. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, June 19, 2009

ചെങ്ങന്നൂര്‍ | Chengannur | Kerala Tourism.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴ ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണം ആണ് ചെങ്ങന്നൂര്‍. പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതനവും ചരിത്ര പ്രസിദ്ധവുമാണ്. രാഷ്ട്രീയ സാമൂഹിക, സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ/ ആയിരുന്ന പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും ജന്മം നല്‍കിയിട്ടുള്ള ഈ പ്രദേശം പേരിലെ പ്രത്യേകതകള്‍ കൊണ്ടും വേറിട്ടു നില്‍ക്കുന്നു. ചരിത്ര പ്രസിദ്ധമായ ദേവാലയങ്ങള്‍, ചരിത്രം ഉറങ്ങുന്ന ചെറു ഗ്രാമങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിങ്ങനെ ചെങ്ങന്നൂരിനു പകര്‍ന്നു തരാന്‍ പെരുമകള്‍ മാത്രം. ചെങ്ങന്നൂര്‍ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂര്‍ ആസ്ഥാനമായി അതേ പേരില്‍ തന്നെ ഒരു താലൂക്കും, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്.


പുണ്യ പമ്പ ചെങ്ങന്നൂരിനെ തഴുകി ഒഴുകുന്നു. കേരളത്തിന്റെ ഒന്നാം നമ്പര്‍ സ്റ്റേറ്റ് ഹൈവേ (എം. സി റോഡ്) ചെങ്ങന്നൂരില്‍ കൂടി കടന്നു പോകുന്നു. എന്‍. സി റോഡില്‍ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താല്‍ പന്തളത്തിനും, തിരുവല്ലക്കും ഇടയിലായി ചെങ്ങന്നൂര്‍ സ്ഥിതി ചെയ്യുന്നു. ചെങ്ങന്നൂരിലെ റെയില്‍‌വേ സ്റ്റേഷനും പ്രസിദ്ധമാണ്. പ്രസിദ്ധമായ ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന ഭക്തരില്‍ ഏതാണ്ട് 70%ഉം ആശ്രയിക്കുന്നത് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെയാണ്. ജല, റെയില്‍, റോഡ് മാര്‍ഗം വേഗത്തില്‍ എത്തിച്ചേരാവുന്ന ഒരു സ്ഥലമാണ് ചെങ്ങന്നൂര്‍.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തിയേഴ് ആഗസ്റ്റ് പതിനേഴാം തീയതി ഔദ്യോഗികമായി നിലവില്‍ വന്ന ചെങ്ങന്നൂര്‍ താലൂക്ക് കേരളത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചെങ്ങന്നൂര്‍ നൂറ്റാണ്ടുകാള്‍ക്ക് മുന്‍പ് തന്നെ പ്രധാന കച്ചവട കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമ സഭയില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലമായും, പാര്‍ലമെന്റില്‍ മാവേലിക്കര ലൊകസഭാ മണ്ഡലത്തിനു കീഴിലുമാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂര്‍ താലുക്കിന്റെ വിസ്തീര്‍ണം നൂറ്റിമുപ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്. രണ്ടായിരത്തി ഒന്നില്‍ പുറത്തു വന്ന കനേഷുമാരി കണക്കനുസരിച്ച് ആകെ ജനസംഖ്യ ഒരു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയേഴ്. ഇതില്‍ നാല്‍പ്പത്തിയെട്ടു ശതമാനം സ്ത്രീകളും, അന്‍പത്തി രണ്ട് ശതമാനം പുരുഷന്മാരുമാണ്. ജനസംഖ്യയിലെ ഒന്‍പത് ശതമാനം ആറ് വയസിനു താഴെയുള്ള കുട്ടികളാണെന്നും കണക്കാക്കപ്പെടുന്നു.

ചരിത്രവും പുരാണവും

ഒന്നാം സഹസ്രാബ്ദത്തില്‍ നമ്മാഴ്വാര്‍ ചെങ്കുരൂര്‍ അഥവാ ചെങ്ങന്നൂരിനെ വേദ യജ്ഞങ്ങളില്‍‍ നിന്നുള്ള പുക ആകാശത്തെ നിറയ്ക്കുന്ന സ്ഥലം ആയി പ്രതിപാദിക്കുന്നു. ഇവിടം പച്ചപ്പണിഞ്ഞ വാഴത്തോപ്പുകളും തെങ്ങിന്തോപ്പുകള്‍ കൊണ്ടും നിറഞ്ഞിരുന്നതായി അദ്ദേഹം വര്‍ണ്ണിക്കുന്നു. ചെന്നു നിന്ന ഊര് എന്ന വാക്യം ലോപിച്ചാണ് ചെങ്ങന്നൂര്‍ എന്ന പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഒരു തീര്‍ത്ഥയാത്രയ്ക്കു ശേഷം ഇവിടെ വന്നു നിന്നു എന്നാണ് ഐതീഹ്യം. അതില്‍ നിന്നാണ് സ്ഥലപ്പേര് ഉണ്ടായത്. ശിവന്റെ ചുവന്ന് കണ്ണ്+ഊര്‍ ചെങ്കണ്ണ് ഊര്‍ ആയിരിക്കാം എന്നും ചിലര്‍ വാദിക്കുന്നു. ചുവന്ന കല്ലുള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചെങ്കല്ലൂര്‍ എന്ന വാക്കാണ് ചെങ്ങണ്ണൂര്‍ ആയത് എന്നും കരുതുന്നവര്‍ ഉണ്ട്. 'ചുവന്ന കുന്ന്'(ശോണാദ്രി) എന്ന സ്ഥലത്താണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം നില്‍ക്കുന്നത് എന്നും അതിനാല്‍ ചെങ്കുന്ന് ഉള്ള 'ഊര്‍' എന്നത് ചെങ്കുന്നൂര്‍ ആയെന്നും അത് പിന്നീട് ചെങ്ങന്നൂര്‍ ആയെന്നും മറ്റൊരു വാദവും നിലവിലുണ്ട്.

പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം, പരുമല പള്ളി, പഞ്ചപാണ്ടവരില്‍ പ്രമുഖരായ ഭീമനും, യുധിഷ്ടിരനും പ്രതിഷ്ടിച്ചു എന്നു കരുതപ്പെടുന്ന ത്രിപ്പുലിയൂര്‍, ത്രിച്ചിറ്റാറ്റ് ക്ഷേത്രങ്ങള്‍, പഴയ സുറിയാനി പള്ളി എന്നിവ ചെങ്ങന്നൂരിന്റെ പൌരാണിക ബിംബങ്ങളായി നിലകൊള്ളുന്നു. പ്രസിദ്ധമായ പാണ്ഡവന്‍ പാറയും, നൂറ്റവര്‍ പാറയും എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ആണ്. പാണ്ഡവന്‍ പാറയില്‍ പഞ്ചപാണ്ഡവര്‍ ഇരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം അത്ഭുതമുണര്‍ത്തുന്ന ഒന്നു തന്നെ. സപ്ത സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന ഗുഹയും പാറക്കെട്ടിനുള്ളിലെ വറ്റാത്ത ഉറവയും ഇവിടുത്തെ മറ്റ് അത്ഭുതങ്ങള്‍ ആണ്.


ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും അതിലെ ചെറു ഗ്രാമങ്ങളും

മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, പുലിയൂര്‍, ബുധനൂര്‍, പണ്ടനാട്, തിരുവന്‍‍മണ്ടൂര്‍. മാന്നാര്‍ എന്നീ പഞ്ചായത്തുകളും ചെങ്ങണൂര്‍ മുനിസിപ്പാലിറ്റിയും ആണ് ഇന്ന് ചെങ്ങന്നൂര്‍ താലൂക്കിനു കീഴിലുള്ളത്.

ചെറിയനാട് പഞ്ചായത്ത്.

ഇടവങ്കാട്, തുരുത്തിമേല്‍, അരിയുണ്ണിശേരി, ചെറിയനാട്, മാമ്പ്ര, ചെറുമിക്കാട്, ചെറുവല്ലൂര്‍, കൊല്ലകടവ്, കുണ്ട്രടിപള്ളിശേരി, കടയിക്കാട്, ഇടമുറി, മണ്ടപ്രിയാരം.

മുളക്കുഴ പഞ്ചായത്ത്

നികരുമ്പുറം, പിരളശ്ശേരി, മുളക്കുഴ, പറ്റങ്ങാട്, കുടക്കമാര്‍ഗം, മണ്ണാറക്കോട്, കാരക്കാട്, കരിമ്പറാം‌പൊയ്ക, കൊഴുവല്ലൂര്‍, താഴം‌ഭാഗം, അരീക്കര, വലിയ പറമ്പ്, പെരിങ്ങാല, കണ്ണുവേലിക്കാവ്.

ആല പഞ്ചായത്ത്

ആല, ഉമ്മത്തില്‍, പൂമല, മലമോടി, വലപ്പുഴ, കോറ്റുകുളഞ്ഞി, കൊച്ചുതറപ്പാടി, ചമ്മത്ത്, പെണ്ണുക്കര, നെടുവരം കോട്.

വെണ്മണി പഞ്ചായത്ത്

വെണ്മണി താഴം, കോടുകുളഞ്ഞി കാരോട്, പറച്ചന്ത, ചങ്ങമല, ഇല്ലത്ത് മേപ്പുറം, പുന്തല താഴം, പൊയ്ക, കക്കട, വെണ്മാണി ഏറം, പുലക്കടവ്, വെണ്മണി പടിഞ്ഞാറ്റേ മുറി, വരമ്പൂര്‍.

തിരുവന്മണ്ടൂര്‍ പഞ്ചായത്ത്

ഇരമല്ലിക്കര, തിരുവന്മണ്ടൂര്‍, തന്നാട്, കോലെടത്തുശേരി, മഴുക്കീര്‍ കീഴ്, മഴുക്കീര്‍, മഴുക്കീര്‍ മേല്‍, കല്ലിശേരി, ഉമയാറ്റുകര, വനവാതു കര,

മാന്നാര്‍ പഞ്ചായത്ത്

പാവുക്കര , മാന്നാര്‍ ഠൌണ്‍, കുറത്തിക്കാട് , കുട്ടമ്പേരൂര്‍, കുളഞ്ഞിക്കര, എലമറ്റൂര്‍

പാണ്ടനാട് പഞ്ചായത്ത്

പ്രാമറ്റക്കര, പാണ്ടനാട് കോട്ടയ, പ്രേയാര്‍, മുതവഴി, വന്മഴി, മിത്രമാടം, കീഴ്വന്മഴി,

പുലിയൂര്‍ പഞ്ചായത്ത്

പാലച്ചുവട്, പഴയാറ്റില്‍, മടത്തും‌പടി, നൂറ്റവന്‍പാറ, തകലമറ്റം, കൂളിക്കപ്പാലം, തോനക്കാട്, ഇലഞ്ഞിമേല്‍, പുലിയൂര്‍

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി

ചെങ്ങന്നൂര്‍, കല്ലിശേരി, അങ്ങാടിക്കല്‍, പുത്തങ്കാവ്, ഇടനാട്, അങ്ങാറ്റിക്കല്‍ തെക്ക്

ആരാധനാലയങ്ങള്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
ചെങ്ങന്നൂര്‍ ബദേല്‍ പള്ളി
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളി
പരുമല പള്ളി
പുത്തന്‍‌കാവ് പള്ളി
പുത്തങ്കാവ് നട ദേവീ ക്ഷേത്രം
ശാസ്താം കുളങ്ങര നരസിംഹ മൂര്‍ത്തി ക്ഷേത്രം.
ത്രിപ്പുലിയൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം.
ത്രിച്ചിറ്റാറ്റ് ശ്രീ കൃഷ്ണ ക്ഷേത്രം
തിരുവന്മണ്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം.
ശാര്‍ങ്ങക്കാവ് ദേവീക്ഷേത്രം, വെണ്മണി
ഗന്ധര്‍വ്വാമൃതം ദേവീക്ഷേത്രം, മുളക്കുഴ
കൊഴുവല്ലൂര്‍ ദേവീക്ഷേത്രം
അയ്യപ്പക്ഷേത്രം, പാറച്ചന്ത കൊഴുവല്ലൂര്‍
മാന്നാര്‍ ജുമാ മസ്ജിദ്
ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
കുതിരവട്ടം അയ്യപ്പക്ഷേത്രം,കോടുകുളഞ്ഞി
അഡിച്ചിക്കാവ് ദേവീക്ഷേത്രം, പണ്ടനാട് വെസ്റ്റ്


സുപ്രധാന വ്യക്തിത്വങ്ങള്‍

പദ്മശ്രീ ഡോ: പി എം ജോസഫ് ( ഗ്വാളിയര്‍ ലക്ഷ്മീ ഭായി കോളേജിന്റെ സ്ഥാപക പ്രധാന ‍അദ്ധ്യാപകന്‍)
പദ്മശ്രീ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള ( പേരുകേട്ട കഥകളി കലാകാരന്‍)
ചെങ്ങന്നൂര്‍ ശങ്കര വാര്യര്‍
റാവു ബഹാദൂര്‍ പരമേശ്വര പിള്ള.
മഹാകവി പുത്തന്‍‌കാവ് മാത്തന്‍ തരകന്‍( ബൈബിള്‍ കിളിപ്പാട്ടായി എഴുതി മഹാകവി പട്ടം നേടി)
പദ്മശ്രീ പടിഞ്ഞാറെ മടത്തില്‍ ഭാസ്കരന്‍ നായര്‍
അഡ്വ: സി എന്‍ മാധവന്‍ പിള്ള
അഡ്വ: കൊച്ചു തോമ (മുന്‍ സുപ്രീം കോടതി ജഡ്ജ്)
അഡ്വ: ജോര്‍ജ് ജോസഫ് (മുന്‍ സുപ്രീം കോടതി ജഡ്ജി)
പദ്മശ്രീ ഡോ: കെ എം ചെറിയാന്‍ ( സ്ഥാപക പ്രസിഡന്റ് Institute of Cardio Vascular Diseases)
പദ്മശ്രീ ഡോ: എം ആര്‍ ജീ കുറുപ്പ് ( Indian Space Research Organisation )
ആര്‍ട്ടിസ്റ്റ് നമ്പ്യാര്‍
അഡ്വ: കെ കെ ചാക്കോ ( മുന്‍ ഹൈക്കോടതി ജഡ്ജി)

Thursday, June 11, 2009

വാസ്തു വിദ്യാ ഗുരുകുലം | Vasthu vidya Gurukulam | Kerala Tourism

ആറന്മുള പെരുമയിലേക്ക് ഒരു പൊന്‍ തൂവല്‍ കൂടി. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍/തനതു കലകള്‍ പഠിപ്പിക്കാന്‍ ഒരു കേന്ദ്രം തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അതിന്റെ ആസ്ഥാനം സംസ്കാരിക പെരുമകളുടെ ഊഷ്വരഭൂമിയായ ആറന്മുള തന്നെ ആയിരിക്കണം എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടായില്ല. അങ്ങനെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1993 ല്‍ കേരളാ വാസ്തു വിദ്യാ ഗുരുകുലം എന്ന സ്ഥാപനം ആറന്മുള ആസ്ഥാനമായി നിലവില്‍ വന്നു.

വാസ്തു വിദ്യ എന്നത് വാസ്, വിദ്യ എന്നീ സംസ്ക്രിത പദങ്ങളുടെ സമന്വയമാണ്. വാസ് എന്നാല്‍ നിര്‍മ്മാണം, വിദ്യ എന്നാല്‍ അറിവ്. നിര്‍മ്മിക്കാനുള്ള അറിവാണ് വാസ്തുവിദ്യ. വേദങ്ങളിലെ പരമപ്രധാനിയായ അഥര്‍വ്വവേദത്തിന്റെ ഉപ വേദമായ സ്താപദ്യ വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പരമപ്രധാന ഭാരതീയ നിര്‍മ്മാണകലയാണ് വാസ്തുവിദ്യ.

പുരാതന ശൈലിയിലുള്ള ഗൃഹ നിര്‍മ്മാണത്തെ ഉദ്ദേശിച്ചാണ് വാസ്തു ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നത്. ആറന്മുള വാസ്തു വിദ്യാ കേന്ദ്രം പുരാതന ഇന്‍ഡ്യന്‍ ഗൃഹനിര്‍മ്മാണ രീതിയെ ആധുനിക നിര്‍മ്മാണ രീതിയുമായി സമന്വയിപ്പിച്ച് തനതായ ഒരു നിര്‍മ്മാണ കല രൂപകല്‍പ്പന ചെയ്യുകയാണ് ചെയ്യുന്നത്. അതായത് പാരമ്പര്യത്തിന്റെയും, ഭക്തിയുടെയും, ശാസ്ത്രത്തിന്റെയും ഒരു ഇഴുകി ചേരല്‍. ആ ശൈലി സാധാരണ ജനങ്ങള്‍ അംഗീകരിച്ചു എന്നതിനു തെളിവാണ് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ആയിരക്കണക്കിനു ഭവനങ്ങള്‍.


ഇവിടെ നിലവിലുള്ള പഠന വിഷയങ്ങള്‍


1. പാരമ്പര്യ നിര്‍മ്മാണ കലയില്‍ ബിരുദാനന്ദര ബിരുദ ഡിപ്ലോമ - കോട്ടയം അസ്ഥാനമായ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ളത്.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - സിവില്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു.

2. പാരമ്പര്യ നിര്‍മ്മാണകലയില്‍ ഡിപ്ലോമ ( തപാല്‍ പാഠ്യ രീതി)

പാരമ്പര്യ നിര്‍മ്മാണ കല പഠിക്കുവാനുള്ള സാധാരണ ജനങ്ങളുടെ താല്‍പ്പര്യം മുന്നില്‍കണ്ട് ആറന്മുള വാസ്തു വിദ്യാഗുരുകുലം ഈ മേഖലയില്‍ തപാല്‍ വഴിയുള്ള പഠ്യ രീതിയും അവലംബിച്ചിരിക്കുന്നു.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - ഏതെങ്കിലും അംഗീകൃത സര്‍വ്വ കലാശാലകളുടെ ബിരുദം അല്ലെങ്കില്‍ സിവില്‍ ആര്‍ക്കിടെക്ട് ഡിപ്ലോമ.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശനത്തിന് പ്രത്യേക യോഗ്യതകള്‍ ആവിശ്യമില്ല.


3. പാരമ്പര്യ നിര്‍മ്മാണ കലയുടെ തലതൊട്ടപ്പന്മാരായ വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവരുടെ പുതിയ തലമുറയെ അവരില്‍ നിന്നും അന്യം നിന്നു പോയ അവരുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍, വാസ്തുവിദ്യയെ കുറിച്ച് അവരെ ബോധവന്മാരാക്കാന്‍ വേണ്ടി ഒരു പ്രത്യേക കോഴ്സും ഇവിടെ നടത്തുന്നു.

കാലാവധി - ഒരു വര്‍ഷം

കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, പ്രവേശനം വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവര്‍ക്കു മാത്രം.

4. ഇതു കൂടാതെ പാരമ്പര്യ ചുവര്‍ ചിത്ര കലയും ഇവിടെ പഠിപ്പിക്കുന്നു.

കാലാവധി - രണ്ട് വര്‍ഷം

കുറഞ്ഞ യോഗ്യത - എസ് എസ് എല്‍ സി.

പഠന ഭാഷ - മലയാളം.

പ്രവേശനം - പ്രവേശന പരീക്ഷയും, അഭിമുഖവും നടത്തി തിരഞ്ഞെടുക്കുന്നു, ചിത്ര രചനയില്‍ താല്‍പ്പര്യം, വയസ് 25ല്‍ കവിയരുത്.

ചുമര്‍ചിത്രകലയുടെ ചരിത്രം, സവിശേഷതകള്‍, ചുമര്‍ചിത്ര ശൈലിയിലുള്ള രേഖാചിത്ര, ജലച്ഛായ ചിത്രരചന, താലപ്രമാണം, പ്രതലം തയ്യാറാക്കല്‍, വര്‍ണ സങ്കലനം, സംരക്ഷണ രീതികള്‍ മുതലായവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.


വാസ്തു വിദ്യാ ഗുരുകുലത്തിലെ ഗുരുക്കന്മാര്‍


വാസ്തു ശാസ്ത്രം

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഡോ: അച്ചുതന്‍, എ. ബി ശിവന്‍, മനോജ് എസ് നായര്‍, കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്.

എസ്റ്റിമേഷന്‍

പി. പി സുരേന്ദ്രന്‍

ഡ്രാഫ്റ്റിങ്ങ്


ഫ്രാന്‍സിസ്കാ ആന്റണി മണ്ണാലി

ചുവര്‍ ചിത്ര കല

സുരേഷ് കുമാര്‍, കെ.കെ വാര്യര്‍

സംസ്‌ക്രിതം

ഡോ: മോഹനന്‍ നായര്‍
ഡോ: മധുസൂതനന്‍

വിലാസം

വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍-689533
ഫോണ്‍ :0468-2319740

Wednesday, June 3, 2009

ആറന്മുള വള്ള സദ്യ | Aranmula Valla sadya | Kerala Tourism

ആറന്മുളയെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞു. അതിന്റെ ചരിത്രത്തെ കുറിച്ച്, അതിന്റെ പൌരാണിക സങ്കല്‍പ്പങ്ങളെ കുറിച്ച്, അവിടുത്തെ സാംസ്കാരിക പെരുമളെ കുറിച്ച്, ആഘോഷങ്ങളെ കുറിച്ച് ഒക്കെ വിശദമായി നമ്മള്‍ സംവദിച്ചു കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മുന്നില്‍ എനിക്കവതരിപ്പിക്കാനുള്ളത് ആറന്മുളയുടെ ലോക പ്രശസ്തമായ രുചിയെ കുറിച്ചാണ്. ആറന്മുളയുടെ തനതു രുചിയോ? എന്ന പരിഹാസ ചോദ്യം ഉന്നയിച്ചേക്കാവുന്നവര്‍ക്ക് വളരെ ലഘുവായ മറുപടിയാണ് ആറന്മുള വള്ള സദ്യ. അമ്പലപ്പുഴ പാല്‍പ്പായസം എന്ന ഒറ്റ വിഭവം ലോകപ്രശസ്തമാണനെങ്കില്‍ ആറന്മുള സദ്യയിലെ മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.

രുചിയുടെ പെരുമ കൊണ്ടും, പങ്കെടുക്കുന്നവരുടെ പെരുമഴ കൊണ്ടും ഒരുപക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാവാം ആറന്മുള വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിദ്യം നുണയാന്‍ എല്ലാവര്‍ഷവും ഒരു ലക്ഷത്തിനു മേല്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു എന്നാണ് കണക്ക്.


പ്രത്യേകതകള്‍


ആറന്മുള പെരുമയില്‍ ഇതുവരെ പ്രതിപാദിച്ച മറ്റേതിനേയും പോലെ വള്ള സദ്യയും ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന പതിറ്റാണ്ടുകളായി ആഘോഷിച്ചു വരുന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ്.
ആയിരങ്ങള്‍‍ പങ്കു കൊള്ളുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക. അന്നേ ദിവസം നിര്‍മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ തേച്ചുകുളിപ്പിക്കുന്നതിനുള്ള ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കും. ക്ഷേത്രത്തിലും, മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേകപൂജകളും വഴിപാടുകളും നടത്തും. ഉച്ചപ്പൂജക്ക് ശേഷം എതാണ്ട് പതിനൊന്നു മണിയൊടെ തിരുമുമ്പില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന്‌ സമര്‍പ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്‌ മതില്‍ക്കകം നിറഞ്ഞിരിക്കുന്ന ഭക്തര്‍ക്ക്‌ സദ്യവിളമ്പും.

പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള ഉത്രട്ടാതി വള്ളം കളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്ര മധുക്കടവിലേത്തും. ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുഴകളുമായി ക്ഷേത്രത്തിന് വലം വച്ച് കിഴക്കെ നടയിലേട്ടുന്നു. നിറപറകളും നിലവിളക്കുകളും കൊടിമരച്ചുവട്ടില്‍ ഒരുക്കും. ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, മുന്തിരിങ്ങ, കരിമ്പ്‌, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരത്തോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചിത്തൈര്‌, മടന്തയിലത്തോരന്‍, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. സദ്യ വിളമ്പുമ്പോള്‍ ആറന്മുളയപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും വിളമ്പി നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ആറന്മുള വള്ള സദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ആറന്മുള വള്ള സദ്യ. ഇത് സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.ആറന്മുള ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ വെറും മണലപ്പുറത്തു പണ്ഡിതനും , പാമരനും സമ ഭാവനയൊടെ ഈ സദ്യക്കാ‍യ് ഇരിക്കുന്നു. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ആറന്മുള വള്ള സദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി കറികളായി ആറന്മുള വള്ള സദ്യയില്‍ ഉപയോഗിക്കാറില്ല, എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

പ്രധാന സദ്യ അഷ്ടമി രോഹിണി ദിനത്തിലാണെങ്കിലും ചിങ്ങമാസം ഒന്നു മുതല്‍ മിക്ക ദിവസങ്ങളിലും ഭക്തരുടെ വഴിപാടായി വള്ള സദ്യ നടത്തി പോരുന്നു. സന്താനലബ്ദിക്കായ് വള്ള സദ്യ വഴിപാട് നേരുന്നവര്‍ ധാരാളമുണ്ട്. വഴിപാടായി നടത്തുന്നവര്‍ വഴിപാട് സദ്യ അര്‍പ്പിക്കാന്‍ തീരുമാനിച്ച കരയിലെ കരപ്രമാണിയെ ഔദ്യോകിമായി സദ്യക്ക് ക്ഷണിക്കും. പ്രസ്തുത ദിവസം അലങ്കരിച്ച പള്ളിയോടത്തില്‍ കരയിലെ പ്രമുഖര്‍ പമ്പാനദീ മാര്‍ഗ്ഗം മധുക്കടവിലെത്തും. വഴിപാട് നടത്തുന്നയാള്‍ വള്ളക്കര പ്രമാണിയെ വെറ്റിലയും അടക്കയും, നാണയും ചേര്‍ത്ത ദക്ഷിണ നല്‍കി സ്വീകരിച്ച് ആനയിക്കുന്നു. വള്ളപ്പാട്ട് പാടി ക്ഷേത്രത്തിന് വലം വച്ച് തുഴക്കാര്‍ ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ ഇരുന്നു സദ്യ കഴിച്ച് സന്തോഷം അറിയിച്ച് മടങ്ങും. സധാരണ വഴിപാട് വള്ള സദ്യകള്‍ ഒന്നൊ രണ്ടോ വള്ളങ്ങള്‍ക്കാണ് നലകാറ്. അന്നദാന പ്രിയനായ ആറന്മുള പാര്‍ത്ഥസാരഥിയുടെ നടയിലെ പ്രധാന വഴിപാടാണ് വള്ള സദ്യ.

ആനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ....
പാനം ചെയ്യാന്‍ കിണ്ടിപ്പാല്‍ കൊണ്ടുവന്നാലും.
അപ്പം അട അവല്‍പ്പൊതി കൊണ്ടുവന്നാലും.
പൂവന്‍ പഴം കുലയോടിഹ കൊണ്ടുവന്ന്-
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍...

ഇങ്ങനെ തുടങ്ങുന്ന പാട്ട് വള്ളപ്പാട്ടീണത്തില്‍ ചൊല്ലി വിഭവങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ല എന്ന് പറയുന്നത ഭഗവത് വിരോധത്തിന് കാരണമാകുമെന്നു വിശ്വസിക്കുന്നതിനാല്‍ ആറന്മുളയില്‍ അഷ്ടമി രോഹിണി ദിവസം വള്ള സദ്യക്കു പങ്കെടുക്കുന്ന എല്ലാ ഭക്തര്‍ക്കും സദ്യ വിളമ്പുക എന്നത് ഒരു ചടങ്ങ് എന്നതിലുപരി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

വിളമ്പുന്നവിധം

എല്ലാ സദ്യകളേയും പോലെ ആറന്മുള വള്ള സദ്യയ്ക്കും ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ആളുകള്‍ ഇരിക്കുന്നതു. ആളുകള്‍ ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകല്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. നാലു കൂട്ടം പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു ആറന്മുള വള്ളസദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്ന വിധം

ആറന്മുള വള്ള സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ഭഗവാനെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പുന്നത് ആറന്മുള വള്ള സദ്യയുടെ മാത്രം പ്രത്യേകതയാണ്. (ആറന്മുള വള്ള സദ്യയുടെ രീതി കടകൊണ്ട് ഇപ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിവാഹസദ്യകളില്‍ ഈ രീതി പിന്തുടരുന്നു). കുറഞ്ഞത് നാലുകൂട്ടം പായസങ്ങളെങ്കിലും ആറന്മുള വള്ള സദ്യയില്‍ കാണും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).


ആറന്മുള വള്ളസദ്യയിലെ വിഭവങ്ങള്‍

1. ചോറ്
2. പരിപ്പ്
3. പപ്പടം
4. നെയ്യ്
5. അവിയല്‍
6. സാംബാര്‍
7. തോരന്‍
8. പച്ചടി
9. കിച്ചടി
10. നാരങ്ങ അച്ചാര്‍
11. ഇഞ്ചിക്കറി
12. കടുമാങ്ങ
13. ഉപ്പുമാങ്ങ
14. വറുത്ത എരിശ്ശേരി
15. കാളന്‍
16. ഓലന്‍
17. രസം
18. ഉറ തൈര്
19. മോര്
20. പ്രഥമന്‍
21. ഉപ്പേരി
22. കദളിപ്പഴം
23. എള്ളുണ്ട
24. വട
25. ഉണ്ണിയപ്പം
26. കല്‍ക്കണ്ടം
27. ശര്‍ക്കര / പഞ്ചസാര
28. മുന്തിരിങ്ങ
29. കരിമ്പ്‌
30. മെഴുക്കുപുരട്ടി
31. ചമ്മന്തിപ്പൊടി
32. ചീരത്തോരന്‍
33. തേന്‍
34. തകരതോരന്‍
35. നെല്ലിക്ക അച്ചാര്‍
36. ഇഞ്ചി തൈര്

ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. ഇതു കൂടാതെ മടന്തയില തോരന്‍, പഴുത്ത മാങ്ങാക്കറി, പഴം നുറുക്ക് , പാള തൈര് , കിണ്ടി പാല് , വെണ്ണ , ഇവയും കരുതണം. പള്ളിയോടക്കാര്‍ പാട്ട് പാടി ചോദിച്ചാല്‍ ഉടന്‍ നല്‍കാനാണ് ഇവ ക്രമീകരിക്കുക .

ഇപ്പോള്‍ ആറന്മുള വള്ള സദ്യയില്‍ 61 വിഭവങ്ങള്‍ വരെ തയ്യാറാക്കുന്നുണ്ട് എങ്കിലും അടിസ്ഥാന വിഭവങ്ങള്‍ മുപ്പത്തിയാറെണ്ണമാണ്. സദ്യക്കൊപ്പം അമ്പലപ്പുഴയില്‍ നിന്നെത്തിയ പാചക വിദഗ്ദര്‍ തയ്യാറാക്കിയ അമ്പലപ്പുഴ പാല്‍പ്പായസവും ഒരു പ്രധാന ഇനമായി വിളമ്പുന്നു.