പുല്ലിലും, പാഴ്വസ്തുക്കളിലും വരെ കലയും, കലാമഹിമയും കണ്ടെത്തുന്ന കേരളത്തിന്റെ കലാപാരമ്പര്യത്തില്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധാരണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി പുരാതനകാലം മുതല്‍ നിലനിന്നിരുന്നു എന്നു നമ്മുക്കറിയാം. അതിനൊരു ഉദാഹരണമാണ് പുരാതന ചിത്രകലാ രീതിയായ ചുവര്‍ചിത്രകല. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സ്വാഭാവിക നിറങ്ങളെ വ്യത്യസ്ഥ രീതിയില്‍ ചാലിച്ച്, പുരാതനകാലത്ത് ക്ഷേത്ര ഭിത്തികള്‍ക്ക് മിഴിവേകുവാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ചുവര്‍ചിത്രങ്ങള്‍, ആ മിഴിവൊട്ടും വറ്റാതെ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നു എന്നതുതന്നെ ആ പാരമ്പര്യ കലയുടെ പ്രത്യേകതയും.
കളമെഴുത്തിനേയും ചിത്രകലയുടെ വിഭാഗത്തില്‍ അല്ലാതെ മറ്റൊരു വിഭാഗത്തില്‍ പെടുത്തുക സാദ്ധ്യമല്ല തന്നെ. കാരണം ചുവര്‍ചിത്ര കലയില്‍ നിന്നും ഇതിനുള്ള വ്യത്യാസം വളരെ വലുതല്ല. ചുവര്‍ചിത്ര കലയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് അതേ നിറക്കൂട്ടുകള്‍ തന്നെയാണ് കളമെഴുത്തിലും ഉപയോഗിക്കുന്നതെങ്കിലും, ചുവര്‍ചിത്രകലയില്‍ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന നിറക്കൂട്ടുകളെ ഉണക്കി പൊടിച്ച് അതില്‍ വെള്ളവും, പ്രകൃതി നിര്‍മ്മിതങ്ങളായ പശകളും സമം ചേര്‍ത്ത് ഇന്നത്തെ ആധുനിക ചിത്രകലാകാരന്മാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള “വാട്ടര്‍ കളറുകള്‍” ആക്കി മാറ്റുകയും അതിനെ പ്രകൃതി നിര്‍മ്മിതമായ (ഇന്നു വരക്കുന്നവര്‍ ആധുനിക രീതിയിലുള്ള) ബ്രഷുകളാല്‍ നിരപ്പായ ഭിത്തികളില്‍ ആലേഖനം ചെയ്യുകയും ചെയ്യുമ്പോള്‍ ചുവര്‍ചിത്രങ്ങളായി മാറുന്നു. എന്നാല്‍ ഇതേ പ്രകൃതി നിര്‍മ്മിത നിറക്കൂട്ടുകളെ ഉണക്കി പൊടിക്കുന്ന അതേ പൊടിയുടെ രൂപത്തില്‍ തന്നെ കലാകാരന്‍ തന്റെ കയ്യുകളുടെ പ്രത്യേക ചലന വൈദഗദ്യത്തില്‍ രൂപപ്പെടുന്ന കലാരൂപമാണ് കളമെഴുത്ത്. അതുകൊണ്ട് തന്നെ ചുവര്‍ചിത്രകലയുടെ പിതാവ് (ആദ്യരൂപം) ആയി കളമെഴുത്തിനെ കണക്കാക്കപ്പെടുന്നു.
ചുവര്‍ചിത്ര കലയും, കളമെഴുത്തും ക്ഷേത്രവും, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും, അതിന്റെ വിഷയമാകുന്നവ ഹിന്ദു ആരാധനാമൂര്‍ത്തികളോ, പുരാണ സംഭവങ്ങളോ ആയതിനാലും മുഴുവിപ്പിച്ചു വച്ചിരിക്കുന്ന ഈ രണ്ടു കലാരൂപങ്ങളേയും ഒരു ക്യാമറയില്‍ പകര്‍ത്തി ഒരാള്‍ക്ക് കാട്ടിക്കൊടുത്താല്‍ ഈ കലകള്‍ തമ്മിലുള്ള വ്യത്യാസം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ല എന്നതു തന്നെ ഈ കലകള്‍ക്ക് രണ്ടുമുള്ള സാമ്യത മനസ്സിലാക്കാവുന്നതേയുള്ളു.
ചുവര്‍ചിത്രങ്ങള്‍ ക്ഷേത്ര മതില്‍ കെട്ടുകളെ മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെങ്കില്‍ കളമെഴുത്ത് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ക്ഷേത്രാചാര ചടങ്ങുകളുടെ ഭാഗമായി തറയില്‍ എഴുതപ്പെടുന്ന ഒന്നാണ്. വിരലുകൾ ഉപയോഗിച്ച് പലവര്‍ണ്ണങ്ങളില്‍ ഉള്ള പൊടികള്‍കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ ക്ഷേത്ര അനുഷ്ഠാനകലകളോട് അനുബന്ധിച്ച് കളമെഴുത്ത് നടത്തപ്പെടുന്നു. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയും, തിരുമന്ധാംകുന്നിലമ്മയെയുമാണ്.
കളമെഴുതുന്നത് ചില സമുദായങ്ങളുടെ കുലവൃത്തിയായി കണക്കാപ്പെടുന്നു. കേരളത്തില്‍ പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്തകള്‍ എല്ലാ ക്ഷേത്ര കലകളേയും പോലെ കളമെഴുത്തിനും ഒരു കുലവൃത്തി പരിവേഷം തീര്‍ത്തു എന്നു പറയുന്നതാവും ശരി. ക്ഷേത്രകലകളില്‍ പലതും കേരളത്തിന്റെ അങ്ങോളമിങ്ങോളം ചില ജാതികളുടെ മാത്രം അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കളമെഴുത്ത് എന്ന കല വിവിധജാതികള്‍ കൈകാര്യം ചെയ്യുന്നു എന്നത് തന്നെ ആശ്വാസകരമാണ്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും മുന്നോടിയായി കളം വരയ്ക്കുന്നത് കുറുപ്പ ജാതിയില്‍ (മധ്യകേരളത്തിലെ കളമെഴുത്തു കുറുപ്പന്മാര്‍, കല്ലറ്റുകുറുപ്പന്മാര്‍ എന്ന പേരിലാണറിയപ്പെടുന്നത്) പെട്ടവരാണ്. അയ്യപ്പൻ തീയാട്ടിനു തീയ്യാടി നമ്പ്യാർമാരും, ഭദ്രകാളി തീയാട്ടിനു തീയാട്ട് ഉണ്ണി ജാതിയില്‍ പെട്ടവരും, നാഗകളമെഴുതുന്നത് പുള്ളുവന്മാരും കോലം തുള്ളലിനു കണിയാന്മാരും ആണ് കളമെഴുത്ത് നടത്തുന്നത്. ക്ഷേത്ര ആചാരങ്ങളില്‍ പെടാത്ത മന്ത്രവാദത്തിന് കളമെഴുതുന്നത് വണ്ണാന്മാരാണ്. ഇത് നടത്തുന്നത് ആവശ്യക്കാരുടെ ഭവനങ്ങളില്‍ ആയതിനാലാണ് ഇതിന് ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലേന്ന് പ്രതിപാദിച്ചത്. ചില സിനിമകളില്‍ കല്‍പ്പാത്തി പോലെയുള്ള ബ്രാഹ്മണ ഗ്രാമങ്ങളില്‍ അതിരാവിലെ കുളിച്ച് ഈറനായി സ്ത്രീകള്‍ വീടിന്റെ നടയില്‍ കോലം വരയ്ക്കുന്നത് നിങ്ങള്‍ ഒരുപക്ഷേ കണ്ടിരിക്കാം. ഒരര്‍ത്ഥത്തില്‍ അതും കളമെഴുത്തിന്റെ മറ്റൊരു ഭാവമാണ്. വണ്ണാന്‍, മലയന്‍, പുലയര്‍, മാവിലര്‍, മുന്നൂറ്റാന്‍, പറയന്‍, പണിയന്‍, ആവിയര്‍, വേലന്‍, കോപ്പാളന്‍, കുറവര്‍, തുടങ്ങിയ വിവിധ സമുദായങ്ങളും കളമെഴുത്തുകള്‍ നടത്താറുണ്ട്.
പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ് കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകള്‍ മാത്രം ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. വ്രതാനുഷ്ടാനങ്ങളോടെ ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.
പല അനുഷ്‌ഠാനരൂപങ്ങളിലും കളമെഴുത്തുണ്ട്. ദേവപ്രീതിക്കുവേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും സര്‍പ്പക്കാവുകളിലും അയ്യപ്പന്‍കാവുകളിലും വിശേഷാവസരങ്ങളിലോ, വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലക്കാലത്തോ ആണ് കളമെഴുത്ത് സാധാരണയായി നടക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ ആഢ്യഗ്രഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തും പാട്ടും നടത്തുന്നത് പണ്ടത്തെ പതിവായിരുന്നു.
ഇക്കാലത്ത് വളരെ അപൂര്‍വ്വമായെ വീടുകളില്‍ കാണാറുള്ളൂ. വിവിധതരം കളംപാട്ടുണ്ട്. ഭഗവതിക്കളം, അകപ്പന്‍കളം, വേട്ടക്കാരന്‍ കളം, നാഗക്കളം തുടങ്ങിയവയാണത്. പണ്ട് തിരുമാന്ധാംകുന്നില്‍ നടത്തിയിരുന്ന കളമെഴുത്തും പാട്ടും പനയ്യൂര്‍ മനയിലും നടത്തിയിരുന്നു. ഹിന്ദുമതാചാര പ്രകാരം ഇന്നും കളമെഴുതി യാഗങ്ങള്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കണ്ടുവരുന്നു.
ഒരുകാലത്ത് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ധൂളി ചിത്രരചനയുടെ ഭാഗമായ കളമെഴുത്തെന്ന് അഭിപ്രായപ്പെട്ടുകേട്ടിട്ടുണ്ട്. ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍ പ്രചരിച്ചിരുന്ന ശാക്തേയ മതവുമായി ബന്ധപ്പെടുന്ന ഒരു ശാക്തേയ അനുഷ്ടാനമാണ് കളമെഴുത്ത്. കളങ്ങള്‍ പൂജിക്കുവാന്‍ തെറ്റി പൂവ് നിര്‍ബന്ധമായും വേണം, എന്ത് ആചാരവും പൂജാവേളയില്‍ താന്ത്രിക മുദ്രകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡമെന്നോ ആവൈദികമെന്നോ, പറയാവുന്ന കാവുകളിലും ആരാധനാലയങ്ങളിലും മാത്രമേ കളമെഴുത്ത് നടക്കുന്നുള്ളൂ എന്നു കാണുന്നതിലും പ്രാധാന്യമുണ്ട്. പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടി എന്നു വിശ്വസിച്ച് കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഇതിനു പിന്നിലെ വിശ്വാസ അവിശ്വാസങ്ങള്‍ എന്തു തന്നെ ആയാലും അതിന്റെ പ്രാധാന്യത്തേക്കാള്‍ കളമെഴുത്ത് എന്ന കലയുടെ പ്രാധാന്യം വിസ്മരിക്കാവുന്നതല്ല.
കളമെഴുത്ത് പാട്ടു നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാമത് വൈക്കം ക്ഷേത്രമാണ്. ഇവിടെ വടക്കേ തിരുമുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. വൈക്കത്ത് കളമെഴുതി പൂജിക്കാനുള്ള അധികാരം പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പിനായിരുന്നു. ആദ്യദിവസം എട്ട് കൈകളുള്ള ഭഗവതിയെയാണ് കളത്തില്‍ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. 12ആം ദിവസമാകുമ്പോള്‍ 64 കൈകളോടുകൂടിയ ആയുധപാണിയായ ഭഗവതിയാകും കളത്തിലുണ്ടാവുക. ഓരോ ദിവസവും കളം മായ്ക്കും. കളത്തിലെ പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പന്ത്രണ്ടാം ദിവസം ഇവിടെ വരക്കുന്ന കളം കേരളത്തിലെ ഏറ്റവും വലിയ കളമാണെന്ന് പറയപ്പെടുന്നു. ദേവിയുടെ സങ്കല്‍പ്പത്തില്‍ വരക്കുന്ന കോലത്തിന്റെ ഒരു മുല വരയ്ക്കാന്‍ വേണ്ടത് ഓരോ കിലോ അരിപ്പൊടിയും ഉമിക്കരിയുമാണ്.
കളമെഴുത്ത് കഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പൂജകള്‍ക്കൊപ്പം ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുന്നു. ഒപ്പം ഗണപതി, സരസ്വതി എന്നീ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും കളത്തിന് മുന്നിലിരുന്ന് പാടുന്നു. വെളിച്ചപ്പാട് തുള്ളാന്‍ തുടങ്ങുമ്പോള്‍ പാട്ടിന്റെ താളവും മുറുകുന്നു. പിന്നെ തുള്ളിയുറയുന്ന വെളിച്ചപ്പാടുതന്നെ കളം മായ്ക്കുന്നു. അതിനു ശേഷം കളത്തിലെ വര്‍ണ്ണക്കൂട്ടുകളും, അരച്ച മഞ്ഞളും, ചന്ദനവും പൂജിച്ച പുഷ്പങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതോടെ കളമെഴുത്തും അതിന്റെ ചടങ്ങുകളും അവസാനിക്കുന്നു. കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ആ കലക്കുള്ള പ്രസക്തി.