. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, September 1, 2010

കുട്ടിയും, കോലും | Kuttiyum, Kolum | Kerala Tourism

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ക്രിക്കറ്റ് എന്ന ജ്വരമുണര്‍ത്തുന്ന കളി എന്റെ ഗ്രാമത്തില്‍ വേരുറപ്പിച്ചത്. അതിനു ശേഷം ഇന്നേ നാള്‍വരെ ഗ്രാമത്തിലെ കുട്ടികള്‍ക്കിടയില്‍ ക്രിക്കറ്റ് എന്ന നാമം മാത്രം കേട്ട് ഇന്ന് ആ വാക്കിനോട് തന്നെ വെറുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ക്രിക്കറ്റിനെ വെറുക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് പ്രചാരത്തിലായതോടെ കേരളത്തിന്റെ ഗ്രാമീണ നാടന്‍ കളികളായ “കുട്ടിയും കോലും”, തലപന്ത് കളി, വീറ്റു (ചിലയിടങ്ങളില്‍ സെവന്‍സ്), കിളിത്തട്ട്, കബഡി കളി, ഊമന്‍ കളി, ഓലപ്പന്ത് കളി, ഗോലി കളി (വട്ടു കളി) എന്നതിലുപരി അന്താരാഷ്ട്ര തലത്തില്‍ പ്രചാരമേറിയ വോളി ബോള്‍, ഷട്ടില്‍ കോര്‍ക്ക്, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ കായികാദ്ധ്വാനമുള്ള മറ്റു കളികളും ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്തതതു കൊണ്ടാണ് അത്. അത്രയൊന്നും കായികാദ്ധ്വാനം ആവശ്യമില്ലാത്ത ക്രിക്കറ്റ് എന്ന കിറുക്കന്‍ കളി യുവതലമുറയുടെ ശാരീരികമായും, മാനസികവുമായി തളര്‍ത്തി എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തികരമാവില്ല.

പ്രമാണം:കുട്ടിയും കോലും.jpg

ഗ്രാമത്തില്‍ അവശേഷിക്കുന്ന മണ്‍പാതകളിലും, കൊയ്തൊഴിഞ്ഞ പാടങ്ങളിലും, ആള്‍താമസമില്ലാത്ത പറമ്പുകളിലും ഇന്ന് ക്യാച്ച്, സിക്സര്‍, ഫോര്‍ എന്നിങ്ങനെ അട്ടഹാസങ്ങള്‍ ഉയരുമ്പോള്‍ ഇതേ സ്ഥലങ്ങള്‍ തന്നെ ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് കുട്ടിയും കോലിന്റേയും സുവര്‍ണ മൈതാനങ്ങളായിരുന്നു എന്ന് പുതു തലമുറയിലെ എത്രപേര്‍ക്ക് അറിയാം. ഒരു പക്ഷേ ഈ പേരു തന്നെ അവര്‍ക്ക് അത്ഭുതവും ആകാംഷയും നല്‍കുന്നുണ്ടാവാം.

[3.JPG]

ഒരര്‍ത്ഥത്തില്‍ കുട്ടിയും കോലും എന്ന പ്രാചീന കേരള കേളീ മാമാങ്കത്തിന് ഇന്നത്തെ ക്രിക്കറ്റുമായി അഭേദ്യമായ ബന്ധം ഉണ്ടെന്ന് കാണാം. ക്രിക്കറ്റിന് മൂന്നു സ്റ്റമ്പുകളും അതിന്റെ മുന്നില്‍ ബാറ്റുമേന്തി നില്‍ക്കുന്ന ഒരു ബാറ്റ്സ്മാനും ആണ് പ്രധാന ആകര്‍ഷണമെങ്കില്‍ കുട്ടിയും കോലും കളിയില്‍ ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ ഭൂമിയില്‍ ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴിയും, ക്രിക്കറ്റിലെ സ്റ്റമ്പിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഏതാണ്ട് ഒരു മുഴം (എഴുപത് സെന്റീമീറ്ററോളം) നീളമുള്ള വടിയുമായി നില്‍ക്കുന്ന കളിക്കാരനാണ് പ്രധാന താരം. അമേരിക്കയില്‍ പ്രചാരത്തിലുള്ള ബേസ് ബോളിനും നമ്മുടെ കുട്ടിയും കോലുമായി തെറ്റില്ലാത്ത സാദൃശ്യം കാണാം.
[6.JPG]


മദ്ധ്യകേരളത്തില്‍ കുട്ടിയും കോലും എന്നറിയപ്പെടുന്ന കളി വടക്കന്‍ കേരളത്തില്‍ എത്തുമ്പോള്‍ കുട്ടിയും പുള്ളും ആയി മാറുന്നു. കളിയിലെ പ്രധാന കളിക്കോപ്പായ “കോല്” ഏതാണ്ട് എഴുപത് സെന്റീമീറ്റര്‍ നീളവും, കുറഞ്ഞത് ഇരുപത്തിരണ്ട് മില്ലീമീറ്റര്‍ ചുറ്റളവുമുള്ള ശക്തിയേറിയ മരക്കമ്പ് തൊലി കളഞ്ഞ് ചെത്തി രൂപപ്പെടുത്തി എടുക്കുന്ന ഒന്നാണ്. ബലത്തിനു വേണ്ടി വാളന്‍ പുളി, കാശാവ് തുടങ്ങി ബലമേറിയ കാട്ടുകമ്പുകള്‍ വരെ കോലായി ഉപയോഗിക്കുന്നു. കോല് കയ്യില്‍ പിടിക്കുന്ന ആള്‍ അത് ശക്തമായി വീശി അടിക്കുന്നതിനിടെ, വിയര്‍പ്പ് കയ്യില്‍ വീണ് വഴുതി പോകാതിരിക്കാന്‍ ഇടക്കിടെ ഉണങ്ങിയ മണ്ണ് കയ്യില്‍ പുരട്ടുന്നതും സാധാരണമാണ്. കുട്ടി നിര്‍മ്മിക്കുന്നതും കോല് നിര്‍മ്മിക്കുന്ന അതേ രീതിയില്‍ തന്നെ. പ്രധാന വ്യത്യാസം കുട്ടിക്ക് (പുള്ളിന്) രണ്ടര ഇഞ്ച് മാത്രമേ ഉള്ളു എന്നതാണ്. പുരാതന കാലം മുതല്‍ കുട്ടിയും കോലും കളി നിലവിലുണ്ടായിരുന്നതിന് തെളിവുകള്‍ മഹാഭാരതത്തില്‍ കാണാന്നാകും.

[5.JPG]

കളിക്കുന്ന വിധം

രസകരമായ ഈ കളി തുടങ്ങുന്നത് നിലത്ത്‌ ഒരു ചെറിയ കുഴിയിൽ (ഏതാണ്ട് അര ലിറ്റര്‍ വെള്ളം നിറക്കാവുന്ന പാകത്തില്‍ നിലത്ത് ദീര്‍ഘ വൃത്താകൃതിയില്‍ കുഴിച്ച ഒരു കുഴി) കുട്ടി വിലങ്ങനെ വച്ച്‌ കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചു കൊണ്ടാണ്. ഇതിനെ കോരി എന്നോ കുത്തിക്കോരി എന്നോ വിശേഷിപ്പിക്കാറുണ്ട്. കുത്തിക്കോരി വിടുന്ന കുട്ടി നിലത്തു തട്ടാതെ കിട്ടി പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. ഇത് ക്രിക്കറ്റിലെ ക്യാച്ച്

എന്നതിനു സമാനമായ നിയമമാണ്. കുട്ടി പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കോലില്‍ കുട്ടി‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലില്‍ കൊണ്ടാൽ കളിക്കാരൻ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി കഴിഞ്ഞാല്‍ കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാം‍. പോയിന്റിനു വേണ്ടി കുട്ടി ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഉറപ്പിച്ച് കോലുകൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ പിന്നീട് കളിയുടെ തുടര്‍ച്ചയായി വരുന്നത്. അടിച്ചു തെറിപ്പിക്കുന്ന കുട്ടി എതിര്‍ കളിക്കാരന് (കളിക്കാര്‍ക്ക്) പിടിക്കാം. ഇങ്ങനെ പിടിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിടിച്ചെടുത്തില്ലെങ്കില്‍ തെറിച്ച്‌ വീണ കുട്ടി എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. ഇതിനെ കോലുകൊണ്ട് അടിച്ചു തെറിപ്പിക്കാനുള്ള അവകാശം കളിക്കാരനുണ്ട്. അടിച്ചു തെറുപ്പിച്ചില്ലെങ്കിലും കളിക്കാരന്‍ പുറത്താകുകയില്ല. എന്നാല്‍ അടിച്ചു തെറിപ്പിക്കുന്നതിനിടയില്‍ കുട്ടി താണ്ടുന്ന ദൂരം അനുസരിച്ച് കളിക്കാരനു കിട്ടുന്ന പോയിന്റുകളില്‍ വ്യത്യാസം ഉണ്ടായേക്കാം. സമയകുഴിയിൽനിന്നും എത്ര കോല്‍ ദൂരത്തിൽ കുട്ടി‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു.

ഉദാഹരണമായി ഒരാൾക്ക്‌ മുപ്പത്തി പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം മൂന്ന് ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. അന്‍പത്തിയേഴ് ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ കളിയുടെ നിയമത്തില്‍ ആ‍ാവശ്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.

[9.JPG]

ചില കളി നിയമങ്ങള്‍

1. കുത്തിക്കോരി - നിലത്തു കുഴിച്ചിരിക്കുന്ന കുഴിയുടെ കുറുകെ കുട്ടി വച്ച് കോലുകൊണ്ട് കുത്തി ഉയര്‍ത്തി അകറ്റുമ്പോള്‍ ഇന്നത്തെ ക്രിക്കറ്റിലെ ഫീല്‍ഡര്‍ന്മാരെ ഓര്‍മ്മിപ്പിക്കുന്ന മറു കളിക്കാന്‍ കുട്ടി പിടിച്ചാല്‍ കളിക്കാരന്‍ കളിയില്‍ നിന്നും പുറത്താകും. അവസരം മുറ അനുസരിച്ച് മറ്റു അംഗങ്ങള്‍ക്ക് കിട്ടുകയും ചെയ്യും. ഇതാണ് കളിയിലേക്കുള്ള പ്രവേശന കവാടം. അതിനാല്‍ തന്നെ കുത്തിക്കോരിക്ക് പോയിന്റുകള്‍ ഇല്ല. കളിയില്‍ നിന്ന് പുറത്താണോ അകത്താണോ എന്നു നിശ്ചയിക്കുക മാത്രമാണ് കുത്തിക്കോരി ചെയ്യുക. ചിലയിടങ്ങളില്‍ കുത്തിക്കോരി “ചിള്ളോന്‍” എന്ന പേരിലും അറിയപ്പെടുന്നു. കുത്തിക്കോരി എറിയുന്നതിനു മുന്‍പ് “കുട്ടി കാത്തോ (ചിള്ളോന്‍ കാത്തോ)” എന്ന് വിളിച്ചു ചോദിക്കുക എന്നത് നിര്‍ബന്ധമാണ്. ഫീല്‍ഡില്‍ ഉള്ളവര്‍ ശരിയാ‍യ പൊസ്സിഷനില്‍ അല്ലെങ്കില്‍ കാത്തില്ല എന്ന് ഉത്തരം നല്‍കും. കാത്തു എന്ന് മറുപടി കിട്ടും വരെ ചോദ്യം ആവര്‍ത്തിക്കാനും കളിക്കാരന്‍ ബാദ്ധ്യസ്ഥനാണ്.

അടുത്ത നിയമം മുതല്‍ കുട്ടി വെക്കുന്നതും, പിടിക്കുന്നതുമായ ഭാഗങ്ങളും രീതിയും വ്യത്യസ്ഥങ്ങളാകും എന്നതിലുപരി കിട്ടുന്ന പോയിന്റുകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഇല്ല. ശരീരഭാഗങ്ങളില്‍ വച്ച് അടിക്കുന്ന കുട്ടി ഫീല്‍ഡിലുള്ളവര്‍ പിടിച്ചാല്‍ കളിക്കാരന്‍ പുറത്താകും. പിടിച്ചില്ലെങ്കില്‍ അവരില്‍ ഒരാള്‍ നിലത്ത് വീണ കുട്ടി എടുത്ത് കുഴിക്കരികില്‍ നില്‍ക്കുന്ന കളിക്കാരനെ ലക്ഷ്യമാക്കി എറിയുന്നു. കളിക്കാരനെ കൊണ്ട് കുട്ടി അടിച്ചു തെറിപ്പിക്കാതിരിക്കാന്‍ വിജയിക്കുന്നിടത്ത് കളിക്കാരന്റെ പോയിന്റുകള്‍ കുറക്കാന്‍ എതിരാളികള്‍ക്ക് കഴിയും. കുട്ടി അടിച്ചു തെറിപ്പിക്കാന്‍ കഴിയാതെ കുട്ടി കുഴിക്ക് തൊട്ടടുത്ത് വീണാല്‍ കോലുകൊണ്ട് അളക്കുമ്പോള്‍ കളിക്കാരന് പോയിന്റുകള്‍ ഒന്നും കിട്ടുകയില്ലെന്നു മാത്രമല്ല അപ്പോള്‍ കളിച്ച അതേ സ്റ്റെപ്പ് വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നു. ഒരു തവണ കൂടി കളിക്കാരന് പോയിന്റുകള്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ പുറത്താകുന്നു. കോല്‍, അരക്കോല്‍ വരെ കളിക്കാരന് പോയിന്റായി അളെന്നെടുക്കാം. ഓരോ സ്റ്റെപ്പിലും കുട്ടി അടിച്ചു തെറിപ്പിക്കുന്നതിനു മുന്‍പ് “കുട്ടി കാത്തോ” എന്ന ചോദ്യം ആവര്‍ത്തിക്കാനും ശരിയായ മറുപടി കിട്ടാനും കളിക്കാരന്‍ നിര്‍ബന്ധിതനാണ്. കാത്തു എന്ന് ഫീല്‍ഡറിന്മാരില്‍ നിന്ന് മറുപടി കിട്ടാതെ അറിയാതെ കുട്ടി അടിച്ചു തെറിപ്പിക്കുകയോ, കുത്തിക്കോരുകയോ ചെയ്താല്‍ ചെയ്ത ഫൌളിന് മാപ്പെന്നവണ്ണം “സുല്‍” എന്ന് പറഞ്ഞ് വീണ്ടും കളി ആവര്‍ത്തിക്കാം. എന്നാല്‍ ഫൌള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കളിക്കാരന്‍ തീര്‍ച്ചയായും പുറത്താകും. ഫൌള്‍ കാണിക്കുന്നതിനെ “ഇല്‍‌സ്” എന്ന വാക്കിലാണ് കുട്ടിയും കോലിലും വിശേഷിപ്പിക്കുക.

1. ഒറ്റക്കൈയ്യന്‍ - കുട്ടിയും കോലും ഒരേ കൈയിൽ പിടിച്ച് കുട്ടി മുകളിലേക്കിട്ട് അടിച്ചു പറപ്പിക്കുന്ന രീതി.

2. ചൊട്ട് -‌ ഉയർത്തിപ്പിടിച്ച കൊട്ടിയും കൈപ്പത്തിയും ചേരുന്ന ഭാഗത്ത്‌ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

3.കാളക്കൊമ്പ്‌ - ഇടതുകൈയ്യിലെ ചെറുവിരലിനും ചൂണ്ടുവിരലിനും മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി. (ഇടം കൈയ്യൻമാർക്ക്‌ നേരെ തിരിച്ച്‌)


4. മുക്കാപ്പുറം - ഒരു കൈയ്യിൽ കോലും മറുകൈ മുഷ്ടി ചുരുട്ടി കമിഴ്ത്തിപ്പിടിച്ച്‌ അതിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.


5. പറമണി - ഒരുകൈ കൊണ്ട്‌ കുട്ടി വായുവിൽ വിട്ട്‌ മറുകൈ കൊണ്ട്‌ അടിക്കുന്ന സ്വാഭാവികമായ രീതി.

6.പിഞ്ചം - ഒരു കൈ മുഷ്ടി ചുരുട്ടി മലർത്തിപ്പിടിച്ച്‌ അതിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

7. ആനപ്പുറം - കുട്ടി തലക്കു മുകളിലേക്ക്‌ എടുത്തെറിഞ്ഞ്‌ തലക്കു മുകളിൽ വെച്ച്‌ തന്നെ അടിക്കുന്ന രീതി.

8.കോഴിക്കാൽ - കാൽപ്പാദത്തിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

9. മുട്ട്‌ - കൈമുട്ടിനു മുകളിൽ കുട്ടി വെച്ച്‌ അടിക്കുന്ന രീതി.

10. ഹോമക്കുറ്റി - നിലത്ത്‌ കൂട്ടിവെച്ച മണ്ണിനു മുകളിൽ കുട്ടി വെച്ച്‌ മണ്ണ്‌ തൂവി പോകാതെ അടിക്കുന്ന രീതി.

മറ്റു ചിലയിടങ്ങളില്‍ ഈ നിയമങ്ങള്‍ക്ക് താഴെ പറയും വിധം മാറ്റം ഉണ്ടാകുന്നു
  • സാസ - കാല്‍ മുട്ടില്‍ കുട്ടി വച്ച് അടിച്ചകറ്റുന്ന രീതി.
  • മുറി - കുട്ടി ഇടതു കൈയിൽ, കോൽ വലതു കൈയിൽ.(എല്ലാർക്കും ഇഷ്ടപ്പെട്ടത്.. മുറിയിൽ അളവ് അവസാനിപ്പിക്കാൻ കള്ളക്കൊതി എടുക്കാറുണ്ട്)
  • നാഴി - ഇടതു കൈയിലെ ചൂണ്ടു വിരലിനും ചെറുവിരലിനും മുകളിൽ കുട്ടി മറ്റു വിരലുകൾ മടക്കിപ്പിടിക്കുന്നു
  • ഐറ്റി - ഇടതു കൈ മടക്കിപ്പിടിച്ച് (അതായത് കൈ ഏകദേശം വലത്തേ തോളിനു മുകളിലെത്തും) കൈമുട്ടിനു മുകളിലുള്ള ഭാഗത്ത് കുട്ടി വക്കുന്നു
  • ആറേങ്ക് - മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ കുട്ടി വക്കുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട് :- കണ്ണൂരാന്‍ ബ്ലോഗ്

Friday, June 11, 2010

കളമെഴുത്ത് | kalamezhuthu | Kerala Tourism

പുല്ലിലും, പാഴ്വസ്തുക്കളിലും വരെ കലയും, കലാമഹിമയും കണ്ടെത്തുന്ന കേരളത്തിന്റെ കലാപാരമ്പര്യത്തില്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധാരണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി പുരാതനകാലം മുതല്‍ നിലനിന്നിരുന്നു എന്നു നമ്മുക്കറിയാം. അതിനൊരു ഉദാഹരണമാണ് പുരാതന ചിത്രകലാ രീതിയായ ചുവര്‍ചിത്രകല. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സ്വാഭാവിക നിറങ്ങളെ വ്യത്യസ്ഥ രീതിയില്‍ ചാലിച്ച്, പുരാതനകാലത്ത് ക്ഷേത്ര ഭിത്തികള്‍ക്ക് മിഴിവേകുവാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ചുവര്‍ചിത്രങ്ങള്‍, ആ മിഴിവൊട്ടും വറ്റാതെ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നു എന്നതുതന്നെ ആ പാരമ്പര്യ കലയുടെ പ്രത്യേകതയും.




കളമെഴുത്തിനേയും ചിത്രകലയുടെ വിഭാഗത്തില്‍ അല്ലാതെ മറ്റൊരു വിഭാഗത്തില്‍ പെടുത്തുക സാദ്ധ്യമല്ല തന്നെ. കാരണം ചുവര്‍ചിത്ര കലയില്‍ നിന്നും ഇതിനുള്ള വ്യത്യാസം വളരെ വലുതല്ല. ചുവര്‍ചിത്ര കലയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് അതേ നിറക്കൂട്ടുകള്‍ തന്നെയാണ് കളമെഴുത്തിലും ഉപയോഗിക്കുന്നതെങ്കിലും, ചുവര്‍ചിത്രകലയില്‍ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന നിറക്കൂട്ടുകളെ ഉണക്കി പൊടിച്ച് അതില്‍ വെള്ളവും, പ്രകൃതി നിര്‍മ്മിതങ്ങളായ പശകളും സമം ചേര്‍ത്ത് ഇന്നത്തെ ആധുനിക ചിത്രകലാകാരന്മാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള “വാട്ടര്‍ കളറുകള്‍” ആക്കി മാറ്റുകയും അതിനെ പ്രകൃതി നിര്‍മ്മിതമായ (ഇന്നു വരക്കുന്നവര്‍ ആധുനിക രീതിയിലുള്ള) ബ്രഷുകളാല്‍ നിരപ്പായ ഭിത്തികളില്‍ ആലേഖനം ചെയ്യുകയും ചെയ്യുമ്പോള്‍ ചുവര്‍ചിത്രങ്ങളായി മാറുന്നു. എന്നാല്‍ ഇതേ പ്രകൃതി നിര്‍മ്മിത നിറക്കൂട്ടുകളെ ഉണക്കി പൊടിക്കുന്ന അതേ പൊടിയുടെ രൂപത്തില്‍ തന്നെ കലാകാരന്‍ തന്റെ കയ്യുകളുടെ പ്രത്യേക ചലന വൈദഗദ്യത്തില്‍ രൂപപ്പെടുന്ന കലാരൂപമാണ് കളമെഴുത്ത്. അതുകൊണ്ട് തന്നെ ചുവര്‍ചിത്രകലയുടെ പിതാവ് (ആദ്യരൂപം) ആയി കളമെഴുത്തിനെ കണക്കാക്കപ്പെടുന്നു.



ചുവര്‍ചിത്ര കലയും, കളമെഴുത്തും ക്ഷേത്രവും, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും, അതിന്റെ വിഷയമാകുന്നവ ഹിന്ദു ആരാധനാമൂര്‍ത്തികളോ, പുരാണ സംഭവങ്ങളോ ആയതിനാലും മുഴുവിപ്പിച്ചു വച്ചിരിക്കുന്ന ഈ രണ്ടു കലാരൂപങ്ങളേയും ഒരു ക്യാമറയില്‍ പകര്‍ത്തി ഒരാള്‍ക്ക് കാട്ടിക്കൊടുത്താല്‍ ഈ കലകള്‍ തമ്മിലുള്ള വ്യത്യാസം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ല എന്നതു തന്നെ ഈ കലകള്‍ക്ക് രണ്ടുമുള്ള സാമ്യത മനസ്സിലാക്കാവുന്നതേയുള്ളു.



ചുവര്‍ചിത്രങ്ങള്‍ ക്ഷേത്ര മതില്‍ കെട്ടുകളെ മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെങ്കില്‍ കളമെഴുത്ത് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ക്ഷേത്രാചാര ചടങ്ങുകളുടെ ഭാഗമായി തറയില്‍ എഴുതപ്പെടുന്ന ഒന്നാണ്. വിരലുകൾ ഉപയോഗിച്ച് പലവര്‍ണ്ണങ്ങളില്‍ ഉള്ള പൊടികള്‍കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ ക്ഷേത്ര അനുഷ്ഠാനകലകളോട് അനുബന്ധിച്ച് കളമെഴുത്ത് നടത്തപ്പെടുന്നു. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയും, തിരുമന്ധാംകുന്നിലമ്മയെയുമാണ്.


കളമെഴുതുന്നത് ചില സമുദായങ്ങളുടെ കുലവൃത്തിയായി കണക്കാപ്പെടുന്നു. കേരളത്തില്‍ പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്തകള്‍ എല്ലാ ക്ഷേത്ര കലകളേയും പോലെ കളമെഴുത്തിനും ഒരു കുലവൃത്തി പരിവേഷം തീര്‍ത്തു എന്നു പറയുന്നതാവും ശരി. ക്ഷേത്രകലകളില്‍ പലതും കേരളത്തിന്റെ അങ്ങോളമിങ്ങോളം ചില ജാതികളുടെ മാത്രം അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കളമെഴുത്ത് എന്ന കല വിവിധജാതികള്‍ കൈകാര്യം ചെയ്യുന്നു എന്നത് തന്നെ ആശ്വാസകരമാണ്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും മുന്നോടിയായി കളം വരയ്ക്കുന്നത് കുറുപ്പ ജാതിയില്‍ (മധ്യകേരളത്തിലെ കളമെഴുത്തു കുറുപ്പന്മാര്‍, കല്ലറ്റുകുറുപ്പന്മാര്‍ എന്ന പേരിലാണറിയപ്പെടുന്നത്) പെട്ടവരാണ്. അയ്യപ്പൻ തീയാട്ടിനു തീയ്യാടി നമ്പ്യാർമാരും, ഭദ്രകാളി തീയാട്ടിനു തീയാട്ട് ഉണ്ണി ജാതിയില്‍ പെട്ടവരും, നാഗകളമെഴുതുന്നത് പുള്ളുവന്മാരും കോലം തുള്ളലിനു കണിയാന്മാരും ആണ് കളമെഴുത്ത് നടത്തുന്നത്. ക്ഷേത്ര ആചാരങ്ങളില്‍ പെടാത്ത മന്ത്രവാദത്തിന് കളമെഴുതുന്നത് വണ്ണാന്മാരാണ്. ഇത് നടത്തുന്നത് ആവശ്യക്കാരുടെ ഭവനങ്ങളില്‍ ആയതിനാലാണ് ഇതിന് ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലേന്ന് പ്രതിപാദിച്ചത്. ചില സിനിമകളില്‍ കല്‍പ്പാത്തി പോലെയുള്ള ബ്രാഹ്മണ ഗ്രാമങ്ങളില്‍ അതിരാവിലെ കുളിച്ച് ഈറനായി സ്ത്രീകള്‍ വീടിന്റെ നടയില്‍ കോലം വരയ്ക്കുന്നത് നിങ്ങള്‍ ഒരുപക്ഷേ കണ്ടിരിക്കാം. ഒരര്‍ത്ഥത്തില്‍ അതും കളമെഴുത്തിന്റെ മറ്റൊരു ഭാവമാണ്. വണ്ണാന്‍, മലയന്‍, പുലയര്‍, മാവിലര്‍, മുന്നൂറ്റാന്‍, പറയന്‍, പണിയന്‍, ആവിയര്‍, വേലന്‍, കോപ്പാളന്‍, കുറവര്‍, തുടങ്ങിയ വിവിധ സമുദായങ്ങളും കളമെഴുത്തുകള്‍ നടത്താറുണ്ട്‌.

പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ്‌ കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകള്‍ മാത്രം ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.


ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. വ്രതാനുഷ്ടാനങ്ങളോടെ ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.



പല അനുഷ്‌ഠാനരൂപങ്ങളിലും കളമെഴുത്തുണ്ട്‌. ദേവപ്രീതിക്കുവേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ്‌ കളമെഴുത്തും പാട്ടും നടത്തുന്നത്‌. ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും സര്‍പ്പക്കാവുകളിലും അയ്യപ്പന്‍കാവുകളിലും വിശേഷാവസരങ്ങളിലോ, വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലക്കാലത്തോ ആണ് കളമെഴുത്ത് സാധാരണയായി നടക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ ആഢ്യഗ്രഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തും പാട്ടും നടത്തുന്നത് പണ്ടത്തെ പതിവായിരുന്നു.
 

ഇക്കാലത്ത് വളരെ അപൂര്‍വ്വമായെ വീടുകളില്‍ കാണാറുള്ളൂ. വിവിധതരം കളംപാട്ടുണ്ട്. ഭഗവതിക്കളം, അകപ്പന്‍കളം, വേട്ടക്കാരന്‍ കളം, നാഗക്കളം തുടങ്ങിയവയാണത്. പണ്ട് തിരുമാന്ധാംകുന്നില്‍ നടത്തിയിരുന്ന കളമെഴുത്തും പാട്ടും പനയ്യൂര്‍ മനയിലും നടത്തിയിരുന്നു. ഹിന്ദുമതാചാര പ്രകാരം ഇന്നും കളമെഴുതി യാഗങ്ങള്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കണ്ടുവരുന്നു.



ഒരുകാലത്ത് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ധൂളി ചിത്രരചനയുടെ ഭാഗമായ കളമെഴുത്തെന്ന് അഭിപ്രായപ്പെട്ടുകേട്ടിട്ടുണ്ട്. ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍‍ പ്രചരിച്ചിരുന്ന ശാക്തേയ മതവുമായി ബന്ധപ്പെടുന്ന ഒരു ശാക്തേയ അനുഷ്ടാനമാണ് കളമെഴുത്ത്. കളങ്ങള്‍ പൂജിക്കുവാന്‍ തെറ്റി പൂവ് നിര്‍ബന്ധമായും വേണം, എന്ത് ആചാരവും പൂജാവേളയില്‍ താന്ത്രിക മുദ്രകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡമെന്നോ ആവൈദികമെന്നോ, പറയാവുന്ന കാവുകളിലും ആരാധനാലയങ്ങളിലും മാത്രമേ കളമെഴുത്ത് നടക്കുന്നുള്ളൂ എന്നു കാണുന്നതിലും പ്രാധാന്യമുണ്ട്. പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടി എന്നു വിശ്വസിച്ച് കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഇതിനു പിന്നിലെ വിശ്വാസ അവിശ്വാസങ്ങള്‍ എന്തു തന്നെ ആയാലും അതിന്റെ പ്രാധാന്യത്തേക്കാള്‍ കളമെഴുത്ത് എന്ന കലയുടെ പ്രാധാന്യം വിസ്മരിക്കാവുന്നതല്ല.


കളമെഴുത്ത് പാട്ടു നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാമത് വൈക്കം ക്ഷേത്രമാണ്. ഇവിടെ വടക്കേ തിരുമുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. വൈക്കത്ത് കളമെഴുതി പൂജിക്കാനുള്ള അധികാരം പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പിനായിരുന്നു. ആദ്യദിവസം എട്ട് കൈകളുള്ള ഭഗവതിയെയാണ് കളത്തില്‍ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. 12ആം ദിവസമാകുമ്പോള്‍ 64 കൈകളോടുകൂടിയ ആയുധപാണിയായ ഭഗവതിയാകും കളത്തിലുണ്ടാവുക. ഓരോ ദിവസവും കളം മായ്ക്കും. കളത്തിലെ പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പന്ത്രണ്ടാം ദിവസം ഇവിടെ വരക്കുന്ന കളം കേരളത്തിലെ ഏറ്റവും വലിയ കളമാണെന്ന് പറയപ്പെടുന്നു. ദേവിയുടെ സങ്കല്‍പ്പത്തില്‍ വരക്കുന്ന കോലത്തിന്റെ ഒരു മുല വരയ്ക്കാന്‍ വേണ്ടത് ഓരോ കിലോ അരിപ്പൊടിയും ഉമിക്കരിയുമാണ്.


കളമെഴുത്ത് കഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പൂജകള്‍ക്കൊപ്പം ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുന്നു. ഒപ്പം ഗണപതി, സരസ്വതി എന്നീ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും കളത്തിന് മുന്നിലിരുന്ന് പാടുന്നു. വെളിച്ചപ്പാട് തുള്ളാന്‍ തുടങ്ങുമ്പോള്‍ പാട്ടിന്റെ താളവും മുറുകുന്നു. പിന്നെ തുള്ളിയുറയുന്ന വെളിച്ചപ്പാടുതന്നെ കളം മായ്ക്കുന്നു. അതിനു ശേഷം കളത്തിലെ വര്‍ണ്ണക്കൂട്ടുകളും, അരച്ച മഞ്ഞളും, ചന്ദനവും പൂജിച്ച പുഷ്പങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതോടെ കളമെഴുത്തും അതിന്റെ ചടങ്ങുകളും അവസാനിക്കുന്നു. കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ആ കലക്കുള്ള പ്രസക്തി.

Friday, June 4, 2010

വേലകളി | Velakali | Kerala Tourism

കൊച്ചി കണ്ടവന് അച്ചി വേണ്ട!
കൊല്ലം കണ്ടവന് ഇല്ലം വേണ്ട!

എന്നിങ്ങനെ പ്രസിദ്ധമായ രണ്ട് പഴം ചൊല്ലുകള്‍ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ഈ ചൊല്ലിനൊപ്പം മറ്റൊരു ചൊല്ലും കൂടി നിലനിന്നിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അല്‍ഭുതപ്പെട്ടേക്കാം.


“അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട” എന്നതായിരുന്നു പ്രശസ്തമായ ആ ചൊല്ല്.

വേലകളി എന്ന അനുഷ്ടാന കലയുടെ പ്രതാപകാലത്ത് നിലനിന്നിരുന്ന പ്രസ്തുത ചൊല്ല് പോലും ആ കലയുടെ വിനാശകാലമാണ് നിലനില്‍ക്കുന്നത് എന്ന ഒര്‍മ്മപ്പെടുത്തി കാലയവനികക്കൂള്ളില്‍ മറഞ്ഞിരിക്കുന്നു.

ഇന്ന് വേലകളി ഒരു കലാരൂപമെന്ന നിലയില്‍ അതിന്റെ പരാജകാണ്ഡം പിന്നിടുകയാണ്.


മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നു വേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പടയണി, തെയ്യം എന്നീ അനുഷ്ടാന കലകള്‍ പൊലെ - കഥകളി, ഓട്ടന്‍‌തുള്ളല്‍ എന്നീ പാരമ്പര്യ കലകള്‍ പോലെ ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാചിച്ചിരുന്ന ഈ കലാരൂപം, ടൂറിസം വാരാഘോഷങ്ങള്‍ക്കും, കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടന മാമാങ്കത്തിനും പൊലിപ്പും, തുടിപ്പും കൂട്ടാനുള്ള വെറുമൊരു ദൃശ്യവിരുന്ന് എന്ന നിലയിലേക്ക് തരം താണതില്‍ ഇന്നീ കലാരൂപത്തിന്റെ മേലാളായിരിക്കുന്നവര്‍ക്കും കേരളാ സര്‍ക്കാറിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പറയാതിരിക്കുക നിവൃത്തിയില്ല. തിരുവനതപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലും, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും നില നിന്നിരുന്ന പേരുകേട്ട വേലകലി മാമാങ്കങ്ങള്‍ പോലും ഇന്ന് വെറും ഒരു ചടങ്ങിന്റെ സ്ഥാനത്തേക്ക് ചുരുക്കപ്പെട്ടു എന്നു പറയുമ്പോള്‍ ഈ കലക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതി ഒരു പരിധി വരെ മനസ്സിലാക്കാവുന്നതേയുള്ളു.

വേലകളി പഠിക്കുന്നതിനും അത് അരങ്ങില്‍ എത്തിക്കുന്നതിനും ഈ അനുഷ്ടാനകലയുടെ പിന്മുറക്കാര്‍ പോലും ശ്രദ്ധിക്കുന്നില്ല എന്നതും ഈ കലയുടെ സര്‍വ്വ നാശത്തിന്റെ അവസാന ആണിക്കല്ലടിയില്‍ എത്തിച്ചിരിക്കുന്നു.


 ഈ കല യഥാര്‍ത്ഥത്തില്‍ താളമേള സംഗമങ്ങള്‍ തീര്‍ക്കുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ്. നേരിട്ട് വീക്ഷിക്കാതെ ദൂരെ മാറി നിന്ന് ഇതിന്റെ താളം ശ്രദ്ധിക്കുന്ന ഒരാള്‍ ഒരു പക്ഷേ അരങ്ങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പടയണി ആണോ എന്നു തെറ്റിദ്ധരിച്ചേക്കാം. ചുവടുകള്‍ക്ക് പടയണിയുമായി ഒരു സാമ്യവുമില്ല എങ്കിലും അതിന്റെ താളത്തിന് പടയണിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പറയാതിരിക്കുക വയ്യ. മദ്ധ്യതിരുവിതാംകൂറില്‍ വിവിധ കാലഘട്ടങ്ങലില്‍ ജന്മമെടുത്ത കലകള്‍ എന്ന നിലയില്‍ പടയണിക്കും, വേലകളിക്കും കുറഞ്ഞത് അതിന്റെ താളത്തിലെങ്കിലും സാമ്യമില്ലെങ്കില്‍ അതായിരിക്കും അത്ഭുതമായി വിശേഷിപ്പിക്കപ്പെടുക.

കുരുക്ഷേത്ര യുദ്ധത്തെയോ, ദേവാസുര യുദ്ധത്തെയോ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ കലയെന്ന് പഴമക്കാര്‍ അവകാശപ്പെടുന്നു. പഴയകാല പടയാളികലെ അനുസ്മരിപ്പിച്ച്, അവരുടെ ആടയാഭരണങ്ങള്‍ക്ക് സമാനമായ വേഷ സംവിധാനത്തില്‍ ഏതാണ്ട് പടക്കോപ്പുകള്‍ക്ക് സമാനമായ ഉപകരണങ്ങളുമേന്തി അനുഷ്ടിക്കപ്പെടുന്ന ഈ കല അമ്പലപ്പുഴയിലും, മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലും ഇന്നും ഒരു ചടങ്ങ് എന്ന നിലയിലെങ്കിലും അവതരിപ്പിക്കപ്പെടുന്നത് യുവതലമുറക്ക് വേലകളിയെ കുറിച്ച്  മനസ്സിലാക്കാന്‍ കിട്ടുന്ന ഒരു അവസരമായി മാത്രം കരുതാം.

കേരളനടനത്തിന് പുതുജീവന്‍ പകര്‍ന്ന ഗുരു ഗോപിനാ‍ദ് വേലകളിയേയും ഉദ്ധരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് തിരുവനതപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വകലാകേന്ദ്രത്തില്‍ അനുഷ്ടാന കലകളുടെ പുനരുദ്ധാരനത്തിന്റെ ഭാഗമായി വേലകളി ക്ലാസ് ആരംഭിച്ചു എങ്കിലും, യുവജനോത്സവത്തിലും, ഫാഷന്‍ പരേഡുകളിലും മാര്‍ക്കു കൂട്ടാന്‍ കഴിയാത്ത ഒരു വിഭാഗമെന്ന നിലയില്‍ പുതുതലമുറയാല്‍ അവഗണിക്കപ്പെട്ട് അത് നിര്‍ത്തേണ്ടതായി വന്നു.

യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഈ നാടന്‍കലക്ക് ക്ഷേത്ര സംസ്കാരവും,ആയോധനാ സംസ്കാരവും ഊടും പാവും പകര്‍ന്നിരിക്കുന്നു. അമ്പലപ്പുഴയില്‍ ജന്മമെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഈ കലക്ക് ഇന്നും അമ്പലപ്പുഴയിലും പരിസരങ്ങളിലും മാത്രമാണ് ഇന്ന് ജീവനുള്ളത്. മാത്തൂര്‍ മോഹന്‍ കുഞ്ഞു പണിക്കര്‍ എന്ന മഹാനായ വേലകളി കലാകാരന്റെ വിടവാങ്ങലോടെ അന്യം നിന്നു പോയേക്കുമെന്ന് കരുതിയ ഈ കല അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ചിലര്‍ ഇന്നും അനുഷ്ടിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശാവഹമാണ്. 

http://www.sulekha.com/mstore/juna/albums/default/vela2.jpg

വേലകളിയുടെ ഉത്ഭവം

മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
കളരിപ്പയറ്റിന്‍റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി ഉത്സവകാലത്ത് കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി പ്രചാരത്തിലായത്.
http://kuttanadtourismvillage.com/gallery/15L.jpg

വേലകളിയുടെ ഐതിഹ്യം

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.

കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
http://kuttanadtourismvillage.com/gallery/11L.jpg

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്‍റെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്‍റെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതീഹ്യം.
http://farm4.static.flickr.com/3231/2663625736_b0d104d3f4.jpg?v=0

 
തിരുമുന്‍പില്‍ വേല


മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.
ഈശ്വരന്‍റെയും തമ്പുരാന്റെയും തിരുമുമ്പില്‍ വച്ചുള്ള വേലയായതുകൊണ്ട് ഇതിന് തിരുമുന്‍പു വേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രപരിസരത്ത് നടത്തുന്ന വേലയെ കുളത്തില്‍ വേല എന്നാണ് പറഞ്ഞിരുന്നത്.

http://farm4.static.flickr.com/3042/2867345783_5dc2c71e60.jpg?v=0

മാത്തൂര്‍, വെള്ളൂര്‍ കുടുംബങ്ങള്‍

മാത്തൂര്‍ കുടുംബവും വെള്ളൂര്‍ കുടുംബവുമാണ് ആദ്യകാലം മുതല്‍ക്ക് ഈ കല ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രജകള്‍ക്ക് മുന്നില്‍ പടയാളികളെ നിരത്തി ചുവടും അടവും പ്രകടിപ്പിച്ച് നാടുവാഴി തമ്പുരാക്കന്മാരുടെ ആള്‍ക്കരുത്തും സേനാബലവും കാട്ടി കൊട്ടിപ്പറയടിക്കുകയായിരുന്നു വേലകളിയുടെ ലക്ഷ്യം.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കല്‍ ഉത്സവകാലത്ത് (മീനമാസത്തിലെ ആറാട്ടുത്സവം) പഞ്ചപാണ്ഡവന്മാരുടെ രൂപം നിര്‍മ്മിച്ചുവച്ചിട്ടുള്ളതിന്‍റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് 150 ഓളം പേര്‍ ഉള്‍പ്പെട്ട വേലകളി ഏതാനും വര്‍ഷം നടത്തിയിരുന്നു.


ഇത് നിലച്ചിട്ട് 25 ഓളം വര്‍ഷമായെന്ന് തദ്ദേശവാസികള്‍ പറയുന്നു. എന്നാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് എട്ടുദിവസം വേലകളി നടത്തുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നതുപോലെ അതിവിപുലമായ രീതിയില്‍ അല്ലെന്നുമാത്രം.


താളങ്ങളും ചുവടുകളും

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിര്‍പക്ഷം അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്.


മുറിയടന്ത (ഒരു താളം) മുഴങ്ങിയാല്‍ വേഗത്തിലുള്ള ചലനവും അടന്തയായാല്‍ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പഞ്ചാരി എന്ന താളം മുഴങ്ങും. പിന്‍തിരിഞ്ഞ് ഓടാന്‍ ആ താളം വേലകളി ഓര്‍മ്മപ്പെടുത്തുന്നു.

കളരിപ്പയറ്റില്‍ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാല്‍ വേലകളിയുടെ ചുവടുകളില്‍ വ്യത്യാസമുണ്ട്.

വേലകളി അഭ്യാസരീതി

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.


അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളര്‍കോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസര്‍മാരുടെ (പ്രവൃത്തിയാര്‍) നേതൃത്വത്തില്‍ പടയാളികള്‍ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകര്‍.

കളരി കെട്ടി ഓരോ കരയില്‍ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂര്‍ കുടുംബത്തിലുമായിരുന്നു കളരികള്‍. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകള്‍ മുഴുവനും രാജാവ് വഹിച്ചിരുന്നു.


ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂര്‍ പണിക്കര്‍ക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികള്‍ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ക്കുമുന്നില്‍ വേലകളി അവതരിപ്പിച്ചിരുന്നു.


അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.




വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍ കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു .വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം.

ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

നിഷ്കാളങ്കന്റെ ചില ചിത്രങ്ങള്‍ ഞാന്‍ മോഷ്ടിച്ചു.

Wednesday, June 2, 2010

പമ്പാ നദി | Pampa River | Kerala Tourism

കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും ചേര്‍ത്തു വായിക്കാവുന്ന വൈവിദ്ധ്യമാര്‍ന്ന സ്മാരകങ്ങളാലും, ആഘോഷങ്ങളാലും കേരളത്തിന്റെ നിറ സാന്നിദ്ധ്യമാണ് പമ്പ. പമ്പാനദിയെ ഒഴിച്ചു നിര്‍ത്തി പറയാന്‍ കഴിയുന്ന ഒരു ഇതിഹാസമോ, ചരിത്ര സംഭവങ്ങളോ കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല തന്നെ.

പ്രമാണം:പമ്പാനദി.JPG
പമ്പാനദി ആറന്മുളയില്‍

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1700 അടിയോളം ഉയരത്തില്‍ പീരുമേടിലെ പുളിച്ചി മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയെ പുണ്യനദി ആക്കി മാറ്റുന്നത് അതിന്റെ ഇരുകരകളും പുല്‍കി നില്‍ക്കുന്ന വിവിധ ആരാധനാലയങ്ങളും, അതിന്റെ ഭാഗമായി പമ്പാനദിയുടെ തന്നെ വിരിമാറില്‍ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളുമാണ്. അതിനാല്‍ തന്നെ ദക്ഷിണ ഗംഗ എന്ന അപര നാമധേയത്തിലും ഈ നദി അറിയപ്പെടുന്നു.


http://wapedia.mobi/thumb/d40014752/ml/max/1440/900/Pampa%40Kallissery.JPG?format=jpg%2Cpng%2Cgif&ctf=0?format=jpg,png,gif&loadexternal=1
പമ്പാ നദിയുടെ ദൃശ്യം മൂണ്ടങ്കാവ് പാലത്തില്‍ നിന്ന്

പമ്പാനദിയുടെ ഏതാണ്ട് ഉല്‍ഭവ സ്ഥാനത്ത് തന്നെ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം പമ്പയുടെ പുണ്യനദി എന്ന പേരിനു മകുടം ചാര്‍ത്തുന്നു. ശബരിമലയുടെ ചരിത്രത്തിനും ഇന്നു നിലനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും പമ്പാനദിയുടെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണ്. ശബരിമലയിലെ മണ്ഡല മഹോത്സവം തുടങ്ങുന്നതിന്റെ പ്രാധമിക പൂജകള്‍ തുടങ്ങുന്നതും, മണ്ഡലകാലം അവസാനിക്കുമ്പോള്‍ ഉള്ള ആറാട്ട് മഹോത്സവത്തിന്റെ അവസാന ചടങ്ങുകളും നടക്കുന്നത് പമ്പാനദിയിലാണ്. പന്തളം രാജവംശത്തില്‍ ഇളമുറയില്ലാതെ പരിതപിച്ചിരുന്ന കാലത്ത് മണികണ്ഠന്‍ എന്ന ഇന്നത്തെ ശബരിമലയിലെ ആരാധനാ മൂര്‍ത്തിയെ രാജാവ് പമ്പാതീരത്തു നിന്നു കണ്ടെത്തി എന്ന ഐതീഹ്യം നിലനില്‍ക്കുന്നു. അങ്ങനെ ശബരിമല ക്ഷേത്രത്തിന്റെ ഉത്ഭവം പോലും പമ്പയെ ചുറ്റി പറ്റി നിലനില്‍ക്കുന്നു.

http://www.oikoumene.org/typo3temp/pics/f8039328ce.jpg
പമ്പാ മണല്‍‌പരപ്പിലെ മാരാമണ്‍ കണ്‍‌വെന്‍ഷന്‍

പീരുമേട്ടിലെ പുളിച്ചിമലയില്‍ നിന്ന് ഉത്ഭവിക്കുന്ന പമ്പയ്ക്ക് ഏതാണ്ട് നൂറ്റി എണ്‍പത് കിലോമീറ്ററോളം നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ പെടുന്ന റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ച് അവസാനം പടിഞ്ഞാറ് വേമ്പനാട്ടു കായലില്‍ പതിക്കും വരെ പമ്പ ഇരുകരകളിലും ഉള്ള ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം മാതാവിന്റെ സുഖമുള്ള തഴുകലിന്റെ പകരക്കാരിയായി മാറുന്നു. പേരുകേട്ട കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്ക് ഊര്‍ജ്ജവും, ആത്മാവും പകരുന്നതും പമ്പ തന്നെ.

http://static.manoramaonline.com/portal/MM_Photo_Galleries/Festival/Armula_Boat_Race/h1.jpg
ആറന്മുള ഉത്രട്ടാതി വള്ളംകളി

മത സൌഹാര്‍ദത്തിനു പേരുകേട്ട മദ്ധ്യതിരുവിതാംകൂറിലെ വിവിധ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുന്നതും പമ്പാനദി തന്നെ. ലോക ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച ഇന്‍ഡ്യയിലെ തന്നെ അപൂര്‍വ്വം ആഘോഷങ്ങള്‍ പമ്പാനദിയുടെ വിരിമാരിലും തീരങ്ങളിലുമായി കൊണ്ടാടപ്പെടുന്നു. അതില്‍ അതി പ്രധാനമായത് ആറന്മുള വള്ളം കളി തന്നെ. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ അരങ്ങേറുന്ന പ്രസ്തുത ദൃശ്യവിരുന്ന് മാത്രം മതിയാവും പമ്പ എന്ന നദിക്ക് അഭിമാനത്തോടെ തന്റെ പ്രാതിനിധ്യം ലോകത്തോട് വിളിച്ചു പറയാന്‍. നാല്‍പ്പതില്‍ പരം പള്ളിയോടങ്ങള്‍ ആഘോഷിച്ചു തിമിര്‍ക്കുന്ന ആറന്മുള വള്ളം കളി മാത്രമല്ല ആറന്മുള ക്ഷേത്ര ഉല്‍പ്പത്തിയെ പറ്റിയുള്ള കഥകളിലും പമ്പയാണ് നായക സ്ഥാനത്ത്.


പമ്പാ നദി ഇടനാട് പാലത്തില്‍ നിന്ന്

എല്ലാ ഫെബ്രുവരി മാസങ്ങളും അരങ്ങേറുന്ന മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ആണ് പമ്പാതീരത്തെ ലോകപ്രശസ്തമാക്കുന്ന മറ്റൊരാഘോഷം. 1896 ല്‍ തുടങ്ങി 2010 ല്‍ കഴിഞ്ഞ ഈ വര്‍ഷത്തെ കണ്‍‌വെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങാതെ നൂറ്റിപതിനാലാം പിറന്നാള്‍ ആഘോഷിച്ച മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൃസ്തീയ കൂട്ടായ്മ ആണെന്നറിയുമ്പോള്‍ പമ്പാ നദിക്കു അതുവഴി കിട്ടുന്ന ലോക പ്രശസ്തി വിസ്മരിക്കുക പ്രയാസം.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRfTK0nfjTg9FTFi4wGpaK24M1hUTON3Qq-h7ZwMJKJXB29xUzfqTuF8ug5HbQ3nNCyqF02QkZ-I3f8vidWLqmtS_S1ZaBZW85SPOeEffOFDfaFBbxogo24X2dZpjuVSHPv6Ur4Q8nbA5_/s600/pampa.jpg
പമ്പാ നദി കാട്ടൂര്‍ ഭാഗത്ത്

പമ്പാനദിക്കരയില്‍ സംഘടിപ്പിക്കുന്ന മറ്റൊരാഘൊഷമാണ് ചെറുകോല്‍പ്പുഴ ഹിന്ദു മത കണ്‍വെന്‍ഷന്‍. ഒരാഴ്ച്ച കാലാവധിയില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഈ ചടങ്ങും ലോക ശ്രദ്ധ പിടിച്ചു പറ്റിയതു തന്നെ. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രഭാഷണത്തിന് എത്തുന്ന പണ്ഡിതന്മാര്‍ ഒരര്‍ത്ഥത്തില്‍ പമ്പയുടെ നാനാര്‍ത്ഥത്തില്‍ ഏകത്വത്തിന്റെ സന്ദേശവാഹകരായി മാറുകയാണ്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaBCcQqXo4BiyWND7ADNqmDHpABKzkhhlLlw9cNOLzVfrLnLOSQxLVXk9z6WdNLx6Thd-JSJgE_Mj3YaP2q6Xr7c5CoS7yNJv-WzbhhI6swRtcHcKVKNxMtSXKPg5c_Ir5Vy_4PY9L6rHB/s1600/pampa.jpg
പമ്പാ നദി ശബരിമലയില്‍ (പമ്പയില്‍)

ലോക പ്രശസ്ത ആരാധനാലയമായ പരുമലപ്പള്ളി, കൃസ്തു ശിഷ്യനായ സെന്റ് തോമസ് സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നിരണം പള്ളി, പഴമ പേറുന്ന എടത്വാ പള്ളി, പരുമല ദേവസ്വം ബോര്‍ഡ് കോളേജ്, പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി എന്നിവയും പമ്പയുടെ തീരങ്ങളെ സമ്പന്നമാക്കുന്നു.

http://www.hat.net/album/south_america/bolivia/5_amazon-pampa_in_rurre/012_the_pampa_river.jpg
പമ്പയുടെ ഒരു കൈവഴി

രണ്ടായിരത്തില്‍ പരം സ്ക്വയര്‍ മീറ്റര്‍ വിസ്ത്രിതിയില്‍ പടര്‍ന്നു കിടക്കുന്ന പമ്പയെ ആയിരത്തില്‍ പരം വരുന്ന ചെറു തോടുകളും അരുവികളും ഊര്‍ജ്ജസ്വലയാക്കുമ്പോള്‍ പമ്പ ഒരു നദിയെന്നതിലുപരി ദേശത്തിന്റെ മനസ്സും ശരീരവുമായി മാറുന്നു.

Friday, May 28, 2010

കുളനട| Kulanada | Kerala Tourism.

പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.






Location

കുളനട എന്ന സ്ഥനനാമത്തിന്റെ ഉത്ഭവം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തോടാണ് പ്രധാനമായും ചരിത്രകാരന്മാര്‍ ചേര്‍ത്തു വായിക്കുന്നത്. ക്ഷേത്രവും ക്ഷേത്രക്കുളവും ചേര്‍ന്ന് “കുളവും നടയും“ എന്ന് പരിസരവാസികള്‍ വിളിച്ചു തുടങ്ങിയത് പിന്നീട് ലോപിച്ച് കുളനടഎന്ന സ്ഥലനാമമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, അങ്ങനെയല്ല “കൊലനിലം” എന്ന പദം ലോപിച്ച് കുളനട ആയി മാറിയതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. വാദങ്ങള്‍ എന്തു തന്നെ ആയാലും കുളനട എന്ന ദേശവും അവിടുത്തെ സ്നേഹനിധികളായ, മത നിരപേക്ഷരായ ജനങ്ങളും ചേര്‍ന്ന് ആ നാടിന്റെ യശ്ശസ്സ് ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് തര്‍ക്കമില്ലാത്ത വിഷയം തന്നെയാണ്. എണ്ണിയാല്‍ തിരാത്തത്ര കുന്നുകള്‍, ചെറുതും വലുതുമായ ധാരാളം കുളങ്ങള്‍, ചെറു ചാലുകള്‍, വലിയ തോടുകള്‍, കുന്നുകളുടെ ഇടയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍, ഫലഭൂയിഷ്ഠവും നിരപ്പാര്‍ന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദര്‍ശിക്കാവുന്ന കാവുകള്‍ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികള്‍ നാളികേരവും റബ്ബറുമാണ്.


തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍താഴം കരകളും കൂടി ചേര്‍ത്ത് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചരി താലൂക്കിലും ഉള്‍പ്പെടുന്നു. മെഴുവേലി, കുളനട വില്ലേജുകളിലായി പത്തു വാര്‍ഡുകള്‍ നിലവിലുണ്ട്. ആദ്യ വില്ലേജുയൂണിയന്‍ പ്രസിഡന്റ് എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ 8 കിലോമീറ്റര്‍ ദൂരം കുളനടപഞ്ചായത്തിലാണ്.


തെക്കുംകൂര്‍രാജാക്കന്മാരുടേയും അറുകാലിക്കല്‍ രാജാക്കന്മാരുടേയും ഭരണത്തിന്‍കീഴിലായിരുന്നു പന്തളം തെക്കേക്കര, വടക്കേക്കര പ്രദേശങ്ങള്‍. കൊല്ലവര്‍ഷം 79-ല്‍ പാണ്ഡ്യരാജാക്കന്‍മാരില്‍ ഒരു വിഭാഗം മധുരയില്‍ നിന്നും വേണാടു രാജാക്കന്മാരുടെ സഹകരണത്തോടു കൂടി പന്തളം രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു. അവര്‍ കൈപ്പുഴ മേലേടത്തു കോയിക്കല്‍ എന്നറിയപ്പെട്ട സ്ഥലത്ത് കൊട്ടാരം പണിതു താമസമാക്കി. കൂടുതല്‍ ആളുകള്‍ വന്നു ചേര്‍ന്നതോടുകൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പുരുഷന്മാര്‍ തോന്നല്ലൂര്‍ കരയിലേക്കു മാറി താമസിച്ചു. ശൈവമത വിശ്വാസികളായ ഇവരുടെ കുലദൈവം ശാസ്താവ് ആയിരുന്നു. ആദ്യമായി ഇവര്‍ നിര്‍മ്മിച്ചത് കൈപ്പുഴക്ഷേത്രം ആയിരുന്നു. പ്രസിദ്ധങ്ങളായ 16 ക്ഷേത്രങ്ങളുടെ ഊരാണ്മ ഈ രാജകുടുംബത്തിനായിരുന്നു. ക്ഷേത്രപൂജയ്ക്കായി ബ്രാഹ്മണരെ കൊണ്ടുവന്നതായും കരുതുന്നു. ഊരാണ്മക്കാരായ ഇടപ്പള്ളി ദേവസ്വത്തിന്റെ പ്രാദേശിക ആസ്ഥാനങ്ങളില്‍ ഒന്നുമായിരുന്നു ഈ പ്രദേശം. കരം, മിച്ചവാരം, പിരിവുകള്‍ എന്നിവ ജന്മികളാണ് നടത്തിവന്നിരുന്നത്. പ്രധാനതൊഴില്‍ കൃഷിയായിരുന്നു. ജന്മികുടിയാന്‍ ബന്ധം ശക്തമായി നിലനിന്നിരുന്നു.

സാമൂഹിക-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ബ്രാഹ്മണസമുദായത്തിന്റെ സ്വാധീനം പ്രകടമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്നിരുന്നു. ആദ്യകാലത്ത് പരമ്പരാഗതതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഉണ്ടായിരുന്ന മാന്യസ്ഥാനവും സാമൂഹികസമത്വവും നഷ്ടപ്പെട്ടു. ജാതിവൃവസ്ഥ ശക്തി പ്രാപിച്ചതോടു കൂടി താഴ്ന്ന ജാതിക്കാര്‍ക്ക് അക്ഷരജ്ഞാനവും നിഷേധിക്കപ്പെട്ടു. ജന്മിത്തത്തേയും നാടുവാഴിത്തത്തേയും നിലനിര്‍ത്തുന്നതിനും ആയുധപരിശീലനത്തിനുമായി കളരികള്‍ ഉണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തില്‍ പന്തളം, വേണാടിന്റെ ഭാഗമായി.


1000 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള തുമ്പമണ്‍ വടക്ക് ശ്രീവടക്കുംനാഥക്ഷേത്രം, അവിടുത്തെ ചുവര്‍ച്ചിത്രം കൊണ്ടും മനോഹരമായ കൊത്തുപണികള്‍കൊണ്ടും പ്രസിദ്ധമാണ്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം പന്തളം രാജാക്കന്മാരുടെ ആദ്യകാലക്ഷേത്രമാണ്. പന്തളം മഹാദേവര്‍ക്ഷേത്രത്തിന്റെ കരകളില്‍പ്പെടുന്ന ഈ പ്രദേശത്തെ കെട്ടുകാഴ്ചയിനമായ കൈപ്പുഴകാളയും, ഞെട്ടൂരിലെ പാവത്തേരും പ്രശസ്തങ്ങളാണ്. ശ്രീവടക്കുംനാഥക്ഷേത്രത്തിലെ കെട്ടുകാഴ്ചയും പ്രസിദ്ധമാണ്. ഉളളന്നൂരിലെ കളിത്തട്ട് പഴമയുടെ ബാക്കിപത്രമാണ്. കൊല്ലവര്‍ഷം 350-ന് തുമ്പമണ്‍പള്ളിയുടെ ശിലാസ്ഥാപനം നടത്താന്‍ പന്തളംരാജാവ് സ്ഥലം അനുവദിച്ചു. അതിനുമുമ്പുതന്ന ക്രിസ്ത്യാനികള്‍ ഇവിടെ താമസമുറപ്പിച്ചിരുന്നു. തുമ്പമണ്‍വടക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാപള്ളി, മാന്തുകവലിയപള്ളി, ഉള്ളന്നൂര്‍ സെന്റ് മേരീസ് പള്ളി ഇവയ്ക്ക് 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.


ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കുളനടയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് സംഘടന രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഉള്ളന്നൂര്‍ കുറ്റിപീടികയില്‍ എം.മാത്തൂണ്ണി ഈ നാടിന്റെ അഭിമാനമാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്ത് ആദ്യകാലത്ത് രണ്ടു ഗ്രാമോദ്ധാരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒന്ന് ഉള്ളന്നൂരില്‍ ആയിരുന്നു. സ്വാതന്ത്ര്യസമരത്തിലും പുരോഗമനപ്രസ്ഥാനങ്ങളിലും അനവധി പ്രവര്‍ത്തകരെ കുളനട സംഭാവന ചെയ്യുകയുണ്ടായി. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും ആഴത്തില്‍ വേരോടിയ ഭൂമിയാണിവിടം. സംസ്കൃതപഠനത്തിനായി കൊട്ടാരം വക സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1905-ല്‍ ഇവാഞ്ചലിക്കല്‍ സുവിശേഷസംഘം പുന്നക്കുന്ന് ഇ.എ.എല്‍.പി സ്കൂള്‍ സ്ഥാപിച്ചു. 1917-ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ സ്കൂളാണ് തുമ്പമണ്‍ വടക്ക് എല്‍.പി.ജി.എസ്. അതുപോലെ വളരെ പഴക്കം ചെന്ന സ്കൂളാണ് പന്തളംഗിരിദീപം.


പുളിക്കേരില്‍ കേശവന്‍ നടത്തിയിരുന്ന സ്കൂള്‍ കാറ്റത്തു വീണുപോകുകയും അത്യാഹിതം സംഭവിക്കുകയും ചെയ്തതിനേത്തുടര്‍ന്ന് അവിടെ നിന്നും മാറ്റി സ്ഥാപിച്ചാണ് ഇന്നത്തെ ഗവ.എല്‍.പി.എസ്സ് കൈപ്പുഴ. അന്ന് വേണ്ടത്ര ആശുപത്രി സൌകര്യം ലഭിക്കാതെ കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ ഈ പ്രദേശത്ത് ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് അന്നുള്ളവര്‍ മുന്‍കൈ എടുത്തതിന്റെ ഫലമാണ് ഇന്നത്തെ കുളനട സര്‍ക്കാര്‍ ആശുപത്രി.


ജന്മിത്തവ്യവസ്ഥിതിയിലും ജാതിവ്യവസ്ഥയിലും അവര്‍ണ്ണജനത വളരെ കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനോ മൂക്കുത്തി ഇടുവാനോ അവകാശം ഉണ്ടായിരുന്നില്ല. ഇതിനെതിരായ സമരത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ വലിയ കുതിരപ്പടയുമായി വന്ന് അവര്‍ണ്ണജാതിയില്‍പ്പെട്ട സ്ത്രീകളുടെ മാറു മറച്ച് മുക്കൂത്തി ഇടീച്ച് കുളനട വഴി പന്തളത്തിന് പ്രകടനം നടത്തി. ഈ പഞ്ചായത്തിലെ പ്രധാനവഴികള്‍ ജനപങ്കാളിത്തോടു കൂടി വെട്ടിയതാണ്. കുളനട-കിടങ്ങന്നൂര്‍, കുളനട-അമ്പലക്കടവു വഴി ഇലവുംതിട്ട എന്നിവ ആദ്യകാലറോഡുകളാണ്. 1971 ബാച്ചില്‍പ്പെട്ട ഐ.എ.എസ് ആഫീസര്‍ ജോണ്‍മത്തായി, 1976 ബാച്ചില്‍പ്പെട്ട ഐ.പി.എസ് ബാച്ചില്‍പ്പെട്ട ആഫീസര്‍ അലക്സാണ്ടര്‍ ദാനിയേല്‍ തുടങ്ങിയവരുടെ ജന്മസ്ഥലം പഞ്ചായത്തിലാണ്.


10 നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച വൈഷ്ണവ, ശൈവക്ഷേത്രങ്ങളും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും ഈ നാട്ടിലുണ്ട്. ക്ഷേത്രകലാരൂപങ്ങളായ കഥകളി, ഓട്ടന്‍തുള്ളല്‍, ചൊല്ലിയാട്ടം ഇവയുടെ പ്രചാരണത്തോടൊപ്പം അടിച്ചമര്‍ത്തപ്പെട്ടവരുടെ കലാരൂപങ്ങളായ പാക്കനാര്‍കളി, കോലംതുള്ളല്‍, പരിചമുട്ടുകളി, വില്‍പ്പാട്ട്, ഞാറ്റുവേലക്കളി, ഭദ്രകാളിപാട്ട്, കുടംതുള്ളല്‍, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം, യക്ഷിക്കോലം, മാര്‍ഗ്ഗംകളി എന്നിവയും പ്രചാരത്തിലുണ്ടായിരുന്നു. നാടന്‍കലാരൂപങ്ങളുടെയും കഥകളിയുടെയും പരിശീലനക്കളരി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

Wednesday, May 12, 2010

ബീമാപള്ളി ‍| Beemapalli | Kerala Tourism.


ജീ ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയെ അറിയുമോ എന്നു ചോദിച്ചാല്‍ ചിലര്‍ അത്ഭുതത്തോടെ കൈമലര്‍ത്തും!.

മറ്റു ചിലര്‍ ബീമാപള്ളി എന്ന എന്റെ “കേരളപ്പെരുമ” എന്ന പരമ്പരക്ക് ചുവട്ടില്‍ ജീ ഗോപാലകൃഷ്ണനെ അറിയുമോ എന്ന ചോദ്യവുമായി ഞാന്‍ വരുമ്പോള്‍ ചില പഴഞ്ചൊല്ലുകള്‍ ആയിരിക്കും ഓര്‍ക്കുക.

“പഞ്ചപാണ്ടവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്ന്”

അല്ലെങ്കില്‍

“അഞ്ചനമെന്നാല്‍ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന മട്ടില്‍ അറിവില്ലാത്ത എന്തോ കാര്യത്തെ കുറിച്ചു സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നു വിചാരിക്കുകയും ആവും.

പക്ഷെ ബീമാപള്ളിയുടെ ചരിത്രത്തിനു പിന്നില്‍ ജീ ഗോപാലകൃഷ്ണന്‍ എന്ന അത്ര പ്രശസ്തനല്ലാത്ത ഒരു വ്യക്തിയുടെ വളരെ വ്യക്തമായ കയ്യൊപ്പുകള്‍ പതിഞ്ഞിരിക്കുന്നു എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നാം.


ബീമാപള്ളിയുടെ ശില്‍പ്പി ജീ. ഗോപാലകൃഷ്ണന്‍ ആണ്. ജന്മം കൊണ്ട് ഹിന്ദുവായി ഇന്നും ഹിന്ദു നാമത്തില്‍ തന്നെ ജീവിക്കുന്ന അഞ്ചു നേരം നിസ്കരിച്ച് കര്‍മ്മം കൊണ്ട് ഒരു മുസ്ലീം മത വിശ്വാസിയായി കഴിയുന്ന ശ്രീ ഗോപാലകൃഷ്ണന്‍ ബീമാപള്ളി മാത്രമല്ല, ഈ അടുത്ത കാലത്ത് പണിത എരുമേലി വാവരു പള്ളി ഉള്‍പ്പെടെ കേരളത്തില്‍ ഉടനീളം ഏതാണ്ട് 76 മുസ്ലീം പള്ളികളുടെ ശില്‍പ്പി ആണെന്നറിയുമ്പോള്‍ നിങ്ങളുടെ അത്ഭുതം ഇരട്ടിക്കും എന്നു തീര്‍ച്ച. ജീ ഗോപാലകൃഷ്ണന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണമാണ് ബീമാപള്ളി.


വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, നൂറ്റി മുപ്പത്തിരണ്ട് അടി ഉയരമുള്ള മീനാരങ്ങളുമുള്ള ഇന്‍ഡോ - അറേബ്യന്‍ ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. പതിനെട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പള്ളിയുടെ മിനാരങ്ങളും, അതിന്റെ പുറത്തെ ശില്‍പ്പ ചാരുതയും അറേബ്യന്‍ നിര്‍മ്മാണ രീതിയെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തന്നെ ഉള്ളിലെ ചുവര്‍ ചിത്രങ്ങളും, താമര ആകൃതിയിലുള്ള മേല്‍ക്കൂരയും ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പ കലക്ക് ഒരു പണവിട മുന്തൂക്കം നല്‍കുന്നു.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌. തിരുവനന്തപുരം പട്ടണത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി വീമാനത്താവളത്തിനു അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന ബീമാപള്ളി, ഇത് ഒരു ദര്‍ഗ കൂടിയാണ്. . നാനാജാതി മതസ്ഥർക്ക്‌ അശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ ഇസ്ലാം മത പ്രചരണാർഥം ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വസിദ്ധികള്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാബീവി (സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. ആദി പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ അശെയ്ഖ്‌ സെയ്യിദ്‌ ഷാഹീദ്‌ മാഹീൻ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാപള്ളിയിലുള്ള മറ്റൊരു ഖബര്‍ കല്ലടി മസ്താന്‍(റ)ന്റെതാണ്.

 



പ്രവാചകനായ മുഹമ്മദ് നബിയുടെ വീക്ഷണങ്ങളില്‍ പ്രചോദിതയായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ മത പ്രചരണാര്‍ത്ഥം എത്തിപ്പെട്ട പുണ്യ വനിതയാണ് സയ്യിദത്തുനിസ്സാ ബീമാവീബി അഥവാ ബിമാവീബി. മരുഭൂമിയിലെ ചൂടിനെയോ, പ്രതികൂല കാലാവസ്ഥകളേയോ വകവയ്ക്കാതെ പരിമിതമായ യാത്രാ സൌകര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് വെറും വിശ്വാസത്തിന്റെ മാത്രം വെളിച്ചത്തെ അകലെ കണ്ട് ബീമാബീവി കേരളത്തില്‍ എത്തപ്പെട്ടു. ജീവിതം മുഴുവനും ഇസ്ലാമിനായി ഉഴിഞ്ഞു വച്ച ആ ഉമ്മയുടെ മകനും അതേ പാത പിന്തുടര്‍ന്ന് പരമ ഭക്തനും, സിദ്ധനും, സര്‍വ്വോപരി മഹാനായ ഒരു ഇസ്ലാം പ്രചാരകനായി തീരുകയും ചെയ്തു. ഷേക്ക് സാഹിദ് മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാഹ് എന്ന ആ മകന്റേയും, അദ്ധേഹത്തിന്റെ പ്രിയ ഉമ്മ ബീമാവീബിയുടേയും ഖബറുകള്‍ ആണ് പില്‍ക്കാലത്ത് ബീമാ പള്ളിയായി മാറപ്പെട്ടത്. ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തൊട്ടടുത്ത് ആരോ നിന്ന് നയിക്കുന്ന സാന്നിദ്ധ്യം പോലെയാണ് ഈ ഖബറുകള്‍.



ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം.

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 


ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വാർഷ‌ും രബിയുൽ അവ്വൽ ഒന്ന് മുതൽ പത്തു വരയാണ് . ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.



ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃവാ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കുചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു. ഉറൂസ് ഒരര്‍ത്ഥത്തില്‍ പ്രകാശത്തിന്റെ ഉത്സവമാണ്. വലിയ കുടങ്ങളുടെ വായ മൂടി കെട്ടി ചന്ദനത്തിരി കൊളുത്തി അതിന്മേല്‍ കുട്ടി പ്രാര്‍ത്ഥനകളോടെ ഭക്തര്‍ പള്ളിയില്‍ എത്തുന്നു. ഘോഷയാത്രയും, ത്രിശൂര്‍പൂരത്തിനെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷണമാണ്. ദുഃവാ പ്രാര്‍ത്ഥന, അപൂര്‍വ്വ ദുഃവാ മത പ്രസംഗ്ഗങ്ങള്‍, പട്ടണ പ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ചന്ദനക്കുട മഹോത്സവത്തിലെ പ്രധാന ചടങ്ങുകള്‍ ആണ്.
 


നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ചന്ദനക്കുടം തിരുവനതപുരത്തിന്റെ മതനിരപേക്ഷതക്കും, മത സൌഹാര്‍ദ്ദത്തിനും മകുടോദാഹരണമായി നിലകൊള്ളുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ പ്രധാന കച്ചവട സാന്നിദ്ധ്യമാണ് ബീമാപള്ളയും പരിസരവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്:- (കാചം)

Monday, May 3, 2010

പരുമല / മാന്നാര്‍ ‍| Parumala / Mannar | Kerala Tourism.

പത്തനംതിട്ട ജില്ലയുടെ പ്രകൃതി രമണീയത, അതിന്റെ സംസ്കാരം, അവീടുത്തെ ജലമേളകള്‍ ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങള്‍ ഇവയെല്ലാം വായനക്കാര്‍ക്കാര്‍ക്ക് പരിചിതവും അതിനുപരി പ്രസിദ്ധങ്ങളാണ്. അതേപോലെ തന്നെ ആലപ്പുഴജില്ലയുടെ അതിസുന്ദരതയെ കുറിച്ച് ഒരു ചെറുവിവരണത്തിന്റെ പോലും ആവിശ്യമില്ല എന്നും മനസ്സിലാക്കുന്നു. കേരളത്തിന്റെ മലയോര ടൂറിസത്തിന് പേരുകേട്ട പത്തനംതിട്ട ജില്ലക്കും, തീരദേശ, ജല ടൂറിസത്തിനു പേരുകേട്ട ആലപ്പുഴജില്ലക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്ന പെരുമയാണ് പരുമല മാന്നാര്‍ പ്രദേശങ്ങള്‍ക്കുള്ളത്. ഈ ജില്ലകള്‍ക്ക് തിലകക്കുറിയായി ഒരു ചെറു പ്രദേശം മാറുമ്പോള്‍ അതിനെ വായനക്കാരുടെ മുന്‍പില്‍ പരിചയപ്പെടുത്താതെ പോകുന്നത് അഭികാമ്യമല്ല എന്ന തോന്നലാണ് ഈ കുറിപ്പിന് പ്രചോദനം. അത് പരുമല എന്ന് അറിയപ്പെടുന്ന വളരെ ചെറിയ ദ്വീപും അതിന്റെ മാതൃദേശം എന്ന് അവകാശപ്പെടാന്‍ കഴിയുന്ന മാന്നാറും ആണെന്നറിയുമ്പോള്‍ നിങ്ങളില്‍ അത്ഭുതം ഉണ്ടായേക്കാം. ചിലര്‍ പരുമലയെ ആലപ്പുഴ ജില്ലയുടെ ഭാഗമായി കരുതി പോരുന്നു. കാരണം പരുമലയുടെ മാതൃദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാന്നാര്‍ ആലപ്പുഴ ജില്ലയിലായതിനാലാണ്. പരുമലക്കും മാന്നാറിനും അതിര്‍ത്തി നിശ്ചയിച്ച് ഒഴുകുന്ന പമ്പാ നദി മറ്റൊരര്‍ത്ഥത്തില്‍ ആലപ്പുഴ ജില്ലക്കും, പത്തനംതിട്ട ജില്ലക്കും കൂടി അതിര്‍ത്തി തീര്‍ക്കുകയാണ് ഇവിടെ.


ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരുമല പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതു പക്ഷെ പരുമലയുടെ പൌരാണിക ചരിത്ര പ്രസിദ്ധി മൂലം ആയിരുന്നില്ല. പരുമല ദേവസ്വം കോളേജില്‍ ഇരു രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് സംഘട്ടനം ഉണ്ടാകുകയും അതിന്റെ പരിണിത ഫലമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊളേജിന്റെ തൊട്ടടുത്തുള്ള പമ്പാ നദിയില്‍ മുങ്ങി മരിക്കുകയും ഉണ്ടായി. 1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ പമ്പയാറ്റില്‍ മുങ്ങി മരിക്കുകയായിരുന്നു.പരുമലയുടെ രാഷ്ട്രീയ ചരിത്ത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരു ദേശത്തെ കുറിച്ച് പറഞ്ഞു തൂടങ്ങുമ്പോള്‍ അതിന്റെ കുപ്രസിദ്ധിയെ കുറിച്ച് തൂടങ്ങുന്നത് അനൌചിത്യമാണെങ്കിലും പരുമലയെ പെട്ടെന്ന് വായനക്കാരുടെ ഓര്‍മ്മയില്‍ എത്തിക്കാന്‍ പ്രസ്തുത സംഭവം ഉപകരിക്കും എന്നതുകൊണ്ട് പ്രതിപാദിച്ചു എന്നു മാത്രം.

കരമാര്‍ഗ്ഗം എത്തുന്നവര്‍ മാന്നാര്‍ ജംഗ്ഷനില്‍ വന്ന് പമ്പാ നദിക്കു കുറെകെയുള്ള പാലം കടന്നാല്‍ പരുമല എത്തുകയായി. ആലപ്പുഴ ജില്ലയിലെ പുലിയൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആണ് മാന്നാര്‍. ഇത് ചെങ്ങന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. മാവേലിക്കരയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയാണു. മാന്നാറിനോട് തൊട്ടു ചേര്‍ന്ന് പത്തു ചതുര്‍ശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പാപനാശിനി എന്നു വിഖ്യാദമായ പമ്പാനദിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപാണ് പരുമല. ഈ ചെറുദ്വീപിനും ഇതിന്റെ മാതൃദേശമായ മാന്നാറിനും ലോക ഭൂപടത്തില്‍ തന്നെ തനതായ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്.

മാന്നാര്‍

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെങ്ങന്നൂര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍ . മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്.


മാന്നാറിന്റെ ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ആം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍ . തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡണ്ട്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.


മാന്നാറിന്റെ പ്രത്യേകതകള്‍

മാന്നാറിനെ പ്രശസ്തിയുടെ പാരമ്യതയില്‍ എത്തിച്ച വിവിധ ഘടകങ്ങളില്‍ ഒന്ന് അവിടുത്തെ പരമ്പരാഗത ഓട് (ഒരു ലോഹം) നിര്‍മ്മാണ ശാലകള്‍ ആണ്. നൂറുകണക്കിന് പരമ്പരാഗത ലോഹ നിര്‍മ്മാണശാലകളാല്‍ (ആലകള്‍) നിറഞ്ഞു നില്‍ക്കുന്ന ഇവിടെ നിന്നാണ് ലോക പ്രശസ്തമായ ആറന്മുള കണ്ണാടിയുടെ പ്രധാന ലോഹക്കൂട്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. മാന്നാറില്‍ എത്തുന്ന ഏതൊരുവനേയും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് അവിടുത്തെ ലോഹ വില്‍പ്പനശാലകളാണ്. മാന്നാര്‍ പട്ടണത്തിന്റെ ഏതാണ്ട് ഏറിയപങ്കും ഇത്തരം ലോഹനിര്‍മ്മാണ/വില്‍പ്പന ശാലകള്‍ കൈയ്യടക്കിയിരിക്കുന്നു. ഓടില്‍ തീര്‍ത്ത വിവിധതരം നിലവിളക്കുകള്‍, പറ ഉള്‍പ്പെടെയുള്ള പരമ്പരാഗത അളവ് സാമഗ്രികള്‍, ഗ്രഹാലങ്കാര വസ്തുക്കള്‍ എന്നിവ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഇവിടെ നിര്‍മ്മിച്ച കൊടിമരങ്ങള്‍ മാന്നാറിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചറിയിച്ചു കൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ വിവിധ ക്ഷേത്രങ്ങളിലും കൃസ്ത്യന്‍ ആരാധനാലയങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഡല്‍ഹി മ്യൂസിയത്തില്‍ കാണപ്പെടുന്ന “വാര്‍പ്പ്”, കുറവിലങ്ങാട് ക്രിസ്ത്യന്‍ പള്ളിയിലെ പ്രധാന വിളക്ക്. ചെട്ടികുലങ്ങര ഭഗവതി ക്ഷേത്രത്തിലെ ആയിരം വിളക്ക്, സിം‌ലാ ക്ഷേത്രത്തിലെ ക്ഷേത്ര മണി, ന്യൂഡല്‍ഹി കത്രീഡ്രല്‍ പള്ളിയിലെ മണി, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത അത്ര നിര്‍മ്മിതികള്‍ ഇവിടുത്തെ തച്ചന്മാരുടെ പെരുമകൂട്ടുന്നു.

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ് സ്വിച്ച് ഗിയര്‍ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ ആണ്. മന്നാറിലെ ആരാധനാലയങ്ങളില്‍ പ്രമുഖ സ്ഥാനം ത്രിക്കുരട്ടി ശിവക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം പുരാണ കഥകളെ ആസ്പദമാക്കി തടികളില്‍ തീര്‍ത്ത ശില്പകലകള്‍ക്ക് പുകഴ് പെറ്റതാണ്. മാന്നാറിലെ മറ്റൊരു പ്രമുഖ ആരാധനാലയമാണ് കുട്ടമ്പേരൂര്‍ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ക്രോഷ്ട മുനിയുടെ ചിതല്‍ പുറ്റ് ധാരാളം വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ ക്ഷേത്രത്തിലെ തടിയിലും, കല്ലിലും തീര്‍ത്ത ശില്‍പ്പങ്ങളും പ്രശസ്തമാണ്.

പരുമല

പെരുന്തച്ചന്‍ കഥകളിലൂടെ മലയാളക്കരയില്‍ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. “അച്ഛനെക്കാള്‍ മികച്ച മകന്‍“. മാന്നാറിനേയും, പരുമലയേയും കുറിച്ച് പറയുമ്പോള്‍ ഈ ചൊല്ലിനു വളരെ പ്രാധാന്യം ഉണ്ടാവുന്നു. മാതൃദേശമായ മാന്നാറിനെ പ്രശസ്തിയുടെ കാര്യത്തില്‍ പരുമല അനേകം കാതങ്ങള്‍ പിന്നിലാക്കി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പരുമലയിലെ ഏറ്റവും പ്രശസ്തമായതും ലോക ഭൂപടത്തീല്‍ സ്ഥാനം പിടിച്ചതുമായ ആരാധനാലയമാണ് പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം അഥവാ പരുമല പള്ളി . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം.



എല്ലാ വര്‍ഷവും നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.

പരുമല തിരുമേനി



പരുമല തിരുമേനി(June 15, 1848 -November 2, 1902) അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടേയും പ്രഖ്യാപിത പരിശുദ്ധനാണ്. 1848 ജൂണ്‍ 15 ന് (കൊല്ലവര്‍ഷം1023 മിഥുനം 3) പഴയ കൊച്ചി സംസ്ഥാനത്തില്‍പെട്ട മുളന്തുരുത്തി ചത്തുരുത്തി ഭവനത്തില്‍ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമതെ മകനായി 'പരുമല തിരുമേനി ' എന്ന കീര്‍ത്തിനാമം ലഭിച്ച ഗീവര്‍ഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയൊസ്‌ മെത്രാപ്പോലിത്താ ജനിച്ചു.മുളന്തുരുത്തി മാർത്തോമ സുറിയാനി പള്ളിയിൽ ' ഗീവർഗ്ഗീസ്‌ ' എന്ന പേരിൽ മാമോദീസായേറ്റു .ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിലും വാത്സല്യത്തിലും വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ ' കൊച്ചയ്‌പ്പോര' എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌.

പനയന്നൂര്‍ കാവ് ദേവീക്ഷേത്രം.

പരുമലയെ കുറിച്ച് എഴുതപ്പെട്ട ഐതിഹ്യങ്ങളോ, അതിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സൂചനകളോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും, പരുമലയുടെ ചരിത്രവും, പുരാണവും ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് പനയന്നൂര്‍കാവ് ദേവീക്ഷേത്രവുമായാണ്. പനയന്നൂര്‍കാവ് മുന്‍പ് പരുമല ആയിരുന്നു എന്നും അത് പിന്നീട് ദേശത്തിന്റെ തന്നെ പേരായി മാറിയതായും കരുതപ്പെടുന്നു. കേരളത്തില്‍ തന്നെ ഒരു പക്ഷെ ദേവിയുടെ ഏഴു രൂപങ്ങളെ ഒരേ പ്രധാന്യത്തില്‍ പൂജിക്കപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും. പതിനാലാം നൂറ്റണ്ടിലെ ഉണ്ണുനീലി ചരിതത്തില്‍ ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ധാരാളം ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രം ചരിത്രകാരന്മാരെയും മറ്റൊരു തരത്തില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ കടമുറ്റത്തു കത്തനാര്‍ കഥകളിലെ പനയന്നൂര്‍കാവ് യക്ഷിയെ കുറിച്ചുള്ള കഥകള്‍ പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും എന്നു വിശ്വസിക്കട്ടെ. എല്ലാത്തരത്തിലും പ്രത്യേകതകള്‍ മാത്രം നിറഞ്ഞ ഈ ക്ഷേത്രം പരുമലയുടെ ചരിത്രത്തിന്റേയും, സംസ്കാരിക പെരുമയുടെയും തിലകക്കുറിയായി നിലകൊള്ളുന്നു.

മറ്റു പ്രത്യേകതകള്‍

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പരുമല കോളേജ് പമ്പയുടെ തീരത്ത് പരുമല ക്രിസ്ത്യന്‍ ദേവാലയത്തിനും, പരുമല മുശ്ലീം വലിയ പള്ളിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1968 ല്‍ സ്ഥാപിതമായ ഈ കോളേജ് മാത്രമായിരിക്കും ഒരുപക്ഷെ പമ്പയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന വലിയ സ്ഥാനത്തിനു അര്‍ഹത നേടിയിട്ടുള്ളത്. ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഈ സ്ഥാപനം രൂപഭംഗിയിലും പ്രസിദ്ധമാണ്.