. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, May 19, 2009

മാരാമണ്‍ കണ്‍വെന്‍ഷന്‍|Maramon Convention |Kerala Tourism

ആറന്മുളയുടെ മറുകരയായ (പമ്പാനദിയുടെ വലത്തെ കര) തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പെടുന്ന ഭാഗമാണ് മാരാമണ്‍... ക്രിസ്‌തുമതവിശ്വാസികളുടെ, ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഇത്‌ കോഴഞ്ചേരിക്കടുത്ത്‌ മാരാമണിലാണ്‌ നടക്കുന്നത്‌. എല്ലാ വര്‍ഷവും ഫിബ്രവരി മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഏഴുദിവസം നീണ്ടുനില്‍ക്കും. പമ്പാനദിയുടെ മണല്‍പ്പരപ്പില്‍ ഇതിനായി പന്തലുകളും മറ്റും ഒരുക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പണ്‌ഡിതന്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്താറുണ്ട്‌. 1895-ല്‍ ആണ്‌ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടന്നത്‌.

മാരാമണ്‍ കണ്‍‌വെന്‍ഷനെ കുറിച്ച് പറയുമ്പോള്‍ മാര്‍ത്തോമാ സഭയെ കുറിച്ച് ആമുഖം എന്ന നിലയില്‍ തീര്‍ച്ചയായും പറയേണ്ടി വരും.

ചരിത്രം



മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അല്ലെങ്കില്‍ മാര്‍ത്തോമ്മാ സഭ പതിനാറാം നൂറ്റാണ്ടിനു മുന്‍പുള്ള അവിഭക്ത സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്നു രൂപപ്പെട്ട ഒരു നവീകരണ സഭയാണ്. 1889-ല്‍ മാത്രമാണ് സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നിന്ന് വേറിട്ട് ഒരു പ്രത്യേക സഭയായി തീര്‍ന്നതെങ്കിലും അതിന്റെ നവീകരണാശയങ്ങളുടെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ഒരു സെമിനാരി അദ്ധ്യാപകനായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ (അബ്രഹാം മല്പാന്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം) ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

സെന്റ് തോമസ് ക്രിസ്താനികളുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന പല സമൂഹങ്ങളില്‍ (ക്രിസ്തുവിന്റെ ഒരു അപ്പോസ്തോലനായ വിശുദ്ധ തോമസ് ശ്ലീഹ AD 52 കേരളത്തില്‍ വന്നു ഇവിടത്തെ ക്രൈസ്തവ സഭ സ്ഥാപിച്ചു എന്നു വിശ്വസിക്കുന്ന സമൂഹം) പെട്ട ഒന്നായിരുന്നു ഈ നവീകരണ സമൂഹം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ ഭരിച്ചിരുന്ന ബ്രിട്ടിഷുകാരുടെ സഹായത്തോടെ കേരളത്തില്‍ എത്തിയ ആഗ്ലിക്കന്‍ മിഷനറിമാര്‍ സഭാപരമായും, ആചാരപരമായും, ദൈവശാസ്ത്രപവുമായ നവീകരണ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത് അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയിലെ ബിഷപ്പുമാര്‍ അത് പരമ്പരാഗതമായി വിശ്വസിച്ച് വന്നതിന് എതിരായി കണ്ടു. പ്രധാനമായും നവീകരണപ്രസ്ഥാനത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് എതിരായി അന്നത്തെ സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയില്‍ നില നിന്നിരുന്ന ചില ആചാരങ്ങള്‍ക്ക് എതിരായിട്ടായിരുന്നു ഈ നവീകരണ പ്രവര്‍ത്തനം. അവരുടെ നവീകരണ ആശയങ്ങള്‍ അന്നത്തെ സഭാ നേതൃത്വം തള്ളികളയുന്നു എന്നു കണ്ടപ്പോള്‍ അവര്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു വിഘടിച്ചു വന്നു. അതാണ് പിന്നീട് മാര്‍ത്തോമ്മാ സഭ ആയി തീര്‍ന്നത്.



മാത്യൂസ് മാര്‍ അത്താനോസ്യോസിനെ ആദ്യത്തെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ല്‍ പുറത്തു വന്നു. രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ കൂടുതല്‍ പ്രവര്‍ത്തന നിരതനാവുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാല്‍ സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയില്‍ ആയിരുന്നു. മാത്യൂസ് മാര്‍ അത്താനോസ്യോസ് 1868-ല്‍ തോമസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു.

തോമസ് മാര്‍ അത്താനാസ്യോസ് തന്റെ പിന്‍ഗാമിയെ വാഴിക്കാതെ 1893-ല്‍ കാലം ചെയ്തു. ഈ സമയത്ത് ഈ പുതിയ സഭയുടെ (നവീകരണക്കാരുടെ) രക്ഷയ്ക്ക് തോഴിയൂര്‍ സഭയുടെ ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എത്തി. അദ്ദേഹം തോമസ് മാര്‍ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമന്‍ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചു. എത്തി. അദ്ദേഹത്തിന്റെ സമയത്താണ് 1896-ല്‍ പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനു‍ തുടക്കം കുറിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍. ഇപ്പോള്‍ ഈ കൂട്ടായ്മ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി വളര്‍ന്ന് വലുതായി.

പ്രത്യേകതകള്‍

മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരമ്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതമാവുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് മാരാമണില്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന ഈ മഹായോഗം. ഇവിടെ ലോകത്തിന്‍റെ മിക്കഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

ഈ മഹായോഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സുവിശേഷ സംഘത്തിന്‍റെ ചുമതലയില്‍ ഭാരതത്തിലെ 17 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഗ്രാമങ്ങളില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയിലൂടെ 52 മിഷനറി അച്ചന്‍മാരും 200ല്‍ അധികം സുവിശേഷകരും 400 അനുബന്ധ പ്രവര്‍ത്തകരും ഭാരത സുവിശേഷവത്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.



മാരാമണ്‍ കണ്‍വന്‍ഷന്‍റെ തനതായ പ്രത്യേകതകള്‍ അതിനെ അതുല്യവും അമൂല്യവുമാക്കുന്നു. ലക്ഷത്തിലധികം ജനങ്ങള്‍ തിക്കും തിരക്കും കൂടാതെ ശാന്തമായി ഇരുന്നു വചനം ശ്രവിക്കുന്ന മഹാസമ്മേളനമാണിത് ഓലമേഞ്ഞ പന്തലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് സമീപ ഇടവകകളാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ മതപണ്ഡിതര്‍ മാരാമണിലെത്തി ബൈബിളിലെ വിശുദ്ധവചനങ്ങളുടെ വ്യാഖ്യാനം നിര്‍വഹിക്കുന്നു. ദൈവത്തിലേക്കുള്ള വഴികാട്ടികളാവുന്ന വചനപ്രഘോഷണങ്ങളും രോഗശാന്തി ശുശ്രൂഷയും മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് ആയിരങ്ങളെ ആകര്‍ഷിക്കുന്നു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ ക്ലാസുകളും അഴിമതിക്കെതിരെ പോരാടാന്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്ന പ്രഭാഷണങ്ങളും മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രത്യേകതകളാണ്. കണ്‍വെന്‍ഷന്‍ മൈതാനത്ത് അരലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിറഞ്ഞുകവിയാറുണ്ട് . സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശാന്തി തേടിയെത്തുന്ന കുടുംബങ്ങള്‍ പമ്പാതീരത്ത് താല്‍ക്കാലിക കൂടാരങ്ങള്‍ തീര്‍ത്തുകഴിയും. ഇവര്‍ക്ക് ഭക്ഷണവും മറ്റുമായി വഞ്ചികള്‍ പമ്പയുടെ തീരത്തുണ്ടാവും.

കണ്‍വെന്‍ഷന്‍ തുടങ്ങുന്നതോടെ കോഴഞ്ചേരിയും മാരാമണും ഭക്തിയുടെ ഉത്സവത്തിമിര്‍പ്പിലാഴും.ജാതിമതഭേദമെന്യേ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുടെ സംഗമഭൂമിയായി കണ്‍വെന്‍ഷന്‍ മൈതാനം മാറും.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഒരാഴ്ച പമ്പാതീരം മാനസാന്തരങ്ങളുടെയും കുമ്പസാരങ്ങളുടെയും വേദിയാവുന്നു. സര്‍വവും ലോകരക്ഷകനായ ക്രിസ്തുവില്‍ അര്‍പ്പിക്കുന്ന ത്യാഗത്തിനുള്ളഅവസരമായാണ് മാരാമണ്‍ കണ്‍വെന്‍ഷനെ ഭക്തജനലക്ഷങ്ങള്‍ കാണുന്നത്.

മതത്തിന്റെ ആന്തരികസത്തയറിയാതെ കടലിലും കരയിലും വായുവിലും ദൈവത്തെ തേടി വ്യര്‍ത്ഥസഞ്ചാരം നടത്തുന്ന ആധുനികമനുഷ്യന് മാരാമണ്‍ തിരിച്ചറിവിന്റെ വെളിച്ചം നല്‍കുന്നു. ആരും ആരെയും മനസ്സിലാക്കാന്‍ തയ്യാറില്ലാത്ത ലോകത്തില്‍ വിശ്വസ്നേഹത്തിന്റെ മഹിമ നിറയ്ക്കുന്ന അപൂര്‍വ വേളയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.



മാര്‍ത്തോമ്മാ സഭയുടെ ആഭിമുഖ്യത്തില്‍ 1896ലാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ ആദ്യമായി നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലങ്കര സഭയിലുണ്ടായ ആത്മീയ ഉണര്‍വിന്റെ പ്രതിഫലനമായാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ രൂപം കൊണ്ടത്.

ഇപ്പോള്‍ മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റിക്ക് അസോസിയേഷന്റെ മേല്‍നോട്ടത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മലബാര്‍ സിറിയന്‍ സഭയുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച പാലക്കുന്നത്ത് എബ്രഹാം മാപ്പിളയുടെ ജന്മം കൊണ്ട് പവിത്രമായ സ്ഥലമാണ് മാരാമണ്‍.

എങ്ങനെ എത്തിച്ചേരാം

ആറന്മുളയുടെ മറുകര ആയതുകൊണ്ട് തന്നെ മാരാമണില്‍ എത്താന്‍ ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ തിരുവല്ലയാണ്. തിരുവല്ലയില്‍ നിന്നും 16 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ മാരാമണിലെത്താം. തിരുവല്ലയില്‍ നിന്നും ധാരാളം സ്വകാര്യ ബസുകള്‍ മാരാമണിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാരാമണിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുണ്ടാവും.

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവല്ലയിലേക്ക് 125 കിലോമീറ്റര്‍ ദൂരമുണ്ട്.

വിവധ സ്ഥലങ്ങളില്‍ നിന്നും തിരുവല്ലയിലേക്കുള്ള ദൂരം കിലോമീറ്ററില്‍:

തിരുവനന്തപുരം - 135
എറണാകുളം - 85
തൃശ്ശൂര്‍ - 160
പാലക്കാട് - 238
കോഴിക്കോട് - 279
ചെന്നൈ - 788
ബാംഗ്ലൂര്‍ - 718

താമസം

കണ്‍വെന്‍ഷനെത്തുന്നവര്‍ പമ്പയുടെ തീരത്ത് തന്നെ തീര്‍ക്കുന്ന താല്‍ക്കാലിക കൂടാരങ്ങളിലാണ് കഴിയുന്നത്. നിരവധി സന്നദ്ധസംഘടനകള്‍ ഭക്തജനങ്ങള്‍ക്ക് എല്ലാ സഹായവുമായി ഉണ്ടാകും. ഹോട്ടലിലോ ലോഡ്ജിലോ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും ധാരാളം ഹോട്ടലുകളും ലോഡ്ജുകളും ലഭ്യമാണ്.

Thursday, May 14, 2009

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം|Aranmula parthasaradhi Temple | Kerala Tourism

കേരളത്തിലെ, ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ പ്രശസ്ഥമായ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം ശബരിഗിരി നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യ പമ്പയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്നു. തച്ചു ശാസ്ത്രപരമായ നിര്‍മ്മിതികൊണ്ട് പുരാതന ചരിത്ര രേഖകളില്‍ പോലും സ്ഥാനം പിടിച്ചിട്ടുള്ള കേരളത്തിലെ ചുരുക്കം ചില മഹാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.



ആറന്മുള എന്ന പേരിന്റെ ഉല്‍പ്പത്തിയും, ക്ഷേത്രോല്‍പ്പത്തിയും പരസ്പര പൂരകങ്ങളാണ്.കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മദ്ധ്യതിരുവിതാംകൂറിലുള്ള അഞ്ച് പ്രമുഖ കൃഷ്ണ ക്ഷേത്രങ്ങളിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.



പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.



മഹാഭാരത യുദ്ധത്തിനിടെ സ്വന്തം ജേഷ്ഠനായ കര്‍ണ്ണന്‍ നിരായുധനായി രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നിര്‍ദാക്ഷ്ണ്യം വധിച്ചതിന്റെ പാപഭാരത്തില്‍ മനം നൊന്ത അര്‍ജ്ജുനന്‍ യുദ്ധശേഷം തെക്കോട്ട് സഞ്ചരിച്ച് ആറന്മുളയിലെത്തുകയും കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് തപസ്സനുഷ്ടിക്കുകയും ചെയ്തു എന്ന് മറ്റൊരു ഐതീഹ്യവും നിലനില്‍ക്കുന്നു.

മൂന്നാമതായി ഒരു ഐതീഹ്യം ഇങ്ങനെ പറയുന്നു. മഹാഭാരത യുദ്ധശേഷം അര്‍ജ്ജുനന്‍ നിലക്കലില്‍ നാരായണപുരം എന്ന സ്ഥലത്ത് തേവാര ബിബം പ്രതിഷ്ടിക്കുകയും പിന്നീട് അവിടെയുള്ള ജനങ്ങള്‍ അതു പൂജിക്കുകയും ചെയ്തു വന്നു. ജലദൌര്‍ലഭ്യവും, മൃഗശല്യവും നിമിത്തം കാലക്രമേണ അവിടെ നിന്ന് ജനങ്ങള്‍ പാലായനം ചെയ്തു. ആ കാലത്ത് ചാക്ക വിഭാഗത്തില്‍ പെട്ട ആള്‍ക്കാര്‍ വൈദ്യ ചികിത്സാര്‍ത്ഥം ഔഷധങ്ങള്‍ ശേഖരിക്കാന്‍ നിലക്കല്‍ ഉള്‍പ്പെടെയുള്ള വനങ്ങളില്‍ പോകുക പതിവായിരുന്നു. ഒരിക്കല്‍ ഔഷധ ശേഖരണാര്‍ത്ഥം നിലക്കലിനടുത്തുള്ള താഴൂട്ടി എന്ന സ്ഥലത്ത് എത്തിയ ചാക്കവിഭാഗത്തില്‍ പെട്ട പരമനും, നാരായണനും ത്വേജസ്സിയായ ഒരു ബ്രാഹ്മണബാലനെ കണ്ടുമുട്ടി. കുമാരന്റെ അഭ്യര്‍ത്ഥന മാനിച്ച് യാത്രക്കായി ആറുമുളകള്‍ കൂട്ടി കെട്ടിയ ഒരു ചെങ്ങാടം നിര്‍മ്മിച്ചു നല്‍കുകയും, കുമാരന്‍ അതില്‍ പമ്പാനദിയിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിക്കുകയും, ഇന്നു കാണുന്ന പൊന്നും തോട്ടം ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറായി ചങ്ങാടം കരയ്ക്കടുപ്പിക്കുകയും ചെയ്തു. സന്ധ്യാവന്ദനം നടത്തുന്ന കുമാരനെ കണ്ട നാട്ടുകാരില്‍ ഒരാളായ ഒരു കൃഷിക്കാരന്‍ തന്റെ കാവല്‍മാടത്തില്‍ നിന്നും കൊളുത്തിയ നിലവിളക്ക് കുമാരന് മുന്നില്‍ സാമര്‍പ്പിച്ച് വണങ്ങി. ആ സ്ഥലം ഇന്നു “വിളക്കുമാടം” എന്ന പേരില്‍ അറിയപ്പെടുന്നു. ആറുമുളകളില്‍ വന്ന കുമാരന്‍ ഇടക്ക് വിശ്രമിക്കാന്‍ ഇറങ്ങിയ സ്ഥലം എന്ന ഐതിഹ്യത്തില്‍ വിശ്വസിച്ച് ഈ സ്ഥലത്തെ ഇടയാറന്മുള എന്നറിയപ്പെടുന്നു.

ആ രാത്രിയില്‍ അവിടെ തങ്ങാല്‍ സൌകര്യമില്ലാത്തതിനാല്‍ കുമാരന്‍ വീണ്ടും കിഴക്കോട്ട് സഞ്ചരിച്ച് കീഴ്‌കോവിലില്‍ ബലഭദ്രസ്വാമിയുടെ ക്ഷേത്രം ഇന്നു കാണുന്നിടത്ത് വിശ്രമിച്ചു. പ്രസ്തുത സ്ഥലം തനിക്ക് വാസയോഗ്യമാണെന്ന് മനസ്സിലാക്കി ഭൂതഗണങ്ങളെ വിളിച്ചു വരുത്തി തൃക്കോവിലിനു ചുറ്റുമുള്ള ഇടം മണ്ണിട്ട് ഉയര്‍ത്തി ക്ഷേത്രം നിര്‍മ്മിച്ചു അതിനു ശേഷം കുമാരന്‍ അന്തര്‍ധാനം ചെയ്തു എന്നും വിശ്വസിക്കുന്നു.



ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് മറ്റൊരു ഐതീഹ്യം കൂടി നിലനില്‍ക്കുന്നു. മഹഭാരത യുദ്ധത്തില്‍ ക്രിഷ്ണന്‍ അര്‍ജ്ജുനന് സാരഥിയാവുകയാണുണ്ടായത്. യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവര്‍ ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനന്‍ കൂട്ടാക്കിയില്ല. ഇതില്‍ കോപാകുലനായ കൃഷ്ണന്‍ തന്റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രഥചക്രത്തെ കൈയ്യിലുയര്‍ത്തി. ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്റെ പാദാരവിന്തങ്ങളില്‍ സാഷ്ടാംഗ പ്രണാമം നടത്തി അരുതെ എന്നു വിലപിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്രിഷ്ഠി രഹസ്യമായി ഈ കഥയും അവലംബിച്ചു കാണുന്നു.



ഐതീഹ്യങ്ങള്‍ എന്തൊക്കെ ആയാലും അര്‍ജ്ജുനന്‍ പൂജിച്ച വിഷ്ണു ശക്തി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഭഗവാന്‍ കൃഷ്ണന്റെ സന്തത സഹചാരി, ഉത്തമ സുഹൃത്ത് ആദ്ധേഹത്തെ ധ്യാനിക്കാന്‍ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന കൃഷ്ണ വിഗ്രഹത്തിന് അസാധാരണമായ ശക്തിയും, വൈഭവവും ഉണ്ടെന്ന് ഭക്തര്‍ അസന്ദിഗ്ദമായി വിശ്വസിക്കുന്നു. ആറടിയില്‍ അധികം ഉയരമുള്ള അത്യപൂര്‍വ്വമായ ഈ കൃഷ്ണ വിഗ്രഹം ദര്‍ശിക്കാന്‍ ദിനേന ഭക്തസഹസ്രങ്ങളാണ് ആറന്മുള സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.



എ. ഡി 1200 നും 1300 നും മദ്ധ്യേ രചിക്കപ്പെട്ട “തിരുനിഴല്‍മാലയില്‍” ആറന്മുള ക്ഷേത്രത്തെ പറ്റിയും, ആറന്മുള ഗ്രാമത്തെ പറ്റിയും പരാമര്‍ശിച്ചുകാണുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു പിന്നിലു ള്ള സമൃദ്ധമായ കേരളത്തിന്റെ ചരിത്രമാണ്‌ പകര്‍ന്നു നല്‌കുന്നത്‌.1700 വര്‍ഷത്തി ലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. നീണ്ട ചരിത്രങ്ങളാലും, ഐതിഹ്യങ്ങളാലും സമ്പന്നമാണ് ആറന്മുളയും, ആറന്മുള ക്ഷേത്രവും. ചതുര്‍ബാഹുവായ ശ്രീകൃഷ്ണനെ പാര്‍ത്ഥസാരധി സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആറന്മുള ക്ഷേത്രത്തെ ദക്ഷിണ ഗുരുവായൂര്‍ എന്നും അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ധാരാളം ചുവര്‍ ചിത്രങ്ങളുടെ അപൂര്‍വ്വ ശേഖരവും ഇവിടെ കാണാം.

ക്ഷേത്ര നിര്‍മ്മിതി

പ്രകൃതിരമണീയമായ പമ്പാ നദിയുടെ ഇടത്തെ കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പമ്പയുടെ ജലനിരപ്പില്‍ നിന്നും ഏതാണ്ട് ഇരുപതു മീറ്ററോളം ഉയരത്തിലാണ്. ശില്പഭംഗി തുളുമ്പുന്ന നാലു ഘനഗംഭീര ഗോപുരങ്ങളോടുകൂടിയ, കോട്ടമതിലുകളെ ഓര്‍മ്മിപ്പിക്കുന്ന ചുറ്റുമതിലുകളുള്ള ക്ഷേത്രത്തിന്റെ ഉള്‍ ചുവരുകള്‍ പ്രാചീന ചുവര്‍ ചിത്രകലകളുടെ ജീവക്കുന്ന കൈയ്യൊപ്പുകളാകുന്നു.

ക്ഷേത്രത്തിന്റെ വടക്കെ നടയുടെ ദര്‍ശനം പമ്പയിലേക്ക് തുറന്നിരിക്കുന്നു. പമ്പാ നദിയില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ചു വരുന്ന ഭക്തന് അന്‍പത്തിയേഴു പടവുകള്‍ കടന്നെ ക്ഷേത്ര പ്രവേശനം സാദ്ധ്യമാവൂ. ക്ഷേത്രത്തിന്റെ പമ്പയിലേക്കുള്ള ഗോപുരവാതില്‍ “മധുക്കടവ്” എന്ന പേരില്‍ അറിയപ്പെടുന്നു.



ക്ഷേത്രത്തിന്റെ മുഖദര്‍ശനം മറ്റേതു കൃഷ്ണ ക്ഷേത്രങ്ങളേയും പോലെ കിഴക്ക് ദിക്കിലേക്ക് തന്നെ. കിഴക്കെ ഗോപുരവാതില്‍ പ്രധാന വഴിയില്‍ നിന്നും ആറു മീറ്ററോളം ഉയരത്തിലാണ്. ശബരിമലയെ അനുസ്മരിപ്പിക്കുന്ന പതിനെട്ട് പടവുകള്‍ താണ്ടി ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാം. ശബരിമലയിലേതു എന്നപോലെ തന്നെ ഈ പതിനെട്ടു പടവുകള്‍ പതിനെട്ട് പുരാണങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രൌഡിയൊട്ടും ചോരാതെ പടിഞ്ഞാറെ ഗോപുരവും, തേക്കെ ഗോപുരവും നിലകൊള്ളുന്നു. ക്ഷേത്ര പ്രവേശനത്തിന് ഭക്തര്‍ പ്രധാനമായും തിരഞ്ഞേടുക്കുന്നത് കിഴക്കേ ഗോപുര വാതിലും, പടിഞ്ഞാറെ ഗോപുരവാതിലുമാണ്.


പ്രത്യേകതകള്‍

മകരവിളക്കിന്‌ ശബരിമല അയ്യപ്പനു ചാര്‍ത്താനുള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ നടക്ക് വച്ച 420 കിലോഗ്രാം തൂക്കമുള്ള തങ്ക അങ്കി സൂക്ഷിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. ശബരിമല മണ്ഡലപൂജയ്ക്ക് മുന്നോടിയായി അലങ്കരിച്ച രഥത്തില്‍ ആഘോഷമായി ശബരിമലയില്‍ എത്തിക്കുകയും, മണ്ഡലവിളക്ക് പൂജക്ക് പ്രസ്തുത അങ്കി ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.



ചിങ്ങമാസത്തിലെ അഷ്ഠമി രോഹിണി നാളില്‍ ആറന്‍മുള ക്ഷേത്രത്തില്‍ സദ്യ പതിവുണ്ട്‌. ഇതിനെ വള്ള സദ്യ എന്നറിയപ്പെടുന്നു.

ആറന്‍മുളയപ്പന്റെ തിരുനാളായ ഉത്രട്ടാതി ദേശനിവാസികള്‍ക്ക്‌ തിരുവോണത്തെക്കാള്‍ പ്രധാനമാണ്, അന്നാണ് പള്ളിയോടങ്ങള്‍ നിരക്കുന്ന ലോകപ്രാസ്ത ആറന്മുള വള്ളം കളി‌.

ദേശത്തെ കുട്ടികള്‍ ധനുമാസത്തില്‍ ശേഖരിക്കുന്ന കവുങ്ങിന്‍പാളകള്‍ മകരസംക്രാന്തിയുടെ തലേദിവസം ആര്‍പ്പുവിളികളോടെ കമ്പക്കാലുകളില്‍ നാട്ടി തീ കൊളുത്തും. ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമായ ഈ ചടങ്ങ്‌ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരാഘോഷമത്രേ.



അന്നദാനപ്രഭുവായ ദേവന്‌ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട്‌ അന്നദാനം തന്നെ. അഭീഷ്ടകാര്യ സിദ്ധിയ്ക്ക്‌ അന്നദാന വഴിപാടുപോലെ ഫലം ചെയ്യുന്ന മറ്റൊന്നുമില്ല. ഈ വഴിപാടിനെ “തേച്ചു കുളി സദ്യ‍” എന്നറിയപ്പെടുന്നു.

പത്തു ദിവസത്തെ ഉത്സവം മീനമാസത്തിലാണ്. ഉത്സവ അനുഷ്ടാനങ്ങളില്‍ ഏറ്റവും പ്രധാനം അഞ്ചാം പുറപ്പാട് എന്നറിയപ്പെടുന്ന ഗരുഡവാഹനം എഴുന്നള്ളത്താണ്. തങ്ക അങ്കിയും, വെള്ളി പ്രഭയും, ചന്ദ്രകലാ രുപത്തിലുള്ള മകുടവും ഒട്ടു ചേര്‍ന്നതാണ് ഗരുഡവാഹനം.

വിലാസം

ദേവസ്വം അഡ്മിനിഷ്ട്രേറ്റീവ് ഓഫീസര്‍, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം, ആറന്മുള പി. ഒ, പത്തനംതിട്ട ജില്ല, ഫോണ്‍ - 0468 - 2212170

ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണവും, നീതിയുക്തവും ആണെന്ന അവകാശവാദമില്ല... കണ്ടും ,കേട്ടും അറിഞ്ഞവയെ വിശകലം ചെയ്ത് എഴുതിയിരിക്കുന്നു എന്നു മാത്രം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടവയും, തിരുത്തപ്പെടേണ്ടവയുമാണ്..... മാന്യവായനക്കാര്‍ക്ക് സ്വാഗതം.

ചിത്രങ്ങള്‍ക്ക് കടപ്പാട് - എന്റെ സുഹൃത്ത് ജിഗീഷിന്

Sunday, May 10, 2009

ആറന്മുള | Aranmula | Kerala Tourism

അഞ്ചാലൊന്നിന്റെ മദ്ധ്യേ മരതക മലപോല്‍ ഭോഗഭോഗീന്ദ്രതല്പേ
ചഞ്ചല്‍ചില്ലീവിലാസേ ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ടവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍-
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍!

കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന് അറിയപ്പെടുന്ന ആറന്മുള, പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പേരെടുത്ത പല മത സാംസ്കാരിക പൈത്രികങ്ങള്‍ക്ക് വേദിയായി അന്നും ഇന്നും നിലകൊള്ളുന്ന പമ്പാനദിക്ക് പുണ്യ നദിയെന്നു പേരുവരാന്‍ കാരണമായത് മൂന്നു ഘടകങ്ങളാണ്. ശബരിമലയുടെ സാന്നിദ്ധ്യം, മാരാമണ്‍ കണ്‍‌വെഷന്റെ സ്വീകാര്യത, പിന്നെ ആറന്മുളയുടെ സാംസ്കാരിക പാരമ്പര്യം.


ഇതില്‍ പമ്പാനദിയുമായി ഏറ്റവും ഇഴുകി ചേര്‍ന്നു കിടക്കുന്നത് ആറന്മുളയുടെ സംസ്കാരിക പാരമ്പര്യം തന്നെ. ചരിത്രം പരിശോധിക്കുമ്പോള്‍ ആറന്മുള എന്ന പേര്‍ ഉത്ഭവിച്ചത് പമ്പയോടൊപ്പം, ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മിത്തില്‍ നിന്നുമാണെന്ന് അറിയാന്‍ സാധിക്കും.

മദ്ധ്യതിരുവിതാംകൂറില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ പഞ്ച പാണ്ഡവരാല്‍ പ്രതിഷ്ടിക്കപ്പെട്ട ക്രിഷ്ണ ശിലകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അഞ്ചു ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതാണ് ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം. പേര്‍ സൂചിപ്പിക്കും പോലെ ഇവിടുത്തെ പ്രതിഷ്ടാ കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത് പഞ്ച പാണ്ഡവരില്‍ മ‍ൂ‍ന്നാമനായ അര്‍ജ്ജുനന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്.

ത്രിച്ചിറ്റാറ്റ് (ചെങ്ങന്നൂര്‍) - യുധിഷ്ടിരന്‍
ത്രിപ്പുലിയൂര്‍ - ഭീമസേനന്‍
തിരുവാറന്മുള - അര്‍ജ്ജുനന്‍
തിരുവന്മണ്ടൂര്‍ - നകുലന്‍
ത്രിക്കൊടിത്താനം - സഹദേവന്‍.

കേരളത്തിലെ മറ്റേതു പ്രദേശങ്ങളേയും പോലെ ആറന്മുള എന്നപേരുമായി ബന്ധപ്പെട്ടും ധാരാളം വിശ്വാസങ്ങള്‍ നിലവിലുണ്ടെങ്കിലും അതെല്ലാം അവസാനിക്കുന്നത് പഞ്ചപാണ്ഡവരിലും, കുരുക്ഷേത്ര യുദ്ധത്തിലുമാണെന്നതാണ് രസകരം.

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ഉറ്റവരുടെ വേര്‍പാടില്‍ മനം നൊന്ത പഞ്ചപാണ്ഡവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെടുകയും ഒടുവില്‍ മനസുഖം കാംഷിച്ച് പുണ്യനദിയായ പമ്പാതീരത്ത് തപസ്സ് അനുഷ്ടിക്കുകയും ഉണ്ടായി. അങ്ങനെ അവര്‍ വിഷ്ണു ധ്യാനത്തിനായി പ്രതിഷ്ടിച്ച ശിലകളാണ് മേല്‍ പറഞ്ഞ ക്ഷേത്രങ്ങളായി തീര്‍ന്നതെന്നും വിശ്വസിക്കപ്പെടുന്നു.

അര്‍ജ്ജുനന്‍ തന്റെ മൂല വിഗ്രഹം പ്രതിഷ്ടിക്കുകയും ഭഗവത് ചിന്തകളില്‍ മുഴുകുകയും ചെയ്തത് ശബരിമലക്ക് അടുത്തുള്ള നിലക്കലില്‍ ആണെന്നും, പിന്നീട് തന്റെ തപസ്സിന് ഭംഗം വരുമെന്ന ഘട്ടത്തില്‍ താന്‍ പ്രതിഷ്ടിച്ച ശക്തിയെ ആവാഹിച്ചുകൊണ്ട് ആറു മുളകള്‍ കൂട്ടിയിണക്കിയ ഒരു ചെങ്ങാടത്തില്‍ പമ്പാനദിയിലൂടെ സഞ്ചരിച്ച് ഇന്ന് നാം കാണുന്ന ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും, താന്‍ ആവാഹിച്ചെടുത്ത വിഷ്ണു ശക്തിയെ അവിടെ ഒരു ബിബത്തിലേക്ക് സന്നിവേശിപ്പിച്ച് ഭ്ഗവത് ധ്യാനം തുടര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു.

അങ്ങനെ അര്‍ജ്ജുനന്‍ ആറു മുളകള്‍ കൂട്ടിയിണക്കി വന്ന ചങ്ങാടത്തെ അനുസ്മരിച്ച് ഈ പ്രദേശത്തിന് ആറ്മുള എന്ന പേര്‍ ഉണ്ടായതെന്നും, പിന്നീട് ആറ്മുള ലോപിച്ച് ആറന്മുള എന്ന പേര്‍ ഉണ്ടാകുകയും ചെയ്തു എന്നും വിശ്വസിക്കപ്പെടുന്നു.

ഇവയെ ഒക്കെ വിശ്വാസങ്ങളുടെ ഗണത്തില്‍ പെടുത്തി പിന്തള്ളാന്‍ ശ്രമിക്കുന്നവര്‍ പോലും ആറന്മുളയുടെ സാംസ്കാരിക പൈത്രികത്തെയും, മതമൈത്രിയേയും വെറും വിശ്വാസങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ മുതിരാറില്ല.

തിരുവനന്തപുരം സിറ്റിയില്‍ നിന്നും ഏതാണ്ട് 125 കിലോമീറ്ററും, നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും 135 കിലൊമീറ്ററും, ജില്ലാ ആസ്ഥാനമാ‍യ പത്തനംതിട്ടയില്‍ നിന്നും പതിനാറ് കിലോമീറ്ററും യാത്രാ ദൈര്‍ഘ്യമുള്ള ആറന്മുളയുടെ ഏറ്റവും അടുത്തുള്ള റെയില്‍‌വേ ഗേറ്റ് ചെങ്ങന്നൂര്‍ ആണ്. ചെങ്ങന്നൂരില്‍ നിന്നും ശബരിമലക്കുള്ള യാത്രാമദ്ധ്യേ, ഏറ്റവും നല്ല ഇടത്താവളമായും ഭക്തര്‍ ആറന്മുളയെ ഉപയോഗപ്പെടുത്തുന്നു.

ആറന്മുളയുടെ മാത്രം പ്രത്യേകതകള്‍.

1. ആറന്മുള പാര്‍ത്ഥസാരധി ക്ഷേത്രം.
2. മാരാമണ്‍ കണ്‍വെന്‍ഷന്‍
3. ആറന്മുള വള്ളം കളി
4. തിരുവോണ തോണി
5. വള്ളപ്പാട്ട്.
6. ആറന്മുള സദ്യ.
7. ആറന്മുള കണ്ണാടി.
8. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം.

(ആറന്മുളയിലെ മാത്രം പ്രത്യേതകളെ കൂടുതല്‍ വിശദമായി തുടര്‍ ലക്കങ്ങളായി പരിചയപ്പെടുത്തുന്നതായിരിക്കും)