരുമല പള്ളി, പഞ്ചപാണ്ടവരില്‍ പ്രമുഖരായ ഭീമനും, യുധിഷ്ടിരനും പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന ത്രിപ്പുലിയൂര്‍, ത്രിച്ചിറ്റാറ്റ് ക്ഷേത്രങ്ങള്‍, പഴയ സുറിയാനി പള്ളി എന്നിവ ചെങ്ങന്നൂരിന്റെ പൌരാണിക ബിംബങ്ങളായി നിലകൊള്ളുന്നു. പ്രസിദ്ധമായ പാണ്ഡവന്‍ പാറയും, നൂറ്റവര്‍ പാറയും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ആണ്. പാണ്ഡവന്‍ പാറയില്‍ പഞ്ചപാണ്ഡവര്‍ ഇരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം അത്ഭുതമുണര്‍ത്തുന്ന ഒന്നു തന്നെ. സപ്ത സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഗുഹയും പാറക്കെട്ടിനുള്ളിലെ വറ്റാത്ത ഉറവയും ഇവിടുത്തെ മറ്റ് അത്ഭുതങ്ങള്‍ ആണ്.


ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും അതിലെ ചെറു ഗ്രാമങ്ങളും

മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂര്‍, ബുധനൂര്‍, പണ്ടനാട്, തിരുവന്‍‍മണ്ടൂര്‍. മാന്നാര്‍ എന്നീ പഞ്ചായത്തുകളും ചെങ്ങണൂര്‍ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങന്നൂര്‍ താലൂക്കിനു കീഴിലുള്ളത്.

ചെറിയനാട് പഞ്ചായത്ത്.

ഇടവങ്കാട്, തുരുത്തിമേല്‍, അരിയുണ്ണിശേരി, ചെറിയനാട്, മാമ്പ്ര, ചെറുമിക്കാട്, ചെറുവല്ലൂര്‍, കൊല്ലകടവ്, കുണ്ട്രടിപള്ളിശേരി, കടയിക്കാട്, ഇടമുറി, മണ്ടപ്രിയാരം.

മുളക്കുഴ പഞ്ചായത്ത്

നികരുമ്പുറം, പിരളശ്ശേരി, മുളക്കുഴ, പറ്റങ്ങാട്, കുടക്കമാര്‍ഗം, മണ്ണാറക്കോട്, കാരക്കാട്, കരിമ്പറാം‌പൊയ്ക, കൊഴുവല്ലൂര്‍, താഴം‌ഭാഗം, അരീക്കര, വലിയ പറമ്പ്, പെരിങ്ങാല, കണ്ണുവേലിക്കാവ്.

ആല പഞ്ചായത്ത്

ആല, ഉമ്മത്തില്‍, പൂമല, മലമോടി, വലപ്പുഴ, കോറ്റുകുളഞ്ഞി, കൊച്ചുതറപ്പാടി, ചമ്മത്ത്, പെണ്ണുക്കര, നെടുവരം കോട്.

വെണ്മണി പഞ്ചായത്ത്

വെണ്മണി താഴം, കോടുകുളഞ്ഞി കാരോട്, പറച്ചന്ത, ചങ്ങമല, ഇല്ലത്ത് മേപ്പുറം, പുന്തല താഴം, പൊയ്ക, കക്കട, വെണ്മാണി ഏറം, പുലക്കടവ്, വെണ്മണി പടിഞ്ഞാറ്റേ മുറി, വരമ്പൂര്‍.

തിരുവന്മണ്ടൂര്‍ പഞ്ചായത്ത്

ഇരമല്ലിക്കര, തിരുവന്മണ്ടൂര്‍, തന്നാട്, കോലെടത്തുശേരി, മഴുക്കീര്‍ കീഴ്, മഴുക്കീര്‍, മഴുക്കീര്‍ മേല്‍, കല്ലിശേരി, ഉമയാറ്റുകര, വനവാതു കര,

മാന്നാര്‍ പഞ്ചായത്ത്

പാവുക്കര , മാന്നാര്‍ ഠൌണ്‍, കുറത്തിക്കാട് , കുട്ടമ്പേരൂര്‍, കുളഞ്ഞിക്കര, എലമറ്റൂര്‍

പാണ്ടനാട് പഞ്ചായത്ത്

പ്രാമറ്റക്കര, പാണ്ടനാട് കോട്ടയ, പ്രേയാര്‍, മുതവഴി, വന്മഴി, മിത്രമാടം, കീഴ്വന്മഴി,

പുലിയൂര്‍ പഞ്ചായത്ത്

പാലച്ചുവട്, പഴയാറ്റില്‍, മടത്തും‌പടി, നൂറ്റവന്‍പാറ, തകലമറ്റം, കൂളിക്കപ്പാലം, തോനക്കാട്, ഇലഞ്ഞിമേല്‍, പുലിയൂര്‍

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി

ചെങ്ങന്നൂര്‍, കല്ലിശേരി, അങ്ങാടിക്കല്‍, പുത്തങ്കാവ്, ഇടനാട്, അങ്ങാറ്റിക്കല്‍ തെക്ക്

ആരാധനാലയങ്ങള്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
ചെങ്ങന്നൂര്‍ ബദേല്‍ പള്ളി
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി
പരുമല പള്ളി
പുത്തന്‍‌കാവ് പള്ളി
പുത്തങ്കാവ് നട ദേവീ ക്ഷേത്രം
ശാസ്താം കുളങ്ങര നരസിംഹ മൂര്‍ത്തി ക്ഷേത്രം.
ത്രിപ്പുലിയൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം.
ത്രിച്ചിറ്റാറ്റ് ശ്രീ കൃഷ്ണ ക്ഷേത്രം
തിരുവന്മണ്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം.
ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, വെണ്മണി
ഗന്ധര്‍വ്വാമൃതം ദേവീക്ഷേത്രം, മുളക്കുഴ
കൊഴുവല്ലൂര്‍ ദേവീക്ഷേത്രം
അയ്യപ്പക്ഷേത്രം, പാറച്ചന്ത കൊഴുവല്ലൂര്‍
മാന്നാര്‍ ജുമാ മസ്ജിദ്
ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
കുതിരവട്ടം അയ്യപ്പക്ഷേത്രം,കോടുകുളഞ്ഞി
അഡിച്ചിക്കാവ് ദേവീക്ഷേത്രം, പണ്ടനാട് വെസ്റ്റ്


സുപ്രധാന വ്യക്തിത്വങ്ങള്‍

പദ്മശ്രീ ഡോ: പി എം ജോസഫ് ( ഗ്വാളിയര്‍ ലക്ഷ്മീ ഭായി കോളേജിന്റെ സ്ഥാപക പ്രധാന ‍അദ്ധ്യാപകന്‍)
പദ്മശ്രീ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള ( പേരുകേട്ട കഥകളി കലാകാരന്‍)
ചെങ്ങന്നൂര്‍ ശങ്കര വാര്യര്‍
റാവു ബഹാദൂര്‍ പരമേശ്വര പിള്ള.
മഹാകവി പുത്തന്‍‌കാവ് മാത്തന്‍ തരകന്‍( ബൈബിള്‍ കിളിപ്പാട്ടായി എഴുതി മഹാകവി പട്ടം നേടി)
പദ്മശ്രീ പടിഞ്ഞാറെ മടത്തില്‍ ഭാസ്കരന്‍ നായര്‍
അഡ്വ: സി എന്‍ മാധവന്‍ പിള്ള
അഡ്വ: കൊച്ചു തോമ (മുന്‍ സുപ്രീം കോടതി ജഡ്ജ്)
അഡ്വ: ജോര്‍ജ് ജോസഫ് (മുന്‍ സുപ്രീം കോടതി ജഡ്ജി)
പദ്മശ്രീ ഡോ: കെ എം ചെറിയാന്‍ ( സ്ഥാപക പ്രസിഡന്റ് Institute of Cardio Vascular Diseases)
പദ്മശ്രീ ഡോ: എം ആര്‍ ജീ കുറുപ്പ് ( Indian Space Research Organisation )
ആര്‍ട്ടിസ്റ്റ് നമ്പ്യാര്‍
അഡ്വ: കെ കെ ചാക്കോ ( മുന്‍ ഹൈക്കോടതി ജഡ്ജി)

Wednesday, June 3, 2009

ആറന്മുള വള്ള സദ്യ | Aranmula Valla sadya | Kerala Tourism

ആറന്മുളയെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞു. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൌരാണിക സങ്കല്‍പ്പങ്ങളെ കുറിച്ച്, അവിടുത്തെ സാംസ്കാരിക പെരുമളെ കുറിച്ച്, ആഘോഷങ്ങളെ കുറിച്ച് ഒക്കെ വിശദമായി നമ്മള്‍ സംവദിച്ചു കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മുന്നില്‍ എനിക്കവതരിപ്പിക്കാനുള്ളത് ആറന്മുളയുടെ ലോക പ്രശസ്തമായ രുചിയെ കുറിച്ചാണ്. ആറന്മുളയുടെ തനതു രുചിയോ? എന്ന പരിഹാസ ചോദ്യം ഉന്നയിച്ചേക്കാവുന്നവര്‍ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ള സദ്യ. അമ്പലപ്പുഴ പാല്‍പ്പായസം എന്ന ഒറ്റ വിഭവം ലോകപ്രശസ്തമാണനെങ്കില്‍ ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.

രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.


പ്രത്യേകതകള്‍


ആറന്മുള പെരുമയില്‍ ഇതുവരെ പ്രതിപാദിച്ച മറ്റേതിനേയും പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്.
ആയിരങ്ങള്‍‍ പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന്‌ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്‌ മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക്‌ സദ്യവിളമ്പും.

പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്‌, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്‌, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണലപ്പുറത്തു പണ്ഡിതനും , പാമരനും സമ ഭാവനയൊടെ ഈ സദ്യക്കാ‍യ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍ വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍ കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്. അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.

ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...

ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

വിളമ്പുന്നവിധം

എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്ന വിധം

ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).


ആറന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍

1. ചോറ്
2. പരിപ്പ്
3. പപ്പടം
4. നെയ്യ്
5. അവിയല്‍
6. സാംബാര്‍
7. തോരന്‍
8. പച്ചടി
9. കിച്ചടി
10. നാരങ്ങ അച്ചാര്‍
11. ഇഞ്ചിക്കറി
12. കടുമാങ്ങ
13. ഉപ്പുമാങ്ങ
14. വറുത്ത എരിശ്ശേരി
15. കാളന്‍
16. ഓലന്‍
17. രസം
18. ഉറ തൈര്
19. മോര്
20. പ്രഥമന്‍
21. ഉപ്പേരി
22. കദളിപ്പഴം
23. എള്ളുണ്ട
24. വട
25. ഉണ്ണിയപ്പം
26. കല്‍ക്കണ്ടം
27. ശര്‍ക്കര / പഞ്ചസാര
28. മുന്തിരിങ്ങ
29. കരിമ്പ്‌
30. മെഴുക്കുപുരട്ടി
31. ചമ്മന്തിപ്പൊടി
32. ചീരത്തോരന്‍
33. തേന്‍
34. തകരതോരന്‍
35. നെല്ലിക്ക അച്ചാര്‍
36. ഇഞ്ചി തൈര്

ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക .

ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 61 വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു.